ചുള്ളിയാർമേട് പുഴപ്പാലത്തിൽ തകർന്ന കൈവരി പുനർനിർമിക്കണം
1593059
Saturday, September 20, 2025 1:52 AM IST
മുതലമട: ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനു സമീപമുള്ള ചുള്ളിയാർ പുഴപ്പാലത്തിന്റെ കൈവരി തകർന്ന വശത്ത് വാഹനസഞ്ചാരം അപകടഭീഷണിയിൽ. സ്ഥലത്തെ കൊടുംവളവു തിരിഞ്ഞുവരുന്ന വാഹനങ്ങൾ ഓടിക്കുന്നവർ പെട്ടെന്നാണ് ഇടുങ്ങിയ പുഴപ്പാലം കണ്ട് നിർത്തുന്നത്. പാലത്തിൽ എതിരെ വന്ന വാഹനത്തിനെ കണ്ട് പെട്ടെന്ന് നിർത്തിയ കെഎസ്ആർടിസി ബസ് കൈവരി തകർത്ത് പുഴയിലേക്ക് മൂക്കുകുത്തി നിന്നിരുന്നു.
ഇതിനുമുൻപ് ശബരിമല ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ട്രാവലർ ബസും പുഴയിൽ വീണ് നിരവധി പേർക്ക് ഗുരുതരപരിക്കു പറ്റിയിരുന്നു. റോഡിന്റെ വടക്കുഭാഗം കൈവരി പുനർനിർമാണം നടത്തിയിരുന്നു.
നിലവിൽ റോഡിന്റെ തെക്കുഭാഗം കൈവരിയും തകർന്ന് വർഷങ്ങളായിരിക്കുകയാണ് . ഇതുവഴി കാൽനടയും ഇരുചക്രവാഹന സഞ്ചാരവും അപകടഭീതിയിലാണ്. സ്ഥലത്ത് അപകടാവസ്ഥ സൂചിപ്പിക്കുന്ന ദിശാബോർഡുകളുമില്ല. തെക്ക് ഭാഗത്ത് ജലജീവൻ മിഷൻ കുടിവെള്ള പൈപ്പിൽ ഇടിച്ച് പലതവണ വാഹന അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഓരോതവണ സമാന അപകടങ്ങൾ നടക്കുമ്പോഴും രണ്ടു ദിവസം കഴിഞ്ഞാണ് കുടിവെള്ളം വിതരണം പുനസ്ഥാപിക്കുന്നത്. കാമ്പ്രത്ത്ചള്ള - ഗോവിന്ദാപുരം അന്തർ സംസ്ഥാനപാതയിൽ സർവീസ് ബസുകൾ, വിനോദ സഞ്ചാര, തീർഥാടന വാഹങ്ങൾക്കു പുറമെ വിദ്യാർഥികളുമായി വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്.
സ്ഥലത്ത് നിലനിൽക്കുന്ന അപകടാവസ്ഥ കണക്കാക്കി അടിയന്തരമായി പാലത്തിന്റെ തെക്കുഭാഗം വീതികൂട്ടി കൈവരി നിർമിക്കണമെന്നാണ് ആവശ്യം.