സെർവർ തകരാർ: റേഷൻ ലഭിക്കാതെ ഉപയോക്താക്കൾ
1396594
Friday, March 1, 2024 3:41 AM IST
തൊടുപുഴ: സെർവർ തകരാറിലായതോടെ ജില്ലയിൽ വ്യാപകമായി റേഷൻ വിതരണം മുടങ്ങി. മൂന്നു ദിവസമായി റേഷൻ കടകളിൽ ഭക്ഷ്യ ധാന്യങ്ങൾ വാങ്ങാനെത്തിയ ഒട്ടേറെ ഉപയോക്താക്കൾ നിരാശരായി മടങ്ങി.
മാസാവസാനം ആയതിനാൽ റേഷൻ കടകളിൽ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പടുന്ന സമയമാണ് ഇ- പോസ് മെഷീനുകൾ പണി മുടക്കിയത്. ഇതോടെ ഉപയോക്താക്കളെ നിരാശരായി മടക്കിയയ്ക്കേണ്ട ഗതികേടിലായി റേഷൻ കടയുടമകൾ.
ഇന്നലെ അവസാന തിയതി ആയതിനാൽ ഫെബ്രുവരിയിലെ റേഷൻ ഇനി ലഭിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. എഎവൈ, ബിപിഎൽ കാർഡുകൾ ആധാറുമായി ലിങ്കു ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനാൽ നെറ്റ്വർക്ക് ലോഡ് താങ്ങാനാവാതെ സെർവർ തകാരാറിലായതാണെന്നാണ് സൂചന.
ഫെബ്രുവരിയിൽ ദിവസങ്ങളുടെ എണ്ണം കുറവായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് റേഷൻ കടകളിൽ അനുഭവപ്പെട്ടത്.
എന്നാൽ ഇ- പോസ് മെഷീനുകളിൽ വിരലയാളം പതിക്കാനാവാതെ വന്നതോടെ പലരും മണിക്കൂറുകൾ കാത്തു നിന്നിട്ടും റേഷൻ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇവർക്ക് റേഷൻ സാധനങ്ങൾ ലഭിക്കുമോയെന്ന കാര്യത്തിൽ കടയുമടകൾക്ക് മറുപടി പറയാനുമായില്ല. റേഷൻ കാർഡുകളിൽനിന്ന് അനർഹരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് എഎവൈ, ബിപിഎൽ കാർഡുകൾ ആധാറുമായി ലിങ്ക് ചെയ്യുന്നത്.
ഇതിനായി അർഹരായ കുടുംബാംഗങ്ങൾ റേഷൻ കടകളിലെത്തിയാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. രോഗാവസ്ഥയിലുള്ളവർക്ക് വീടുകളിലെത്തി ബയോമെട്രിക് നടപടികൾ അധികൃതർ നടത്തും. മാർച്ച് 31 വരെ ഇതിനായി അവസരമുണ്ട്.
കൂടുതലാളുകൾ ആധാർ ലിങ്ക് ചെയ്യാനായി റേഷൻകടകളിൽ എത്തിത്തുടങ്ങിയതോടെയാണ് നെറ്റ്വർക്ക് തകരാറിലായത്. റേഷൻ വിതരണം നീട്ടുന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
മൂന്നു ദിവസങ്ങളായി സെർവർ തകരാറിലാണെന്ന് കമ്മീഷണറേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ വിതരണം നീട്ടുന്ന കാര്യം പലപ്പോഴും വൈകി അറിയിക്കുന്നത് ഉപഭോക്താക്കളെ അറിയിക്കാൻ കഴിയാറില്ലെന്നും ഇക്കാര്യത്തിൽ അധികൃതർ നേരത്തെ തന്നെ തീരുമാനമെടുക്കണമെന്നും റേഷൻ കടയുടമകൾ പറഞ്ഞു.