യുക്മ നോർത്ത് വെസ്റ്റ് കലാമേള: എംഎംഎ ചാമ്പ്യൻമാർ
അനിൽ ഹരി
Thursday, October 16, 2025 6:27 AM IST
ലണ്ടൻ: കലാവിസ്മയങ്ങളുടെ പകൽപ്പൂരത്തിനു കൊടിയിറങ്ങി. വിഗൻ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിച്ച യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ 11 വിഗാൻ ഡീൻ ട്രസ്റ്റ് അങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിരശീല വീണു. രാവിലെ 9 മണിയോടെ ആരംഭിച്ച കലാമേളയിൽ യുക്മ നോർത്ത് വെസ്റ്റ് റീജിയണിലുള്ള അംഗ അസ്സോസിയേഷനുകളിൽ നിന്നുമുള്ള നാനൂറിലധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. പ്രായം അനുസരിച്ച് കിഡ്സ്, സബ്ജൂനിയര്, ജൂനിയര്‍, സീനിയർ, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് ഷാജി തോമസ് വരാകുടി അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ തിരി തെളിയിച്ചു. യുക്മ നാഷണൽ ട്രെഷറർ ഷീജോ വർഗീസ് മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി സനോജ് വർഗ്ഗീസ് സ്വാഗതം ആശംസിച്ചപ്പോൾ, ആർട്സ് കോ ഓർഡിനേറ്റർ ശ്രീ രാജീവ് നന്ദി പ്രകാശിപ്പിച്ച
ു. യുക്മ നാഷണൽ പബ്ലിക് റിലേഷൻസ് ഓഫീസറും മീഡിയ കോർഡിനേറ്ററുമായ കുര്യൻ ജോർജ്, യുക്മ സംസ്കരിക വേദി ജനറൽ കൺവീനർ അഡ്വ. ജാക്സൺ തോമസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയണൽ ട്രഷറർ ഷാരോൺ ജോസഫ്, വൈസ പ്രസിഡന്റ് അഭിറാം, ജോയിന്റ് സെക്രട്ടറി ജെറിൻ ജോസ്, ജോയിന്റ് ട്രഷറർ ജോസഫ് മാത്യു, പിആർഒ അനിൽ ഹരി, മീഡിയ കോർഡിനേറ്റർ ജനീഷ് കുരുവിള തുടങ്ങി യുക്മ നോർത്ത് വെസ്റ്റ് റീജിണൽ ഭാരവാഹികളും യുക്മ റോസ്റ്റർ കെയർ നോർത്ത് വെസ്റ്റ് റീജണൽ കലാമേളക്കു ആതിഥേയത്വം വഹിച്ച വിഗൻ മലയാളി അസോസിയേഷനിലെ പ്രധാന ഭാരവാഹികളും വേദിയിൽ സന്നിഹിതരായിരുന്നു.

കിരീടപോരാട്ടത്തിൽ ഇത്തവണയും കലാകിരീടം മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ (123 പോയിന്റ്) സ്വന്തമാക്കി. 94 പോയിന്റുമായി മലയാളി അസോസിയേഷൻ ഓഫ് സ്റ്റോക്പോട്ട് രണ്ടാസ്ഥാനവും, 68 പോയിന്റുമായി നോർത്ത്മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും 62 പോയിന്റുമായി ആതിഥേയരായ വിഗൻ മലയാളി അസോസിയേഷൻ നാലാം സ്ഥാനവും സ്വന്തമാക്കി.
കലാപ്രതിഭ പുരസ്കാരവും കലാതിലകവും വിഗൻ മലയാളി അസോസിയേഷൻ കരസ്ഥമാക്കി, രോഹൻ റോബിൻ കലാപ്രതിഭ ആയപ്പോൾ, ആൻ ട്രീസ ജോബി കലാതിലകം ആയി തിരഞ്ഞെടുത്തു. ഭാഷ കേസരിപട്ടം വാറിംഗ്ടൺ മലയാളി അസോസിയേഷനിലെ ആൻലിയ വിനീതും ആൻ ട്രീസ ജോബിയും പങ്കിട്ടപ്പോൾ നാട്യറാണി പട്ടം സ്വന്തമാക്കിയത് ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷനിലെ അർപ്പിത അശോക് ആണ്.

കിഡ്സ് വിഭാഗത്തിൽ ക്രിസ്റ്റൽ ജീവൻ (നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ നോർമ), സബ് ജൂനിയഴ്സ് വിഭാഗത്തിൽ ആൻലിയാ (വാറിംഗ്ടൺ മലയാളി അസോസിയേഷൻ), ജൂനിയഴ്സ് വിഭാഗത്തിൽ ആൻ ട്രീസ ജോബി (വിഗൻ മലയാളി അസോസിയേഷൻ), സീനിയഴ്സ് വിഭാഗത്തിൽ നിമ്മി ചിന്നു തോമസ് (ബെറി മലയാളി കൾച്ചറൽ അസോസിയേഷൻ) . സീനിയഴ്സ് വിഭാഗത്തിൽ അർപ്പിത അശോക് (ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ ) എന്നിവർ ഓരോ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി.
ഓരോ വേദിക്ക് മുന്നിലും നിറസാന്നിധ്യമായി കാണികൾ. നടനചാരുത പകർന്ന കുച്ചുപ്പുടിയും മോഹിനിയാട്ടവും ഭരതനാട്യവും കാണികളുടെ മനം നിറച്ചു. നാടൻ പാട്ടുകളും, ലളിത ഗാനവും ശബ്ദാനുകരണ കലയുടെ വിസ്മയവും ചേർന്നതോടെ ആഹ്ലാദം ഇരട്ടിച്ചു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായരും, ദേശീയ വൈസ് പ്രസിഡന്റും കലാമേള കോർഡിനേറ്ററുമായ വർഗീസ് ഡാനിയലും മുഖ്യാതിഥികളായിരുന്നു. സമാപന സമ്മേളനത്തിൽ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിക്കുകയും, കലാകിരീടം, കല പ്രതിഭ, കലാതിലകം പുരസ്കാരങ്ങൾ നൽകുകയും ചെയ്തു.
റീജിയണൽ തലത്തിൽ വ്യക്തിഗത ഇനങ്ങളിൽ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും ആണ് നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.
യുക്മ നോർത്ത് വെസ്റ്റ് റീജണൽ കലാമേള വൻ വിജയമാക്കുവാൻ സഹകരിച്ച എല്ലാവർക്കും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ് എന്നിവർ നന്ദി അറിയിച്ചു.