വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലിറങ്ങുന്നതു തടയാൻ സമഗ്രപദ്ധതിയുമായി വനംവകുപ്പ്
1593064
Saturday, September 20, 2025 1:52 AM IST
വടക്കഞ്ചേരി: വനാതിർത്തികളിൽ വന്യമൃഗശല്യം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പും പഞ്ചായത്തും കൃഷിവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ച് വനം വകുപ്പ്. മേഖലയിൽ കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര എന്നീ പഞ്ചായത്തുകളിൽപ്പെടുന്ന 10 കിലോമീറ്റർ പീച്ചി വനാതിർത്തികളിലാണ് വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. പാലക്കുഴി പൊന്മുടി മുതൽ കണ്ണമ്പ്ര പഞ്ചായത്തിൽപ്പെടുന്ന പോത്തുചാടി വരെയുള്ള വനാതിർത്തിയാണിത്.
പരാതി ലഭിച്ചാൽ ശല്യക്കാരായ പന്നികളെ വെടിവച്ച് നശിപ്പിക്കും. വനാതിർത്തിയിലെ വൈദ്യുതിവേലികളിൽ കാടുകയറി വൈദ്യുതി പ്രവാഹം കുറയുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് റേഞ്ച് ഓഫീസർ എൻ. സുബൈർ പറഞ്ഞു. 9.9 കിലോവാട്ട് വൈദ്യുതി പ്രവാഹം ഉണ്ടെങ്കിലെ വന്യമൃഗങ്ങൾ മാറിപ്പോകൂ. വേലിയിൽ വള്ളിപടർപ്പുകൾ കയറിയാണ് ഇത് കുറയുന്നത്. കാര്യക്ഷമമല്ലാത്ത ബാറ്ററികൾ മാറ്റി സ്ഥാപിക്കും.
അതിർത്തികളിലെ പൈനാപ്പിൾ കൃഷി ഒഴിവാക്കി കുരുമുളക്, മഞ്ഞൾ പോലെയുള്ള കൃഷികൾ നടത്തണം. ചക്ക പഴുക്കുന്നതുവരെ കാത്തു നിൽക്കാതെ ഇടിച്ചക്ക പാകത്തിലാകുമ്പോൾ വില്പന നടത്തിയാൽ ആനയെ അകറ്റാനാകും. വനാതിർത്തികളിലെ സ്വകാര്യഭൂമി കാടുപിടിച്ചു കിടക്കുന്നത് വെട്ടിത്തെളിക്കും. ഇത് ഉടമകൾ ചെയ്യുന്നില്ലെങ്കിൽ പഞ്ചായത്ത് പ്രവൃത്തി നടത്തി ഉടമയിൽ നിന്നും തുക ഈടാക്കും. വനാതിർത്തിയിൽ നിന്നും കാടിനുള്ളിലേക്ക് 10 മീറ്റർ ദൂരം വീതിയിൽ അടിക്കാട് വെട്ടിത്തെളിച്ച് വന്യമൃഗങ്ങളുടെ സാന്നിധ്യം അറിയാനുള്ള സൗകര്യം ഒരുക്കും.
പന്നികൾ പെരുകുന്നത് കുറയ്ക്കാൻ മാലിന്യ നിക്ഷേപകേന്ദ്രങ്ങൾ ഇല്ലാതാക്കും. പാലക്കുഴി റോഡിൽ പുല്ലംപരുത ഭാഗത്തുനിന്നും മുകളിലേക്ക് നാലര കിലോമീറ്റർ ദൂരം നിലവിലുള്ള വൈദ്യുതവേലിക്കു പുറമെ തൂക്കുവേലി കൂടി സ്ഥാപിക്കും. കടപ്പാറ പപ്പടപ്പാറ, കുഞ്ചിയാർപതി ഭാഗത്തും തൂക്കുവേലി നിർമിക്കും. മലയോരപാതയിൽ പനംകുറ്റി, പോത്തുച്ചാടി ഭാഗത്തെ വിളക്കുകൾ കത്തിക്കും. മംഗലംഡാം, കരിങ്കയം, നന്നങ്ങാടി ഭാഗത്തും ലൈറ്റുകൾ സ്ഥാപിക്കും.
മറ്റിടങ്ങളിലും ലൈറ്റുകളുടെ ആവശ്യകത പരിശോധിക്കുമെന്നും റേഞ്ച് ഓഫീസർ എൻ. സുബൈർ പറഞ്ഞു. സ്ഥിരമായി ആനയിറങ്ങുന്ന പനംകുറ്റി ഭാഗത്ത് അടിയന്തരമയി വൈദ്യുതിവേലി പുനസ്ഥാപിക്കും. ഇവിടെ വേലി മെയിന്റനൻസിൽ വകുപ്പിന് വീഴ്ചവന്നിരുന്നു. അടുത്തമാസം ബന്ധപ്പെട്ടവരുടെ മീറ്റിംഗ് വിളിച്ചുകൂട്ടി പോരായ്മകളും പരിശോധിക്കുമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു.