തൽ സൈനിക് ക്യാന്പിൽ മികച്ച നേട്ടവുമായി ജോർജ് ഹെൻട്രി
1226026
Thursday, September 29, 2022 10:49 PM IST
തൊടുപുഴ: എൻസിസി ദേശീയതലത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച തൽ സൈനിക് ക്യാന്പിൽ താരമായി തൊടുപുഴ ന്യൂമാൻ കോളജിലെ മൂന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയും എൻസിസി അണ്ടർ ഓഫീസറുമായ ജോർജ് ഹെൻട്രി. എൻസിസിയുടെ കരസേനാ വിഭാഗത്തിന്റെ പരമോന്നത ക്യാന്പായ തൽ സൈനിക് ക്യാന്പിൽ കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ജോർജ് മികച്ച നേട്ടം കരസ്ഥമാക്കിയത്. 80 ദിവസം നീണ്ടുനിൽക്കുന്ന സെലക്ഷൻ പ്രക്രിയയ്ക്ക് ശേഷമാണ് കേഡറ്റുകൾക്ക് സെലക്ഷൻ ലഭിക്കുന്നത്.
ഇന്ത്യയിലെ 17 ഡയറക്ടറേറ്റുകളിൽനിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ ജോർജ് ഹെൻട്രി, വ്യക്തിഗത ഫയറിംഗ്,സീനിയർ ഡിവിഷൻ ഫയറിംഗ് എന്നീ വിഭാഗത്തിൽ വെള്ളിമെഡൽ നേടി.
കോഴിക്കോട് എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ഇന്റർ ഗ്രൂപ്പ് തൽ സൈനിക് ക്യാന്പിലും കേഡറ്റ് മെഡൽ കരസ്ഥമാക്കിയിരുന്നു. കേരള -ലക്ഷദ്വീപ് ഡയറക്ടറേറ്റ് ദേശീയ തൽ സൈനിക് ക്യാന്പിൽ സീനിയർ ഡിവിഷൻ വിഭാഗത്തിലും ഹെൽത്ത് ആൻഡ് ഹൈജീൻ, ഒബ്സ്ട്രക്കിൾ ട്രെയിനിംഗ് എന്നീ മത്സരയിനങ്ങളിലും സ്വർണ മെഡൽ നേടി. കലയന്താനി വെള്ളാപ്പള്ളി ഹെൻട്രി ജോർജ് - ശാലിനി ദന്പതികളുടെ ഇളയ മകനാണ്.
മികച്ച നേട്ടം കൈവരിച്ച ജോർജ് ഹെൻട്രിയെ കോളജ് മാനേജർ മോണ്. ഡോ. പയസ് മലേക്കണ്ടത്തിൽ, 18 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വീരേന്ദ്ര ധത്ത്വാലിയ, കേണൽ ലാൻസ് ഡി റോഡ്രിഗ്രസ്, ഹയർ എഡ്യുക്കേഷൻ സെക്രട്ടറി ഫാ. പോൾ നെടുന്പുറം, പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, എൻസിസി ഓഫീസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. സാജു ഏബ്രഹാം, ബർസാർ ഏബ്രഹാം നിരവത്തിനാൽ എന്നിവർ അനുമോദിച്ചു.