താലൂക്ക് ആശുപത്രിയിൽ രക്തബാങ്കിന് അനുമതി; ഒറ്റപ്പാലത്തിന്റെ സ്വപ്നപദ്ധതിക്കു സാഫല്യം
1593057
Saturday, September 20, 2025 1:52 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലത്തിന്റെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു താലൂക്കാശുപത്രിയിൽ രക്തബാങ്ക് വേണമെന്ന കാര്യം. ഏറെക്കാലം ഇതിനായി കാത്തിരിക്കേണ്ടി വന്നുവെങ്കിലും അവസാനം ഈ സ്വപ്നപദ്ധതി പൂവണിഞ്ഞിരിക്കുകയാണ്. പദ്ധതിയുടെ പരീക്ഷണപ്രവർത്തനം വിജയംവരിച്ചതോടെ ആതുരസേവന രംഗത്ത് ഒറ്റപ്പാലത്തിനിത് പുത്തൻ നാഴികകല്ലാവും. വിവിധ ഗ്രൂപ്പുകളിലുള്ള രക്തംസ്വീകരിച്ച് സംഭരിക്കാനാകുമോയെന്ന പരീക്ഷണമാണ് കഴിഞ്ഞ ദിവസം വിജയിച്ചത്. ജില്ലയിലെ കൂട്ടായ്മയായ ബ്ലഡ് സർവീസ് കേരളയിലെ ആറ് പ്രവർത്തകരാണ് പുതിയ രക്തബാങ്കിലേക്കായി ആദ്യമായി രക്തംനൽകിയത്. ഇതോടെ രക്തബാങ്ക് പ്രവർത്തനസജ്ജമായതായി താലൂക്കാശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
രക്തംശേഖരിക്കൽ, രക്തത്തിന്റെ വിവിധ ഘടകങ്ങൾ വേർതിരിക്കൽ, പ്ലാസ്മ, പ്ലേറ്റ്ലെറ്റ് തുടങ്ങിയവയുൾപ്പെടെ സംഭരിക്കൽ എന്നിവയ്ക്കുള്ള യന്ത്രങ്ങളും ജനറേറ്ററുകളുമെല്ലാം പരീക്ഷണപ്രവർത്തനത്തിന് വിധേയമാക്കി.
കുട്ടികളുടെ കുത്തിവെപ്പുകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് രക്തബാങ്കിനും സ്ഥലം സജ്ജമാക്കിയത്. ഒരുമാസം 80 യൂണിറ്റ് മുതൽ 100 യൂണിറ്റ്വരെ രക്തമാണ് ഇവിടെ സംഭരിക്കാനാവുക. ഒരുദിവസം 50 യൂണിറ്റ്വരെ ശേഖരിക്കാം. 24 മണിക്കൂർ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളാണ് ഇപ്പോൾ ഒരുക്കിയത്.
ദേശീയാരോഗ്യദൗത്യം മുഖാന്തരം ഡോക്ടർ, കൗൺസലർ, സാങ്കേതിക ജീവനക്കാർ എന്നിവരെ നേരത്തേ നിയമിച്ചിരുന്നു. നാല് പുതിയ ജീവനക്കാരെക്കൂടി ഇപ്പോൾ നിയമിച്ചിട്ടുണ്ട്. ഇനി രണ്ടുപേരെക്കൂടി നിയമിക്കും. 24 മണിക്കൂറും പ്രവർത്തനസജ്ജമായാൽ ഏതുസമയത്തും പട്ടാമ്പി, തൃത്താല, ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളശേരി തുടങ്ങിയ പടിഞ്ഞാറൻ പാലക്കാട് മേഖലയ്ക്ക് രക്തം ലഭ്യമാകും. ജില്ലയിൽ മണ്ണാർക്കാട്ടും പാലക്കാട് ജില്ലാ ആശുപത്രിയിലും മാത്രമാണ് രക്തബാങ്കുള്ളത്.
അഞ്ചുവർഷംമുൻപ് പ്രഖ്യാപിച്ച പദ്ധതിയിൽ എംഎൽഎ ഫണ്ടിൽനിന്ന് 74 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞമാസം അവസാനം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള "സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതി ലഭിച്ചതോടെയാണ് പരീക്ഷണപ്രവർത്തനം നടത്തിയത്. ബ്ലഡ് സർവീസ് കേരള കൂട്ടായ്മയിലെ അരുൺരാഘവ്, ജയചന്ദ്രൻ, സന്ദീപ്, ശരത്, അരവിന്ദ് എന്നിവരിൽനിന്നാണ് ആദ്യമായി രക്തംശേഖരിച്ചത്.