ഗാനമേളയ്ക്കിടെ സംഘർഷം! നാലു പേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
1282192
Wednesday, March 29, 2023 10:52 PM IST
നെടുങ്കണ്ടം: വലിയതോവാളയിൽ ഗാനമേള നടക്കുന്നതിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ നാലു പേർ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഘർഷം പരിഹരിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം നടത്തിയ സംഭവത്തിൽ എട്ടു പേർക്കെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തിരുന്നു.
ഒന്നാം പ്രതി കുമളി പുത്തൻവീട്ടിൽ അഭിജിത് (32)നെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളായ തെക്കേപുരയ്ക്കൽ മാത്യു ആന്റണി (54), ജോസഫ് ആന്റണി (56), ടിക്സൺ (23), എബിൻ മാത്യു (25) എന്നിവരാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
നെടുങ്കണ്ടം സിഐയെ തടഞ്ഞുവെക്കുകയും പോലീസ് ഓഫീസറെ മർദിക്കുകയും ചെയ്ത കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നു പേർകൂടി പിടിയിലാകാനുണ്ട്.
ഉന്തിനും തള്ളിനുമിടയിൽപ്പെട്ട നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റിരുന്നു.
ഗാനമേള കേൾക്കാൻ എത്തിയവർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിപിനാണ് പരിക്കേറ്റത്. ബിപിൻ നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയ നെടുങ്കണ്ടം സിഐ ബി.എസ്. ബിനുവിനെ പോലീസ് വാഹനത്തിൽനിന്ന് ഇറങ്ങാൻ അക്രമിസംഘം സമ്മതിച്ചില്ല. ഇതിനിടെ പോലീസ് വാഹനം തകർക്കാനും ശ്രമം നടന്നു. പോലീസ് ലാത്തി വീശിയാണ് അക്രമിസംഘത്തെ പിരിച്ചുവിട്ടത്.