ആലത്തൂർ: ശോചനീയാവസ്ഥയിലായി യാത്രാക്ലേശം രൂക്ഷമായ തൃപ്പാളൂർ - ചിറ്റിലഞ്ചേരി റോഡിൽ ഭാഗികമായി ക്വാറി വേസ്റ്റ് ഉപയോഗിച്ച് കുഴികൾ അടച്ചു. ജലജീവൻ മിഷൻ പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിക്കാനായി റോഡിന്റെ വശങ്ങളിൽ ചാലുകളെടുത്തിരുന്നു. മഴ പെയ്തതോടെ പൊട്ടിപ്പൊളിഞ്ഞ റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് ചെളിയായി.
പുതിയങ്കം പോസ്റ്റ്ഓഫീസിന് സമീപം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതുടർന്ന് വാർഡ് മെംബർ ലീല ശശി ജലജീവൻമിഷൻ അധികൃതരെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പുതിയങ്കം പോസ്റ്റോഫീസിന് സമീപത്തെ റോഡിലെ കുഴികൾ അടക്കുകയായിരുന്നു. റോഡിലെ ബാക്കിയുള്ള ഭാഗത്തെ കുഴികൾകൂടി അടച്ചാൽ മാത്രമേ ഇതിലൂടെയുള്ള നരകയാത്രക്ക് താത്കാലിക പരിഹാരമാകൂ.