സർക്കാർ സ്ഥാപനങ്ങൾ വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരേ കോൺഗ്രസ്
1600765
Saturday, October 18, 2025 6:25 AM IST
കുമരകം: കുമരകം കൃഷിഭവൻ, മൃഗാശുപത്രി, മത്സ്യഭവൻ എന്നിവ സ്വകാര്യ വാടകകെട്ടിടത്തിലേക്ക് മാറ്റുന്നതിൽ പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിഷേധം. കോൺഗ്രസിന്റെ പഞ്ചായത്തംഗങ്ങളായ ജോഫി ഫെലിക്സും ദിവ്യ ദാമോദരനുമാണ് വിയോജിച്ചത്.
കുമരകം പഞ്ചായത്തിന്റെ ബോട്ട് ദുരന്ത സ്മാരകത്തിലെ ഇരുനിലകളിലും പല മുറികൾ വർഷങ്ങളായി പൂട്ടിക്കിടക്കുമ്പോൾ സ്വകാര്യ വാടകക്കെട്ടിടത്തിലേക്കു സർക്കാർ സ്ഥാപനങ്ങൾ മാറ്റാനുള്ള തീരുമാനത്തെയാണ് കോൺഗ്രസ് അംഗങ്ങൾ എതിർത്തത്.
പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടമുള്ളപ്പോൾ സ്വകാര്യ കെട്ടിടത്തിലേക്ക് സർക്കാർ സ്ഥാപനങ്ങൾ മാറ്റുന്നതിൽ വൻ അഴിമതി ഉണ്ടെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
വാടകക്കെട്ടിടത്തിലേക്ക് മാറുന്ന നടപടികളുമായി മുമ്പോട്ടു പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ. സാബു അറിയിച്ചു.