പത്തിവിടർത്തി മൂർഖൻ; ഭയപ്പാടിൽ യാത്രികർ
1570866
Saturday, June 28, 2025 12:28 AM IST
വടക്കഞ്ചേരി: പത്തിവിടർത്തി വഴിയാത്രക്കാരെ പേടിപ്പിച്ച മൂർഖൻ പാമ്പിനെ പിടികൂടി. കിഴക്കഞ്ചേരി ക്ഷേത്രത്തിനു പിറകിലെ വഴിയരികിലായിരുന്നു പത്തിവിടർത്തി ആടിയുള്ള മൂർഖൻ പാമ്പിന്റെ അഭ്യാസം.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആളുകൾ നടന്നുപോകുമ്പോൾ പത്തിവിരിച്ച് ഭയപ്പെടുത്തും.
വീതികുറഞ്ഞ വഴിയായതിനാൽ ആളുകൾക്കു മാറിപ്പോകാനും വഴിയുണ്ടായില്ല. സമീപത്ത് മയിലിനെ കണ്ടിട്ടായിരുന്നു മൂർഖൻപാമ്പ് പത്തിയുയർത്തി നിലകൊണ്ടിരുന്നത്.
ഉഗ്രവിഷകാരിയായ പാമ്പ് മയിലിനെ പേടിച്ചാണ് ഏറെനേരം പത്തിവിടർത്തി നിന്നതെങ്കിലും ആളുകൾ അതിലുംവലിയ ഭയപ്പാടിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവാച്ചർ മുഹമ്മദാലി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.