രാഷ്ട്രപതിയുടെ സന്ദർശനം : റോഡുകളിൽ കുഴിയടയ്ക്കൽ യജ്ഞം; ഗതാഗതക്കുരുക്കിൽ ജനം
1600771
Saturday, October 18, 2025 6:25 AM IST
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 21ന് ജില്ലയില്‍ എത്തുമെന്നതിനാൽ നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികളടയ്ക്കാന്‍ പണിപ്പെട്ട് പൊതുമരാമത്ത് വകുപ്പ്. എംസി റോഡിലാണു തിടുക്കത്തിലുള്ള കുഴിയടയ്ക്കല്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം ആരംഭിച്ച കുഴിയടയ്ക്കല്‍ യജ്ഞം ഇന്നലെയും തുടര്‍ന്നു.
അറ്റകുറ്റപ്പണിയുടെ ഭാഗമായി കുഴികളും റോഡ് മാര്‍ക്കിംഗ് പ്രവൃത്തികളുമാണു പുരോഗമിക്കുന്നത്. ഒരു വശത്തെ ഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നത്. ഇതു യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതുമൂലം രണ്ട് ദിവസമായി നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലെല്ലാം വന്‍ ഗതാഗതക്കുരുക്കാണ്.
വ്യാഴാഴ്ച നാഗമ്പടം റൗണ്ടാനയിലെ കുഴിയടച്ചപ്പോള്‍ എംസി റോഡില്‍ ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കുടുങ്ങി. ഈ ബ്ലോക്ക് സംക്രാന്തി വരെ നീണ്ടു. നാഗമ്പടം-ബേക്കര്‍ ജംഗ്ഷന്-ചുങ്കം റോഡിലും സമാനമായി ഗതാഗതം സ്തംഭിച്ചു. നാഗമ്പടം മുതല്‍ ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെയാണു കുഴികളടയ്ക്കുന്നത്.
50 ലക്ഷം രൂപ മുതല്‍മുടക്കിലാണ് റോഡുകളുടെ പുനരുദ്ധാരണം. അടിയന്തര സാഹചര്യമെന്ന നിലയില്‍ പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. രാഷ്ട്രപതിയുടെ യാത്ര അടിയന്തര സാഹചര്യത്തില്‍ റോഡ് മാര്ഗമാക്കേണ്ട സാഹചര്യമുണ്ടായാല്‍ മുന്‍കരുതലെന്ന നിലയിലയിലാണ് റോഡ് നന്നാക്കുന്നത്.
ഇന്നലെ ബേക്കര്‍ ജംഗ്ഷനിലെയും നാഗമ്പടം പാലത്തിലെയും കുഴികളടച്ചു. ഗാന്ധിനഗര്‍ മുതല്‍ കാരിത്താസ് വരെയുള്ള ഭാഗത്തും അറ്റകുറ്റപ്പണി നടത്തി. രാവിലെ നാഗമ്പടം പാലത്തില്‍ നടത്തിയ കുഴിയടയ്ക്കല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനു കാരണമായി.