ഉപ്പുതറ: മാട്ടുക്കട്ട കുരിശുപള്ളിക്കു സമീപത്തെ സ്റ്റേഷനറിക്കടയിൽ വെള്ളിയാഴ്ച രാത്രി മോഷണം നടന്നു. അനിവിലാസം അനിൽ കുമാറിന്റെ കടയിലാണ് മോഷണം നടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപ നഷ്ടമായി. കടയ്ക്ക് അകത്തും പുറത്തുമുള്ള സിസി ടിവിയിൽ രണ്ടു പേരുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ടു മറച്ചിരുന്നതിനാൽ ആളെ വ്യക്തമായിട്ടില്ല. രാത്രി രണ്ടിനുശേഷമാണ് മോഷണം നടന്നത്.
ഈ സമയം കുരിശു പള്ളിയുടെ മുന്നിലെ വെളിച്ചം അണച്ചിരുന്നു. രണ്ടു മാസം മുൻപ് മാട്ടുക്കട്ട വില്ലേജ് പടിയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു. കഴിഞ്ഞ ദിവസമാണ് ലോൺട്രി മുത്തമ്മപ്പതാൽ ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഇതിന് തൊട്ടു മുൻപ് പുതുക്കടയിൽ വ്യാപകമായി ഏലക്കാ മോഷണം നടന്നിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം മോഷണം നടക്കുന്നത് നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഉപ്പുതറ പോലീസ് അന്വേഷണം ആരംഭിച്ചു.