ഇരുകരയുംമുട്ടി ഭാരതപ്പുഴ
1570868
Saturday, June 28, 2025 12:28 AM IST
ഒറ്റപ്പാലം: മഴക്കാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടില്ല, ഭാരതപ്പുഴയുടെ പരിസരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.
കാലവർഷം കനക്കുകയും, മലമ്പുഴഡാം തുറക്കുകയും ചെയ്തതോടെ ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകുവാൻ തുടങ്ങി.
നാലുദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയിലാണ് ഭാരതപ്പുഴയുടെ ഇരുകരകളുംമുട്ടി വെള്ളംഒഴുകാൻ തുടങ്ങിയത്. ഡാംകൂടി തുറന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് പതിമടങ്ങ് ശക്തിയായിട്ടുണ്ട്.
ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം നഗരസഭ മൈക്ക് പ്രചരണം നടത്തി.
ഭാരതപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. വർഷകാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടിരുന്നുവെങ്കിൽ വെള്ളത്തിന്റെ പ്രവാഹം കുറയ്ക്കാൻ കഴിയുമായിരുന്നു. ഇതിനൊപ്പം തടയണയിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയും മണ്ണും മണലും മറ്റു മാലിന്യങ്ങളും ഒഴുക്കിവിടാനും കഴിയുമായിരുന്നു.
പാലപ്പുറം മീറ്റ്ന ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപമത്തെ തടയണയുടെ വൃഷ്ടിപ്രദേശം ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്.
ലക്കിടി തടയണ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഷൊർണൂർ പഴയ കൊച്ചിൻപാലം പുഴയിലേക്കു കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണ് . ഏതുനിമിഷവും ഇതുപൂർണമായി പുഴയിലേക്കു വീഴും.
കൊച്ചിൻ പാലത്തിൽ നിന്നും നൂറുമീറ്റർമാത്രം അകലെ സ്ഥിതിചെയ്യുന്ന ഭാരതപ്പുഴയിലെ തടയണയുടെ ഷട്ടറുകൾ തുറക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഇനി ഇതിനുകഴിയില്ല. തടയണ പൂർണമായും മണൽവന്ന് നിറഞ്ഞ അവസ്ഥയിലാണുള്ളത്.