വന്യമൃഗാക്രമണം തടയണം: കേരള കോണ്ഗ്രസ്-ജേക്കബ്
1263044
Sunday, January 29, 2023 10:19 PM IST
തൊടുപുഴ: ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയാൻ നടപടി വേണമെന്നു കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മൂന്നാർ, ശാന്തൻപാറ, ചിന്നക്കനാൽ തുടങ്ങിയ മേഖലകളിൽ കാട്ടാനകളുടെ ആക്രമണം നിത്യ സംഭവമായി. കൃഷിക്കാരും സാധാരണക്കാരും ഉൾപ്പെടെ നിരവധിയാളുകളുടെ ജീവനാണ് ഇതിനോടകം നഷ്ടപ്പെട്ടത്. ഇതിനു പുറമേ ഒട്ടനവധി വീടുകളും കടകളും ഹെക്ടർ കണക്കിനു സ്ഥലങ്ങളിലെ കൃഷിയിടവും നശിപ്പിക്കപ്പെട്ടു. ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള വനംവകുപ്പ് പ്രദേശവാസികൾക്കെതിരേ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികളാണു സ്വീകരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി റെജി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി അധ്യക്ഷത വഹിച്ചു. അനിൽ പയ്യാനിക്കൽ, ഷാജി അന്പാട്ട്, ഷാഹുൽ പള്ളത്തുപറന്പിൽ, ടോമി മൂഴിക്കുഴിയിൽ, സാബു മുതിരക്കാലായിൽ, ജോണ്സണ് അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.