പാലക്കാട് ഗസ്റ്റ് ഹൗസ് നവീകരണത്തിനു നാലുകോടി 64 ലക്ഷം രൂപ അനുവദിച്ചു
1570863
Saturday, June 28, 2025 12:28 AM IST
പാലക്കാട്: ടൂറിസം വകുപ്പിന്റെ കീഴില്‍ സിവില്സ്റ്റേഷനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ അതിഥിമന്ദിരം നവീകരിക്കുന്നതിന് 4,64,75,000 രൂപ അനുവദിച്ച് ഉത്തരവിറക്കി. 18 മാസത്തിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
വിനോദസഞ്ചാര വകുപ്പിന്റെ കീഴില്‍ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഗസ്റ്റ് ഹൗസ് നവീകരിക്കുന്നതിലൂടെ കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളോടെയുള്ള താമസ സൗകര്യമാണ് പാലക്കാടുണ്ടാകുന്നതെന്ന് ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മലമ്പുഴ, കൊല്ലങ്കോട് തുടങ്ങിയ ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കെത്തുന്നവര്‍ക്ക് ഇതു സഹായകരമാകും.
സാധാരണക്കാര്‍ക്ക് ഉന്നത നിലവാരത്തിലുള്ള താമസ സൗകര്യം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിനൊപ്പം ഖജനാവിലേക്ക് അധിക വരുമാനവും കൈവരുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്സാണ് നവീകരണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയതും നിര്‍മാണപ്രവൃത്തികള്‍ ചെയ്യേണ്ടതും. സിവില്‍ നിര്‍മാണപ്രവൃത്തികള്‍, വൈദ്യുതീകരണം എന്നിവയാണ് പ്രധാന നിര്‍മാണപ്രവൃത്തികള്‍.