പതിനാറാംകണ്ടം സർക്കാർ ആശുപത്രിയിൽ കിടത്തിചികിത്സ പുനരാരംഭിക്കും
1396792
Saturday, March 2, 2024 3:09 AM IST
ചെറുതോണി: ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകി പതിനാറാംകണ്ടം സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കും. അഞ്ചിനു കിടത്തി ചികിത്സ പുനരാരംഭിക്കാൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രമായിരുന്ന പതിനാറാംകണ്ടം സർക്കാർ ആശുപത്രി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ ജോസഫിന്റെ ശ്രമഫലമായാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന കിടത്തി ചികിത്സ പുനരാരംഭിക്കാൻ നടപടിയായത്.
കോവിഡ് കാലത്ത് താത്കാലികമായി നിർത്തിവച്ച കിടത്തി ചികിത്സ പുനരാരംഭിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രമായിരുന്ന കാലത്ത് ഇവിടെ സേവനമനുഷ്ഠിച്ചിരുന്ന ഡോ.സുരേഷ് വർഗീസിന്റെ മേൽനോട്ടത്തിൽ പരിമിതമായ സൗകര്യങ്ങളിൽ പോലും അടിയന്തര പ്രാധാന്യമുള്ള 30 രോഗികളെവരെ ഇവിടെ കിടത്തി ചികിത്സിച്ചിരുന്നു.
നാലു ഡോക്ടർമാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വേണ്ടത്ര ജീവനക്കാരുടെ അഭാവവുമാണ് കിടത്തി ചികിൽസ ആരംഭിക്കാൻ തടസമായതെന്ന് മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി പറഞ്ഞു.
ഐപി വിഭാഗത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള സ്വാഗതസംഘം രൂപീകരണ യോഗം ആശുപത്രി ഹാളിൽ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്-രക്ഷാധികാരികൾ, സിബിച്ചൻ ജോസഫ് - ചെയർമാൻ, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി - ജനറൽ കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. അഞ്ചിന് ഉച്ചകഴിഞ്ഞു മൂന്നിന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഐപി വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
രാജി ചന്ദ്രൻ അധ്യക്ഷത വഹിക്കും. ആശുപത്രി ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ സിബിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.
ഡോ. അഞ്ജലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ ഏബ്രഹാം, പഞ്ചായത്തംഗങ്ങളായ മിനി ഷാജി, കെ.എ. അലിയാർ, ഡി ക്ലാർക്ക് സെബാസ്റ്റ്യൻ, ജോസ്മി ജോർജ്, സുനിത സജീവ്, അനിൽ ബാലകൃഷ്ണൻ, സിഡിഎസ് അംഗം സൗധാമണി, കെ.ആർ.സജീവ്, ബിജോ ജോസ്, ഷാജി കരോട്ടുപുറം, സജി കല്ലേക്കുളത്ത്, പ്രസാദ് കല്ലുറുമ്പിൽ, ജയൻ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.