സംസ്ഥാന ശാസ്ത്രോത്സവം: അടിമാലി ടെക്നിക്കൽ സ്കൂൾ ചാന്പ്യന്മാർ
1244240
Tuesday, November 29, 2022 10:40 PM IST
അടിമാലി: സംസ്ഥാന ശാസ്ത്രോത്സവത്തിൽ അടിമാലി ടെക്നിക്കൽ സ്കൂളിനു അഭിമാനനേട്ടം. കൊല്ലം കുളത്തൂപ്പുഴയിൽ നടന്ന ശാസ്ത്രോത്സവത്തിൽ സ്കൂൾ ഓവറോൾ ചാന്പ്യൻഷിപ്പ് നേടി. 46 സ്കൂളുകൾ പങ്കെടുത്ത മേളയിൽ ഒൻപത് വ്യത്യസ്ഥ ഇനങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കി 61 പോയിന്റുമായാണ് സ്കൂൾ ഒന്നാമതെത്തിയത്. 50 പോയിന്റ് നേടിയ നെയ്യാറ്റിൻകര സ്കൂളാണ് രണ്ടാം സ്ഥാനത്ത്.
തുടർച്ചയായി ഇത് രണ്ടാം തവണയാണ് അടിമാലി സ്കൂൾ ഓവറോൾ ചാന്പ്യന്മാരാകുന്നത്. 2019ലാണ് സംസ്ഥാന ശാസ്ത്രോത്സവത്തിൽ അടിമാലി ടെക്നിക്കൽ സ്കൂൾ ഒന്നാമതെത്തിയത്. കോവിഡിനെത്തുടർന്ന് 2020-21 വർഷങ്ങളിൽ മത്സരം നടത്തിയിരുന്നില്ല.
വ്യക്തിഗത ഇനത്തിൽ പാഴ്വസ്തു ഉത്പന്ന നിർമാണത്തിൽ അഫ്ന ഫാത്തിമ ഷെമീർ ഒന്നാം സ്ഥാനവും വർക്കിംഗ് മോഡലിൽ എം.ബി. അഭിനന്ദ് രണ്ടാം സ്ഥാനവും നേടി. ദേവിക ശുചീന്ദ്രൻ, അഭിഷേക് സുനിൽ (സ്റ്റിൽ മോഡൽ), മെഹബിൻ ഷെമീർ (വർക്കിംഗ് മോഡൽ), ഐ.വി. ആകാശ് (ഇലക്ട്രോണിക്സ്), മുഹമ്മദ് അമാൻ നിഷാദ് (ഇലക്ട്രിക്കൽ), എം.എസ്. ആദിത്യൻ (ഷീറ്റ് മെറ്റൽ), ശ്രീനന്ദൻ ബാബു (കാർപ്പെറ്റ്റി) എന്നിവർ എ ഗ്രേഡ് നേടി. സ്കൂൾ വക സ്റ്റാളിനും വ്യക്തിഗത ഇനത്തിൽ ഒന്നാം സ്ഥാനം നേടി.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽനിന്ന് സ്കൂൾ ടീം ട്രോഫി ഏറ്റുവാങ്ങി. പി.പി. ഷാന്റി, വി.എൻ. ശശിധരൻ, ജിനു പോൾ, പി.ആർ. ഷിബു, ശ്യാം രാജ് തുടങ്ങിയ അധ്യാപകരാണ് കുട്ടികൾക്കു പരിശീലനം നൽകിയത്.