ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാർഹം: ഇടുക്കി രൂപത
1225560
Wednesday, September 28, 2022 10:41 PM IST
കരിമ്പൻ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ട് ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തിദിനമാക്കിയ മന്ത്രിസഭ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഇടുക്കി രൂപത.
ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ നിര്‍ബന്ധമായി നടപ്പാക്കുന്ന ശൈലി ഏതാനും നാളുകളായി വര്‍ധിച്ചുവരികയാണ്.
കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അതിതീവ്ര ഫയൽ പൂർത്തിയാക്കൽ എന്ന പേരിൽ പ്രവൃത്തിദിനമായി നിശ്ചയിച്ചിരുന്നു. എല്ലാവര്‍ഷവും ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളി മത്സരം ഇത്തവണ ഞായറാഴ്ചയാണ് നടത്തിയത്. വിവിധ മത്സരപരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രീതിയും വര്‍ധിച്ചിരിക്കുകയാണ്. വിശ്വാസ സമൂഹത്തെ മുറിപ്പെടുത്തിയ ഈ തീരുമാനത്തിൽനിന്നു സർക്കാൻ പിൻമാറണമെന്ന് രൂപതാ കാര്യാലയം പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.