ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു
1593056
Saturday, September 20, 2025 1:52 AM IST
പാലക്കാട്: മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രം വിഷയത്തിൽ ഇറിഗേഷൻ വകുപ്പ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. പദ്ധതി സംബന്ധിച്ച് ഡാം അസിസ്റ്റന്റ് എൻജിനീയർ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടണമെന്നും റിപ്പോർട്ട് പൂഴ്ത്തിവെച്ച അസിസ്റ്റന്റ് എക്സിക്യൂട്ട് എൻജിനീയർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
2023 മെയ് 16 ന് തഹസിദാർ മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട കത്ത് നല്കി. 2025 ഏപ്രിൽ 25 ന് റിപ്പോർട്ട് അസി. എക്സി. എൻജിനീയർ ഹെഡ് വർക്ക് സബ് ഡിവിഷൻ മലമ്പുഴക്ക് നൽകിയിട്ടുണ്ടെന്ന് ഡാം അസി എൻജിനീയറുടെ കത്ത് വ്യക്തമാക്കുന്നു. അടിയന്തിരപ്രാധാന്യമുള്ള വിഷയമായിട്ടും താലൂക്ക് സമിതി നിരന്തരമാവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നല്കാൻ അസി. എക്സി. എൻജിനീയർ, അസി. എൻജിനീയർ എന്നിവർ തയ്യാറാവാത്തത് ദുരൂഹമാണ്. ഭൂമാഫിയയെ സഹായിക്കുന്നതിനു വേണ്ടിയാണ് റിപ്പോർട്ട് പൂഴ്ത്തിയത്.
വിഷയത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് പരാതി നൽകി. ബോബൻ മാട്ടുമന്ത, രമേശ് പുത്തൂർ, അനിൽ ബാലൻ, എസ്.എം താഹ, ഹരിദാസ് മച്ചിങ്ങൽ, കെ.ആർ.ശരരാജ്, ഫ്രിന്റോ ഫ്രാൻസി, എഫ്.ബി. ബഷീർ, കെ.എൻ. സഹീർ, ഷെറീഫ് റഹ്മാൻ, ആർ. രാമകൃഷ്ണൻ, എസ്. സഞ്ജീവ് എന്നിവർ ഉപരോധസമരത്തിൽ പങ്കെടുത്തു.