അന്തർസംസ്ഥാന പാത അപകടാവസ്ഥയിൽ
1460842
Monday, October 14, 2024 2:24 AM IST
മറയൂർ: മറയൂർ - ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ഭാഗത്തെ റോഡിന്റെ ഒരു വശം ഇടിഞ്ഞ് അപകടാവസ്ഥയിൽ. ഇരുനൂറ് അടിയോളം താഴ്ചയുള്ള ഭാഗത്തെ കലുങ്കും കൽക്കെട്ടുമാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഇടിഞ്ഞുവീണത്.
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം കാണാൻ ഈ ഭാഗത്ത് നിരവധി വിനോദ സഞ്ചാരികൾ വാഹനം നിർത്താറുണ്ട്. അതിനാൽത്തന്നെ ഇവിടെ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ചിന്നാർ മുതൽ മറയൂർ ടൗണിൽ വരെ ബി എം ബി സി നിലവാരത്തിൽ റോഡ് നിർമിക്കാൻ 9.37 കോടി രൂപ അനുവദിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ടെണ്ടർ നടപടികൾ പൂർത്തിയാക്കി. കരാർ എടുത്തെങ്കിലും പണികൾ ആരംഭിക്കാൻ മഴ കാരണം വൈകുകയാണ്.
ഫോട്ടോ : അന്തർ സംസ്ഥാന പാതയിൽ ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ കടന്നു പോകുന്ന ഭാഗത്ത് റോഡ് ഇടിഞ്ഞ നിലയിൽ