മംഗലം- ഗോവിന്ദാപുരം പാതയിലെ വലിയ കുഴികൾ തത്കാലം മൂടി
1570867
Saturday, June 28, 2025 12:28 AM IST
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ വലിയ കിടങ്ങുകളായി മാറിയ കുഴികൾ തത്കാലം മൂടി.
ഇന്നലെ ഉച്ചയ്ക്ക് മഴമാറിനിന്ന സമയത്തായിരുന്നു മെറ്റൽ മിശ്രിതം ഉപയോഗിച്ചുള്ള കുഴിമൂടൽ ചടങ്ങ് നടന്നത്.
ഇന്നലെ പകൽ മഴശല്യമില്ലാതിരുന്നതിനാൽ മൂടിയ കുഴികൾക്ക് ഏതാനും ദിവസത്തെ ആയുസുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
മംഗലം പാലത്തിനടുത്ത് ബൈപാസ് ജംഗ്ഷനിലും ഹീറോ ഷോറൂമിനുമുന്നിലും വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനു മുന്നിലുമായിരുന്നു അപായകരമായ കുഴികളുണ്ടായിരുന്നത്.
മറ്റു ഭാഗങ്ങളിലും നിറയെ കുഴികളുണ്ടെങ്കിലും കിടങ്ങുകളായിട്ടില്ല. വാഹനങ്ങൾക്ക് ഇറങ്ങിക്കയറി പോകാവുന്ന കുഴികളാണ് അവിടെയെല്ലാം.
കിടങ്ങുകളായ കുഴികളുടെ അപകടാവസ്ഥയെക്കുറിച്ച് കഴിഞ്ഞ രണ്ടുദിവസം ദീപികയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തുടർന്നാണ് അധികൃതർ കണ്ണു തുറന്നത്.
മഴ വിട്ടുനിന്നാൽ ടാർ ഉപയോഗിച്ച് ഓട്ടയടക്കൽ നടത്തുമെന്നാണു അധികൃതർ പറയുന്നത്.
കേന്ദ്രസർക്കാരിന്റെ ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നാലുവരിയായി നവീകരണത്തിന് പദ്ധതിയുള്ളതിനാൽ താത്കാലികമായ ഓട്ടയടക്കലല്ലാതെ നല്ല രീതിയിലുള്ള ടാറിംഗുണ്ടാകില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.