Editorial
നിയമസംരക്ഷണവും സഹായകേന്ദ്രങ്ങളുമൊക്കെയുണ്ടെങ്കിലും ഗാർഹിക പീഡനത്തിന് കുറവൊന്നുമില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഈ വിഭാഗത്തിൽ പതിനായിരത്തിലേറെ കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുറത്തറിയാത്തവ ഇതിന്റെ എത്രയോ ഇരട്ടിയാണ്. വിദ്യാഭ്യാസം, ജോലി തുടങ്ങിയ ഉയർന്ന സാമൂഹിക മാനദണ്ഡങ്ങളൊന്നും ഗാർഹികപീഡനമെന്ന ക്രൂരതയ്ക്ക് മറുമരുന്നാകുന്നില്ല എന്നതാണ് കേരളത്തിന്റെ അനുഭവം.
അതൊരു മനോഭാവമാണ്. തലമുറ തലമുറയായി കൈമാറിവരുന്ന പുരുഷാധിപത്യ കാഴ്ചപ്പാടിന്റെ ഉപോത്പന്നം. അതുകൊണ്ടാണ് നിയമങ്ങളും ചട്ടങ്ങളും ശിക്ഷകളുംകൊണ്ടു മാത്രം ഗാർഹിക പീഡനങ്ങളെ ഇല്ലാതാക്കാനാകാത്തത്. പുരുഷ മേൽക്കോയ്മയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്ന നിരവധി സാമൂഹിക ഘടകങ്ങളെ മറികടക്കുക അത്ര എളുപ്പമല്ല.
സ്ത്രീ-പുരുഷ തുല്യത വേണമെന്ന് എല്ലാ വേദികളിൽനിന്നും നമ്മൾ ഉച്ചത്തിൽ ഘോഷിക്കുന്നുണ്ട്. പക്ഷേ, നടക്കുന്നില്ല. നിയമനിർമാണ സഭകളിലെ പ്രാതിനിധ്യംതൊട്ട് വീട്ടുജോലികളിലെ തുല്യത വരെ പുരോഗമനത്തിന്റെ വാക്ചാതുര്യം മാത്രമായൊടുങ്ങുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങൾക്കെതിരേ ശാരീരികാക്രമണങ്ങൾ പെരുകിവരുന്നതും ഭയാനകമായ അവസ്ഥയാണ്. അവരെ മാനസികമായി തകർക്കാൻ സോഷ്യൽ മീഡിയ എന്ന ഡിജിറ്റൽ ആയുധംകൂടി വന്നതോടെ സ്ത്രീസുരക്ഷയുടെയും സ്ത്രീസമത്വത്തിന്റെയും കാര്യത്തിൽ പിറകിലേക്കാണ് നമ്മുടെ പോക്ക്.
‘സഹനം മതി, ഇനി ശബ്ദമുയർത്താം’ എന്ന സന്ദേശവുമായി കേരള പൊലിസ് രംഗത്തെത്തിയതിനെ മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം കണക്കിലെടുത്തുതന്നെ നമുക്കു സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യാം. ‘സ്പീക് അപ്’എന്ന ദൗത്യസേന രൂപീകരിച്ചുകൊണ്ടാണ് ഗാർഹിക പീഡനത്തിനെതിരായ പുതിയ നീക്കം. സാമ്പത്തികമോ കുടുംബപരമോ ആയ ഭയം മൂലം ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാത്ത തരത്തിൽ ശക്തമായ ഇടപെടലാണ് പൊലിസ് നടത്തുക എന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഉറച്ച വാക്കുകൾ. മയക്കുമരുന്നിനെതിരായ ‘തൂഫാൻ’ വിജയിച്ചുകൊണ്ടിരിക്കുന്നത് നമ്മൾ കാണുന്നുണ്ട്. അതേ നിശ്ചയദാർഢ്യവും ആർജവവും ഉണ്ടായാൽ ‘സ്പീക് അപ്പും’ അതിന്റെ തലത്തിൽ വിജയിക്കും.
ഗാർഹിക അതിക്രമം തടയുക, അതിജീവിതകൾക്കു നിയമസഹായവും കൗൺസലിംഗും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവന പിന്തുണയും ലഭ്യമാക്കുക എന്നിവയാണ് സ്പീക്ക് അപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിലുള്ള സ്ത്രീകൾക്കു സുരക്ഷിതമായി സഹായം തേടാനുള്ള സംവിധാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
പരമ്പരാഗത പൊലിസ് വഴികളിൽനിന്നു മാറി അതിജീവിതകളുടെ സ്വകാര്യതയ്ക്ക് പൂർണ മുൻഗണന നൽകുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന കാര്യം. ഗാർഹിക പീഡനവും അതോടനുബന്ധിച്ചുള്ള പരാതിയും കേസുമെല്ലാം ഏറ്റവുമധികം വൈകാരിക സമ്മർദമുണ്ടാക്കുന്ന കാര്യങ്ങളാണ്. അവിടെ സഹാനുഭൂതിയും കൃത്യസമയത്തെ നിയമ, സാങ്കേതിക സഹായങ്ങളുമാണ് വേണ്ടത്. അതിനുപകരിക്കുന്ന വിധത്തിലാവണം ദൗത്യസേനയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ്. സ്ത്രീസുരക്ഷയ്ക്കു വേണ്ടി തുടങ്ങിവയ്ക്കുന്ന പല പൊലിസ് സംവിധാനങ്ങളും കാലക്രമേണ വ്യവസ്ഥാപിത പൊലിസ് ശൈലിയിലേക്ക് വഴിമാറുന്നതാണ് നമ്മുടെ അനുഭവം.
പോക്സോ നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായി അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നതും സ്ത്രീകളെ പരാതിയുമായി മുന്നോട്ടു വരാൻ പ്രേരിപ്പിക്കും. കർശനമായ അനന്തര നടപടികളാണ് പിന്നെ വേണ്ടത്. അതും അതിവേഗത്തിൽ. കേസും കൂട്ടവുമായി കാര്യങ്ങൾ നീണ്ടുപോയാൽ അതുതന്നെ മറ്റൊരു പീഡനമായി മാറും. ഇക്കാര്യത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സഹായകരമാകും.
സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി നിർമിച്ച നിയമങ്ങൾ ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ വൈരാഗ്യം തീർക്കാനും പ്രതികാരത്തിനുമുള്ള ആയുധമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും ആവർത്തിച്ച് വ്യക്തമാക്കിയ കാര്യവും ഓർക്കേണ്ടതുണ്ട്. യഥാർഥ ഇരകൾക്ക് നീതി ഉറപ്പാക്കാൻ നിർമിച്ച നിയമങ്ങളുടെ ദുരുപയോഗം നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. സ്പീക് അപ്പും കോടതികളുടെ നിരീക്ഷണത്തെ ജാഗ്രതയോടെ ഏറ്റെടുക്കേണ്ടതുണ്ട്.
ഗാർഹിക പീഡനങ്ങളുടെ മനഃശാസ്ത്ര അടിത്തറ എന്നത് പീഡിപ്പിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥ, ഇരയാക്കപ്പെടുന്ന വ്യക്തിയുടെ പ്രതികരണങ്ങൾ, അവർ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. പെട്ടെന്നുണ്ടാകുന്ന ദേഷ്യത്തിലുപരി, ആഴത്തിലുള്ള ചില മാനസിക ഘടകങ്ങളാണ് അക്രമത്തിലെത്തുന്നത്. സാമ്പത്തികം, സാമൂഹിക ബന്ധങ്ങൾ, വ്യക്തിസ്വാതന്ത്ര്യം എന്നിവയെല്ലാം നിയന്ത്രിച്ച് തങ്ങളുടെ അധികാരം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ അനന്തരഫലം.
സ്വന്തം വീട്ടിലെ അധികാരഘടന കണ്ടുവളർന്നവർ, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴി ആണധികാരത്തിന്റേതാണെന്ന് തെറ്റായി മനസിലാക്കുന്നതും ഇത് തലമുറകളിലേക്ക് കൈമാറുന്നതും നിയമത്തിനും ശിക്ഷയ്ക്കുമൊക്കെ അപ്പുറം സമൂഹം ഏറ്റെടുക്കേണ്ട വിഷയമാണ്. ഇതിന്റെതന്നെ മറുവശമാണ് ഇരകളായി മാറുന്നവർ പഠിച്ചെടുക്കുന്ന നിസഹായത. തുടർച്ചയായി പീഡനം നേരിടുമ്പോൾ, അതിൽനിന്ന് രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലെന്ന് ഇരകളുടെ മനസ് ഉറപ്പിക്കുന്നു. പിന്നീട് അനുകൂല സാഹചര്യമുണ്ടായാൽപോലും പ്രതികരിക്കാൻ അവർ ഭയപ്പെടുന്നു. സാമൂഹികാന്തസിന്റെ പേരിൽ സ്വന്തം വീട്ടിൽനിന്ന് പിന്തുണ കിട്ടാത്തതും കാര്യങ്ങൾ വഷളാക്കുന്നുണ്ട്.
സർക്കാരിന്റെ സ്പീക് അപ് സംവിധാനത്തെ പിന്തുണയ്ക്കുന്നതിനൊപ്പംതന്നെ പുരുഷാധിപത്യ മനോഭാവത്തിൽ മാറ്റംവരുത്താനുള്ള സാമൂഹിക ഇടപെടലിനെക്കുറിച്ചുകൂടി ഗൗരവമായി ചിന്തിക്കേണ്ടതുണ്ട് എന്ന കാര്യം അടിവരയിട്ട് പറയട്ടെ.
Editorial
വിളനാശം സംഭവിക്കുമ്പോൾ കർഷകർക്ക് താങ്ങാകാനാണ് വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസം തുടങ്ങിയ പദ്ധതികൾ. ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ കർഷകർക്ക് തുണയാകുന്നതാണ് ഈ പദ്ധതികളെന്നതിന് സംശയമില്ല. എന്നാൽ, പതിവു കെടുകാര്യസ്ഥതയും ചുവപ്പുനാടകളും കാരണം കർഷകർക്ക് ഈ പദ്ധതിയുടെയൊന്നും യഥാർഥ ഗുണം കിട്ടുന്നില്ലെന്നതാണ് വസ്തുത.
ഏറെ ക്ലേശം സഹിച്ച് വിളവെടുക്കുന്ന കർഷകർ ന്യായമായ വില കിട്ടാൻ പെടുന്ന പെടാപ്പാടുകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഓരോ സീസണിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അടുത്ത തവണ ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. നെൽകർഷകരുടെ പ്രശ്നങ്ങൾ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നേയില്ല. വനമേഖലകളിൽ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന് ശമനമില്ല. വനത്തിൽനിന്നകലെയുള്ള പ്രദേശങ്ങളിൽപോലും കാട്ടുപന്നിയും കുരങ്ങുമൊക്കെ നിർബാധം വിഹരിക്കുന്നു. കാട്ടാനയും കടുവയും മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്നു. ഒന്നിനും ഒരു മാറ്റവുമില്ല. കർഷകരുടെ മുറവിളികൾ ബധിര കർണങ്ങളിൽ ഒരു ചലനവും സൃഷ്ടിക്കാതെ ഒടുങ്ങുന്നു. അതിനിടയിൽ തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. മന്ത്രിസഭകൾ മാറുന്നുണ്ട്. നൽകുന്ന വാഗ്ദാനങ്ങൾക്കു കീഴിലെ ഒപ്പുകൾ മാറുന്നുണ്ട്. പക്ഷേ, യഥാർഥ അവസ്ഥയ്ക്കു മാത്രം മാറ്റമൊന്നുമില്ല.
കേരളത്തിലെ വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ കുടിശികയെക്കുറിച്ചുള്ള വിവരങ്ങൾ ആരെയും അസ്വസ്ഥരാക്കുന്നതാണ്. ഇരുപദ്ധതികളിലുമായി കർഷകർക്ക് മൊത്തം നൽകാനുള്ളത് 133 കോടി രൂപയാണ്. 2025 മേയ് മുതലുള്ള അപേക്ഷകളിലെ കുടിശികയാണിതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഏറെ പ്രതീക്ഷകളോടെയാണ് കർഷകർ പ്രീമിയമടച്ച് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നത്. ഇവരിൽ 14,971 കർഷകർക്കാണ് തുക കിട്ടാനുള്ളത്. ഇവർക്കു കിട്ടാനുള്ള 43.22 കോടി രൂപ കഴിഞ്ഞ മാസംവരെ കുടിശികയാണ്. 2025 മേയ് നാലു മുതലുള്ള അപേക്ഷകളിലെ തുക ഇനിയും വിതരണം ചെയ്തിട്ടില്ലെന്നാണ് സർക്കാർതന്നെ അറിയിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ കർഷകർക്കാണ് വിള ഇൻഷ്വറൻസ് ആനുകൂല്യത്തിൽ കൂടുതൽ കിട്ടാനുള്ളത്. 12.72 കോടി രൂപയാണ് അവരുടെ വിഹിതം. കോഴിക്കോട് ജില്ലയിൽ 6.45കോടി രൂപയും വയനാട് ജില്ലയിൽ 5.42 കോടിയും തിരുവനന്തപുരം ജില്ലയിൽ 4.94 കോടി രൂപയും മുടങ്ങിക്കിടക്കുന്നു.
വിള നശിക്കുമ്പോൾ കർഷകനുണ്ടാകുന്ന ആഘാതം വളരെ വലുതാണ്. ഇതുപോലുള്ള സമാശ്വാസ പദ്ധതികൾ അനിശ്ചിതമായി മുടങ്ങുമ്പോൾ അവരുടെ ജീവിതം തികച്ചും വഴിമുട്ടുന്നു. ഇത്തരം സാഹചര്യങ്ങളാണ് കൃഷി ഉപേക്ഷിക്കാനും ജീവനൊടുക്കാനുംവരെ കർഷകരെ പ്രേരിപ്പിക്കുന്നത്. കാരണം, സാമ്പത്തിക പ്രതിസന്ധിയായാലും സംവിധാനങ്ങളുടെ മെല്ലെപ്പോക്കായാലും സർക്കാരിന്റെ കെടുകാര്യസ്ഥതയായേ വിലയിരുത്താനാകൂ. വയനാട്ടിൽ നടന്ന കാപ്പിദിനാഘോഷം ഉദ്ഘാടനം ചെയ്ത കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞത് വിള ഇൻഷ്വറൻസ് കുടിശിക തീർപ്പാക്കാൻ ആറു കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ്. തുക വിതരണത്തിനുള്ള നടപടികളെല്ലാം പൂർത്തിയായെന്നും മന്ത്രി അവകാശപ്പെട്ടു. പ്രകൃതിക്ഷോഭത്തിൽ കാർഷികവിളകൾക്ക് സംഭവിച്ച നാശത്തിനുള്ള സഹായധനം ഈ മാസം അവസാനത്തോടെ നൽകുമെന്ന ഉറപ്പും മന്ത്രി നൽകി.
കണക്കുകൾ നോക്കുമ്പോൾ, വിള ഇൻഷ്വറൻസ് കുടിശിക തീർക്കാൻ മന്ത്രി പ്രഖ്യാപിച്ച ആറുകോടി രൂപ എങ്ങുമെത്തില്ലെന്നു കാണാം. പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് അർഹതയുള്ള 1,52, 665 കർഷകർക്ക് 2021 ഒക്ടോബർ മുതലുള്ള ആനുകൂല്യം കിട്ടാനുണ്ടെന്ന സത്യവും തിരിച്ചറിയണം. ഈയിനത്തിൽ കഴിഞ്ഞ മാസം വരെയുള്ള കുടിശിക 90.81 കോടി രൂപയാണ്. ഈ മാസംതന്നെ ഇതു കൊടുത്തുതീർക്കുമെന്ന മന്ത്രിയുടെ വാക്കുകൾ ഏറ്റവും വലിയ ശുഭാപ്തിവിശ്വാസിക്കുപോലും വെള്ളം കൂട്ടാതെ വിഴുങ്ങാനാകില്ല. ഉരുൾപൊട്ടൽ എല്ലാം തകർത്ത വയനാട്ടുകാർക്കാണ് പ്രകൃതിക്ഷോഭ ദുരിതാശ്വാസ തുക ഏറ്റവും കൂടുതൽ കിട്ടാനുള്ളത്.
പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കേൾക്കുമ്പോൾ കൈയടിച്ച് തളർന്നവരാണ് കർഷകർ. ദുരിതത്തിൽനിന്ന് കൈപിടിച്ചുയർത്തുന്ന യഥാർഥ ആക്ഷനാണ് അവർക്കിപ്പോൾ വേണ്ടത്. ഇതുവരെ 27 വിളകൾക്കായിരുന്നു ഇൻഷ്വറൻസ് പരിരക്ഷണം. അത് 13 വിളകൾക്കുകൂടി ബാധകമാക്കിയത് മാർച്ചിലാണ്. നല്ല കാര്യം. പക്ഷേ, ഇൻഷ്വറൻസ് തുക യഥാസമയം കിട്ടാതെ കർഷകരെങ്ങനെ തകർച്ചയിൽനിന്ന് കരകയറും എന്നതുകൂടി ഭരിക്കുന്നവരും ബന്ധപ്പെട്ടവരും വിശദീകരിക്കണം.
സ്വന്തമായി ആഹാരവും ഇന്ധനവും ഉത്പാദിപ്പിക്കുകയും സ്വന്തം വീട് നിർമിക്കുകയും ചെയ്യുന്ന കർഷകരാണ് ഈ ലോകത്തിലെ ഏറ്റവും ഉത്പാദനക്ഷമതയുള്ളവരും സ്വതന്ത്രരും സന്തുഷ്ടരുമായ മനുഷ്യരെന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ഗാന്ധിജി സ്വപ്നം കണ്ട സന്തുഷ്ടരായ കർഷകരുടെ അവസ്ഥ ഇപ്പോൾ എങ്ങനെയാണ് എന്നതാണ് ഏറ്റവും ദുഃഖകരം. അദ്ദേഹം ഒരു കാര്യം കൂടി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. കർഷകർ തങ്ങളുടെ അഹിംസാത്മകമായ ശക്തി തിരിച്ചറിഞ്ഞാൽ അവർക്കു മുന്നിൽ നിൽക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നതാണത്. ഭരണാധികാരികളുടെ നിസംഗതയും ഉഴുതുമറിക്കേണ്ട അധികഭാരമാണ് ഇപ്പോൾ കർഷകരുടെ ചുമലിൽ.
Editorial
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഇലക്ഷൻ കമ്മിഷൻ ഭരണകക്ഷിക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നുകൂടി ആരോപണമുയരുമ്പോൾ ഇന്ത്യൻ ജനാധിപത്യമാണ് ചിതറുന്നത്. ഇലക്ഷൻ കമ്മിഷന്റെ നിയമനംതൊട്ടുള്ള കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഇതൊരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നുതന്നെ സംശയിക്കേണ്ടിവരും.
താനാണ് നരേന്ദ്ര മോദിയുടെ അവസാനത്തെ സൈനികൻ എന്നെങ്ങാനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് തോന്നിയോ? രാജ്യം സമരത്തീച്ചൂളയിലെരിയന്പോഴും രാഷ്ട്രീയ അസ്വസ്ഥതകൾ ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന അപകടകരമായ തിരിവുകൾ എടുക്കുന്പോഴും പ്രതിപക്ഷം കാതലായ ചോദ്യങ്ങൾ ഉന്നയിക്കുന്പോഴും സുപ്രീംകോടതിതന്നെ നിരവധി വ്യാജങ്ങൾ പൊളിച്ചടുക്കുന്പോഴും ഈ കമ്മിഷണറെന്താ പ്രതികരിക്കാത്തത്? സുപ്രധാന ഭരണഘടനാ സ്ഥാപനത്തിനു നിർണായക ഉത്തരവാദിത്വങ്ങളുണ്ടെന്നത് അദ്ദേഹം മറന്നുപോയോ?
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആർ ക്രമക്കേടുകൾ തിരുത്തണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷം നടത്തുന്ന സമരം ഏതാനും ദിവസങ്ങളായി ഡൽഹിയിൽ തിളയ്ക്കുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി സമരമുഖത്തുണ്ട്. 10 മുതൽ കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) സമരം കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ജന്തർ മന്തർ കേന്ദ്രീകരിച്ചുള്ള സമരത്തിനു നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയുമടക്കം ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തു.
എന്തിനുവേണ്ടിയാണ് ഈ സമരം എന്നു തിരിച്ചറിഞ്ഞ്, ഭരണഘടനാ മൂല്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള ബാധ്യത ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമ്മിഷനുണ്ട്. താൻ പിടിച്ച മുയലിന്റെ കൊമ്പുകളെണ്ണി രസിക്കുന്ന മുഖ്യ കമ്മിഷണർ രാജ്യത്തെ അസ്ഥിരതയിലേക്കു തള്ളിവിടുന്നതിൽനിന്ന് പിൻമാറണം. എല്ലാ ധാർമിക, ഭരണഘടനാ മര്യാദകളും കാറ്റിൽപറത്തിയ അദ്ദേഹം എത്രയും പെട്ടെന്ന് രാജിവച്ചൊഴിയുകയാണു വേണ്ടത്. അത്രയെങ്കിലും ജ്ഞാനവും വിവേകവും രാജ്യം അദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്.
ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യാൻ! ഒരു ജനാധിപത്യത്തിൽ പൗരന്റെ അടിസ്ഥാന അവകാശമാണ് വോട്ടവകാശം. അതിനു വ്യവസ്ഥാപിത രീതികളുണ്ട്. വോട്ടർപട്ടികയിൽ അനധികൃതമായി ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ നീക്കംചെയ്യാനും വ്യവസ്ഥാപിത മാർഗങ്ങളുണ്ട്. അതിനെയെല്ലാം അട്ടിമറിച്ച് പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) മറവിൽ പത്തു കോടിയിലധികം വോട്ടർമാരെ നിഷ്കാസനം ചെയ്തതിനെയാണ് പ്രതിപക്ഷം ചോദ്യംചെയ്യുന്നത്. നിർണായക ആപ്പുകളിൽ കൃത്രിമം നടത്തിയെന്നാണ് അവർ ആരോപിക്കുന്നത്.
ഫോം ആറിലെ ചോദ്യം തിരുത്താൻ നിയമനിർമാണം വഴിയേ സാധിക്കൂ എന്നിരിക്കെ അങ്ങനെ ചെയ്തതിനുനേരേയാണ് അവർ വിരൽ ചൂണ്ടിയത്. ഇങ്ങനെയൊരു തിരുത്തലിന് അനുമതി നൽകിയിട്ടില്ലെന്നാണ് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയത്. കമ്മിഷന്റെ പല നിർണായക തീരുമാനങ്ങളിലും അംഗങ്ങളുടെ ഭൂരിപക്ഷ സമ്മതം ഉണ്ടായിരുന്നില്ലെന്ന വസ്തുതയാണ് ഇന്ത്യൻ എക്സ്പ്രസ് പത്രം വെളിപ്പെടുത്തിയത്.
ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ വന്നപ്പോഴാണ് സമരം തെരുവിലെത്തിയത്. ഇന്ത്യക്കാർ എന്ന സ്വത്വംപോലും നഷ്ടപ്പെടുമോ എന്ന് ജനങ്ങൾ ഇത്രത്തോളം ആശങ്കപ്പെടുന്ന ഒരു കാലം രാജ്യചരിത്രത്തിൽ ഉണ്ടായിട്ടില്ല. വോട്ടർപട്ടികയിൽ ഇടംപിടിക്കാൻ മുതുമുത്തച്ഛന്മാർ സഞ്ചരിച്ച വഴികളിലൂടെ തിരിഞ്ഞുനടക്കേണ്ടിവരുമെന്ന് ആരും സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല. ഭരണഘടനാ ശിൽപികളുടെ വിശാല കാഴ്ചപ്പാടെവിടെ, ഇന്നത്തെ പാവനാടകക്കാരുടെ വിലകുറഞ്ഞ ഭരണതന്ത്രങ്ങളെവിടെ?
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഇലക്ഷൻ കമ്മിഷൻ ഭരണകക്ഷിക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നുകൂടി ആരോപണമുയരുമ്പോൾ ഇന്ത്യൻ ജനാധിപത്യമാണ് ചിതറുന്നത്. ഇലക്ഷൻ കമ്മിഷന്റെ നിയമനം തൊട്ടുള്ള കാര്യങ്ങൾ വിലയിരുത്തുമ്പോൾ ഇതൊരു ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നുതന്നെ സംശയിക്കേണ്ടിവരും. സുപ്രീംകോടതി നിർദേശങ്ങളെപ്പോലും തൃണവൽഗണിക്കുന്ന ജനാധിപത്യ ധ്വംസനമാണ് അരങ്ങേറുന്നത്.
കൃത്യവും വ്യക്തവുമായ ആരോപണങ്ങളോടു മുഖ്യ കമ്മിഷണർ പ്രതികരിക്കാത്തതെന്തേ? അഴകൊഴമ്പൻ വിശദീകരണങ്ങളല്ലാതെ കഴമ്പുള്ള ഒരു മറുപടിയും ഇതുവരെ പുറത്തുവന്നിട്ടില്ല. ആരോപണങ്ങൾ തെറ്റാണെങ്കിൽ അത് തെളിവു സഹിതം പറയട്ടെ. രാജ്യത്തെ ശിഥിലീകരിക്കാനാണ് ആരോപണങ്ങളെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെ. എസ്ഐആർ ക്രമക്കേടുകളെക്കുറിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആദ്യമായി ആരോപണമുന്നയിച്ചപ്പോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും, ജയിലിലടയ്ക്കും എന്നൊക്കെയായിരുന്നു ആക്രോശങ്ങൾ. എന്നാൽ, തെളിവുകൾ ഓരോന്നായി പുറത്തുവന്നപ്പോൾ അതെല്ലാം മാഞ്ഞു.
കാര്യങ്ങൾ കോടതിയിലെത്തിയാൽ നീതിപീഠത്തിന്റെ ചോദ്യങ്ങൾക്കു മുന്നിൽ വിയർക്കേണ്ടിവരും എന്നതുകൊണ്ടല്ലേ നിയമനടപടികൾക്കു പോകാത്തത്? അതുകൊണ്ടാണ് ഇതുപോലുള്ള വിദ്വാന്മാർ മൗനം ഭൂഷണം എന്ന തത്വത്തിൽ ഉറച്ചുനിൽക്കുന്നത് എന്നാണ് സാമാന്യജനത്തിന്റെ ചിന്ത. സമരം തെരുവിൽ കനക്കുമ്പോൾ, രാജ്യമാകെ വ്യാപിക്കുമ്പോൾ അതു ചിലപ്പോൾ വിചാരിച്ച വഴിയിലൂടെ പോയെന്നുവരില്ല.
വിവേകം വൈകാരികതയ്ക്കു വഴിമാറിയാൽ സോഷ്യൽ മീഡിയ അഴിഞ്ഞാടുന്ന ഇക്കാലത്ത് എന്തു വേണമെങ്കിലും സംഭവിക്കാം. ആ സാഹചര്യംകൂടി തിരിച്ചറിയേണ്ട ഉത്തരവാദിത്വം ഇലക്ഷൻ കമ്മിഷനുണ്ട്. എന്തുകൊണ്ടാണ് ജനങ്ങൾക്ക് സമരമുഖം തുറക്കേണ്ടിവന്നത് എന്നതിനെക്കുറിച്ച് കമ്മിഷൻ ചിന്തിക്കണം. പാവനാടകം അരങ്ങുതകർക്കുമ്പോൾ തിരശീലയ്ക്കു പിന്നിൽ ചരടുവലിക്കുന്നവരും ചിന്തിക്കണം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവലാളായ തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത വൻതോതിൽ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് ഈ സമരം സൃഷ്ടിച്ചിരിക്കുന്നത്. വോട്ടർപട്ടികയിലെ സുതാര്യത ഒരു പൗരന്റെ അടിസ്ഥാന അവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സുപ്രീംകോടതിയുടെ വരാനിരിക്കുന്ന നിലപാടുകളും തെരഞ്ഞെടുപ്പു കമ്മിഷൻ നൽകുന്ന വിശദീകരണങ്ങളും ഈ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായകമാകും.
സ്വാതന്ത്ര്യവും പരമാധികാര റിപ്പബ്ലിക്കും ജനാധിപത്യവും നമ്മൾ നേടിയെടുത്തതും ഇതുവരെ കാത്തുസൂക്ഷിച്ചതും ഏറെ വെല്ലുവിളികളെ അതിജീവിച്ച് മഹത്തായ ത്യാഗങ്ങളിലൂടെയാണ്. അത് ഇനിയും തുടരാൻ രാജ്യം പ്രതിജ്ഞാബദ്ധമാകണം. അതിനെ അട്ടിമറിക്കാൻ ഒരു സങ്കുചിത അജൻഡയെയും അനുവദിച്ചുകൂടാ.
Editorial
ഇന്ത്യയിലെ സ്ത്രീസുരക്ഷയുടെ ദയനീയ യാഥാർഥ്യത്തിലേക്ക് സുപ്രീംകോടതി ഒരിക്കൽകൂടി വിരൽ ചൂണ്ടിയിരിക്കുന്നു. “ഇനി എന്തെങ്കിലും അതിക്രമം നടത്തിയാൽ തങ്ങൾ തീർന്നുപോകും” (അബ് കുച്ച് കിയാ തോ മർ ജായേംഗേ) എന്ന ഭയം കുറ്റവാളികളുടെ ഉള്ളിൽ ജനിപ്പിക്കാൻ പൊലിസിന് സാധിക്കണമെന്നും, നിയമങ്ങൾ കടലാസ്പുലികളാകാതെ പ്രയോഗതലത്തിൽ പ്രതിരോധ നടപടികൾ ഉണ്ടാകണമെന്നും കടുപ്പിച്ചു പറഞ്ഞിരിക്കുകയാണ് പരമോന്നത കോടതി.
ഒരു കുറ്റകൃത്യം നടന്നശേഷമുള്ള അന്വേഷണത്തിലെ മികവല്ല പൊലിസിന്റെ യഥാർഥ മിടുക്ക്. കുറ്റകൃത്യങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പാക്കുന്നതിലാണ്. ഡൽഹിയിലെ പാർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതും ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരേ ലൈംഗികാതിക്രമം ഉണ്ടായതുമാണ് സ്വമേധയാ കേസെടുക്കുന്നതിന് സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്.
ഡൽഹിയിൽ, ഓടുന്ന സ്ലീപ്പർ ബസിലും കോളജിന് തൊട്ടടുത്തുള്ള പാർക്കിലും നടന്ന ക്രൂരമായ കൂട്ടബലാത്സംഗ സംഭവങ്ങളിൽ നേരത്തേതന്നെ പൊതുജനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടും പ്രതിരോധ നടപടികൾ എടുത്തില്ലെന്ന വിചാരണക്കോടതിയുടെയും സുപ്രീംകോടതിയുടെയും കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തുടനീളം ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും സ്ത്രീസുരക്ഷയെ എത്രത്തോളം ലളിതവത്കരിച്ചാണ് കാണുന്നത് എന്നതിന്റെ തെളിവാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പ്രതിവർഷം സ്ത്രീകൾക്കെതിരേയുള്ള 4.4 ലക്ഷത്തിലധികം കുറ്റകൃത്യങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ അതിക്രമത്തിനിരയാകുന്നു. ഓരോ 77 മിനിറ്റിലും സ്ത്രീധനപീഡനം മൂലമുള്ള മരണം നടക്കുന്നു.
നിയമങ്ങളുടെ അഭാവമല്ല ഇവിടെ പ്രശ്നം. ഭരണഘടനയുടെ 14, 15, 21 വകുപ്പുകൾ മുതൽ ഗാർഹികപീഡനവിരുദ്ധ നിയമം, തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമ വിരുദ്ധ നിയമം, പോക്സോ വരെ ശക്തമായ നിയമങ്ങൾ നമുക്കുണ്ട്. എന്നാൽ, പ്രയോഗത്തിൽ അവ അട്ടിമറിക്കപ്പെടുന്നു. 2012ലെ നിർഭയ സംഭവത്തിനുശേഷം കോടികൾ വകയിരുത്തി രൂപീകരിച്ച നിർഭയ ഫണ്ടിന്റെ ഭൂരിഭാഗവും ഉപയോഗിക്കാതെ കിടക്കുന്നു എന്ന വസ്തുത മാത്രം മതി, ഭരണകൂടങ്ങളുടെ കുറ്റകരമായ ഉത്തരവാദിത്വമില്ലായ്മ വ്യക്തമാകാൻ.
തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ അവസാനമായി 2018ൽ തയാറാക്കിയ സ്ത്രീസുരക്ഷാ സർവേ റിപ്പോർട്ട് പ്രകാരം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. സിറിയ, സൊമാലിയ, സൗദി അറേബ്യ, പാക്കിസ്ഥാൻ, കോംഗോ, യെമൻ, നൈജീരിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ആദ്യ പത്തു സ്ഥാനങ്ങളിൽ.
സ്ത്രീപീഡനം വർധിക്കുന്നു എന്നുപറയുന്നത് കണക്കുകളിൽ മാത്രമാണ്. യഥാർഥത്തിൽ, കേസുകളുടെ എണ്ണം കൂടുന്നു എന്നാണു പറയേണ്ടത്. സ്ത്രീധനത്തിന്റെ പേരിലുള്ള ഉപദ്രവങ്ങൾ കുടുംബഭദ്രതയ്ക്കുവേണ്ടി സഹിക്കേണ്ടതാണെന്ന സ്ത്രീകളുടെ ധാരണയിൽ മാറ്റം വരുന്നതാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇടയാക്കുന്നത്. പീഡനങ്ങളും അവകാശലംഘനങ്ങളും അതിക്രമങ്ങളും തിരിച്ചറിഞ്ഞു പ്രതികരിക്കാനും പരാതിപ്പെടാനും തയാറാകുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്നത് ആശാവഹമാണ്.
ഏറ്റവും പുരോഗമനപരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളിലും സംഘടനകളിലും പോലും പുരുഷ മേധാവിത്വം കൊടികുത്തി വാഴുന്നുവെന്നതാണ് ഇന്ത്യൻ യാഥാർഥ്യം. രാഷ്ട്രീയസംഘടനാ രംഗത്തും സ്ഥാപനങ്ങൾക്കകത്തും സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ മൂടിവയ്ക്കുകയോ ലളിതവത്കരിക്കുകയോ ചെയ്യുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ, വ്യക്തമായ ഉദാഹരണമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. സുരേഷ് ബാബുവിനെതിരായ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. യുവതിയോടു മോശമായി പെരുമാറിയെന്ന പരാതിയുടെ പശ്ചാത്തലത്തിലാണു നടപടിയെന്നാണ് അറിയുന്നത്. ഇതു ശരിയാണെങ്കിൽ പൊലിസിനെ അറിയിക്കാത്തതും നിയമനടപടികളുമായി മുന്നോട്ടു പോകാത്തതും ഗുരുതരമായ തെറ്റാണ്. പാർട്ടി സംവിധാനങ്ങളുടെ ഇരുമ്പുമറയ്ക്കുള്ളിൽ ഇല്ലാതാകേണ്ടതല്ല സ്ത്രീവിരുദ്ധ കുറ്റകൃത്യങ്ങൾ.
പരാതികൾ ലഭിക്കുമ്പോൾ നിയമപരമായ അന്വേഷണത്തിനും പൊലിസ് നടപടികൾക്കും കൈമാറുന്നതിനു പകരം, കാര്യങ്ങൾ മൂടിവയ്ക്കാനും സംഘടനാപരമായി കൈകാര്യം ചെയ്യാനും രാഷ്ട്രീയ നേതൃത്വങ്ങൾ ശ്രമിക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ സംരക്ഷണം നൽകുകയേ ഉള്ളൂ. തെളിവുകൾ സഹിതം പരാതികൾ ഉയരുമ്പോഴും അത് മാധ്യമസൃഷ്ടിയാണെന്ന് വരുത്തിത്തീർക്കുന്നത് നീതിപൂർവമായ സമീപനമല്ല. തൊഴിലിടങ്ങളിലോ പൊതുമണ്ഡലങ്ങളിലോ ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഉണ്ടാകേണ്ടത്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ രാഷ്ട്രീയ കക്ഷികൾക്ക് നീതിയെക്കുറിച്ച് സംസാരിക്കാൻ എന്താണവകാശം?
അതിവേഗമുള്ള നീതിനിർവഹണമാണ് അനിവാര്യമായ മറ്റൊരു കാര്യം. സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി ഇത്തരം കേസുകളിൽ കൃത്യസമയത്ത് ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതുപോലെ, പൊലിസിലെ സ്ത്രീ പ്രാതിനിധ്യം നിലവിലെ പത്ത് ശതമാനത്തിൽനിന്ന് ചുരുങ്ങിയത് 33 ശതമാനമെങ്കിലും ആയി ഉയർത്തണം.
നിയമങ്ങളിൽ കർശന വ്യവസ്ഥകൾ എഴുതിവച്ചതുകൊണ്ടു മാത്രമായില്ല. തെരുവുകളിലും തൊഴിലിടങ്ങളിലും വീടുകളിലും ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ഒരു ജനാധിപത്യ രാജ്യത്തിനുവേണ്ട പ്രാഥമിക കടമ. അതു നിറവേറ്റുന്നതിൽ അധികാരികൾ പരാജയപ്പെട്ടാൽ, സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതുപോലെ അത് മൊത്തം വ്യവസ്ഥിതിയുടെതന്നെ തകർച്ചയായി മാറും. സ്ത്രീകൾക്കും ദുർബല വിഭാഗങ്ങൾക്കും സാമൂഹിക വിലക്കുകൾ ഏർപ്പെടുത്തി അവർക്കെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞു എന്നു വീമ്പിളക്കുന്നത് നാണംകെട്ട ഭരണനിർവഹണമാണ്. എല്ലാവർക്കും ഭയരഹിതമായും സ്വതന്ത്രമായും പുറത്തിറങ്ങി നടക്കാനും തുല്യനീതിയോടെ ജീവിക്കാനും അവസരം ഉണ്ടാക്കുകയാണു വേണ്ടത്.
Editorial
ഗർഭസ്ഥശിശുവിനെ നിയമത്തിനു മുന്നിൽ സ്വതന്ത്ര വ്യക്തിയായി അംഗീകരിച്ച് അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാന കോടതി പുറപ്പെടുവിച്ച വിധി മനുഷ്യജീവന്റെ അമൂല്യത തിരിച്ചറിഞ്ഞ ചരിത്രമുഹൂർത്തമാണ്. അന്യായമായ മരണത്തിന് അബോർഷൻ ക്ലിനിക്കിൽനിന്ന് രണ്ടു ലക്ഷം ഡോളർ (ഏകദേശം 1.92 കോടി രൂപ) നഷ്ടപരിഹാരം ഈടാക്കിയാണ് കേസ് ഒത്തുതീർപ്പാക്കിയത്. ഗർഭഛിദ്ര ക്ലിനിക്കിനെതിരേ ഇങ്ങനെയൊരു നടപടി അമേരിക്കയുടെ നിയമചരിത്രത്തിൽ ആദ്യമാണ്. പിറവിയെടുക്കാൻ കൊതിക്കുന്ന അസംഖ്യം കുഞ്ഞുങ്ങൾക്കുവേണ്ടി ഉച്ചൈസ്തരം മുഴങ്ങുന്ന ഈ വിധി എവിടെയും വാഴ്ത്തപ്പെടേണ്ടതുതന്നെ.
2020ലാണ് 26 ആഴ്ച വളർച്ച പൂർത്തിയാക്കിയ കുഞ്ഞിനെ അബോർഷനു വിധേയമാക്കിയത്. ഗർഭഛിദ്രം നടത്തുമ്പോൾ അമ്മ കഠിനമായ മെത്താംഫെറ്റമിൻ ലഹരിമരുന്നിന്റെ സ്വാധീനത്തിലായിരുന്നു. ഇത്തരമൊരു വ്യക്തിയിൽനിന്ന് ബോധപൂർവമായ സമ്മതം നേടുന്നത് അസാധ്യമാണെന്ന് പ്രമുഖ അഭിഭാഷകൻ മൈക് സെയ്ബൽ ചൂണ്ടിക്കാട്ടിയത് കോടതിവിധിയെ ഏറെ സ്വാധീനിച്ചു.
മുൻകാലങ്ങളിൽ അബോർഷൻ കേസുകളിൽ അമ്മമാർക്ക് ഏൽക്കുന്ന പരിക്കുകൾക്കു മാത്രമായിരുന്നു നഷ്ടപരിഹാരം. ഇവിടെ അമ്മയും, ഗർഭസ്ഥശിശുവിനുവേണ്ടി കേസ് നടത്താൻ രൂപവത്കരിച്ച പ്രത്യേക സംവിധാനവും സംയുക്തമായാണ് കേസ് ഫയൽ ചെയ്തത്. ന്യൂ മെക്സിക്കോയിലെ "റോംഗ്ഫുൾ ഡെത്ത് ആക്ട്’ പ്രകാരം ഗർഭസ്ഥശിശുവിനും നിയമപരമായ സംരക്ഷണത്തിനും ജീവിക്കാനും അവകാശമുള്ള വ്യക്തിത്വമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.
അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗർഭഛിദ്രം സംബന്ധിച്ച് ഒരേ നിയമമല്ല നിലവിലുള്ളത്. 2022 ജൂണിൽ അമേരിക്കൻ സുപ്രീംകോടതിയുടെ ചരിത്രവിധിയിലൂടെ ഗർഭഛിദ്രത്തിനുള്ള ഭരണഘടനാ അവകാശം ഇല്ലാതായി. തുടർന്ന് ഗർഭഛിദ്രം നിയമവിധേയമാക്കണോ അതോ നിരോധിക്കണോ എന്നു തീരുമാനിക്കാനുള്ള പൂർണ അധികാരം ഓരോ സംസ്ഥാന സർക്കാരിനും ലഭിച്ചു. ടെക്സസ്, അലബാമ, മിസിസിപ്പി, ഇന്ത്യാന തുടങ്ങി പതിമൂന്നു സംസ്ഥാനങ്ങളിൽ ഗർഭഛിദ്രം ഏതാണ്ട് പൂർണമായി നിരോധിച്ചിട്ടുണ്ട്.
അമ്മയുടെ ജീവന് ഭീഷണിയുള്ള അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ഇവിടെ ഇളവുകൾ അനുവദിക്കുന്നത്. ഫ്ലോറിഡ, ജോർജിയ തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ ഗർഭധാരണത്തിന്റെ ആദ്യത്തെ ആറ് ആഴ്ചകൾക്കോ അല്ലെങ്കിൽ 12-15 ആഴ്ചകൾക്കോ ശേഷമുള്ള ഗർഭഛിദ്രം തടഞ്ഞിരിക്കുന്നു. കലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, ഇല്ലിനോയ് തുടങ്ങിയ ഡെമോക്രാറ്റിക് ഭരണമുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്രം മൗലികാവകാശവും നിയമവിധേയവുമാണ്.
ഈ സാഹചര്യത്തിലാണ് ന്യൂ മെക്സിക്കോ കോടതിവിധിയുടെ ചരിത്രപരമായ പ്രാധാന്യം. അമേരിക്കയിലെങ്ങും ഈ വിധി ഗൗരവമേറിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അമേരിക്കയിൽ മാത്രമല്ല, ലോകമെങ്ങുമുള്ള പ്രോ-ലൈഫ് പ്രസ്ഥാനങ്ങൾക്ക് ഏറെ പ്രചോദനവും ആത്മവിശ്വാസവും പകരുന്നതുമാണ് ഈ വിധി. ആധുനികതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മറവിൽ ഗർഭപാത്രങ്ങളെ കൊലക്കളങ്ങളാക്കുന്ന വ്യാകരണങ്ങൾക്ക് ഈ വിധി വലിയൊരു തിരുത്താണ് നൽകുന്നത്.
കഠിനമായ ലഹരിമരുന്നിന്റെ സ്വാധീനത്തിലായിരുന്ന അമ്മയിൽനിന്നു നേടിയെടുത്ത വ്യാജ സമ്മതപത്രത്തിന്റെ പിൻബലത്തിൽ ക്രൂരമായി ഇല്ലാതാക്കപ്പെട്ട ആ കുഞ്ഞിനെ സാങ്കല്പിക "വ്യക്തി'യായി കണ്ടു കേസ് നടത്താൻ കഴിഞ്ഞത് കേവലം ഒരു നിയമതന്ത്രമല്ല; മറിച്ച്, ജനിച്ചിട്ടില്ലെങ്കിലും സ്വന്തമായി വ്യക്തിത്വവും നിയമപരമായ അവകാശങ്ങളുമുള്ള, പ്രപഞ്ചത്തിന്റെ ഭാഗമാണ് ഓരോ ഗർഭസ്ഥശിശുവും എന്ന മഹത്തായ പ്രഖ്യാപനമാണ്.
സ്വതന്ത്ര ചിന്തയുടെയും ശരീരത്തിന്മേലുള്ള അവകാശങ്ങളുടെയും തിളക്കമുള്ള ലേബലുകളിൽ പൊതിഞ്ഞാണ് പലപ്പോഴും ഗർഭച്ഛിദ്രം എന്ന ക്രൂരത സമൂഹത്തിൽ വിറ്റഴിക്കപ്പെടുന്നത്. എന്നാൽ, ഈ വാഗ്ദാനങ്ങളുടെയും വ്യാജ പ്രലോഭനങ്ങളുടെയും അപ്പുറത്ത്, സ്വന്തം ഗർഭപാത്രത്തിൽ തുടിച്ച ജീവനെ ഇല്ലാതാക്കാൻ നിർബന്ധിതരാകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ആഴത്തിലുള്ള ശാരീരിക-മാനസിക ആഘാതങ്ങളെ ലോകം ബോധപൂർവം കണ്ടില്ലെന്നു നടിക്കുകയാണ്.
ഗർഭഛിദ്രം സ്ത്രീക്കു നൽകുന്നത് സ്വാതന്ത്ര്യമല്ല; മറിച്ച്, ആജീവനാന്തം പേറേണ്ടിവരുന്ന ആത്മീയവും മാനസികവുമായ അനാഥത്വമാണ്. അബോർഷൻ സംസ്കാരത്തിന്റെ യഥാർഥ ഇരകൾ സ്ത്രീകളാണെന്ന സത്യം വിളിച്ചുപറയാനും പ്രതിസന്ധികളിൽ അവർക്കു യഥാർഥ താങ്ങാകാനും സമൂഹം തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പലപ്പോഴും പുരുഷന്റെയോ കുടുംബത്തിന്റെയോ സ്വാർഥതയ്ക്കും സമൂഹത്തിന്റെ ഭീഷണികൾക്കും മുന്നിൽ നിസഹായരായി അടിയറവ് പറയേണ്ടിവരുന്ന ഇരകളാണ് ഭൂരിഭാഗം സ്ത്രീകളും. ഉത്തരവാദിത്വങ്ങളിൽനിന്ന് ഓടിയൊളിക്കുന്ന പങ്കാളികളും ലാഭം മാത്രം ലക്ഷ്യമിടുന്ന അബോർഷൻ മാഫിയയും ചേർന്ന് ഒരു സ്ത്രീയെ അവളുടെ മാതൃത്വത്തിൽനിന്ന് നിഷ്കരുണം അറത്തുമാറ്റുകയാണ്.
ഒരു സമൂഹം എത്രത്തോളം പുരോഗമിച്ചുവെന്നു വിലയിരുത്തേണ്ടത്, അവിടെയുള്ള ഏറ്റവും ബലഹീനരായ ജീവനുകളെ അത് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെ ആധാരമാക്കിയാണ്. ഗർഭഛിദ്രം എന്നതു സ്വാതന്ത്ര്യത്തിന്റെ അടയാളമല്ല; മറിച്ച്, ധാർമികമായ അധഃപതനത്തിന്റെയും ക്രൂരതയുടെയും പ്രതിഫലനമാണ്. ജീവൻ പ്രകൃതിയുടെ ദാനമാണ്. അതിനെ ഇല്ലാതാക്കാൻ ഏതു ലാഭക്കൊതിക്കാർക്കും വ്യക്തികൾക്കും അവകാശമില്ലെന്ന് ഈ കോടതിവിധി ഓർമിപ്പിക്കുന്നു. മാതൃഗർഭത്തെ മരണത്തിന്റെ അറയായല്ല, ജീവന്റെ പവിത്രമായ സങ്കേതമായി തിരിച്ചുപിടിക്കാൻ ലോകത്തിന് വലിയൊരു വഴികാട്ടിയാണ് ഈ വിധി.
Editorial
ജപ്പാനിലെ ഐച്ചി-നഗോയയില് നടന്ന 20-ാമത് ഏഷ്യന് ഗെയിംസ് ഇന്ത്യന് കായികരംഗത്തിന്റെ അഭിമാനം വീണ്ടും ഉയര്ത്തിപ്പിടിച്ചിരിക്കുന്നു. 85 മെഡലുകളും നാലാം സ്ഥാനവുമായാണ് ഇന്ത്യന് താരങ്ങളുടെ മടക്കം; 21 സ്വര്ണവും 27 വെള്ളിയും 37 വെങ്കലവും. 2023ലെ ഹ്വാങ്ഷൂ ഗെയിംസിലെ 106 മെഡലിനു തൊട്ടുപിന്നിലാണ് ഈ നേട്ടം.
അതേസമയം, ഇത്തവണ അയച്ച സംഘത്തിന്റെ വലിപ്പം 25 ശതമാനം കുറവായിരുന്നു. ആ നിലയ്ക്ക് തിളക്കത്തിന് ഒട്ടും കുറവില്ല. ഇന്ത്യക്ക് തുല്യം സ്വര്ണം നേടിയ ഉസ്ബക്കിസ്ഥാനെ കൂടുതല് വെള്ളിയുടെ മികവിലാണ് ഇന്ത്യ അഞ്ചാംസ്ഥാനത്തേക്കു തള്ളിയത്. പരമ്പരാഗതമായി ആധിപത്യം പുലര്ത്തുന്ന ഇനങ്ങളില് മാത്രമായിരുന്നില്ല ഇന്ത്യ വിജയം കൊയ്തത്. ഇതില് ആര്ച്ചറിയിലെ അഞ്ച് സ്വര്ണമെഡല് ഏറ്റവും വലിയ കരുത്തായി മാറി.
15 മെഡലുകള് സമ്മാനിച്ച ഷൂട്ടിംഗ് സംഘവും മൂന്ന് സ്വര്ണം നേടിയ ബോക്സിംഗ് താരങ്ങളും ഇന്ത്യയുടെ മുന്നേറ്റത്തിന് ആക്കംകൂട്ടി. അന്പെയ്ത്തിൽനിന്നായിരുന്നു ഇത്തവണ ഏറ്റവും കൂടുതൽ സ്വർണം, ഒന്പത്. വനിതാ ഹോക്കി ടീം 44 വര്ഷത്തിനുശേഷം സ്വര്ണം തിരിച്ചുപിടിച്ചത് ആവേശോജ്വലമായി. ഒപ്പം പുരുഷ ഹോക്കി ടീം സ്വർണം നിലനിർത്തിയതും. ഇരു ടീമുകളും ഒളിമ്പിക്സ് യോഗ്യതയും നേടി.
ക്രിക്കറ്റില് പുരുഷ-വനിതാ ടീമുകള് സ്വര്ണം നിലനിര്ത്തി. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്ന്റെ സ്വര്ണത്തിളക്കം മലയാളികള്ക്കും അഭിമാനമായി.പുതിയ ആകാശങ്ങള് വെട്ടിപ്പിടിക്കുന്ന ഇന്ത്യയെയും ജപ്പാനില് കണ്ടു. വനിതകളുടെ ഗോള്ഫില് പ്രണവി ഉര്സ് നേടിയ സ്വര്ണം ചരിത്രനേട്ടമായിരുന്നു. അതുപോലെ മിക്സഡ് മാര്ഷ്യല് ആര്ട്സ്, സോഫ്റ്റ് ടെന്നീസ് തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ ആദ്യമായി മെഡല്പട്ടികയിലെത്തി.
ഇന്ത്യക്ക് ഏറ്റവും കൂടുതല് മെഡലുകള് സമ്മാനിച്ചത് അത്ലറ്റിക്സ് തന്നെ. 24 മെഡലുകള്. ഇതിൽ വനിതകളുടെ 4x400 റിലേ ടീം നേടിയതു മാത്രമാണ് ഏക സ്വര്ണം. കിരണ് പഹല്, പൂവമ്മ, പ്രാചി ചൗധരി, വിദ്യ രാംരാജ് എന്നിവരാണ് ഇന്ത്യന് പതാക ഉയര്ത്തിപ്പിടിച്ചത്. 10,000 മീറ്റര്, 1,500 മീറ്റര് വെള്ളിയും 5,000 മീറ്ററില് വെങ്കലവും നേടിയ ഗുല്വീര് സിംഗിന്റെ നേട്ടവും എടുത്തുപറയേണ്ടതാണ്.
കേരളത്തിന്റെ താരങ്ങളും ഇന്ത്യന് വിജയങ്ങളില് വലിയ പങ്കുവഹിച്ചു. ഫൈനലില് പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ക്രിക്കറ്റ് സ്വര്ണമണിഞ്ഞപ്പോള് സഞ്ജു സാംസണ് ഏഷ്യന് ഗെയിംസ് ക്രിക്കറ്റില് സ്വർണമണിയുന്ന ആദ്യ മലയാളി താരമായി. ബാറ്റിംഗില് പ്രതീക്ഷിച്ചത്ര തിളങ്ങാനായില്ലെങ്കിലും വിക്കറ്റ് കീപ്പിംഗും സെമിയിലെ ഉജ്വല ക്യാച്ചും മറക്കാനാകില്ല. ലോംഗ്ജംപില് മുരളി ശ്രീശങ്കറിന്റെയും ആന്സി സോജന്റെയും വെള്ളിക്ക് മാറ്റ് ഏറെയായിരുന്നു.
ട്രാക്കില് ഇരട്ട മെഡലുമായാണ് ടി.എസ്. മനു മടങ്ങിയത്. മിക്സഡ് 4x400 റിലേയില് വെള്ളിയും പുരുഷ വിഭാഗം 4x400 റിലേയില് വെങ്കലവും മനു ഉള്പ്പെട്ട ഇന്ത്യ സ്വന്തമാക്കി. സെയ്ലിംഗ് ചരിത്രത്തില് ആദ്യമായി മെഡല് നേടിയായിരുന്നു മറ്റൊരു മലയാളിക്കുതിപ്പ്. പുരുഷന്മാരുടെ സ്കിഫ് ഇനത്തിലാണ് ബന്ധുക്കള്കൂടിയായ മനു ഫ്രാന്സിസും പ്രിന്സ് നോബിളും ചേര്ന്ന് വെള്ളി മെഡല് നേടിയത്.
2018ലെ പ്രളയസമയത്ത് സ്തുത്യര്ഹമായ രക്ഷാപ്രവര്ത്തനം നടത്തിയവരാണ് ഈ മത്സ്യത്തൊഴിലാളി യുവാക്കള്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദര്ശ കെ. വിനോദ് വനിതകളുടെ 10 മീറ്റര് എയര് റൈഫിൾ ടീം ഇനത്തില് നേടിയ വെള്ളിമെഡല് മറ്റൊരു മലയാളി നേട്ടമായി. ഏഷ്യന് ഗെയിംസ് ഷൂട്ടിംഗിലെ ആദ്യ മലയാളി മെഡലായിരുന്നു അത്.
അതേസമയം, ബാഡ്മിന്റണ്, ടേബിള് ടെന്നീസ് തുടങ്ങിയ ഇനങ്ങളില് ഇന്ത്യക്ക് മുന്നേറാന് കഴിഞ്ഞില്ല എന്നത് നിരാശയായി. ഏഷ്യന് ഗെയിംസിലെ നാലാം സ്ഥാനം മികച്ചതാണെങ്കിലും ചൈന, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ ലോകത്തിലെ തന്നെ മുന്നിര രാജ്യങ്ങളുമായുള്ള മെഡല് വ്യത്യാസം വലുതാണെന്ന വസ്തുത കാണാതിരുന്നുകൂടാ.
അത്ലറ്റിക്സ് ഉള്പ്പടെയുള്ള ചില അടിസ്ഥാന ഇനങ്ങളില് വരുംകാലങ്ങളില് കൂടുതല് സ്ഥിരതയുള്ള പ്രകടനം ഉറപ്പാക്കേണ്ടതുണ്ട്. ലോംഗ്ജംപില് ആന്സി സോജനു തന്റെ ദേശീയ റിക്കാര്ഡിനടുത്ത് എത്താനായില്ലെങ്കിലും പ്രതികൂല കാലാവസ്ഥയില് നേടിയ വെള്ളിയുടെ വില വളരെ വലുതാണ്. ഭാവിയില് ഒളിമ്പിക് മെഡല് നേടിത്തരാന് സാധ്യതയുള്ള അത്ലറ്റാണ് ആന്സി.
ഈ അഭിമാന താരത്തിനെതിരേയുണ്ടായ സൈബര് ആക്രമണം തികച്ചും പ്രതിഷേധാര്ഹമാണ് എന്ന കാര്യവും പറയാതെവയ്യ. മനോവൈകല്യം ബാധിച്ചവരുടെ അത്തരം ജല്പനങ്ങള് വകവയ്ക്കാതെ മുന്നേറാന് ആന്സിക്കു സാധിക്കട്ടെ. ശ്രീശങ്കറിനെയും പ്രതികൂല കാലാവസ്ഥയാണു ചതിച്ചത്. ടേക്ക് ഓഫ് ബോര്ഡ് നനഞ്ഞു കിടന്നതുകൊണ്ട് ചെറിയ പരിക്കുമുണ്ടായി. മനുവിനും ഏറെ മുന്നോട്ടുപോകാനുണ്ട്.
എപ്പോഴും പറയാറുള്ളതുപോലെ, കേരളത്തില് സ്പോര്ട്സ് ഇന്ഫ്രാസ്ട്രക്ചര് ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഒരോ വലിയ ചാമ്പ്യന്ഷിപ്പും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. അതിനു വേണ്ടത് സ്കൂള് കായികരംഗത്തെ ഉയര്ത്തിക്കൊണ്ടുവരികയാണ്. എങ്കിലേ അത്ലറ്റിക്സില് കേരളത്തിന്റെ പഴയകാല പ്രൗഢി തിരിച്ചുകൊണ്ടുവരാനാകൂ.
2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സ് ലക്ഷ്യമിട്ടു നീങ്ങുന്ന ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് ഐച്ചി-നഗോയ നല്കുന്നത്. അടിസ്ഥാനസൗകര്യ വികസനം, ആധുനിക പരിശീലന രീതികള്, സപ്പോര്ട്ട് സ്റ്റാഫിന്റെ സേവനം എന്നിവ കൂടുതല് ശക്തീകരിച്ചാല് കൂടുതല് ഉയരങ്ങള് നമുക്ക് അപ്രാപ്യമല്ല.
Editorial
ലൈഫ് മിഷന് എന്ന സ്വപ്നപദ്ധതിയുടെ ഭാഗമായി കൊച്ചി മുണ്ടംവേലിയില് നിര്മിച്ച പി ആന്ഡ് ടി ഫ്ളാറ്റുകളില് ഏറെ പ്രതീക്ഷയോടെ താമസിക്കാനെത്തിയവര് കൊടിയ ദുരിതത്തിലാണ്. താമസമാരംഭിച്ച് മാസങ്ങള്ക്കകം ചോര്ച്ചയും മറ്റു ഗുരുതരമായ പ്രശ്നങ്ങളും കാരണം ഫ്ളാറ്റുകള് വാസയോഗ്യമല്ലാതായി. ഇതിന്റെ നിര്മാണവുമായി ബന്ധപ്പെട്ട നിരവധി ക്രമക്കേടുകള് പുറത്തു വന്നു.
ഒടുവില് മുഖ്യമന്ത്രി വി.ഡി. സതീശന് ശക്തമായ നിലപാടെടുക്കുകയും വിജിലന്സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. 17 കോടി രൂപ ചെലവിട്ട പദ്ധതിയില് തുടക്കംമുതലേ വലിയ ക്രമക്കേടുകള് ഉണ്ടായതായാണ് കണ്ടെത്തിയത്. ജിസിഡിഎ ഉദ്യോഗസ്ഥരും കരാറുകാരും പ്രതിക്കൂട്ടിലാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം ആറുപേര്ക്കെതിരേയാണ് പ്രാഥമികാന്വേഷണം നടക്കുക. നഷ്ടം പ്രതികളില്നിന്നുതന്നെ ഈടാക്കാനാണ് നീക്കം.
കഴിഞ്ഞ ഇടതുപക്ഷ സര്ക്കാരിന്റെ കാലത്താണ് തോപ്പുംപടി രാമേശ്വരം വില്ലേജിലെ മുണ്ടംവേലിയില് ഫ്ളാറ്റ് സമുച്ചയം നിര്മിച്ചത്. എറണാകുളം ഗാന്ധിനഗര് പി ആന്ഡ് ടി കോളനിയിലെ 77 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയായിരുന്നു ലക്ഷ്യം. വെള്ളപ്പൊക്കത്തിലും കഷ്ടപ്പാടിലുമായിരുന്നു അവര്. അത്യാധുനിക സൗകര്യങ്ങളുള്ള ഫ്ളാറ്റുകള് എന്നായിരുന്നു അവകാശവാദം. 2023ലാണ് കൊട്ടിഘോഷിച്ചുകൊണ്ട് ഉദ്ഘാടന മാമാങ്കം നടത്തിയത്.
2024 ജനുവരി അവസാനം വലിയ ആശ്വാസത്തോടെ താമസക്കാരുമെത്തി. അവര്ക്ക് പിന്നീടങ്ങോട്ട് ദുരിതദിനങ്ങളായിരുന്നു. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകാനും ഭിത്തികളിലൂടെ വെള്ളം ഒലിച്ചിറങ്ങാനും തുടങ്ങി. ഭക്ഷണമുണ്ടാക്കാനോ ഉറങ്ങാനോ കഴിയാതായി. അടുക്കളയില്നിന്നുള്ള മലിനജലം എല്ലാ ഫ്ളാറ്റുകളിലുമെത്തി. ഫാനുകള് തറപൊത്തി. ചുമരില് തൊട്ടാല് ഷോക്ക്.
തൊട്ടടുത്തുകൂടിയാണ് 110 കെവി ലൈന് പോകുന്നത്. താമസക്കാര് സമരം തുടങ്ങി. ഒടുവില് കെട്ടിടം പൊളിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നന്നാക്കിയെടുക്കാന് 27 കോടി രൂപയെങ്കിലും ഇനിയും വേണ്ടിവരുമെന്നാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തില് തെളിഞ്ഞത്. എന്നാലും താമസിക്കാനാകുമോ എന്ന് ഉറപ്പുമില്ല. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പരസ്പരമുള്ള പഴിചാരല് മഹാമഹം പതിവുപോലെ നടക്കുന്നുണ്ട്.
തൃശൂര് ഡിസ്ട്രിക്ട് ലേബര് കോണ്ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാറുകാര്. എസ്റ്റിമേറ്റ് ചുരുക്കി ജിസിഡിഎ കുഴപ്പത്തിലാക്കി എന്ന് കരാറുകാരും, കരാറുകാരാണ് കുഴപ്പക്കാര് എന്നു ജിസിഡിഎയും കുറ്റപ്പെടുത്തുന്നു. കരാര് നല്കിയതിലും കരാറുകാര്ക്ക് മൊബിലൈസേഷന് ഫണ്ട് നല്കിയതിലും ചട്ടലംഘനമുണ്ടായെന്നും ആരോപണമുണ്ട്. 2.48 കോടി രൂപയാണ് കരാറുകാര്ക്ക് ലൈഫ് മിഷനില്നിന്ന് സ്ഥിരീകരണമില്ലാതെ നല്കിയതെന്നാണ് ആരോപണം.
ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിനു പരിശോധനയ്ക്ക് സമയം അനുവദിക്കാതെ പണം നല്കാന് ചെയര്മാന് ആവശ്യപ്പെട്ടുവത്രേ. ഈ തിടുക്കമാണ് സംശയത്തിന്റെ നിഴല് വീഴ്ത്തുന്നത്. ലൈഫ് പദ്ധതിക്കു കീഴില് മുണ്ടംവേലിയില് ഫ്ളാറ്റ് നിര്മിക്കാനുള്ള പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്സള്ട്ടന്സിയായാണ് ടിഡിഎല്സിയെ ആദ്യം നിയമിച്ചത്. പിന്നീട് ഇതേ കമ്പനിക്കുതന്നെ നിര്മാണകരാറും നല്കുകയായിരുന്നു.
നിര്മാണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട കണ്സള്ട്ടന്സിതന്നെ കരാറുകാരെന്ന വേഷപ്പകര്ച്ചയില്. അവിടെയും എന്തോ ചീഞ്ഞുനാറുന്നുണ്ടായിരുന്നു. ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും ചേർന്നുള്ള കള്ളക്കളികള് ഈ നാട്ടില് ആദ്യമല്ല. ഏതു വലിയ പദ്ധതി വരുമ്പോഴും ഇവര്ക്ക് ആഹ്ളാദമാണ്. പദ്ധതി വലുതാകുംതോറും വെട്ടിപ്പിന്റെ വ്യാപ്തിയും കൂട്ടാമല്ലോ! ഒരുളുപ്പുമില്ലാതെ പാവപ്പെട്ടവരെ പറ്റിക്കുന്നതിനു കൂട്ടുനിന്ന എല്ലാവരെയും മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപിച്ച വിജിലന്സ് അന്വേഷണം എല്ലാവരിലേക്കുമെത്തട്ടെ. ചെയ്ത തെറ്റിനെ ഒരു നാണവുമില്ലാതെ ന്യായീകരിക്കുന്ന രാഷ്ട്രീയനേതാക്കളുടെ തൊലിക്കട്ടിക്കു നേരേ ഏതു ചാട്ടവാറാണ് ഉയരുക എന്നതാണ് മറ്റൊരു ചോദ്യം. ദുരിതത്തിലുഴലുന്ന താമസക്കാര് സര്ക്കാര് മാറിയപ്പോള് ഒതളങ്ങപോലെ ഉരുളുകയാണെന്നു പറഞ്ഞ സിപിഎം നേതാവും മുന് എംഎല്എയുമായ കെ.ജെ. മാക്സിയുടെ വാക്കുകള് ഇടതുമുന്നണിയുടെ പുരോഗമനനാട്യത്തിന്റെ കാപട്യം വിളിച്ചോതുന്നതായി.
എതിര്ത്തും അനുകൂലിച്ചും രാഷ്ട്രീയകക്ഷികളും രംഗത്തെത്തിയതോടെ കൊടിയ അഴിമതിയുടെ പ്രശ്നം സങ്കുചിത രാഷ്ട്രീയപോരാട്ടമായി ചുരുങ്ങിയേക്കുമെന്ന ആശങ്കയും ഉയരുന്നു. വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ വിഷപ്പുകയും അഴിമതിയുടെ കരാള ദുര്ഭൂതങ്ങളും ചേര്ന്ന് സമൂഹത്തെ വിഴുങ്ങുന്നതു നോക്കിനില്ക്കാനല്ല ഭരണകൂടങ്ങള്. നീതിയുടെ പക്ഷത്തു നിലയുറപ്പിക്കുകയാണ് അവരുടെ ചുമതല. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് മറ്റു പലയിടത്തും അഴിമതി ആരോപണങ്ങളുണ്ട്.
അതും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരട്ടെ. കുറ്റക്കാരെ ശിക്ഷിക്കട്ടെ. ഈ പദ്ധതിയുടെ യഥാര്ഥ ഗുണഭോക്താക്കളായി ലക്ഷക്കണക്കിനു പേരുണ്ടെന്നതും മറന്നുകൂടാ. രാഷ്ട്രീയവിജയത്തിനാകരുത് മുന്ഗണന. പകരം, സാമൂഹിക സുരക്ഷിതത്വവും നീതിയും മേല്ക്കൈ നേടട്ടെ.
Editorial
കേരളത്തിൽ വന്യജീവികൾക്കു മാത്രമായി ഒരു ജില്ലാ കളക്ടറോ! അവയുടെ സ്വൈരവിഹാരത്തിനു സുഗമമായ പാതയൊരുക്കാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ. അവയ്ക്കു നിർബാധം കൃഷിയിടങ്ങളിലേക്കും ജനവാസമേഖലയിലേക്കുമിറങ്ങാം. ജീവൻ വേണമെങ്കിൽ മനുഷ്യർ മുറിയടച്ച്, ശ്വാസംപിടിച്ച് വീടിനുള്ളിലിരുന്നോളണം. എന്തൊരു ദുരന്തമാണ് ഇടുക്കിയിലെ ജില്ലാ കളക്ടർ! അടുത്ത ദിവസങ്ങളിൽ ആ മഹാനുഭാവൻ പുറപ്പെടുവിച്ച ഉത്തരവുകൾ കാണുമ്പോൾ ആരും പറഞ്ഞുപോകും.
വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ഒരു വേലിയോ മതിലോ കെട്ടിടമോ കണ്ടുപോകരുത്. എല്ലാം പൊളിച്ചടുക്കണം. ഇതായിരുന്നു ആദ്യ ഉത്തരവ്. പിന്നെയിതാ, ജനങ്ങളുടെ സുരക്ഷയ്ക്കായി ‘ചരിത്രം കുറിച്ച’ അടുത്ത ഉത്തരവ്. ജീവൻ വേണമെങ്കിൽ വൈകുന്നേരം ആറുമണിയോടെ വീട്ടിൽ കയറിക്കോണം. രാവിലെ ആറുവരെ പുറത്തിറങ്ങാൻ പാടില്ല!ഈ ഉത്തരവുകളെ ആനമണ്ടത്തരം എന്നു വിളിച്ചാൽ കാട്ടാനപോലും കൂടുതൽ ക്രുദ്ധനായി ചിന്നംവിളിച്ച് പാഞ്ഞടുക്കും.
അൽപം വെളിവ് വന്യമൃഗങ്ങൾക്കുമുണ്ടല്ലോ! ബാല പ്രസിദ്ധീകരണങ്ങളിൽ ‘മൃഗാധിപത്യം വന്നാൽ’ എന്നൊക്കെ കുട്ടികളെ സന്തോഷിപ്പിക്കാൻ ചിത്രകഥകൾ വരാറുണ്ട്. ഉത്തരവാദപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥൻ അതിലും ബാലിശമായി പെരുമാറുന്നുവെന്നുവന്നാൽ നാടിന്റെ അവസ്ഥയെന്താകും? സർക്കാരും മന്ത്രിമാരും ഇതൊന്നും കാണുന്നില്ലേ?
ദുരന്തനിവാരണത്തിന്റെ പേരിലാണ് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ ഉത്തരവ് മേളാങ്കം. ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സനെന്ന മഹനീയ പദവികൂടി അദ്ദേഹത്തിനുണ്ടല്ലോ. ദോഷം പറയരുതല്ലോ, ജനങ്ങളെ കളക്ടർ മറന്നു എന്നൊന്നും പറയാൻ പറ്റില്ല. അവരുടെ സുരക്ഷ തന്നെയാണ് അദ്ദേഹത്തിനു മുഖ്യം. വനമേഖലയോടു ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ രാത്രിസമയത്തെ മനുഷ്യസഞ്ചാരം എന്തൊരപകടമാണ്! അപ്പോൾ മനുഷ്യരുടെ രക്ഷയ്ക്ക് അവരെ പൂട്ടിയിടുകയല്ലാതെ എന്തുചെയ്യാൻ. സ്ത്രീപീഡനങ്ങളുടെ വാർത്തകൾ ദിവസവും പെരുകുന്നു.
കവർച്ച, മോഷണം എന്നിവയൊക്കെ കൂടുന്നു. സ്ത്രീകൾ പുറത്തിറങ്ങരുത്, ഇറങ്ങിയാൽതന്നെ ആഭരണങ്ങളും വിലപിടിച്ച വസ്തുക്കളും കൈയിൽ കരുതരുത് എന്നൊക്കെയുള്ള ഉത്തരവാകും അടുത്തുവരാൻ പോകുന്നത്! വാഹനാപകടം കുറയ്ക്കാൻ വാഹനങ്ങൾ നിരത്തിലിറക്കാൻ പാടില്ലെന്നങ്ങ് പറഞ്ഞാൽപോരേ. ഇത്ര എളുപ്പമുള്ള പരിഹാരങ്ങൾ ഇത്രകാലമായിട്ടും ആർക്കും തോന്നിയില്ലല്ലോ!
തോട്ടങ്ങളിൽ രാത്രിസമയത്തെ ജോലികൾ നിർത്തിവയ്പിക്കുന്നതിന് തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും കർശന നിർദേശം നൽകണമെന്ന് മൂന്നാർ, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലെ പ്ലാന്റേഷൻ ഇൻസ്പെക്ടർമാർക്കാണ് കളക്ടറുടെ കല്ലേപ്പിളർക്കുന്ന ഉത്തരവ്. വനമേഖലയോടു ചേർന്നുള്ള പ്രദേശം എന്ന നിർവചനം വിശാലമാണ്. ചുരുക്കത്തിൽ ജില്ലയിലെ ജനജീവിതം മുഴുവൻ കളക്ടർക്കും വന്യമൃഗങ്ങൾക്കും അടിയറവയ്ക്കേണ്ട അവസ്ഥ. അങ്ങനെയാണ് ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രവും വനവിസ്തൃതിയും.
ഉത്തരവ് വനമേഖലയ്ക്കുള്ളിലൂടെയുള്ള സംസ്ഥാന, ദേശീയപാതകൾ വഴി സഞ്ചരിക്കുന്നതും വിലക്കിയേക്കും. അതുമാത്രമല്ല കെടുതി. വൈകുന്നേരം ആറിനും രാവിലെ ആറിനുമിടയിൽ അത്യാവശ്യകാര്യത്തിന് പുറത്തിറങ്ങുന്ന ആരെയെങ്കിലും വന്യമൃഗങ്ങൾ ആക്രമിച്ചാൽ നഷ്ടപരിഹാരം കൊടുക്കാതെയിരിക്കാം. സർക്കാരുത്തരവ് ലംഘിച്ച് രാത്രി പുറത്തിറങ്ങി മൂത്രമൊഴിക്കാൻ പാടുണ്ടോ! അതുമല്ല, മനുഷ്യർക്കു തുക കൊടുക്കാതിരിക്കാൻ എന്തുണ്ട് വഴി എന്ന് 24 മണിക്കൂറും ചിന്തിച്ചുകൊണ്ടിരിക്കുന്ന ഇൻഷ്വറൻസുകാർക്ക് ഇതിൽപരം ആനന്ദം വേറെയുണ്ടാകാനുണ്ടോ.
വന്യമൃഗങ്ങളും വന്യഭാവമുള്ള ഉദ്യോഗസ്ഥരും ഒരുപോലെ ആക്രമിക്കുമ്പോൾ ഏതു മനുഷ്യത്താരയിലേക്കാണ് മലയോരത്തെ അധ്വാനിക്കുന്ന കർഷകരും തൊഴിലാളികളും പാവപ്പെട്ടവരും ഓടിക്കയറേണ്ടത്? പഠിച്ചതേ പാടൂ എന്നു ശഠിക്കുന്ന ഉദ്യോഗസ്ഥരുടെ വാറോലകൾക്കു മുന്നിൽ തലയാട്ടി നിൽക്കുകയല്ല രാഷ്ട്രീയ നേതൃത്വത്തിന്റെ ചുമതല എന്നറിയാത്തവരല്ല റവന്യുമന്ത്രിയും വനംമന്ത്രിയും.
ഉദ്യോഗസ്ഥ ഭരണം മാത്രമേ നടക്കൂ എന്നുവന്നാൽപിന്നെ ഇവിടെ തെരഞ്ഞെടുപ്പു മാമാങ്കങ്ങളും ഭരണമാറ്റവും എന്തിനാണ്? ഭരണത്തലപ്പത്തുള്ളവരും ഉദ്യോഗസ്ഥപ്രമുഖരുമൊക്കെ കൂട്ടത്തോടെ വിദേശത്തുപോയി പലതും പഠിച്ചുവരുന്നുണ്ട്. എന്നാൽ, വേണ്ടതൊന്നും പഠിക്കുന്നില്ലേ എന്നതാണ് സംശയം. വികസിത രാജ്യങ്ങളിലൊക്കെ വന്യജീവി ആക്രമണം കുറയ്ക്കുന്നതിനായി പ്രകൃതിക്കും മൃഗങ്ങൾക്കും മനുഷ്യർക്കും ഹാനികരമാകാത്ത രീതിയിൽ അത്യാധുനിക സാങ്കേതികവിദ്യയും ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത്. അല്ലാതെ തിരുമണ്ടൻ ഉത്തരവുകളിറക്കിയല്ല പ്രതിരോധം.
റോഡുകളും ജനവാസമേഖലകളും കാടിനെ വിഭജിക്കുമ്പോൾ മൃഗങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കാനഡ, അമേരിക്ക, ജർമനി, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾ എക്കോ ബ്രിഡ്ജുകൾ, ഓവർപാസ്, അണ്ടർപാസ് എന്നിവ നിർമിക്കുന്നു. കാടിന്റെ സ്വാഭാവിക അന്തരീക്ഷം നിലനിർത്തിക്കൊണ്ട് മൃഗങ്ങൾക്ക് സഞ്ചരിക്കാം. ജനവാസ മേഖലകളിലേക്കോ റോഡുകളിലേക്കോ മൃഗങ്ങൾ ഇറങ്ങുന്നത് ഇത് 80 ശതമാനം വരെ കുറയ്ക്കുന്നു എന്നാണ് അവിടത്തെ അനുഭവം.
കാടിന്റെ അതിർത്തികളിൽ താപനിലയും മൃഗങ്ങളുടെ ശബ്ദവും തിരിച്ചറിയുന്ന എഐ ക്യാമറകൾ ഉപയോഗിക്കുന്നു. മൃഗങ്ങൾ അതിർത്തി കടക്കുമ്പോൾതന്നെ പ്രദേശവാസികൾക്കും ഫോറസ്റ്റ് റേഞ്ചർമാർക്കും എസ്എംഎസ് വഴിയോ ആപ്പ് വഴിയോ ഓട്ടോമാറ്റിക് മുന്നറിയിപ്പ് ലഭിക്കും. ജിപിഎസ്-സാറ്റലൈറ്റ് ട്രാക്കിംഗ്, ബയോ ഫെൻസിംഗ്, വിദേശസസ്യങ്ങളെ നീക്കംചെയ്ത് കാടിന്റെ സ്വാഭാവികത പുനഃസ്ഥാപിക്കൽ, കാടിനുള്ളിൽ സോളാർ പമ്പുകൾ ഉപയോഗിച്ച് കൃത്രിമ കുളങ്ങളും ജലാശയങ്ങളും സജ്ജീകരിച്ച് വേനൽകാലത്തും കുടിവെള്ളം ഉറപ്പാക്കൽ എന്നിങ്ങനെ എത്രയോ മാർഗങ്ങൾ അതതിടത്തെ സാഹചര്യങ്ങളുപയോഗിച്ച് ചെയ്യാനാകും.
വന്യജീവി സംരക്ഷണത്തിന് ആദ്യം നിയമങ്ങളുണ്ടാക്കിയ പല രാജ്യങ്ങളും അതു പരിഷ്കരിക്കുകയും കള്ളിംഗ് ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു.ഈ വിഷയത്തിൽ അവഗാഹമുണ്ടെന്നു പറയുന്ന ജില്ലാ കളക്ടർക്ക് ഇതൊന്നും അറിയാത്തതല്ല. പക്ഷേ, മരണമെന്ന അനിവാര്യത ഒഴിവാക്കാൻ ഇനിയാരും ജനിക്കാൻ പാടില്ല എന്ന് ഉത്തരവിടുന്നതാണല്ലോ എളുപ്പം! ഇത്രയും എഴുതുന്നതിനിടയിൽ പതിവില്ലാതെ നിരവധി ആശ്ചര്യചിഹ്നങ്ങൾ ഉപയോഗിക്കേണ്ടിവന്നു. ഈ ആശ്ചര്യചിഹ്നങ്ങൾ ഇടുക്കി ജില്ലയിലെ ‘ഇര’കൾ രോഷചിഹ്നങ്ങളായാണ് വായിച്ചെടുക്കുക എന്ന് ആരും മറക്കരുത്.
ജില്ലയിൽ എന്താണ് നടക്കുന്നതെന്ന് മന്ത്രിമാർ അറിയണം. പ്രതികരിക്കണം. അവർക്കതിനായില്ലെങ്കിൽ മുഖ്യമന്ത്രി ഇടപെടണം. ജനങ്ങൾക്കു വേണ്ടതു നീതിയും, ഒപ്പം ജീവനും സ്വത്തിനും സംരക്ഷണവുമാണ്, അല്ലാതെ തുഗ്ളക് കളക്ടർമാരെയല്ല.
Editorial
ലോകാരോഗ്യസംഘടനയും യൂണിസെഫും ചേർന്നു പുറത്തിറക്കിയ, ജോയിന്റ് മോണിറ്ററി പ്രോഗ്രാം (ജെഎംപി) റിപ്പോർട്ടിന്റെ മുൻപേജുകളിൽ ഇന്ത്യയിൽനിന്നുള്ള പ്രസാദാത്മകമായ ചില ചിത്രങ്ങളുണ്ട്. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ഖിജിദിയ പ്രൈമറി സ്കൂൾ വിദ്യാർഥിനി ശരിയായ വ്യക്തിശുചിത്വത്തിന്റെ മാതൃക മറ്റ് വിദ്യാർഥികൾക്ക് സോദാഹരണം വിവരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഈ മാസം 22നാണ് ‘സ്കൂളുകളിലെ കുടിവെള്ളം, ശുചിത്വം, വ്യക്തിശുചിത്വം എന്നിവയിലെ പുരോഗതി-2015-2025’ എന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
എന്നാൽ, ചിത്രങ്ങളിലെ തെളിച്ചം റിപ്പോർട്ടിനകത്തേക്കു കടക്കുമ്പോൾ കാണാനില്ല. ശതമാനക്കണക്കുകളിലൂടെ പുരോഗതിയുടെ ചിത്രം വരച്ചിടാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും വസ്തുതകളുടെ യാഥാർഥ്യം ഞെട്ടിക്കുന്നതാണ്. സ്കൂളുകളിൽ ശുചിമുറി സൗകര്യങ്ങളില്ലാത്ത കുട്ടികളുടെ അഞ്ചിലൊന്ന് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2025ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 1.2 കോടി കുട്ടികൾ ഇപ്പോഴും സ്കൂളുകളിൽ യാതൊരുവിധ കുടിവെള്ള സൗകര്യവുമില്ലാത്ത സാഹചര്യത്തിലാണ് പഠിക്കുന്നത്.
2025ൽ ലോകത്ത് സ്കൂളുകളിൽ ശുചിമുറി സൗകര്യമില്ലാത്ത ആകെ കുട്ടികളുടെ പകുതിയിലധികവും കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യയിൽ അഞ്ചു കോടി കുട്ടികൾക്ക് സ്കൂളുകളിൽ യാതൊരുവിധ ശുചിമുറി സൗകര്യവുമില്ല. ഈ വിവരവും ഇതേ റിപ്പോർട്ടിൽതന്നെയാണുള്ളത്. ഇന്ത്യയിൽനിന്നുള്ള സമീപകാല ദേശീയ വിവരങ്ങൾ ലഭ്യമല്ലെന്ന കുറ്റസമ്മതംകൂടി വായിക്കുമ്പോൾ കാര്യങ്ങളുടെ അവസ്ഥ ഏതാണ്ട് പിടികിട്ടും. ഇന്ത്യയിലെ സ്കൂളുകളിലെ ശുചിത്വസേവനങ്ങളുടെ കണക്കുകൾ 2024 വരെയുള്ളതു മാത്രമേ ജെഎംപി തയാറാക്കിയിട്ടുള്ളൂ.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതിക, സാമ്പത്തിക വളർച്ചയിൽ ഇന്ത്യ മുന്നേറുന്നുണ്ടെങ്കിലും അടിസ്ഥാന ജനക്ഷേമ സേവനങ്ങളിൽ വലിയൊരു ശതമാനം ജനങ്ങൾ ഇന്നും പുറത്താണെന്ന് ഈ റിപ്പോർട്ടിൽനിന്ന് വായിച്ചെടുക്കാം. ആനുകൂല്യങ്ങൾ പൂർണമായും താഴെത്തട്ടിൽ എത്തുന്നില്ല. അതിനാൽ വലിയൊരു വിഭാഗം കുട്ടികൾ സ്കൂളുകളിൽ ദുരിതമയമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നു.
ഇനി രാജ്യത്തെ സ്കൂളുകളിലെ ശുചിത്വസൗകര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന നമ്മുടെതന്നെ ചില റിപ്പോർട്ടുകൾ കാണാം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വഴി നിർമിച്ച സ്കൂൾ ശുചിമുറികളുടെ അവസ്ഥ പരിശോധിച്ചുള്ള സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത് പരിശോധിച്ച സ്കൂളുകളിലെ 72 ശതമാനം ശുചിമുറികളിലും പൈപ്പ് വെള്ള സൗകര്യം ഉണ്ടായിരുന്നില്ല എന്നാണ്. 30 ശതമാനം ശുചിമുറികളും ഉപയോഗശൂന്യമായ നിലയിലായിരുന്നു.
55 ശതമാനം നിർമിതികളിലും കൈകഴുകാനുള്ള സൗകര്യങ്ങളോ സോപ്പോ ലഭ്യമായിരുന്നില്ല. പദ്ധതികളിൽ രേഖപ്പെടുത്തിയ പല ശുചിമുറികളും (11 ശതമാനത്തോളം) ഭാഗികമായി മാത്രം നിർമിക്കപ്പെട്ടതോ നിലവിലില്ലാത്തതോ ആയിരുന്നു എന്നതാണ് ഇന്ത്യൻ അവസ്ഥയുടെ ഏറ്റവും ദയനീയ ചിത്രം.കാൽ ഭാഗത്തോളം ഗ്രാമീണ സ്കൂളുകളിലും പെൺകുട്ടികൾക്ക് ഉപയോഗപ്രദമായ ശുചിമുറികളില്ലെന്ന് ‘പ്രഥം’ എന്ന സന്നദ്ധ സംഘടന നടത്തിയ സർവേയിൽ പറയുന്നു.
‘ലഭ്യമാണ്’എന്ന് രേഖകളിൽ കാണുന്ന പല ശുചിമുറികളും പൂട്ടിയിട്ടിരിക്കുന്നതായാണു കണ്ടത്. ഇതെല്ലാം വ്യക്തമാക്കുന്നത്, നമ്മുടെ ഭാവി തലമുറ വളരുന്ന സ്കൂളുകളിലെ പ്രാഥമിക സൗകര്യങ്ങൾ ഇപ്പോഴും നിരാശാജനകമാണ് എന്നാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്ന് ഊറ്റം കൊള്ളുമ്പോഴും ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇതാണ് അവസ്ഥ. ബഹിരാകാശ ശക്തിയായും യുദ്ധസാമഗ്രികളുടെ നിർമാണത്തിലെ കേമൻമാരായും മേനി നടിക്കുന്നതിനിടയിൽ നമ്മുടെ കുഞ്ഞുങ്ങൾ വൃത്തിഹീനമായ സാഹചര്യങ്ങളിലും ശുദ്ധമായ കുടിവെള്ളമില്ലാതെയുമൊക്കെയാണ് പഠിക്കുന്നത് എന്ന കാര്യം ആർക്കും നാണക്കേടായി അനുഭവപ്പെടുന്നില്ല.
ഏറ്റവും പ്രധാനം, സുതാര്യവും കൃത്യവുമായ ദേശീയ ഡാറ്റകൾ ശേഖരിക്കുകയാണ്. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ എങ്ങനെയാണ് പുരോഗതിയുണ്ടാക്കുക? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് വാതോരാതെ പറയുന്നവർ മുൻഗണനാക്രമത്തിൽ ഇക്കാര്യം കൂടി അടിയന്തരമായി ഉൾപ്പെടുത്തണം.
Editorial
അങ്ങേയറ്റത്തെ ലാഭക്കൊതി മാത്രമുള്ള മരുന്നുകമ്പനികളുടെ ക്രൂരതയ്ക്കു കടിഞ്ഞാണിടാൻ കോടതികൾതന്നെ വേണ്ടിവരുന്നു എന്നത് ജനാധിപത്യത്തിന്റെ ദയനീയമുഖമാണു വെളിപ്പെടുത്തുന്നത്. സാധാരണക്കാരന് താങ്ങാനാകാത്തവിധം രാജ്യത്ത് അവശ്യമരുന്നുകളുടെ വില വർധിക്കുന്നതിൽ കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇന്നലെ കേരള ഹൈക്കോടതിയും നടത്തിയ ഇടപെടലുകൾ ആശ്വാസമായി. എങ്കിലും, രാജ്യത്തെ ആരോഗ്യമേഖലയുടെ വലിയ പ്രതിസന്ധിയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.
ലാഭം മാത്രം ലക്ഷ്യമിട്ടു മരുന്നുകമ്പനികൾ വരുത്തുന്ന നിരക്കുവർധന സാർവത്രിക ആരോഗ്യപരിരക്ഷ എന്ന സങ്കൽപത്തെത്തന്നെ തകിടംമറിക്കുന്നുവെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. വിപണിയിലുള്ള ഏകദേശം 82 ശതമാനം മരുന്നുകൾക്കും നിലവിൽ സർക്കാർ തലത്തിൽ വിലനിയന്ത്രണമില്ലെന്നു ചൂണ്ടിക്കാട്ടിയതും സുപ്രീംകോടതി തന്നെ. ഇതിനു പിന്നാലെ, വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ അനിയന്ത്രിതമായ വിലവർധനയിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാൻ ജുഡീഷ്യറിക്ക് ശക്തമായി നിരന്തരം ഇടപെടേണ്ടിവരുന്നു എന്നത് ഭരണകൂടങ്ങളുടെ നിഷ്ക്രിയത്വത്തെയാണു കാണിക്കുന്നത്. ഒപ്പം, വൻകിട മരുന്നുകമ്പനികളുടെയും സർക്കാരിന്റെയും അവിശുദ്ധ കൂട്ടുകെട്ടും മറനീക്കുന്നു. പേറ്റന്റുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് കമ്പനികൾ അമിതവില ഈടാക്കുകയാണെങ്കിൽ കേന്ദ്രസർക്കാരിന് അതിൽ ഇടപെടാമെന്നും, പേറ്റന്റ് നിയമത്തിലെ 100-ാം വകുപ്പ് ഉപയോഗിച്ച് ഈ മരുന്നുകൾ ഉത്പാദിപ്പിച്ച് കുറഞ്ഞവിലയ്ക്ക് സാധാരണക്കാർക്ക് ലഭ്യമാക്കാമെന്നുമാണ് കേരള ഹൈക്കോടതിയുടെ ചരിത്രവിധി. ജസ്റ്റീസ് ഹരിശങ്കർ വി. മേനോനാണ് വിധി പ്രസ്താവിച്ചത്.
അമിതവിലയുള്ള പേറ്റന്റ് മരുന്നുകൾ വാണിജ്യപരമായല്ലാതെ കേന്ദ്രസർക്കാരിന് നേരിട്ടു നിർമിച്ച് പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്യാം. നിലവിൽ വിപണിയിലുള്ള മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാണോ എന്നു പരിശോധിക്കാനും കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി രോഗബാധിതരുടെ എണ്ണം, മരുന്ന് ഉപയോഗിക്കുന്നവർ, വിലക്കൂടുതൽ മൂലം മരുന്നു വാങ്ങാൻ കഴിയാത്തവർ തുടങ്ങിയ കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വേണം തീരുമാനമെടുക്കാൻ.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ആരോഗ്യസംരക്ഷണമെന്നും, ജീവൻരക്ഷാ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും കോടതി ഓർമിപ്പിച്ചു.സ്തനാർബുദത്തിനുള്ള ‘റിബോസിക്ലിബ്’’(Ribociclib) എന്ന മരുന്നിന് പ്രതിമാസം 75,000 രൂപയോളം ചെലവു വരുന്നതു ചൂണ്ടിക്കാട്ടി ഒരു അർബുദരോഗി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിക്കാരി പിന്നീട് മരിച്ചെങ്കിലും, പൊതുതാത്പര്യം മുൻനിർത്തി അമിക്കസ്ക്യൂറിയെ ചുമതലപ്പെടുത്തി ഹൈക്കോടതി ഈ കേസ് സ്വമേധയാ തുടർന്നുകൊണ്ടു പോകുകയായിരുന്നു.
കേരള ഹൈക്കോടതിയിൽ ഈ ഹർജി 57 തവണ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടും അന്തിമതീരുമാനത്തിൽ എത്താൻ സാധിക്കാത്തതിനെ സുപ്രീംകോടതി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഈ ഹർജിയിൽ എത്രയും വേഗം വാദം പൂർത്തിയാക്കി അന്തിമവിധി പ്രസ്താവിക്കാൻ കേരള ഹൈക്കോടതിക്ക് കർശന നിർദേശവും നൽകി. ഇതിന്റെ തുടർച്ചയായിട്ടാണ് കേരള ഹൈക്കോടതി വിശദമായ വാദം കേട്ട് ഇന്നലെ വിധിപറഞ്ഞത്.
മറ്റൊരു കേസ് പരിഗണിക്കവെ, 2700 രൂപ വിലയുള്ള കാൻസർ മരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നതു കണ്ട് കോടതി അമ്പരന്നു. ഇതെന്തൊരു പകൽക്കൊള്ളയെന്ന് കോടതിക്കു ചോദിക്കേണ്ടി വന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് സർക്കാരുകളുടെ മാപ്പില്ലാത്ത അലംഭാവമാണ്. ജീവൻരക്ഷാ മരുന്നുകളുടെ ഉത്പാദനച്ചെലവും വിപണിവിലയും തമ്മിലുള്ള ഭീമമായ അന്തരം, അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവിലെ വർധന, പാരന്റ് കമ്പനികളുടെ പേറ്റന്റ് കുത്തക, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റിയുടെ (എൻപിപിഎ) അനാസ്ഥ എന്നിവയാണ് മരുന്നുകളുടെ വിലക്കയറ്റത്തിന് പ്രധാന കാരണം.
കൃത്യമായ വിലനിയന്ത്രണ പരിധിയിൽ വരാത്ത അനുബന്ധ മരുന്നുകൾക്ക് കമ്പനികൾ തോന്നുംപടി വില ഈടാക്കുകയാണ്. മരുന്നുനിർമാണത്തിന് ആവശ്യമായ പ്ലാറ്റിനം അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിച്ചെലവിലും ആഗോളവിപണിയിലെ ഉത്പാദനച്ചെലവിലും വൻ വർധനയുണ്ടായെന്ന കാരണം പറഞ്ഞാണ് അത്യാവശ്യ അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നുകളുടെ പരമാവധി വിൽപ്പനവിലയിൽ 50 ശതമാനംവരെ വർധന വരുത്താൻ കേന്ദ്രസർക്കാർ ജൂണിൽ അനുമതി നൽകിയത്.
മരുന്നുകമ്പനികളുടെ കാര്യം വരുമ്പോൾ കാണിക്കുന്ന ശുഷ്കാന്തി സാധാരണ ജനങ്ങളുടെ കാര്യത്തിൽ കാണാനില്ല. മരുന്നുകൾ വിലക്കുറവിൽ ലഭിക്കാൻ കാരുണ്യ, ജൻ ഔഷധി കേന്ദ്രങ്ങളെ ആശ്രയിക്കുന്നവരാണ് വലിയൊരു വിഭാഗം ജനങ്ങൾ. ഇവിടെ ഗുണമേന്മയുള്ള, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ട സർക്കാർ ഉറങ്ങുകയാണ്.
കൂടുതൽ മരുന്നുകളെ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും, ന്യായവില ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി നിയമനിർമാണം നടത്തുകയും വേണം. മരുന്നുകമ്പനികളുടെ അമിതലാഭത്തേക്കാൾ പ്രധാനം ജനങ്ങളുടെ ജീവനാണെന്നു തിരിച്ചറിഞ്ഞ് ഭരണകൂടങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Editorial
വിവാദങ്ങളിൽനിന്ന് വിവാദങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെയും മുഖ്യ കമ്മിഷണറുടെയും പോക്ക്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവും (എസ്ഐആർ) മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറും സഹ കമ്മിഷണർമാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം സൃഷ്ടിച്ച ജനാധിപത്യ പ്രതിസന്ധികളും രാജ്യത്തെ പിടിച്ചുലയ്ക്കുന്നതിനിടയിലാണ് വിഐപി വോട്ടർമാർ എന്ന പുതിയ വരേണ്യ വിഭാഗത്തിനുവേണ്ടി കമ്മിഷൻ അതിന്റെ സംവിധാനങ്ങളിൽ മാറ്റം വരുത്തുന്നത്. ഭരണഘടനയനുസരിച്ച് അവകാശങ്ങൾ എല്ലാ പൗരർക്കും തുല്യമാണെന്നിരിക്കെ വിഐപി പരിഗണന ഭരണഘടനയെ നിന്ദിക്കുന്നതല്ലേ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
ബിൽഒ (ബൂത്ത് ലെവൽ ഓഫിസർ) ആപ്പിലാണ് പുതിയ ഫീച്ചർ ചേർത്തിരിക്കുന്നത്. പ്രമുഖ വോട്ടർമാരെ എളുപ്പത്തിൽ തിരിച്ചറിയാനും രേഖപ്പെടുത്താനുംവേണ്ടി ‘മാർക്ക് വിഐപി’ എന്ന അപ്ഡേറ്റ് ആപ്പിൽ ഉൾപ്പെടുത്തുകയായിരുന്നു. എസ്ഐആർ നടപടികൾക്കിടെ ഡൽഹിയിലെ പല പ്രമുഖർക്കും നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് പുതിയ നീക്കം. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, അവരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ, അഭിഭാഷകർ, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ എന്നിവരാണ് കമ്മിഷന്റെ കണക്കിൽ വിഐപികൾ. ഇത്തരക്കാരുടെ പേരുകൾ വെട്ടിമാറ്റുന്നത് കമ്മിഷന് നാണക്കേടുണ്ടാക്കും എന്നതാണത്രെ കമ്മിഷന്റെ വിശദീകരണം!
1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഒരു പൗരനും വോട്ടർപട്ടികയിൽ പ്രത്യേക പദവി നൽകാൻ വ്യവസ്ഥയില്ല എന്നതാണ് വസ്തുത. വിഐപി എന്നൊരു വിഭാഗത്തിന് സാധാരണ പൗരൻ കടന്നുപോകേണ്ട പരിശോധനകളിൽനിന്ന് പൂർണമായ ഇളവ് നൽകാനൊന്നും ചട്ടങ്ങളില്ല. സാധാരണക്കാർ ജോലിയും മറ്റ് അത്യാവശ്യ കാര്യങ്ങളും ഉപേക്ഷിച്ച് മണിക്കൂറുകൾ വരിനിന്ന് കഷ്ടപ്പെടുമ്പോൾ വിഐപികൾ എന്ന പേരിൽ ചിലർ എളുപ്പത്തിൽ പട്ടികയിൽ ഇടംപിടിക്കുന്നത് ജനാധിപത്യത്തിലെ തുല്യപരിഗണനയ്ക്കു നേരേ കൊഞ്ഞനം കുത്തുന്നതിനു തുല്യമാണ്. ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ കാര്യം ഉദാഹരണമാണ്. ഇവരുടെ പേര് 2002ലെ വോട്ടർപട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ട് നോട്ടീസയയ്ക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് ഹിയറിംഗ് പോലുമില്ലാതെ മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിച്ച് പട്ടികയിൽ ഇടംനൽകി.
ദക്ഷിണ-മധ്യ ഡൽഹിയിൽ വിഐപികൾ കൂടുതലുള്ള മേഖലകളിൽ ഹിയറിംഗിനു വിളിക്കാൻ തയാറാകുന്നില്ല. പകരം, ബിഎൽഒമാർ വീടുകളിലേക്കു ചെല്ലുകയാണെന്ന് മാധ്യമ കൂട്ടായ്മയായ ‘റിപ്പോർട്ടേഴ്സ് കളക്ടീവ്’ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രധാന വ്യക്തി വീട്ടിലില്ലെങ്കിൽ സെക്യൂരിറ്റി ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് കാര്യങ്ങൾ തീർപ്പാക്കുന്ന രീതിയുമുണ്ടത്രെ! ശരിയായ വിവരമില്ലെങ്കിൽ വ്യാജരേഖകളും വിവരങ്ങളും നിർമിക്കുന്നതായും ആരോപണമുണ്ട്. എസ്ഐആർ വോട്ടർമാരെ പുറത്താക്കാനുള്ള പ്രക്രിയയാണെന്ന ആരോപണത്തിന് തെളിവുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് കമ്മിഷൻ വക വിഐപി സംരക്ഷണം. ഇത് രാജ്യത്തെ സാധാരണ പൗരന്മാരോടുള്ള നീതിനിഷേധവും തികഞ്ഞ ഭരണഘടനാ നിന്ദയുമാണ്. ഡൽഹിയിലെ 1.45 കോടി വോട്ടർമാരിൽ പകുതിയിലേറെപ്പേരും ഇപ്പോഴത്തെ പരിഷ്കരണത്തിൽ പുറത്താക്കൽ ഭീഷണിയിലാണെന്നതും ഇതിനോടു ചേർത്തുവായിക്കണം.
തെരഞ്ഞെടുപ്പുകളിൽ പ്രമുഖർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിൽ സാങ്കേതിക തടസങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ബിഎൽഒ ആപ്പിലെ പുതിയ ഫീച്ചറിന്റെ ലക്ഷ്യമെന്നാണ് കമ്മിഷൻ വിശദീകരിക്കുന്നത്. പക്ഷേ, പൗരന്മാരെ സംബന്ധിച്ച് ‘പ്രമുഖർ’ എവിടെനിന്നു വരുന്നു എന്ന കാതലായ ചോദ്യത്തിന് ഉത്തരമില്ല. ഒരു വോട്ടറെ വിഐപിയെന്ന് തിരിച്ചറിയുന്ന പരമ്പരാഗത രീതിയെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മിഷന്റെ ഒരു മുൻ ഉദ്യോഗസ്ഥൻ പറയുന്നത് “ജിസ്ക നാം കട്നേ പേ ബദ്നാമി ഹോ” (ഒരാളുടെ പേര് വെട്ടിമാറ്റിയാൽ നമുക്ക് അപമാനം ഉണ്ടാകുമെങ്കിൽ ആ വ്യക്തി) എന്നാണ്. നമുക്ക് എന്നു പറഞ്ഞാൽ കമ്മിഷന് എന്നാണ്. എത്ര ലളിതസുന്ദരമായ നിർവചനം!
നമ്മുടെ ജനാധിപത്യം ഇപ്പോൾ ഇങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നത്. ബംഗാളിൽതന്നെ നോക്കൂ. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന എസ്ഐആർ നടപടികൾ തികച്ചും തെറ്റായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പു കമ്മിഷനിലെ ഭിന്നതയും പുറത്തുവന്നു. ആ നിലയ്ക്ക് തെറ്റായ വോട്ടർപട്ടിക പ്രകാരം നടത്തിയ ഇലക്ഷൻ റദ്ദാക്കേണ്ടതല്ലേ? ധാർമികമായും നീതിയുക്തമായും ചിന്തിച്ചാൽ പുതിയ മന്ത്രിസഭയ്ക്ക് നിലനിൽക്കാൻ അർഹതയുണ്ടോ? സുവേന്ദു അധികാരിയുടെ മന്ത്രിസഭയുടെ പ്രവർത്തനരീതികൾ പരിശോധിച്ചാൽ വ്യക്തമായ ഉദ്ദേശ്യത്തോടെ ജനാധിപത്യം അട്ടിമറിക്കാൻ നടത്തിയ ഗൂഢാലോചനയെന്ന ആരോപണത്തിന് കൂടുതൽ മിഴിവ് ലഭിക്കുന്നുണ്ട്.
ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ തത്വം ‘ഒരു പൗരൻ, ഒരു വോട്ട്, ഒരേ മൂല്യം’ എന്നതാണെന്ന് അറിയാത്തവരല്ല ആരും. എന്നാൽ, നമ്മുടെ രാജ്യത്ത് ഒരു കാര്യത്തിലും അങ്ങനെയല്ല നടക്കുന്നത് എന്നും എല്ലാവർക്കുമറിയാം. നമ്മുടെ പൊതുബോധം അതിനനുസരിച്ച് യാന്ത്രികമായി കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്നു. വോട്ട് പോലെയുള്ള ഒരു അടിസ്ഥാന ജനാധിപത്യ അവകാശത്തിൽ വിഐപി സംസ്കാരം കൊണ്ടുവരുന്നത് ജനാധിപത്യത്തിന്റെ ധാർമികമൂല്യങ്ങളെ തകർക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
Editorial
ഇഡി കുരുക്കെറിഞ്ഞു, സംസ്ഥാന സർക്കാർ ഒരു മുഴം നീട്ടിയെറിഞ്ഞു. സിഎംആർഎൽ-എക്സാലോജിക് ഇടപാട്, ഹവാല ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിനെത്തുടർന്ന് പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം അങ്ങനെയൊരു ചിത്രമാണ് വരയ്ക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന ഇഡി ആവശ്യം അംഗീകരിച്ചതുമില്ല, അന്വേഷണം തള്ളിയതുമില്ല. എല്ലാറ്റിനും ആവശ്യമായ സമയവും സാവകാശവും ലഭിക്കുകയും ചെയ്യും.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് സർക്കാർ ക്രൈംബ്രാഞ്ചിന്റെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. കരിമണൽ കമ്പനിയിൽനിന്നുള്ള മാസപ്പടിയും ദുബായിലേക്കുള്ള ഹവാല ഇടപാടുമെല്ലാം സമയപരിധിയില്ലാതെ അന്വേഷിക്കും. തെളിവുണ്ടെങ്കിൽ കേസെടുക്കും. അഴിമതിയുണ്ടെന്നു കണ്ടെത്തിയാൽ വിജിലൻസും അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.
ഇഡിയുടെ കത്തിൽ അഴിമതിനിരോധന നിയമം, ബിഎൻഎസ്എസ്, ബിഎൻഎസ് അടക്കം ചുമത്തി കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുണ്ടെന്ന നിഗമനമാണ് അഡ്വക്കറ്റ് ജനറൽ സർക്കാരിനു നല്കിയത്. വിജിലൻസിന് വിട്ടാൽ അന്വേഷണം പരിമിതപ്പെടുത്തേണ്ടിവരുമെന്നും എല്ലാം അന്വേഷിക്കണമെന്നും ആഭ്യന്തരമന്ത്രി നിലപാടെടുത്തതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തീരുമാനമായത്.
മാസപ്പടിയും അഴിമതിയും ഹവാലയുമൊക്കെ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ്. അതേക്കുറിച്ചുള്ള അന്വേഷണത്തിൽ വെള്ളം ചേർക്കരുത്. അനാശാസ്യമായ രാഷ്ട്രീയ സമവായങ്ങളും തിരശീലയ്ക്കു പിന്നിലെ നാടകങ്ങളും കണ്ട് മടുത്തവരാണ് നമ്മൾ. ക്രൈംബ്രാഞ്ച് ശക്തമായി അന്വേഷിക്കട്ടെ. തെളിവുണ്ടെങ്കിൽ കേസെടുക്കട്ടെ. വിജിലൻസ് അന്വേഷിക്കേണ്ടത് അവരും ഇഡി അന്വേഷിക്കേണ്ടത് അവരും അന്വേഷിക്കട്ടെ. ആർജവമുള്ള, തീർത്തും സുതാര്യമായ അന്വേഷണമാണ് ജനം പ്രതീക്ഷിക്കുന്നത്.
അന്വേഷണത്തിനു കീഴടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് സിപിഎം. നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തലപ്പത്തുള്ള ബിജെപിയുടെ അജൻഡയ്ക്ക് യുഡിഎഫ് വഴങ്ങുകയാണെന്ന ആരോപണവുമുണ്ട്. ഇനി മുമ്പു കണ്ടതുപോലെ, പ്രതിഷേധമെന്ന പേരിൽ അന്വേഷണ ഉദ്യോഗസ്ഥരെ തടയുകയും ക്രമസമാധാനത്തകർച്ചയുണ്ടാക്കുകയും ചെയ്യുമോ എന്നേ അറിയാനുള്ളൂ.
എന്തുകൊണ്ട് ഭരണം നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് സിപിഎമ്മിന് വലിയ വേവലാതിയൊന്നും കാണുന്നില്ല. തെരഞ്ഞെടുപ്പിൽ കുറെ സ്വന്തക്കാർ തിരിച്ചുകുത്തി. തോറ്റു. അടുത്ത തെരഞ്ഞെടുപ്പാകുമ്പോൾ അത് തിരിച്ചുപിടിക്കാം എന്ന സിംപിൾ ഫോർമുലയാണ് സൈദ്ധാന്തിക വീരന്മാരുള്ള പാർട്ടിയുടേത്. ഭരണം കിട്ടിയപ്പോഴുണ്ടായ അഹങ്കാരം, അങ്ങേയറ്റത്തെ പരപുച്ഛം, സ്വന്തക്കാരെ പിൻവാതിലിലൂടെ തിരുകിക്കയറ്റൽ, നഗ്നമായ അഴിമതി, ജനാധിപത്യത്തിന്റെ തരിമ്പുമില്ലാത്ത സ്വേച്ഛാധിപത്യം തുടങ്ങി അത്രതന്നെ സിംപിളായ കാര്യങ്ങളിൽ തലച്ചോറു പുകയ്ക്കാൻ ആ പാർട്ടിയിലാർക്കും നേരമില്ല. കേസുകളിലുൾപ്പെട്ട നേതാക്കളെയും അവർക്കു കൂട്ടുനിന്ന ഉന്നത ഉദ്യോഗസ്ഥനെയും നാൽപ്പതിലധികം ക്രിമിനൽ കേസുള്ള സഹയാത്രികനെയുമൊക്കെ സൈബറിടത്തിലും പുറത്തും അന്തംവിട്ട് പിന്താങ്ങുന്നതിനപ്പുറം എന്ത് ഹൃദയപക്ഷം?
ഉന്നതതല ക്രൈംബ്രാഞ്ച് അന്വേഷണം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. കാര്യങ്ങളൊരു വിജിലൻസ് അന്വേഷണത്തിലൊതുങ്ങുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്. കേസ് രജിസ്റ്റർ ചെയ്തില്ല എന്നതു മാത്രമാണൊരാശ്വാസം. എന്നാൽ അന്വേഷണം തുടങ്ങിയാൽ പുറത്തുവരുന്ന വിവരങ്ങളെ പ്രതിരോധിക്കുകയെന്ന ഭാരം പാർട്ടി ഏറ്റെടുക്കേണ്ടിവരും. രാഷ്ട്രീയ എതിരാളികളുടെ വ്യാഖ്യാനങ്ങൾക്ക് മറുഭാഷ്യം ചമയ്ക്കേണ്ടിയും വരും. മൊത്തത്തിൽ രാഷ്ട്രീയരംഗം കലുഷിതമാകുമെന്ന് ചുരുക്കം.
മുമ്പ് വി. എസ്. അച്യുതാനന്ദനെതിരേ കേസും കൂട്ടവും അന്വേഷണവുമുണ്ടായപ്പോൾ നിഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് മാറിനിൽക്കുകയായിരുന്നു സിപിഎം പാർട്ടി സംവിധാനം. എന്നാലിന്ന് പിണറായിക്കും മുഹമ്മദ് റിയാസിനും പിന്നിൽ പാർട്ടി ഒന്നടങ്കമുണ്ട്. തനിക്കെതിരേ ഉണ്ടായ ആരോപണങ്ങളെക്കുറിച്ച് മുഹമ്മദ് റിയാസ് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരിക്കുകയും പാർട്ടി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ മുറുമുറുപ്പുള്ള അണികളുണ്ടെന്നതും പരസ്യമായ രഹസ്യം.
പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല വിഷയം. ജനങ്ങൾക്ക് ഉപയുക്തമാകുന്ന ഭരണം നടക്കണം. പ്രകൃതിയുടെ താളംതെറ്റൽ ഇപ്പോൾത്തന്നെ സാധാരണ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. അതിനൊപ്പം ഭരണത്തിന്റെ താളംതെറ്റൽ കൂടിയാകുമ്പോൾ ജീവിതം ദുരിതമയമാകും. അതിനു പ്രതിവിധിയായിട്ടാണ് ഭരണക്കാർ ചെയ്തുവച്ച കെടുതികളെക്കുറിച്ച് സത്യസന്ധമായി അന്വേഷിക്കുന്നതും നീതി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും. അന്വേഷണം നേരായ വഴിക്ക് നടന്നില്ലെങ്കിൽ മൊത്തം സിസ്റ്റത്തിലുള്ള വിശ്വാസത്തെ ബാധിക്കും. അന്വേഷണത്തിനു വിധേയരാകുന്നവരുടെ പ്രതിരോധം വഴിവിട്ടാലും അന്തരീക്ഷം കലങ്ങും. അതുകൊണ്ടുതന്നെ ഉയർന്ന രാഷ്ട്രീയവിവേകമാണ് ഈ വിഷയത്തിൽ എല്ലാവരിൽനിന്നും പ്രതീക്ഷിക്കുന്നത്.
Editorial
ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന വൃത്തികെട്ട രാഷ്ട്രീയക്കളികളിലൂടെ ബംഗാൾ രാഷ്ട്രീയം വീണ്ടും കലുഷിതമായിരിക്കുന്നു. സാധാരണഗതിയിൽ നടന്നുപോകേണ്ട ഒരു നിയമസഭാ ഉപതെരഞ്ഞെടുപ്പാണ് കുതികാൽവെട്ടും കുതന്ത്രങ്ങളും വഴി ദേശീയ ശ്രദ്ധ ഒരിക്കൽകൂടി ബംഗാളിലേക്കു തിരിച്ചുവിട്ടത്. ഭവാനിപ്പുരിലും നന്ദിഗ്രാമിലും ജയിച്ചിരുന്ന മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം മുറുകവേയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ മമത ബാനർജി വിഭാഗം പ്രഖ്യാപിച്ചിരുന്ന സ്ഥാനാർഥി സഞ്ചിത പ്രധാൻ ഡേ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ അപ്രതീക്ഷിതമായി മത്സരരംഗത്തുനിന്നു പിന്മാറി. ഇതിനു പിന്നാലെ ഇന്ത്യാ മുന്നണിയുടെ വിശാല താൽപര്യം മുൻനിർത്തി കോൺഗ്രസ് സ്ഥാനാർഥിയായ മിലൻ പ്രധാനെ പിന്തുണയ്ക്കുന്നതായി മമത ബാനർജി പ്രഖ്യാപിച്ചു. മമത ബാനർജിയുടെ പിന്തുണ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ പൊലിസ് അറസ്റ്റ് ചെയ്തു. 2007ലെ ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട പഴയ കേസ് കുത്തിപ്പൊക്കിയായിരുന്നു പെട്ടെന്നുള്ള പൊലിസ് നടപടി.
ഇതുകൂടാതെ ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് ഇരു തൃണമൂൽ വിഭാഗങ്ങളെയും വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നു.
മമത ബാനർജിയുടെ വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ കളിക്കാരൻ’ ചിഹ്നവും അനുവദിച്ചു. അരൂപ് റോയ് നയിക്കുന്ന വിമതവിഭാഗത്തിനാകട്ടെ ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവലപ്’ ചിഹ്നവും അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ബിജെപിയെ സഹായിക്കാനാണെന്ന വ്യാപകവിമർശനത്തിനിടെയാണ് മമതയെ ഞെട്ടിച്ച സംഭവങ്ങളുണ്ടായത്.
1998മുതൽ തൃണമൂൽ കോൺഗ്രസിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചതാണ് മമത സ്വയം രൂപപ്പെടുത്തിയ ഔദ്യോഗിക ചിഹ്നം. അതു നഷ്ടപ്പെടുന്നതോടെ പാർട്ടിയുടെ വ്യക്തിത്വം തന്നെയാണ് ഇല്ലാതാവുകയെന്ന് എതിരാളികൾക്ക് നന്നായറിയാം. കേന്ദ്രഭരണകക്ഷിയുടെ രാഷ്ട്രീയക്കളികളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ കൂടി പങ്കാളിയാകുന്നതാണ് ജനാധിപത്യ ബോധമുള്ളവരെ ഞെട്ടിക്കുന്നത്.
ഏതായാലും പേരും ചിഹ്നവും മരവിപ്പിച്ച നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച മമത നിയമവഴിയിലും പോർമുഖം തുറന്നിട്ടുണ്ട്. നിലവിലുള്ള സംഘടനാ ചട്ടക്കൂട് സൂക്ഷ്മമായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്, ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അയോഗ്യതാ നടപടികൾ നേരിടുന്ന വിമത എംഎൽഎമാരുടെ വാദം സ്വീകരിച്ചത് ഭരണഘടനാവിരുദ്ധമാണ് തുടങ്ങിയ ആരോപണങ്ങളാണ് സുപ്രീംകോടതിയിൽ പരിശോധനയ്ക്കു വരിക.
പത്തൊൻപതു വർഷം പഴക്കമുള്ള കേസിൽ പൊടുന്നനെ വന്ന അറസ്റ്റ് നടപടിയാണ് ഭരണകക്ഷിയുടെ ദുഷ്ടലാക്കായി കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ചൂണ്ടിക്കാണിക്കുന്നത്. സാധാരണ പൊലിസ് നടപടി മാത്രമെന്ന് പറഞ്ഞു കൈകഴുകാനുള്ള അധികാരികളുടെ ശ്രമം തീർത്തും അപഹാസ്യമായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ഒക്ടോബർ മൂന്നു വരെ റിമാൻഡിലായതോടെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവും താറുമാറായി. എതിരാളികളുടെ ഒരു ലക്ഷ്യവും അതുതന്നെയാകും.
മമതയ്ക്ക് നന്ദിഗ്രാമിനെ മറക്കാനാകില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലും പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലും നിർണായക വഴിത്തിരിവുണ്ടാക്കിയ ഒന്നാണ് നന്ദിഗ്രാം സമരം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ഭരണത്തിന്റെ തകർച്ചയ്ക്കും മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും വളർച്ചയ്ക്കും പ്രധാന കാരണം ഈ പ്രക്ഷോഭമായിരുന്നു. പ്രത്യേക സാമ്പത്തികമേഖലയ്ക്കെതിരായ സമരത്തിനിടെ 2007 മാർച്ച് 14നു നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ട 14 കർഷകരുടെ ചോരയിലാണ് മമത രാഷ്ട്രീയ പടയോട്ടം തുടങ്ങിയത്. അതേ നന്ദിഗ്രാം തന്നെ ഇപ്പോൾ കോമാളിരൂപത്തിൽ മമതയെ നോക്കി പല്ലിളിച്ചുകാട്ടുന്നു.
രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലെന്നപോലെ നന്ദിഗ്രാമിലും നിശബ്ദമായ നിലവിളിക്കുന്നത് ജനാധിപത്യം തന്നെയാണ്. അധികാരക്കൊതിയും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെക്കാൾ വലിയ പ്രാധാന്യം നേടുന്ന ദയനീയ കാഴ്ച. അധികാരത്തിന്റെ ഹുങ്കിൽ വ്യക്തിഹത്യയും വർഗീയതയും ഭീഷണിയും വഴി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ഏതറ്റംവരെയും പോകുന്ന രാഷ്ട്രീയകക്ഷികൾ വെറുപ്പിന്റെയും വിഭജനത്തിന്റെയും സന്ദേശമാണ് ജനങ്ങൾക്കു നൽകുന്നത്. ഇതൊന്നും നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പോടുകൂടി അവസാനിക്കാൻ പോകുന്നില്ല എന്ന സൂചനകളാണ് നമ്മെ അതിലേറെ അസ്വസ്ഥമാക്കുന്നത്.
Editorial
സ്ഥാപനയുടമ ഉൾപ്പെട്ട സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിന്റെ പേരിലാണ് പൊലിസിന്റെ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ കയറി എഡിറ്ററുടെ കസേരയിലിരുന്നത്. പുലർച്ചെ ആറോടെയാണ് കൊച്ചി കളമശേരിയിലുള്ള ചാനൽ ആസ്ഥാനത്ത് പൊലിസ് എത്തിയത്. വാർത്താസംപ്രേഷണം തടസപ്പെടുന്ന രീതിയിൽ പൊലിസ് പെരുമാറിയെന്നും മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചെടുത്തുവെന്നുമുള്ള ഗുരുതരമായ ആരോപണം ചാനൽ പ്രവർത്തകർ ഉയർത്തിയതോടെ റെയ്ഡിനെ എതിർത്തും പിന്തുണച്ചും ആളുകൾ രണ്ടു ചേരിയിലാകുന്നതാണു കണ്ടത്. ഭരണകൂട ഭീകരതയെന്ന് പ്രതിപക്ഷം ഒച്ചവയ്ക്കുമ്പോൾ നിയമപരമായ സാധാരണ നടപടിയെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പൊലിസ് നടപടിയെ വ്യാഖ്യാനിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ മാധ്യമസ്ഥാപനങ്ങളിൽ പൊലിസ് നടപടികളുണ്ടായതിന്റെ ലിസ്റ്റും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
നിയമം ഇരുതലമൂർച്ചയുള്ള വാളാണ്; അതുപോലെയാണ് മാധ്യമസ്വാതന്ത്ര്യവും. ശരിയായ രീതിയിൽ വിനിയോഗിച്ചില്ലെങ്കിൽ മുറിവേൽക്കും. കേരളത്തിൽ നിരവധി പത്രമാധ്യമങ്ങളുണ്ട്, വാർത്താ ചാനലുകളുണ്ട്, ഓൺലൈൻ ന്യൂസ് പോർട്ടലുകളുണ്ട്. ഒരേ ആശയത്തെ, സംഭവത്തെ പല വർണങ്ങളിൽ പ്രതിഫലിപ്പിക്കുന്നവയാണവ. ഇന്ത്യയിൽതന്നെ ഒട്ടുമിക്ക മാധ്യമങ്ങളും വ്യക്തമായ രാഷ്ട്രീയചായ്വും ബിസിനസ് താത്പര്യങ്ങളുമുള്ളവയാണ്. ഈ സ്ഥാപനങ്ങളിലെല്ലാം നിരവധി ജേണലിസ്റ്റുകൾ ജോലി ചെയ്യുന്നുണ്ട്. സ്ഥാപന യുടമകളുടെ രാഷ്ട്രീയവും ബിസിനസ് താത്പര്യങ്ങളും അവരെ പല കുഴപ്പങ്ങളിലും ചാടിക്കാറുണ്ട്. അതിന്റെ തുടർച്ചയായ ഭരണകൂട-പൊലിസ് നടപടികൾ സാധാരണ അവരുടെ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരിലേക്കു നീളാറില്ല. പത്രം നടത്തുന്ന കോർപറേറ്റ് മുതലാളിമാർക്കെതിരേ പലതരത്തിലുള്ള കേസുകളുണ്ടാകാറുണ്ട്. അപ്പോഴൊന്നും പൊലിസ് ന്യൂസ് ഡെസ്കിൽ കയറി വിളയാടാറുമില്ല.
റിപ്പോർട്ടർ ചാനലിന്റെ ഉടമയ്ക്കെതിരേയുള്ള കേസിന്റെ ന്യായാന്യായങ്ങളെക്കുച്ചോ അതു പ്രതിരോധിക്കാൻ ചാനലിനെ മറയാക്കി എന്ന ആരോപണത്തെക്കുറിച്ചോ അല്ല പറയാനുദ്ദേശിക്കുന്നത്. മാധ്യമരംഗം അകപ്പെട്ട ചതിക്കുഴികളെക്കുറിച്ചാണ്. ഒരു മാധ്യമസ്ഥാപനത്തിന്റെ ന്യൂസ്റൂമിലേക്ക് കടന്നുകയറുമ്പോൾ പൊലിസ് പാലിക്കേണ്ട ജനാധിപത്യ മര്യാദയിൽ വന്ന ജാഗ്രതക്കുറവിനെ വേണ്ടരീതിയിൽ പ്രതിരോധിക്കാൻപോലും കഴിയാതെ ഇരുൾമുറിയിൽ പരസ്പരം വാൾ വീശുന്ന മാധ്യമലോകത്തിന്റെ ചിത്രമാണ് നമ്മെ അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നത്. ചാനൽ ഉടമയുടെയും ചാനലിന്റെയും മാധ്യമ ധാർമികതയെക്കുറിച്ചുള്ള ചർച്ച നടക്കട്ടെ. ആ ചർച്ച, ദൃശ്യമാധ്യമരംഗത്തെ കിടമത്സരവും റേറ്റിംഗ് യുദ്ധവും അനുദിനം വഷളാക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന്റെ ഭാവിയിലേക്കും കോർപറേറ്റ്, ഭരണകൂട താത്പര്യങ്ങൾക്കു ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളുടെ നിലവാരത്തകർച്ചയിലേക്കും നീളട്ടെ.
ചാനലുകളുടെ കിടമത്സരം സർവസീമകളും ലംഘിക്കുന്ന കാലത്ത് എതിരാളികളുടെ തകർച്ച അന്തംവിട്ട് ആഘോഷിക്കുന്ന ചാനലുകളുടെ കാഴ്ച നൽകുന്ന അസ്വസ്ഥതയും ഒരുവശത്തുണ്ട്. ഈയൊരു സാഹചര്യമാണ് പൊലിസിനും ഭരണകൂടത്തിനും പൊതുസമൂഹത്തിനും ന്യൂസ്മുറിയിലേക്കു നീളുന്ന ഇത്തരം റെയ്ഡുകളെ ന്യായീകരിക്കാനുള്ള വീര്യം നൽകുന്നത്. എന്തുതന്നെയായാലും കേസുമായി നേരിട്ടു ബന്ധമില്ലാത്ത മാധ്യമപ്രവർത്തകരെ ന്യൂസ് റൂമിൽ കയറി ആശങ്കയുടെ മുൾമുനയിൽ നിർത്തിയത് തീർത്തും അപലപനീയമാണ്.
ഇതിന്റെ മറുവശവും കാണാതിരുന്നുകൂടാ. മാധ്യമപ്രവർത്തനത്തിന്റെ എല്ലാ ധാർമികതയും വെടിഞ്ഞ് സ്വന്തം താത്പര്യം സംരക്ഷിക്കാൻ മാത്രം മാധ്യമസ്ഥാപനങ്ങൾ തുടങ്ങുകയും വാങ്ങുകയും ചെയ്യുന്ന വ്യക്തികളും കോർപറേറ്റ് കമ്പനികളും മാധ്യമസ്വാതന്ത്ര്യം എന്ന പവിത്രമായ മൂല്യത്തെയാണ് ചവിട്ടിമെതിക്കുന്നത്. തെറ്റും ശരിയും സത്യവും മിഥ്യയുമെല്ലാം കൂടിക്കുഴഞ്ഞ് ആരെ പിന്തുണയ്ക്കണം, ആരെ എതിർക്കണം എന്നറിയാത്ത സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക കുഴമറിച്ചിലിന്റെ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
സ്ഥാപിത താത്പര്യക്കാർ മേയുന്ന മാധ്യമരംഗത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയയും സമാന്തരമായി നടക്കേണ്ടതുണ്ട്. എന്തിന്റെ പേരിലായാലും ഇപ്പൊഴീ നടപടിയെ ന്യായീകരിച്ചാൽ ഇതൊരു കീഴ്വഴക്കമായി മാറും. അങ്ങനെയാണ് നമ്മുടെ ഭരണകൂട-പൊലിസ് സ്വഭാവം. അതോടെ സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം അസാധ്യമായിത്തീരുകയും ചെയ്യും. വസ്തുതകൾ എന്ന ഒന്നില്ല, വ്യാഖ്യാനങ്ങൾ മാത്രമേയുള്ളൂ, എന്നു പറഞ്ഞത് ഫ്രെഡറിക് നീച്ചേ ആണ്. വസ്തുതകൾ വിശുദ്ധമാണ്, അഭിപ്രായം സ്വതന്ത്രവും എന്നു പ്രഖ്യാപിച്ചത് സി.പി. സ്കോട്ടും. മനുഷ്യർ ചിന്തിച്ചുതുടങ്ങിയ കാലം മുതൽ വസ്തുതകളും വ്യാഖ്യാനങ്ങളും കെട്ടുപിണഞ്ഞ് പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിനുള്ളിൽ മറഞ്ഞിരിക്കുന്ന സത്യവും ധർമവും നീതിയും പുറത്തു കൊണ്ടുവരാൻ അവിരാമം ശ്രമിച്ച മാധ്യമപ്രവർത്തകരുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്.
ഒരേ വസ്തുതയിൽതന്നെ വ്യത്യസ്ത നിലപാടുകളുണ്ടാകുന്നതു വ്യാഖ്യാനങ്ങളുടെ വൈവിധ്യംകൊണ്ടാണ്. അത്തരം വൈവിധ്യങ്ങൾ നിർഭയം പ്രകടിപ്പിക്കാനാകും എന്നിടത്താണ് ജനാധിപത്യത്തിന്റെ വിജയം. വിരുദ്ധ നിലപാടുകളുടെ വസന്തം പൂക്കുന്നയിടമാണ് ജനാധിപത്യം. അത്തരം വിരുദ്ധ നിലപാടുകളുള്ള, സ്വതന്ത്ര മാധ്യമങ്ങളാണ് ജനാധിപത്യത്തിന്റെ യഥാർഥ നാലാം തൂൺ. തട്ടിപ്പുകൾ നടത്തി രക്ഷപ്പെടാൻ മാധ്യമസ്ഥാപനങ്ങളെ മറയാക്കുന്ന മാധ്യമ നെറികേടിനെയും പൊലിസ് എഡിറ്ററുടെ കസേരയിൽ കയറിയിരിക്കുന്ന അശ്ലീലത്തെയും ഒരുപോലെ നേരിടുകയെന്ന സങ്കീർണമായ ദൗത്യമാണ് മാധ്യമരംഗത്തിന്റെ ജനാധിപത്യ ഭാവിക്കുവേണ്ടി ഏറ്റെടുക്കേണ്ടത്.
Editorial
ഡ്രൈവിംഗ് ടെസ്റ്റ് എന്നതു കേവലം ഔദ്യോഗികമായ നടപടിക്രമം മാത്രമല്ല. ഒരു സമൂഹം തങ്ങളുടെ ഡ്രൈവർമാരിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിന്റെ നേർസാക്ഷ്യം കൂടിയാണ്. ഡ്രൈവിംഗ് ലൈസൻസ് വലിയ അംഗീകാരമായി ആഗോളതലത്തിൽതന്നെ കരുതുന്നുണ്ട്. എങ്കിലും അതിലേക്കുള്ള വഴി ഓരോ രാജ്യത്തും വ്യത്യസ്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റോഡ് സംസ്കാരവും വളരെ വ്യത്യസ്തമാണ്. കർശനമായ രാജ്യാന്തര നിലവാരത്തിൽനിന്ന് ഏറെ അകലെയാണ് ഇന്ത്യൻ ഡ്രൈവിംഗ് ടെസ്റ്റ് എന്ന വിമർശനം നേരത്തേയുള്ളതാണ്.
അപഹാസ്യമായ വിധത്തിൽ വളരെ എളുപ്പമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പരീക്ഷണങ്ങൾപോലും മറികടക്കുന്ന വിധമുള്ള അഴിമതിയും ഇവിടെ കൊടികുത്തിവാഴുന്നു. റോഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം ഉയർന്ന റോഡ് സംസ്കാരവുംകൂടി ചേർന്നാലേ രാജ്യത്തെ പാതകൾ സുരക്ഷിതമാകൂ എന്നതിൽ സംശയമില്ല. പക്ഷേ, പൂച്ചയ്ക്കാരു മണികെട്ടും എന്ന പതിവുചോദ്യം നമ്മെ തുറിച്ചുനോക്കുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷയിൽ കാതലായ മാറ്റം കൊണ്ടുവരുന്നത്. റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള ഡ്രൈവറുടെ കഴിവ് പരിശോധിക്കുന്ന കംപ്യൂട്ടർ അധിഷ്ഠിത ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ ഡിസംബർ ഒന്നുമുതൽ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമാകുകയാണ്. ആദ്യം ഓണ്ലൈൻ ലേണേഴ്സ് ടെസ്റ്റ്, തുടർന്ന് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെയാകും പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ.
ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് വിജയിച്ചശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിനു നിർബന്ധമായും 30 ദിവസത്തെ ഇടവേളയും ഉണ്ടായിരിക്കണം. വീഡിയോ ഗെയിം മാതൃകയിലുള്ള ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റി’ൽ ആകെ 100 മാർക്കാണുണ്ടാകുക. 60 മാർക്ക് കിട്ടുന്നവർ അടുത്ത ഘട്ടത്തിന് യോഗ്യത നേടും. വ്യത്യസ്ത കാലാവസ്ഥകളിലെ ഡ്രൈവിംഗ്, രാത്രികാല ഡ്രൈവിംഗ്, അപ്രതീക്ഷിത തടസങ്ങൾ എന്നിവ മുൻകൂട്ടി തിരിച്ചറിഞ്ഞ് വാഹനം നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങൾ നിലവിലെ റോഡ് ടെസ്റ്റിൽ സമഗ്രമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് വകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്.
നമ്മുടെ റോഡുകളിൽ വണ്ടിയോടിക്കുന്നവരെ രാജ്യാന്തര നിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ മാറ്റത്തെ സർവാത്മനാ സ്വാഗതം ചെയ്യേണ്ടതുണ്ട്. അതേസമയം, പൂർണലക്ഷ്യം ഇനിയുമകലെയാണെന്ന കാര്യവും മറക്കരുത്. പത്തുവർഷം വണ്ടിയോടിച്ചിട്ടും സൈഡ് ഇൻഡിക്കേറ്റർ സ്വിച്ച് എവിടെയെന്നറിയാത്ത ഡ്രൈവർമാരുള്ള നാടാണിത്! അതുപോലെ രാത്രിയാത്രയിൽ ഹെഡ്ലൈറ്റ് ഡിം ചെയ്യുന്നത് പൗരുഷത്തെ ബാധിക്കുന്ന വലിയ പ്രശ്നമായി കരുതുന്നവരുമുണ്ട്. അതുമല്ല, റോഡിൽ വരച്ചുവച്ചിരിക്കുന്ന സീബ്രാലൈനുകളും കാൽനടക്കാരും സൈക്കിൾ യാത്രികരും വലിയ ശല്യമാണെന്ന് പുച്ഛിക്കുന്നവരും കുറവല്ല. ഇവരെയൊക്കെ മര്യാദ പഠിപ്പിക്കാൻ ഏതു ഭഗീരഥൻ വരുമെന്ന ചോദ്യത്തിനും ഉത്തരം കാണണം.
അപരനെ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന അടിസ്ഥാനതത്വമാണ് റോഡിലും പുലർത്തേണ്ടത്. ഇക്കാര്യം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ചെറുപ്പം മുതലേ പഠിപ്പിച്ചെടുക്കണം. ഇക്കാര്യത്തിൽ ഹിമാലയൻ നഗരങ്ങളിലെ ഡ്രൈവർമാരെ മാതൃകയാക്കാവുന്നതാണ്. ഒരു ബ്ലോക്ക് വന്നാൽ അവിടെ അതിവേഗം അത് പരിഹരിക്കപ്പെടും. ഇവിടെയാണെങ്കിലോ? ഹോൺ ശബ്ദവും തെറിവിളികളുംകൊണ്ട് പ്രദേശമാകെ പൊട്ടിത്തെറിക്കും!
മറ്റു രാജ്യങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി അത്യാധുനിക മാർഗങ്ങൾ ഇപ്പോഴേ സ്വീകരിച്ചിട്ടുണ്ട്. ചൈന, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ വാഹനത്തിനുള്ളിൽ ഒരു പരിശോധകന്റെ സാന്നിധ്യമില്ലാതെതന്നെ, ക്യാമറകളും ഓൺ-ബോർഡ് കംപ്യൂട്ടറുകളും ഘടിപ്പിച്ച ട്രാക്കുകളിലൂടെ ഡ്രൈവറുടെ കൃത്യത തത്സമയം വിലയിരുത്തുന്നുണ്ട്. യുകെ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഡ്രൈവിംഗ് ടെസ്റ്റുകളിൽ സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ലോവേനിയ ഇന്ധനക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഡ്രൈവിംഗ് രീതികൾ പരിശോധിക്കുമ്പോൾ, ജർമനി രാത്രികാല ഡ്രൈവിംഗും മോട്ടോർവേ ഡ്രൈവിംഗും നിർബന്ധിത പരിശീലനത്തിന്റെ ഭാഗമാക്കുന്നു.
ഇന്ത്യയിലാകട്ടെ, ലൈസൻസ് ലഭിച്ച പല ഡ്രൈവർമാർക്കും അടിസ്ഥാന നൈപുണ്യങ്ങൾ ഉണ്ടാകാറില്ല. ലെയ്ൻ അച്ചടക്കം, കണ്ണാടികളുടെ ശരിയായ ഉപയോഗം, സുരക്ഷിതമായ അകലം പാലിക്കൽ എന്നിവയൊക്കെ ലൈസൻസ് കിട്ടിയ ശേഷമാണ് അവർ പഠിക്കുന്നത്. ചുരുക്കത്തിൽ, യഥാർഥ റോഡുകൾ തന്നെയാണ് ഇവിടെ ഡ്രൈവിംഗ് പരിശീലനകേന്ദ്രങ്ങളായി മാറുന്നത്. കാർ ഉടമസ്ഥർ അതിവേഗം കൂടുന്ന ഇന്ത്യയിൽ, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾക്ക് ഡ്രൈവിംഗ് സൗകര്യം ലഭ്യമാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. അതോടെ, നമ്മുടെ നാട്ടിലെ റോഡ് സംസ്കാരം എന്നത് പരസ്പര സഹകരണം, നിയന്ത്രിത അരാജകത്വം, അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള അലിഖിത നിയമങ്ങൾ എന്നിവയുടെ അപൂർവ മിശ്രിതമായി മാറുന്നു.
വലിയ ശബ്ദഘോഷം ഉണ്ടാക്കുന്നവരും വലിയ വാഹനങ്ങളുമാണ് ഇന്ത്യൻ റോഡിലെ അധികാരികൾ. ചെറിയ വാഹനങ്ങളും കാൽനടക്കാരുമെല്ലാം വിനീതവിധേയരായി അവർക്കു മുന്നിൽനിന്ന് ഓടിമാറേണ്ടിവരുന്നു. അതേസമയം, തെരുവുമൃഗങ്ങൾക്കു മുന്നിൽ മാത്രം എല്ലാവരും സമന്മാരാണ്! സുരക്ഷിത ഡ്രൈവിംഗ് സംസ്കാരം വളർത്താനുള്ള ഏതൊരു നീക്കത്തെയും പിന്തുണച്ചേ മതിയാകൂ. അത്രത്തോളമാണ് വാഹനപ്പെരുപ്പം. അച്ചടക്കത്തോടെ റോഡിൽ പെരുമാറിയില്ലെങ്കിൽ നഷ്ടമാകുന്ന മനുഷ്യജീവനും പാഴാകുന്ന സമയത്തിനും പകരംവയ്ക്കാനൊന്നുമില്ലെന്ന് മറക്കരുത്.
Editorial
പ്രതിപക്ഷം സർക്കാരിനെ കുറ്റപ്പെടുത്തുന്നു. സർക്കാർ കണക്കുകൾ നിരത്തി പ്രതിരോധിക്കുന്നു. മുൻമന്ത്രിയും ഇപ്പോഴത്തെ മന്ത്രിയും വാക്പോരു നടത്തുന്നു. കെഎസ്ഇബിയും വൈദ്യുതി വകുപ്പും ഇരുട്ടിൽതപ്പുന്നു. ജനം നട്ടംതിരിയുന്നു. വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനത്തിന്റെ അവസ്ഥയിതാണ്. മുൻ സർക്കാരിനും വൈദ്യുതി ബോർഡിനും മാത്രമല്ല നിലവിലെ സർക്കാരിനും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാനാകില്ല.
ദേശീയതലത്തിലുണ്ടായ ഉത്പാദനക്കുറവും സംസ്ഥാനത്ത് കുതിച്ചുയരുന്ന ഉപയോഗവുമെല്ലാം കാലാവസ്ഥാവ്യതിയാനത്തിന്റെ പരിണതഫലമായി വിലയിരുത്താം. ഇലക്ട്രിക് വാഹനങ്ങളുടെയും എയർ കണ്ടീഷനറുകളുടെയും ഉപയോഗം പെരുകിയതും കാരണമാകാം. സ്വിച്ചിട്ടു പരിഹരിക്കാവുന്നതല്ല പ്രശ്നമെന്നു പറയുന്ന മന്ത്രി ഓർക്കണം; ഇതെല്ലാം മുൻകൂട്ടി പ്രവചിക്കപ്പെട്ടിരുന്നെന്നും കെഎസ്ഇബിയും സർക്കാരും ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചില്ലെന്നും സ്വിച്ചിടാതെതന്നെ തെളിയുന്ന വസ്തുതയാണെന്ന്. ജനങ്ങൾ സഹകരിക്കണമെന്ന മന്ത്രിയുടെ അഭ്യർഥനയും മുഖവിലയ്ക്കെടുക്കണം.
പുര കത്തുമ്പോൾ വാഴവെട്ടുന്നുതുപോലെയാണ് രാജ്യത്തെ വൈദ്യുതി ഉത്പാദകർ വൈദ്യുതിക്കു വില വർധിപ്പിക്കുന്നത്. യൂണിറ്റിന് പത്തു രൂപ കൊടുത്താലും കിട്ടാനില്ലെന്നാണ് മന്ത്രി പറയുന്നത്. ഇതാണ് ലാഭമുണ്ടാക്കാനുള്ള അവസരമെന്ന് അവർക്കറിയാം. തന്നെയുമല്ല വൈദ്യുതി ഉത്പാദനവും വിതരണവുമെല്ലാം സ്വകാര്യമേഖലയിലാകണമെന്നതാണ് കേന്ദ്രസർക്കാരിന്റെയടക്കം താത്പര്യം. കെഎസ്ഇബി പൊതുമേഖലയിൽ നിലനിർത്തുമെന്നാണ് കേരളസർക്കാർ ഉറപ്പു നൽകുന്നത്. എന്നാൽ വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും സംസ്ഥാനത്തിനു ബാധ്യതയാകരുത്.
വൈദ്യുതി നിയന്ത്രണം അനിവാര്യമായതിന്റെ സാഹചര്യം കെഎസ്ഇബി വിവരിക്കുന്നത് ഇപ്രകാരമാണ്. കഴിഞ്ഞ വ്യാഴാഴ്ച ആകെ ഉപയോഗം-96.02 ദശലക്ഷം യൂണിറ്റ്. ഉത്പാദനം- 25.22 ദശലക്ഷം യൂണിറ്റ്. ഇറക്കുമതി 70.80 ദശലക്ഷം യൂണിറ്റ്. വൈകുന്നേരം 6.44ന് ഉയർന്ന ആവശ്യകത 5024 മെഗാവാട്ട്. പ്രധാനമായും ജലവൈദ്യുത പദ്ധതികളെയാണ് സംസ്ഥാനം ആശ്രയിക്കുന്നത്. മഴക്കുറവുമൂലം ഡാമുകളിലെ ജലനിരപ്പ് വ്യാഴാഴ്ച 63.04 ശതമാനമായിരുന്നു. കഴിഞ്ഞവർഷമിത് 79.79 ശതമാനവും.
സംസ്ഥാനത്തിന് ആവശ്യമായതിന്റെ 25 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത് എന്നതാണ് നാം നേരിടുന്ന അടിസ്ഥാനപരമായ വിഷയം. ഭക്ഷ്യവസ്തുക്കൾക്കടക്കം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ വൈദ്യുതിയുടെ കാര്യത്തലും കേരളത്തെ വേട്ടയാടുന്നുണ്ട്. സംസ്ഥാനത്തു പല പദ്ധതികളും പൂർണമായോ ഭാഗികമായോ മുടങ്ങിക്കിടക്കുകയാണ്. ഭൂതത്താൻകെട്ട്, മണിയാർ, രണ്ടാം പെരിങ്ങൽക്കുത്ത് എന്നിവയെല്ലാം മുടങ്ങിയ സ്ഥിതിയിലാണ്. പുതിയ പദ്ധതികൾ ആരംഭിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും തടസങ്ങളേറെയാണ്. സാങ്കേതിക കുരുക്കുകളാണ് പ്രശ്നമെന്നാണ് മന്ത്രി പറയുന്നത്.
ആണവനിലയങ്ങൾ പ്രായോഗികമല്ലാത്ത കേരളത്തിൽ സോളാർ വൈദ്യുതി ഉത്പാദനത്തിനാണ് പ്രാധാന്യം നൽകേണ്ടത്. സോളാർ വിത്ത് ബാറ്ററി എനർജി സ്റ്റോറേജ് (ബസ്) പ്രൊവിഷനാണ് പരിഹാരമെന്ന് വൈദ്യുതി വകുപ്പു കണ്ടെത്തിയിട്ടുമുണ്ട്. പകൽ സൗരോർജത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രിയിലെ ഉപയോഗത്തിനായി സൂക്ഷിക്കുന്ന ബാറ്ററി സംവിധാനം പ്രോത്സാഹിപ്പിക്കപ്പെടണം. അതിനു സർക്കാർ തലത്തിൽ കാസര്ഗോഡ് മൈലാട്ടിയിലും (500 മെഗാവാട്ട്) കണ്ണൂര് ജില്ലയിലെ ശ്രീകണ്ഠപുരത്തും (40 മെഗാവാട്ട്) കൊച്ചി ബ്രഹ്മപുരത്തും (500 മെഗാവാട്ട്) ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. കമ്യൂണിറ്റി സ്റ്റോറേജ് സംവിധാനത്തിൽ സൗരോർജ പദ്ധതികളെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും വേണം. കെഎസ്ഇബിയിൽനിന്ന് ഇതിന് ഊർജിത സഹകരണമുണ്ടാകണം.
മുൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും കെഎസ്ഇബിയുടെ പിടിപ്പുകേടുമാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ സർക്കാർ അധിക വൈദ്യുതി ആവശ്യമുള്ള മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 530 മെഗാവാട്ട് വൈദ്യുതിയാണു കടം വാങ്ങിയത്. അതിപ്പോൾ സംസ്ഥാനം തിരിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. നമുക്ക് ആവശ്യമുള്ള വൈദ്യുതി കിട്ടാനില്ലാത്തപ്പോഴും കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടിവരുന്ന ബാധ്യത സംസ്ഥാനത്തിനുണ്ട്. അന്നു പണം കൊടുത്തു വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ ഇത്രയും രൂക്ഷമായ അവസ്ഥയുണ്ടാകില്ലായിരുന്നുവെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ 25 വര്ഷത്തേക്ക് യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്നപ്പോഴുണ്ടാക്കിയ ദീർഘകാല കരാർ റദ്ദാക്കേണ്ടിവന്നു. 465 മെഗാവാട്ട് വൈദ്യുതിക്കായിരുന്നു കരാർ. ഇതിന്റെ ഉത്തരവാദിത്വം പിണറായി സർക്കാരിനാണെന്ന് മന്ത്രി പറയുന്നു. എന്നാൽ മുൻമന്ത്രി പറയുന്നത് റെഗുലേറ്ററി കമ്മീഷനാണ് കരാർ റദ്ദാക്കിയത് എന്നാണ്. എന്തുതന്നെയായാലും ഇപ്പോൾ സംസ്ഥാനം ഇരുട്ടിലാകാൻ ഈ കരാർ റദ്ദാക്കൽ കാരണമായെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണമാണ് ജനങ്ങൾക്ക് ഇരുട്ടടിയാകുന്നതും ജനരോഷം ഇരട്ടിയാക്കുന്നതും. കെഎസ്ഇബി അധികൃതർ ഇക്കാര്യത്തിൽ മുൻകൂട്ടി നടപടിയെടുക്കാഞ്ഞത് വീഴ്ചതന്നെയാണ്. പ്രതിഷേധം കടുത്തതോടെയാണ് അറിയിപ്പെങ്കിലും നൽകിത്തുടങ്ങിയത്. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ സർക്കാരും കെഎസ്ഇബിയും കൂടുതൽ ജാഗ്രത പുലർത്തണം. രാഷ്ട്രീയപ്പോരല്ല മുടങ്ങാത്ത വൈദ്യുതിയാണ് ജനങ്ങൾക്കു വേണ്ടത്. അടിയന്തര പരിഹാരത്തിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം പരമാവധി വർധിപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകണം.
Editorial
കേരളത്തിലെ വിജനമാകുന്ന വീടുകളും ഗ്രാമങ്ങളും മാത്രമല്ല, കുട്ടികൾ തികയാത്ത അങ്കണവാടികളും വിദ്യാലയങ്ങളും അതിഥി തൊഴിലാളികൾ അവധികഴിഞ്ഞെത്താൻ വൈകുമ്പോൾ അടയുന്ന കടകളും മറ്റു സ്ഥാപനങ്ങളുമൊക്കെ ദുഃസൂചനയാണ്. ജനനനിരക്കിലെ ഇടിവ് നാടിനെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. മരണനിരക്കിലെ ഇടിവ് ഉത്തരവാദിത്വങ്ങൾ വർധിപ്പിച്ചിരിക്കുന്നു. ദീപിക ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നുവരെ പ്രസിദ്ധീകരിച്ച ‘എണ്ണം കുറയുന്ന കേരളീയർ’ എന്ന പരമ്പരയിലെ കണക്കുകൾ ഗൗരവമുള്ളതാണ്.
പരിഗണിച്ചില്ലെങ്കിൽ ഭാവിയെയും വികസനത്തെയുംകുറിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റും. പണിയെടുക്കാനും വയോധികരെ ശുശ്രൂഷിക്കാനും ആളില്ലെന്നതുമുതൽ ദുഃസഹമായ ഏകാന്തതവരെ നീളുന്ന നിരവധി ജനസംഖ്യാപ്രശ്നങ്ങൾ പടിവാതിൽക്കലെത്തി. റോബോട്ടുകളെയും സൂപ്പർ നിർമിതബുദ്ധിയെയും ആശ്രയിച്ചു ജീവിക്കുന്ന നരച്ച ലോകം ചരിത്രത്തിന്റെ പ്രമേയമാകുന്നു. എന്തു ചെയ്യും? ഇക്കാര്യത്തിൽ ലോകം ചെയ്ത പരിശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ലെന്നു തിരിച്ചറിഞ്ഞ് തല പുകയ്ക്കുകതന്നെ.
യൂറോപ്പിലും ജപ്പാനിലും ദക്ഷിണകൊറിയയിലും ചൈനയിലും ജനസംഖ്യ കുറയുകയാണ്. വളർച്ച തിരികെ പിടിച്ചതിന്റെ ഉദാഹരണങ്ങളില്ല. ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ ആകെ ജനനനിരക്ക് (ടിഎഫ്ആർ-ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) ജനസംഖ്യാ സ്ഥിരത നിലനിർത്താനാവശ്യമായ പരിധിക്കും താഴെയെത്തി. ഒരു സ്ത്രീ പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണമാണ് ടിഎഫ്ആർ. ജൂണിൽ, രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണറുടെ ഓഫിസ് പുറത്തുവിട്ട 2024ലെ എസ്ആർഎസ് (സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം) സ്ഥിതിവിവരക്കണക്കാണ് അടിസ്ഥാനം.
കേരളത്തിൽ, ജനനവും മരണവും മാത്രം നോക്കിയാൽ, 2024ലെ കണക്കനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ഏഴു ജില്ലകളിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ നടന്നു. 2023ൽ ആറു ജില്ലകളിലും 2022ൽ മൂന്നു ജില്ലകളിലും മാത്രമായിരുന്നു മരണം മുന്നിൽനിന്നത്. കുറേ വർഷങ്ങളായി മലബാർ ജില്ലകളിൽ കൂടുതൽ ജനനങ്ങളുള്ളതിന്റെ ബലത്തിലാണ് കേരളം ജനസംഖ്യ വർധിപ്പിച്ചുപോന്നത്. ആ ജില്ലകളിലും ജനനം കുറഞ്ഞുവരികയാണ്. ഇങ്ങനെ തുടർന്നാൽ സംസ്ഥാനമാകെ ജനസംഖ്യ കുറയും.
2023ൽ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി. വളർച്ച തുടരുന്നുണ്ട്. പക്ഷേ, ഇപ്പോഴത്തെ ലക്ഷണങ്ങളനുസരിച്ച് ഈ ജനസംഖ്യാവർധന വൈകാതെ താഴോട്ടാകും. ജനനത്തോത് കുറഞ്ഞു. പക്ഷേ, ജനസംഖ്യ കുറഞ്ഞുതുടങ്ങുകയില്ല. ജനസംഖ്യാവർധനയുടെ തോതുപോലും സാവധാനമേ കുറയൂ. കാരണം നിലവിലുള്ളവർ തുടർന്നു ജീവിക്കുന്നുണ്ട്. 1960കളുടെ ഒടുവിൽ ജനനനിയന്ത്രണ പ്രചാരണം ആസൂത്രിതമായി തുടങ്ങിയശേഷം ജനസംഖ്യാ വർധനയുടെ ഗതിമാറ്റത്തിനു വേഗം കൂടി.
അതൊക്കെ ജനസംഖ്യയിലെ സ്വാഭാവിക വർധനയുടെ കാര്യം. ജനന-മരണനിരക്കുകൾ കുറഞ്ഞതും സ്ത്രീ സ്വാതന്ത്ര്യം മഹത്തായ ചുവടുവയ്പുകൾ നടത്തിയതും വിദ്യാഭ്യാസ-തൊഴിൽ കുടിയേറ്റങ്ങൾ വർധിച്ചതും വിവാഹ-കുടുംബ സങ്കൽപ്പത്തെ തള്ളിപ്പറഞ്ഞതും മക്കൾ ‘ശല്യ’മായതും ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ടാകാം. ഓരോ വർഷവും ഒരു ലക്ഷമോ അതിലധികമോ പേർ പഠനത്തിനും ജോലിക്കുമായി സംസ്ഥാനം വിട്ടുപോകുന്നു. സ്ത്രീകൾ കൂടുതൽ വിദ്യാഭ്യാസവും തൊഴിലും ആർജിച്ചതും സ്വാതന്ത്ര്യബോധവും ഒരു ഘടകമാണ്. അവരെ പഴയതുപോലെ വീടുകളിലും പ്രസവമുറികളിലും തളച്ചിടാൻ പരിഷ്കൃതലോകം തുനിയുകയുമില്ല.
എല്ലാ മതവിഭാഗങ്ങളും ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടും ജനസംഖ്യാശോഷണം സർക്കാരും പൊതുസമൂഹവും ഗൗരവത്തിലെടുത്തിട്ടില്ല. ഒടുവിൽ സെൻസസ് നടന്ന 2011ലെ ഉയർന്ന നിരക്കുവച്ചുള്ള വിലയിരുത്തലുകളാണ് ഇപ്പോഴുമുള്ളത്. അതിഥി തൊഴിലാളികളെ ലഭിക്കുന്നില്ലായിരുന്നെങ്കിൽ നാം ഈ ചർച്ച 10 വർഷമെങ്കിലും മുമ്പേ തുടങ്ങിയേനെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ സമയത്ത്, നാട്ടിലേക്കുപോയ തൊഴിലാളികൾ മടങ്ങിവരാൻ വൈകിയതോടെ കേരളത്തിലെ ആയിരക്കണക്കിനു കടകൾ അടഞ്ഞു. നിർമാണമേഖല പാതിയിലേറെയും സ്തംഭിച്ചു. ഇത് ഇനിയും ആവർത്തിക്കും. ഒരിക്കൽ അവരിലേറെയും തിരിച്ചുവരില്ല. പഠനത്തിനും തൊഴിലിനുമായി യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ കുടിയേറിയവരും അവരുടെ മക്കളും തിരിച്ചുവരില്ല.
എന്തു ചെയ്യുമെന്നു ചോദിച്ചുകൊണ്ടേയിരിക്കണം. കാരണം, ജോലി ചെയ്യുന്നവരുടെ എണ്ണം കുറയും, പെൻഷൻ, ആരോഗ്യ ചെലവുകൾ കൂടും, സാമ്പത്തികവളർച്ച മന്ദഗതിയിലാകും, ഇന്നോളം പരിചയപ്പെടാത്ത പുതിയ പ്രതിസന്ധികളും ഉണ്ടാകും. കൂടുതൽ കുട്ടികളുള്ളവർക്കു സാമ്പത്തിക പ്രോത്സാഹനം, കുട്ടികൾക്കു സൗജന്യവിദ്യാഭ്യാസം, ദീർഘമായ പ്രസവാവധി, നികുതിയിളവ്... ലോകം പലതും പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല. പക്ഷേ, ഇതൊരു പരാജയമാണെന്നു കരുതാനാകില്ല. വികസനത്തിന്റെയും ലോകക്രമത്തിന്റെയും പുതിയ ഘട്ടമാണ്; അനിവാര്യമായത്. കാലനില്ലാത്ത കാലത്തിനുമുമ്പേ മാതാപിതാക്കളില്ലാത്ത കാലം!
ആദ്യം മുറികൾ, പിന്നെ വീടുകൾ, ഒറ്റപ്പെട്ട ഗ്രാമങ്ങൾ... നാളെ ഈ നാടും ഇവിടെ ആരെങ്കിലുമുണ്ടോ എന്നു വിളിച്ചുചോദിക്കും. ഇതു മനുഷ്യവംശം അനുഭവിച്ചുതുടങ്ങിയിട്ടു മാത്രമുള്ള സമസ്യയാണ്. സ്ത്രീയെന്നും പുരുഷനെന്നും സവർണനെന്നും അവർണനെന്നും ന്യുനപക്ഷമെന്നും ഭൂരിപക്ഷമെന്നും മനുഷ്യരെ വിഭജിക്കുന്നവരെ ആട്ടിപ്പായിച്ച് മനുഷ്യർ ഒറ്റക്കെട്ടായി നടത്തേണ്ട ഭാവിചിന്തകളിലൊന്ന്. പക്ഷേ, ചിന്താശേഷിയും വ്യക്തിത്വവും വികാരവുമാർജിച്ചേക്കാവുന്ന സൂപ്പർനിർമിതബുദ്ധി നരച്ച വംശത്തെ പരിപാലിച്ചു മടുത്ത് ഉന്മൂലനം ചെയ്ത് ഭൂമിയെന്ന ‘ഗൃഹ’ത്തെ കൈയേറുംമുമ്പു വേണം. ഒരതിശയോക്തിയാണ്; വിമാനം പറക്കുംമുമ്പ്, പുഷ്പകവിമാനം പറപ്പിച്ചതുപോലെ!
Editorial
ലോകത്ത് ആദ്യമായി ഒരു പ്രകൃതിദുരന്തത്തിനു പിന്നാലെ, പതിവില്ലാത്തൊരു പ്രശ്നം ഉയർന്നുവന്നിരിക്കുന്നു. നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിന്റെ കാരണം ആഗോളതാപനമായതിനാൽ, അതിനു കാരണമായ ഹരിതവാതകങ്ങൾ അധികം പുറന്തള്ളുന്ന അമേരിക്കയും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്കേണ്ടതുണ്ടെന്നാണ് നേപ്പാള് പറഞ്ഞത്. തത്കാലം നടപ്പില്ലാത്ത കാര്യമാണ്.
വ്യാപകനാശം വിതച്ച പ്രളയദുരിതത്തിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിച്ച ഇന്ത്യക്കു നടുക്കമുളവാക്കുന്ന പ്രസ്താവനയാണിത്. പക്ഷേ, ആഗോളതാപനത്തിന്റെ കാലത്ത് ലോകം ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഉയർത്തപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെയാകമാനം സുഖജീവിതത്തിനു ചില മനുഷ്യർമാത്രം വിലകൊടുക്കേണ്ടിവരുന്ന അനീതിയെ നേപ്പാൾ ശ്രദ്ധയിൽപെടുത്തിയിരിക്കുന്നു. പരിസ്ഥിതിനാശത്തിന്റെ വില, കേരളത്തിന്റെ മലയോരവാസികൾ മാത്രം പരിസ്ഥിതിലോല നിരോധന-നിയന്ത്രണങ്ങളുടെ പേരിൽ ഒടുക്കേണ്ടിവരുന്ന അനീതിപോലെ പരിഹരിക്കപ്പെടേണ്ട വിഷയമാണിത്. ആഗോളതാപച്ചൂള കത്തിച്ചവർക്കും പൊള്ളണം.
ഹിമാലയത്തിൽ വൻ ഹിമപാതത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ 1,127 പേർ മരിച്ചു. 3,900ത്തിലധികം ആളുകളെ കണ്ടെത്താനായിട്ടില്ല. ‘ഹിമാലയൻ സുനാമി’ തങ്ങളുടെ കുറ്റംകൊണ്ടു സംഭവിച്ചതല്ല എന്നതാണ് നേപ്പാൾ വാദിക്കുന്നത്. ഇന്ത്യയും ചൈനയും അമേരിക്കയും ഉൾപ്പടെയുള്ളവർ സഹായമല്ല, നഷ്ടപരിഹാരമാണ് നൽകേണ്ടതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. “ആഗോളതാപനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവിടുന്ന രാജ്യങ്ങൾക്ക് ധാർമികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്. ഞങ്ങൾ സൃഷ്ടിക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ കനത്ത വിലയായി ജീവനുകൾ ഉൾപ്പടെ ബലി നൽകേണ്ടിവന്നിരിക്കുന്നു.
ആഗോളതാപനത്തിൽ നേപ്പാളിന്റെ പങ്ക് 0.1 ശതമാനത്തിലും താഴെയാണ്. ദുരിതാശ്വാസങ്ങളെ ഭിക്ഷയോ ഔദാര്യമോ ആയിട്ടല്ല. നീതിയും നഷ്ടപരിഹാരവുമായി കാണണം.” വിഷയം ചർച്ചയാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ‘ലോസ് ആൻഡ് ഡാമേജ്’ ഫണ്ടിനെ നേപ്പാൾ സമീപിച്ചിരിക്കുകയാണ്. അടുത്തതായി നേപ്പാൾ പ്രധാനമന്ത്രി യുഎൻ പൊതുസഭയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
മുന്പ് പരോക്ഷമായി ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണെങ്കിലും പ്രഹസനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമകാലിക ആഗോളതാപന ചർച്ചകളുടെ ദിശ മാറ്റുന്ന പ്രസ്താവനയാണ് നേപ്പാൾ നടത്തിയിരിക്കുന്നത്. ആഗോള കാർബണിന്റെ 45 മുതൽ 48 ശതമാനം വരെ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പുറന്തള്ളുന്നതെന്നാണ് നേപ്പാൾ ആരോപിച്ചിരിക്കുന്നത്. എന്നാൽ, ആകെയുള്ള കാർബൺ പുറന്തള്ളലിൽ മുന്നിലാണെങ്കിലും പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്നതാണ് ഇന്ത്യയുടെ നിലപാട്.
വ്യവസായങ്ങളും ഊർജോത്പാദനമേഖലയും പ്രധാനമായും ആശ്രയിക്കുന്നതു കൽക്കരിയെ ആയതിനാൽ ലോകത്ത് ഏറ്റവുമധികം കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതു ചൈനയാണ്; 30 ശതമാനം. ലോകജനസംഖ്യയുടെ നാലു ശതമാനം മാത്രമുള്ള അമേരിക്ക, ആകെ കാർബൺ പുറന്തള്ളലിന്റെ ഏകദേശം 13 ശതമാനം നടത്തുന്നുണ്ട്. പക്ഷേ, എല്ലാ മനുഷ്യരുടെയും പരിസ്ഥിതിദ്രോഹത്തിന്റെ ഇരകൾ പർവതങ്ങളിലും താഴ്വരകളിലും കടൽത്തീരങ്ങളിലുമൊക്കെയുള്ള താരതമ്യേന ദരിദ്രരായ മനുഷ്യരാണ്. പക്ഷേ, അധികാരം ദാരിദ്ര്യത്തെ പ്രചാരണോപാധി മാത്രമായി കാണുന്ന സന്പന്നരുടെ കൈയിലാണ്.
കേരളത്തിൽ പരിസ്ഥിതിലോല മേഖല (ഇഎസ്ഐ)യിൽ പെടുത്തിയ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ അവസ്ഥയും ഇതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോടതികളും നിർവികാരത പുലർത്തുന്പോൾ എന്തു ചെയ്യണമെന്നറിയാതെ ആയുസത്രയും ഭീതിയിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകാണ് അവർ. നഗരങ്ങൾക്കുവേണ്ടിയുള്ള ജലസേചന പദ്ധതികളും അണക്കെട്ടുകളും പവർഹൗസുകളുമെല്ലാം മലയോരവാസികളുടെ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്. ഭരണാധികാരികളും നിയമജ്ഞരും നഗരവാസികളും അനുഭവിക്കുന്നതിന്റെ ഒരംശം സുഖജീവിതം വിധിച്ചിട്ടില്ലാത്ത മനുഷ്യർ എല്ലാത്തിന്റെയും ഉത്തരവാദികളായി മാറുന്നു.
നേപ്പാളിന്റെ അവകാശവാദം അവർക്കു സഹായവുമായി ഓടിയെത്തിയ ഇന്ത്യയെ വേദനിപ്പിക്കുന്നതാണ്. പക്ഷേ, ആഗോളതാപനത്തിന്റെ ഇരകളായ കേരളത്തിലേത് ഉൾപ്പടെയുള്ള എല്ലാ മനുഷ്യർക്കുംവേണ്ടി അതു വിലയിരുത്തപ്പെടണം. അന്തർദേശീയ ബന്ധങ്ങളെ ബാധിക്കുന്നതു മാത്രമല്ല, ആഭ്യന്തര നിലവിളികളെ പ്രതിഫലിപ്പിക്കുന്നതുമാണ് ആഗോളതാപനവും പ്രകൃതിദുരന്തങ്ങളുമെന്ന് ഇന്ത്യയും തിരിച്ചറിയണം. നേപ്പാളിനുമുന്പ്, കേരളത്തിലുൾപ്പടെയുള്ള പരിസ്ഥിതിലോല തടവുകാർക്കു നഷ്ടപരിഹാരം കൊടുക്കണം.
Editorial
സമരത്തിനിറങ്ങിയ ‘പാറ്റ’കൾക്കെതിരേ രജിസ്റ്റർ ചെയ്ത മുഴുവൻ എഫ്ഐആറുകളും പ്രത്യേക അധികാരമുപയോഗിച്ചു റദ്ദാക്കിയത് സുപ്രീംകോടതിയുടെ ചരിത്രപരമായ ഇടപെടലാണ്. സർക്കാരിനെതിരേയുള്ള ന്യായമായ സമരങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് കോടതി പരോക്ഷമായി ഓർമിപ്പിച്ചിരിക്കുന്നു. മറ്റൊരു ശ്രദ്ധേയ വസ്തുത, സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടെ ഉത്ഭവത്തിനു കാരണമായ പരാമർശങ്ങൾ നടത്തിയ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ബെഞ്ചാണ് തീരുമാനമെടുത്തത്.
വിമർശനങ്ങളെ വ്യക്തിപരമായോ വിമർശകരെ ശത്രുക്കളായോ കാണാത്ത ന്യായാധിപരുടെ നിലപാട്, വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും രാജ്യദ്രോഹമാക്കുന്നവർക്കു പാഠമായിരുന്നെങ്കിൽ! നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടിനുമെതിരേ സിജെപിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളാണ് റദ്ദാക്കിയത്.
ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരമുപയോഗിച്ച് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. ജൂലൈ 20 മുതൽ 25 വരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. വിദ്യാർഥികളുമായി ഒപ്പുവച്ച ധാരണകൾ സർക്കാരുകൾ യഥാസമയം നടപ്പാക്കിയിരുന്നെങ്കിൽ കോടതിക്ക് ഇടപെടേണ്ടിവരില്ലായിരുന്നു.
അതേസമയം, പ്രതിഷേധത്തിന്റെ മറവിൽ അക്രമങ്ങൾ നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത ഗുരുതര കുറ്റകൃത്യ പശ്ചാത്തലമുള്ള 2,873 വ്യക്തികൾക്കെതിരേ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സുപ്രീംകോടതി അനുവദിച്ചിട്ടുമുണ്ട്. സമരകാലത്തെ മനോനില കൈവെടിഞ്ഞ് ഡൽഹി പോലീസ് നീതിക്കുവേണ്ടി നിലകൊണ്ടാൽ പുതിയ എഫ്ഐആറുകളിലും കോടതിക്ക് ഇടപെടേണ്ടിവരില്ല.
പെൺകുട്ടികളെ വരെ ക്രൂരമായി ആക്രമിച്ച ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരും സർക്കാർ അനകൂലികളുമൊന്നും രക്ഷപ്പെടരുത്. നീറ്റ് ക്രമക്കേടുകളെത്തുടർന്ന് ജീവനൊടുക്കേണ്ടിവന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുന്നതിനായി മൂന്നു മാസത്തിനുള്ളിൽ സമഗ്രനയം രൂപീകരിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഈ മാസം അഞ്ചിന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധമാർച്ച് പിൻവലിക്കുന്നതായി സിജെപിയും വ്യക്തമാക്കിയതോടെ വിഷയം ജനാധിപത്യ ശൈലിയിൽ അവസാനിക്കണമെങ്കിൽ അവസാനിപ്പിക്കാം.
സർക്കാരും ബിജെപിയും അവയുടെ സമൂഹമാധ്യമ ഒളിപ്പോരുകാരും, വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും സമരക്കാരെയും നേരിടാൻ താഴെവയ്ക്കാതെ കൊണ്ടുനടക്കുന്ന രാജ്യദ്രോഹി, തീവ്രവാദി, മാവോയിസ്റ്റ്, അർബൻ നക്സൽ, ദിമാഗി (ബൗദ്ധിക) നക്സൽ... ചാപ്പകൾ ഉപേക്ഷിച്ച് ജനാധിപത്യത്തിനു കീഴടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ആദിവാസികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ചാപ്പ കുത്തിയും കള്ള എഫ്ഐആറിട്ടും വ്യാജതെളിവുകൾ കംപ്യൂട്ടറിൽ തിരുകിക്കയറ്റിയും ജയിലിൽ പീഡിപ്പിച്ചും ഇല്ലാതാക്കിയിട്ട് അഞ്ചു വർഷം. പക്ഷേ, പുതിയ തലമുറ നിസഹായരല്ല. അവർ ആ ചാപ്പകളെടുത്ത് തിരിച്ചു കുത്തിത്തുടങ്ങിയിരിക്കുന്നു. അതിനു പിന്നാലെ, കോടതി പ്രത്യേക അധികാരമുപയോഗിക്കുകയും ചെയ്തിരിക്കുന്നു. സന്ദേശം വ്യക്തമാണ്.
“അധികാരമുള്ളവരെ സംബന്ധിച്ചിടത്തോളം, കുറ്റകൃത്യങ്ങളെന്നത് മറ്റുള്ളവർ ചെയ്യുന്നതു മാത്രമാണ്.’’ നോം ചോംസ്കി. അഴിമതി, വർഗീയത, വിദ്വേഷപ്രസംഗങ്ങൾ, വോട്ടർപട്ടിക തിരുത്തൽ, ദളിത്-ആദിവാസി-ന്യൂനപക്ഷ വിരുദ്ധതകൾ... അധികാരമുള്ളതുകൊണ്ട് എത്രയോ കുറ്റകൃത്യങ്ങളാണ് ആവിയായി പോകുന്നത്! തങ്ങളെ വിമർശിച്ചാൽ രാജ്യത്തെ വിമർശിച്ചു എന്നു വ്യാഖ്യാനിക്കുന്ന അടവിനെതിരേയുള്ള സന്ദേശവും സുപ്രീംകോടതി വിധിയിലുണ്ട്. ജൂൺ 20ന് ജന്തർ മന്തറിൽ ആരംഭിച്ച വിദ്യാർഥിസമരത്തിന്റെ തുടക്കം മുതൽ രാജ്യവിരുദ്ധരെന്ന മുദ്രയടി സജീവമായിരുന്നു. ബിജെപിയോ കോൺഗ്രസോ ആം ആദ്മിയോ സിപിഎമ്മോ സിപിഐയോ ഒന്നും രാജ്യമല്ല. അവരെ വിമർശിച്ചാലോ ദ്രോഹിച്ചാലോ പോലും രാജ്യദ്രോഹവുമാകുകയുമില്ല.
വിദ്യാർഥിസമരക്കേസുകളിൽ സുപ്രീംകോടതി പ്രത്യേക അധികാരമാണ് ഉപയോഗിച്ചത്. ന്യൂനപക്ഷങ്ങൾ നിരന്തരം ആക്രമിക്കപ്പെട്ടപ്പോഴും മതപരിവർത്തനമാരോപിച്ച് വ്യാജ എഫ്ഐആറുകളിട്ടപ്പോഴും വിദ്വേഷപ്രസംഗങ്ങൾ വിഭജനരേഖകളായപ്പോഴും വോട്ടർപട്ടിക പാർട്ടിപ്പട്ടികയായെന്ന മട്ടിലുള്ള ആരോപണങ്ങളുയർന്നപ്പോഴുമൊക്കെയുള്ള അധികാരങ്ങൾപോലും കോടതികൾ ഉപയോഗിച്ചില്ലല്ലോയെന്നു സംശയിച്ച രാജ്യമാണിത്. നീതി കോടതിയിൽനിന്നെങ്കിലും കിട്ടിയേക്കാമെന്നതു പ്രതീക്ഷയാണ്. സർക്കാർ തിരുത്തണം; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടല്ല, പരിക്കേറ്റ ജനാധിപത്യത്തെ പിന്നിൽ കണ്ട്.
Editorial
ആ കണ്ണീർ ആദ്യത്തേതായിരുന്നില്ല; അവസാനത്തേതും. 2026 ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോൽവി ഏറ്റുവാങ്ങിയശേഷം ഇടുപ്പിൽ കൈകുത്തി, വികാരാധീനരായ സ്വന്തം ആരാധകർക്കു നേരേ നോക്കിനിൽക്കുന്ന ലയണൽ മെസിയുടെ ചിത്രം ഫുട്ബോൾ ചരിത്രത്തിൽ അനശ്വരമെന്നോണം ആലേഖനം ചെയ്യപ്പെട്ടുകഴിഞ്ഞതാണ്. അന്നു നമ്മളറിഞ്ഞില്ല, അർജന്റീനയുടെ ജഴ്സിയിൽ ഇതിഹാസതാരത്തിന്റെ അവസാനമത്സരമായിരുന്നു അതെന്ന്.
ടൂർണമെന്റിൽ അൾജീരിയയ്ക്കെതിരായ ആദ്യമത്സരത്തിൽ ഹാട്രിക് നേടിയപ്പോൾ അവിടെ സന്തോഷക്കണ്ണീരുണ്ടായിരുന്നു. ഫൈനലിലേക്കുള്ള നാടകീയമായ യാത്രയ്ക്കും ഈ രണ്ടു കണ്ണീരിനുമിടയിൽ തീവ്രദുഃഖത്തിന്റെ ഒരഗ്നിപർവതം നീറിപ്പുകയുന്നത് ആരുമറിഞ്ഞിരുന്നില്ല. പിതാവ് ഹൊർഹെയുടെ ആരോഗ്യപ്രശ്നങ്ങൾ മെസിയെ കടുത്ത മാനസിക സമ്മർദത്തിലാക്കിയിരുന്നുവെന്ന വസ്തുത ലോകം പിന്നീടു മാത്രമാണറിഞ്ഞത്. ഹൊർഹെ അന്തരിച്ചപ്പോൾ മെസി തകർന്നുപോയി. അന്നേ സൂചന തന്നതാണ്; അതിപ്പോൾ യാഥാർഥ്യമായി. രാജ്യാന്തര ഫുട്ബോളിൽ ഇനി മെസി മാജിക് ഇല്ല.
മെസിയുടെ പ്രായവും അവസാന ലോകകപ്പിൽ അനുഭവിച്ച മാനസികസംഘർഷവും കണക്കിലെടുക്കുമ്പോൾ ഈ തീരുമാനം അപ്രതീക്ഷിതമായിരുന്നില്ല. ലോകകപ്പിൽ ആറ് ടൂർണമെന്റുകളിലായി 34 മത്സരങ്ങൾ. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. അർജന്റൈൻ ജഴ്സിയിൽ 207 മത്സരങ്ങളും 125 ഗോളുമെന്ന റിക്കാർഡോടെയാണ് നായകൻ വിരമിക്കുന്നത്. രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും മറ്റാരുമല്ല. 2011ലാണ് അദ്ദേഹം ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്.
ദേശീയ ടീമിനുവേണ്ടി ആറ് കിരീടങ്ങൾ: 2022 ഫിഫ ലോകകപ്പ്, 2021ലും 2024ലും കോപ്പ അമേരിക്ക കിരീടങ്ങൾ, 2022ലെ ഫൈനലിസിമ, കൂടാതെ 2008ലെ ഒളിമ്പിക് സ്വർണമെഡലും 2005ലെ അണ്ടർ-20 ലോകകപ്പും. അർജന്റീനയ്ക്കുവേണ്ടി മെസി ആറ് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. മെസിയും പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയും മാത്രമാണ് ആറ് ഫിഫ ലോകകപ്പിൽ കളിച്ചത്. മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിച്ച രണ്ടുപേരേയുള്ളൂ- മെസിയും ബ്രസീലിന്റെ കഫുവും. ഇതിനൊക്കെ പുറമെയാണ് ക്ലബ് തലത്തിലെ പകരംവയ്ക്കാനില്ലാത്ത വിജയങ്ങൾ.
പക്ഷേ, ദേശീയ ജഴ്സിയിൽ മെസി ഉരുകിയിട്ടുണ്ട്. 2014ലെ ലോകകപ്പ് ഫൈനലിൽ ജർമനിയോട് തോറ്റതും തൊട്ടുപിന്നാലെ 2015ലും 2016ലും കോപ്പ അമേരിക്ക ഫൈനലുകളിൽ തുടർച്ചയായി തോറ്റതും ഫുട്ബോൾ മന്ത്രം ഒളിപ്പിച്ച കാലുകൾക്ക് കനൽവഴികളായിരുന്നു.
2016ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിനു പിന്നാലെ മെസി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാലതിന് ഏതാനും മാസത്തെ ആയുസേ ഉണ്ടായുള്ളൂ. ആരാധകരുടെ സ്നേഹത്തിനു മുന്നിൽ അദ്ദേഹത്തിനു പിടിച്ചുനിൽക്കാനായില്ല. കൈയെത്താദൂരത്താണെന്ന് അന്നു കരുതിയ ആ വലിയ വിജയങ്ങളിലേക്ക് മെസി ഉയിർത്തെണീറ്റു.
പക്ഷേ, ഒന്നുണ്ട്; പ്രായം എത്രയായാലും കളിക്കളത്തിൽ മെസിയുടെ മികവിന് പോറലൊന്നുമേറ്റിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ മെസി കളിച്ചതുപോലൊരു കളി മുപ്പത്തൊന്പതാം വയസിൽ മറ്റാർക്കും സാധ്യമായിട്ടില്ലെന്നതും ഓർക്കണം. മയാമിയുമായി 2028 വരെയാണ് മെസിയുടെ കരാർ. എന്നാൽ, അതു പൂർത്തിയാക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ക്ലബ്ബിന്റെ ജീവാത്മാവും പരമാത്മാവുമായതിനാൽ എപ്പോൾ വേണമെങ്കിലും കരിയർ അവസാനിപ്പിക്കാൻ അദ്ദേഹത്തിനാകും.
“എനിക്ക് മെസിയെ ഇഷ്ടമാണ്, കാരണം താൻ ‘മെസി’യാണെന്ന ബോധം അദ്ദേഹത്തിനില്ല.” ഇതു പറഞ്ഞത് വിഖ്യാത ഉറുഗ്വെ എഴുത്തുകാരൻ എഡ്വേർഡോ ഗലിയാനോ ആണ്. ഫുട്ബോളിലെ ആഡംബരങ്ങൾക്കും അഹങ്കാരങ്ങൾക്കും അപ്പുറമുള്ള മെസിയെയാണ് അദ്ദേഹം എടുത്തുകാണിച്ചത്. ഗലിയാനോ ഒന്നുകൂടി പറഞ്ഞു, “വെറുതെ പന്തു തട്ടുക എന്ന ലളിതമായ കാര്യത്തിലെ സന്തോഷം നഷ്ടപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടാണ് മെസി ലോകത്തിലെ ഏറ്റവും മികച്ചവനാകുന്നതെന്ന് ഞാൻ കരുതുന്നു. തന്റെ അയൽപക്കത്തെ മൈതാനത്ത് കളിക്കുന്ന ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മെസി കളിക്കുന്നത്.” മെസിയെന്ന താരവും മെസിയെന്ന മനുഷ്യനുമെല്ലാം ഗലിയാനോയുടെ വാക്കുകളിൽ നിറയുന്നു.
ശരിയായ സമയത്തു മാത്രം പ്രത്യക്ഷപ്പെടുന്ന, മത്സരത്തിന്റെ അതിരുകളിൽ ഒളിച്ചിരുന്ന ഒരു മായാരൂപമായിരുന്നു മെസി. മാൻ-മാർക്കിംഗ് തന്ത്രത്തിലൂടെ ഈ മായാവിയെ പിടികൂടുക എളുപ്പമല്ല. പ്രായം കൂടുന്തോറും കളിക്കളത്തിലെ ‘അവസരവാദി’യായി മെസി മാറി. മൈതാനത്ത് വെറുതെ നടന്നുനീങ്ങുന്ന മെസിയെ കണ്ടാൽ ഗോളടിക്കുകയേ ഇല്ലെന്നു തോന്നും. എന്നാൽ, ഒരവസരത്തിന്റെ കാൽ ഭാഗം മതി, എതിർവല കിടുങ്ങിയിരിക്കും.
മെസി കളിക്കളത്തിൽ കാട്ടുന്ന മിനിമലിസം അദ്ഭുതപ്പെടുത്തുന്നതാണ്. തനിക്കു ചുറ്റുമുള്ള കളിയെ അദ്ദേഹം ഏറ്റവും ലളിതമായ രൂപത്തിലേക്കു മാറ്റിയെടുക്കുന്നു. കളിക്കളത്തിൽ അദ്ദേഹം ചെയ്യുന്ന ഓരോ കാര്യത്തിലും ഒരു പ്രത്യേക ചാരുതയുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ വിജയത്തിന്റെ യഥാർഥ അടിത്തറ തികച്ചും തണുപ്പനും കൃത്യതയുള്ളതുമായ കണക്കുകൂട്ടലുകളാണ്. എല്ലാ കളിക്കാരും പന്ത് കാലിനു പുറത്തുവച്ച് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ, മെസിക്ക് പന്ത് കാലിനുള്ളിൽതന്നെയാണെന്ന് പറയുന്നവരുണ്ട്!
കാവ്യാത്മകമായ ഡ്രിബിളിംഗ്. അവിശ്വസനീയമായ ഗോൾവേട്ട. കോടിക്കണക്കിന് ആരാധകർ. കായികരംഗത്തെ പുനർനിർവചിച്ച ഇതിഹാസമാണ് മെസി. കാൽപ്പന്തുകളി നിലനിൽക്കുന്നിടത്തോളംകാലം ‘എക്കാലത്തെയും മികച്ച താരം’ (GOAT) എന്ന പേരിൽ അദ്ദേഹം ഓർമിക്കപ്പെടും.
നന്ദി മെസീ, നിങ്ങൾക്കുവേണ്ടി ഉയർത്തിയ ആരവങ്ങളും നിങ്ങൾക്കുവേണ്ടി വീഴ്ത്തിയ കണ്ണീരും വെറുതെയായില്ല. അത്രമാത്രം ആനന്ദമുഹൂർത്തങ്ങളാണ് ആ മാന്ത്രിക പദചലനങ്ങളിലൂടെ ഞങ്ങളനുഭവിച്ചത്. തോൽക്കുക എന്നത് പൊറുക്കാനാകാത്ത പാപമാകുന്ന ലോകത്ത് ഒരു കൊച്ചുകുട്ടിയുടെ ലാളിത്യത്തോടെ പന്തിനെ സ്നേഹിച്ച നിങ്ങളെ ഞങ്ങൾ ഹൃദയത്തിലേറ്റുന്നു.
Editorial
ഇന്ത്യയിൽ മതേതര-ജനാധിപത്യ ഭരണഘടന തിരുത്തിയിട്ടില്ല. ഏതൊരു പൗരനും ഏതു മതത്തിലും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പാക്കുന്ന 25-ാം അനുച്ഛേദവും തിരുത്തിയിട്ടില്ല. പക്ഷേ, മതപരിവർത്തന നിരോധന നിയമങ്ങളാലും വിദ്വേഷപ്രസംഗങ്ങളാലും ഹിന്ദുത്വയെ ന്യൂനപക്ഷവേട്ടയ്ക്കിറക്കിയ ബിജെപി സർക്കാരുകൾ ഭരണഘടനയെ നോക്കുകുത്തിയാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ പോഷകസംഘടനകളാക്കി. അതിന്റെ ദുഷ്ഫലങ്ങളിൽ ഏറ്റവും പുതിയത് മുംബൈയിലാണ്. പ്രാർഥനയ്ക്കെത്തുന്നതു സമ്മർദത്തിനു വഴങ്ങിയല്ല, സ്വന്തം ഇഷ്ടപ്രകാരമാണെന്നു വ്യക്തമാക്കുന്ന സമ്മതപത്രം നൽകണമെന്നാണ് വിശ്വാസികളോട് പള്ളി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതു നിമിഷവും പള്ളികളിലേക്ക് അതിക്രമിച്ചു കയറിയേക്കാവുന്ന ഹിന്ദുത്വ സംഘങ്ങളെ പേടിച്ചാണ്. അതേ, ഭരണഘടനയുണ്ട്, പക്ഷേ ഹിന്ദുത്വയുമുണ്ട്; പള്ളിയിൽ പോകുന്നവരും സൂക്ഷിക്കണം.
മഹാരാഷ്ട്രയിൽ ഇന്നലെ നിലവിൽ വന്ന മതപരിവർത്തന നിരോധന നിയമമാണ് പശ്ചാത്തലം. മുംബൈ മെട്രോപോളിറ്റൻ മേഖലയിലെ (എംഎംആർ) ക്രിസ്ത്യൻ പള്ളികളാണ് വിശ്വാസികളിൽനിന്ന് തിരിച്ചറിയൽ രേഖകളും സാക്ഷികളുടെ ഒപ്പുമുള്ള സമ്മതപത്രം വാങ്ങിത്തുടങ്ങിയത്. സ്വന്തം ഇഷ്ടപ്രകാരമാണു പ്രാർഥിക്കാനെത്തുന്നതെന്ന സമ്മതപത്രം പള്ളികളിൽ സൂക്ഷിക്കും. ഗവൺമെന്റ് അധികൃതരോ പോലീസോ ആവശ്യപ്പെട്ടാൽ നൽകാനാണെന്നു ചില സഭാ നേതാക്കൾ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. “രണ്ടുമൂന്നു മാസമായി വിശ്വാസികളിൽനിന്നു സമ്മതപത്രം വാങ്ങുന്നുണ്ട്. ആറുമാസത്തിനിടെ എംഎംആറിൽ മാത്രം പള്ളികളുടെ നേർക്ക് 11 ആക്രമണങ്ങളുണ്ടായി” -വസായിയിലെ പാസ്റ്റർ സാം മത്തായി പിടിഐയോടു പറഞ്ഞു. മതപരിവർത്തന നിരോധന നിയമം പാസാക്കിയതോടെ വിശ്വാസികൾ ആശങ്കയിലാണെന്ന് ബോംബെ കത്തോലിക്കാ സഭാ വക്താവ് ഡോൾഫി ഡിസൂസയും പറഞ്ഞു. വർഗീയവത്കരിക്കപ്പെട്ട പോലീസും ആവേശത്തിലാണ്. പ്രാബല്യത്തിലാകും മുന്പുതന്നെ നിയമപ്രകാരം പൂന സിറ്റി പോലീസ് ഓഗസ്റ്റ് അഞ്ചിനും ഒന്പതിനും കേസെടുത്തത് വാർത്തയായിരുന്നു.
ഗോവ മന്ത്രിസഭ പാസാക്കിയ നിർദിഷ്ട മതപരിവർത്തന നിരോധന ബിൽ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. മിശ്രവിവാഹങ്ങൾ അസാധുവാക്കാനുള്ള വകുപ്പുകളുമുണ്ട്. ഗോവയിലും ഘർവാപ്പസി അഥവാ ഹിന്ദുമതത്തിലേക്കുള്ള മതംമാറ്റം കുറ്റകരമല്ല. ക്രൈസ്തവഭൂരിപക്ഷമായ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഹിന്ദുമതത്തിലേക്ക് നിർബാധം ആളെ ചേർക്കുന്നവരുടെ ഇന്ത്യൻ കാപട്യം! ബിജെപിയുടെ നിയമങ്ങൾ തുല്യനീതി ഉറപ്പാക്കുന്നതാണെന്ന് അണികളല്ലാതെ ആരും പറയില്ല. നിർദിഷ്ട എഫ്സിആർഎ ഭേദഗതിയനുസരിച്ച്, വിദേശ സംഭാവന സ്വീകരിക്കുന്നതിൽ വേണ്ടപ്പെട്ടവരെന്നു സർക്കാരിനു തോന്നുന്നവരെ ഒഴിവാക്കാം. ഘർവാപ്പസി പോലെ ഘർ എഫ്സിആർഎ! ന്യൂനപക്ഷവേട്ട ആരോപിക്കപ്പെടുന്ന ഇത്തരം നിയമങ്ങളുടെ പ്രഭവകേന്ദ്രമായ ആർഎസ്എസിന്റെ തലവനാണ് ഇന്ന് അമേരിക്കയിൽ ഒരുമയെക്കുറിച്ചു പ്രസംഗിക്കുന്നത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന് ‘വസുധൈവ കുടുംബകം’ എന്ന സന്ദേശം കൈമാറുകയാണത്രേ. ആ കുടുംബത്തിൽ അഥവാ രാഷ്ട്രത്തിൽ ന്യൂനപക്ഷങ്ങളുടെ പൗരത്വം എങ്ങനെയായിരിക്കുമെന്നതിന്റെ സാന്പിളാണ് മുംബൈ പള്ളികളിലെ സമ്മതപത്രങ്ങൾ! യാത്രയ്ക്കിടെ ചാടിവീഴുന്ന വർഗീയവാദികളെ കാണിക്കാൻ, കന്യാസ്ത്രീകളും വൈദികരും ഒപ്പമുള്ളവരുടെ വിവിധ സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കുന്നതുപോലെ.
ന്യൂനപക്ഷവിരുദ്ധ നിയമങ്ങൾ, ബിജെപി-സംഘപരിവാർ നേതാക്കളും ഭരണാധികാരികളും നടത്തുന്ന വിദ്വേഷപ്രസംഗങ്ങൾ, അതുകേട്ട് മതഭ്രാന്തിളകി നടക്കുന്ന ആൾക്കൂട്ടങ്ങൾ... ഇന്ത്യ പഴയ ഇന്ത്യയല്ല. ക്രൈസ്തവർക്ക് സന്യസ്തവേഷം ധരിച്ച് സ്വന്തം രാജ്യത്ത് പലയിടത്തും സഞ്ചരിക്കാനാകില്ല. ക്രിസ്മസും ഈസ്റ്ററുമൊക്കെ ആഘോഷിക്കാൻ വർഗീയവാദികളുടെ തിട്ടൂരം വേണം. ക്രിസ്മസ് സാധനങ്ങൾ വിൽക്കുന്ന പാവങ്ങൾപോലും ആക്രമിക്കപ്പെടുന്നു. സ്കൂളുകളും പള്ളികളും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം. ഒരു വർഗീയവാദി മതപരിവർത്തന ആരോപണമുന്നയിച്ചാൽ ബാക്കി പണി വർഗീയവത്കരിക്കപ്പെട്ട പോലീസ് നോക്കും. എഫ്ഐആറിൽ വാദി പ്രതിയാകും. ഇരകളാണ് അറസ്റ്റ് ചെയ്യപ്പെടുന്നത്. 2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങൾ ഉണ്ടായെന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്ക്. 2025 നവംബർ വരെ 706. പ്രതികരിക്കാത്ത സർക്കാരുകളെ സാക്ഷിയാക്കി രാജ്യത്തെ ന്യൂനപക്ഷങ്ങൾ നിശബ്ദമായ ഒരുക്കത്തിലാണ്. മുംബൈ പള്ളികളിലെ സമ്മതപത്രങ്ങൾ വിശ്വാസികളെ രക്ഷിക്കുമോയെന്നറിയില്ല. പക്ഷേ, ഭരണഘടന ആവശ്യപ്പെടാത്ത ഒരു രേഖ, വർഗീയതയുടെ പരോക്ഷഭീഷണിയിൽ ന്യൂനപക്ഷ പൗരർ സ്വമേധയാ തയാറാക്കേണ്ടിവന്നിരിക്കുന്നു. ആരുടേതായി ഇന്ത്യ?
കേരളത്തിലും, അധികാരമോഹികളും മുസ്ലിം വിരോധികളും വ്യക്തിതാത്പര്യക്കാരുമായ കുറച്ചാളുകളെ ന്യൂനപക്ഷവേട്ടയ്ക്ക് ഒപ്പമിറക്കാൻ ഹിന്ദുത്വയ്ക്കു കഴിഞ്ഞിട്ടുണ്ട്. പക്ഷേ, കേരളം അതത്രയ്ക്ക് ഏറ്റെടുത്തില്ല. ഇന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെപ്പോലും, ന്യൂനപക്ഷങ്ങളിൽനിന്നു വിലയ്ക്കെടുക്കപ്പെട്ട വർഗീയ ശുശ്രൂഷികൾ സഹിക്കില്ല. കൺമുന്നിലെ ക്രൈസ്തവർ ആക്രമിക്കപ്പെടുന്പോൾ ന്യായീകരിക്കാൻ ഉളുപ്പില്ലാത്തവർ വിദൂര മുസ്ലിം മതമൗലികരാജ്യങ്ങളിൽ ആക്രമിക്കപ്പെടുന്ന ക്രിസ്ത്യാനികളെയോർത്ത് ഏറെ ഖിന്നരാണ്. ശ്രദ്ധിച്ചുനോക്കൂ; ഇരകളുടെ ദൈന്യതയല്ല, വേട്ടക്കാരുടെ മതമാണ് ഈ ഏജന്റുമാരുടെ പ്രതികരണ മാനദണ്ഡം.
ഭരണഘടന കേവലമൊരു പുസ്തകമല്ലെന്നു വിശ്വസിക്കാനും ആത്മവിശ്വാസമുള്ളവരായിരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷങ്ങളെ ഗോഹത്യ നിരോധനം, മതപരിവർത്തന നിരോധന നിയമം, എഫ്സിആർഎ തുടങ്ങിയ നിയമങ്ങളുടെ ഹിംസാത്മക പുനഃപ്രതിഷ്ഠയിലൂടെ ബിജെപി സർക്കാരുകൾ പ്രഹരിക്കുകയാണ്. യാഥാർഥ്യങ്ങൾ മറച്ചുവയ്ക്കുകയും സർക്കാരിനു വഴങ്ങി ജീവിക്കാൻ ജനതയെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ഗോദി മീഡിയ ഇരുട്ടു വ്യാപിപ്പിച്ചു. രാജ്യസ്നേഹ സർട്ടിഫിക്കറ്റ് പരിശോധകരായി. ബിജെപി ഭരണത്തിൽ ഗവർണർസ്ഥാനം പോലെ എന്തെങ്കിലുമൊന്നു തരപ്പെടുത്താൻ വെന്പുന്ന വെള്ളയടിച്ച ‘പണ്ഡിതരും’ കേരളത്തിൽ മതേതര മുഖംമൂടി അഴിച്ചു. പ്രതിപക്ഷം നിഷ്ക്രിയമല്ല; പക്ഷേ, സമകാലിക ഇന്ത്യ ആവശ്യപ്പെടുന്നത്ര സക്രിയവുമല്ല. ന്യൂനപക്ഷ മതനേതാക്കളിൽ ചിലരെങ്കിലും നിശബ്ദതയാണു സുഖപ്രദമെന്നു വിവിധ കാരണങ്ങളാൽ നിശ്ചയിച്ചുറപ്പിച്ചിട്ടുമുണ്ട്. പ്രസംഗിക്കാനും പ്രതികരിക്കാനും പേടിക്കാനില്ലാത്ത വേറെ എന്തൊക്കെ വിഷയങ്ങളുണ്ട്!
ഈ സംഭവിക്കുന്നതൊക്കെ ഫാസിസമാണോയെന്ന്, എഴുതപ്പെടാനിരിക്കുന്ന ചരിത്രം വിധിയെഴുതിക്കൊള്ളും. പക്ഷേ, മുംബൈയിലെ പള്ളികളിൽ പ്രാർഥിക്കാനെത്തുന്നവർ തയാറാക്കുന്ന സമ്മതപത്രം വായിച്ചുനോക്കിയിട്ട്, എഴുതപ്പെട്ട ചരിത്രം പറയുന്നു: “ഈ ലക്ഷണങ്ങൾ ഫാസിസത്തിന്റേതു തന്നെ.”
Editorial
പശ്ചിമബംഗാളിൽനിന്നും തമിഴ്നാട്ടിൽനിന്നുമുള്ളവരും കാണാതായവരിലുണ്ട്. ദുരന്തങ്ങൾക്കും മരണത്തിനും അതിർത്തികളില്ല. ഇന്ത്യ അതിശയകരമായ വേഗത്തിൽ സഹായഹസ്തം നീട്ടിക്കഴിഞ്ഞു. 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് നേപ്പാൾ ടൂറിസം മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാണെങ്കിലും പ്രകൃതിയുടെ താണ്ഡവത്തിനു മുന്നിൽ മനുഷ്യന്റെ നിസഹായത പ്രകടമാണ്. പക്ഷേ, ഇച്ഛാശക്തിയും സഹജീവിസ്നേഹവും സഹായമനസ്കതയുംകൊണ്ട് ഈ ദുരന്തത്തെയും നമുക്ക് അതിജീവിച്ചേ തീരൂ. പഠിക്കാൻ കയ്പേറിയ പാഠങ്ങളുമുണ്ട്.
ടിബറ്റിലെ ഹിമാലയൻ നിരകളിൽ ഉണ്ടായ മഞ്ഞിടിച്ചിലും മണ്ണിടിച്ചിലുമാണ് ഗൈറോങ് മേഖലയിലും നേപ്പാളിലെ ഭോട്ടേ കോശി, ത്രിശൂലി നദീതടങ്ങളിലും വൻ മിന്നൽപ്രളയത്തിന് കാരണമായതെന്നാണ് വിശദീകരണം. മിനിറ്റുകൾക്കകം മൂന്ന് ജില്ലകളിലെ ജനവാസമേഖലകളിൽ വൻനാശമുണ്ടാക്കി. ആഗോളതാപനത്തെത്തുടർന്ന് ഹിമാലയൻ ഹിമാനികൾ വേഗത്തിൽ ഉരുകുന്നതും കാലാവസ്ഥ വ്യതിയാനവുമാണ് ഇത്തരം ദുരന്തങ്ങൾക്ക് പ്രധാന കാരണമായി വിദഗ്ധർ വിലയിരുത്തുന്നത്.
ടിബറ്റിലെ കൈലാസ് മാനസസരോവർ തീർഥാടനപാതയിലാണ് ദുരന്തബാധിത പ്രദേശം. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂർണമായി തകർന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾ തകരാറിലായിക്കഴിഞ്ഞു. മുൻകരുതലായി ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽനിന്നും ജാഗ്രതാ നിർദേശത്തെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
ഏറ്റവും ഭീതിയുണർത്തുന്നത്, 72 മണിക്കൂറിനുള്ളിൽ ടിബറ്റിലെ ഖോല, പുറെപു ത്സാങ്പോ നദികളുടെ സംഗമസ്ഥാനത്തുള്ള തടാകം പൊട്ടാനിടയുണ്ടെന്ന ചൈനയുടെ മുന്നറിയിപ്പാണ്. പ്രകൃതിദത്ത തടയണയുള്ളതുകൊണ്ടാണ് ഇതു തടാകമായത്. തടയണയ്ക്കു മുകളിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയിട്ടുണ്ട്. തടാകത്തിൽ 20 ലക്ഷം ക്യുബിക് മീറ്റർ വെള്ളം നിറഞ്ഞുകിടക്കുകയാണ്. മൂന്നു ദിവസത്തിനകം 30 ലക്ഷം ക്യുബിക് മീറ്റർ വെള്ളംകൂടി ഒഴുകിയെത്തുമെന്നും തടാകം പൊട്ടാനിടയുണ്ടെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്.
നേപ്പാൾ ഇന്ത്യയിലും നിലവിലുള്ള ചില ആശങ്കകളെയും മുന്നറിയിപ്പുകളെയും സ്ഥിരീകരിക്കുന്നുണ്ടെന്നതും തിരിച്ചറിയണം. മേഘവിസ്ഫോടനം, അഥവാ ചെറിയൊരു പ്രദേശത്ത് മണിക്കൂറിൽ 100 മില്ലിമീറ്ററിലധികം പെയ്യുന്ന അതിതീവ്രമഴ മിന്നൽപ്രളയങ്ങൾക്കു കാരണമാകുന്നത് കേരളത്തിൽ ഉൾപ്പടെ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ നാം ഗൗരവത്തിലെടുക്കേണ്ട കാര്യങ്ങളുണ്ട്.
നമ്മുടെ അണക്കെട്ടുകളും അതിന്റെ ചുവട്ടിലെ മനുഷ്യരുടെ ആശങ്കകളും അന്തർസംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയമായും വൈകാരികമായും തർക്കിച്ചു തീർക്കുന്ന പതിവ് നിർത്താൻ സമയം വൈകി. കാരണം, മേഘവിസ്ഫോടനങ്ങൾ നമ്മുടെ അണക്കെട്ടുകളെക്കുറിച്ചുള്ള പഴയ പാഠങ്ങളിൽ കാര്യമായിട്ടില്ല. ചൈന മുന്നറിയിപ്പു നൽകിയിരിക്കുന്ന ടിബറ്റിലെ തടാകം അപകടനിലയിലായത് മേഘവിസ്ഫോടനത്തിന്റെ പുത്തൻ അപകടസാധ്യതകളുടെ പശ്ചാത്തലത്തിലാണ്.
ഹിമപാതമായാലും മേഘവിസ്ഫോടനമായാലും ആഗോളതാപനം സൃഷ്ടിക്കുന്ന പ്രവചനാതീതമായ പ്രകൃതിക്ഷോഭങ്ങൾക്കനുസരിച്ച് നമ്മുടെ ചിന്തകളെയും ദുരന്തനിവാരണ ഒരുക്കങ്ങളെയും തിരുത്തേണ്ടതുണ്ട്. കാലഹരണപ്പെട്ട അണക്കെട്ടുകളുടെ സംഭരണശേഷി നമ്മുടെ രാഷ്ട്രീയ താത്പര്യങ്ങൾകൊണ്ടോ അറ്റകുറ്റപ്പണികൊണ്ടോ വർധിക്കുകയില്ല. അതിനു പുറമേയാണ് മേഘവിസ്ഫോടനങ്ങളുടെ ഭീഷണി. പഴഞ്ചൻ അണക്കെട്ടുകൾക്കു ചുവട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ ഭീതിയെ, സുരക്ഷിതമായി ജീവിക്കുന്ന ഭരണാധികാരികളും കോടതികളും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പരിഹരിക്കില്ല. ആവർത്തിക്കുന്ന ദുരന്തങ്ങൾ കണ്ടെങ്കിലും വിവരക്കേടുകൾ തിരുത്തിയിരുന്നെങ്കിൽ!
നേപ്പാൾ അശാന്തമാണ്. ഉപഗ്രഹദൃശ്യങ്ങൾ, അതിശയോക്തി കലർന്ന ചലച്ചിത്രങ്ങളേക്കാൾ ഭീതിജനകമായിരിക്കുന്നു. നഷ്ടജീവനുകൾ തിരിച്ചെടുക്കാനാകില്ല. പ്രളയം തകർത്ത നിർമിതികളെങ്കിലും പൂർവസ്ഥിതിയിലാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. ലോകത്തിന്റെ സഹായഹസ്തങ്ങളിലാണ് അവർ പിടിച്ചുനിൽക്കുന്നത്. അതു നിർലോപം തുടരണം. ഈ ദുരന്തം നേപ്പാളിലാണെങ്കിലും ഇന്ത്യയെയും ബാധിച്ചിരിക്കുന്നു. യുദ്ധമെന്നപോലെ പ്രകൃതിക്ഷോഭങ്ങളും ലോകത്തിന്റെ പൊതുദുരന്തങ്ങളാകുന്നു; മനുഷ്യൻ ഒരു കുലമാണെന്ന് പ്രകൃതി ഓർമിപ്പിക്കുന്നതുപോലെ.
Editorial
ഓണത്തിനു മതമുണ്ടോ ഇല്ലയോ എന്ന ചർച്ച അവരു തുടരട്ടെ; നമുക്ക് ആഘോഷിക്കാം. വിദ്വേഷ-അഴിമതി-ഭയ രഹിത രാഷ്ട്രീയത്തെ, വൈവിധ്യങ്ങളെ പൂക്കളമാക്കുന്ന സംസ്കാരത്തെ നമുക്ക് എറ്റെടുക്കാം. മതത്തിന്റെ മുഖംമൂടിയണിഞ്ഞ വർഗീയതയുടെ വിഴുപ്പുഭാണ്ഡങ്ങൾ നാം ഏറ്റെടുക്കില്ല. മനുഷ്യരെ തുല്യരായി കാണുന്ന, കള്ളവും ചതിയുമില്ലാത്ത സദ്ഭരണം യാഥാർഥ്യമാകുവോളം നമുക്കു മഹാബലിക്കായുള്ള കാത്തിരിപ്പു തുടർന്നേ തീരൂ. ഐക്യത്തിന്റെ ദിനമാണിന്ന്. എല്ലാവർക്കും ഓണാശംസകൾ!
മാവേലിനാടിന്റെ ഭരണഘടനയെന്നോ ദേശീയഗാനമെന്നോ പറയാവുന്ന ആ പാട്ടിന്റെ അന്തഃസത്ത അതിൽനിന്നു തെരഞ്ഞെടുത്ത രണ്ടു ചരണങ്ങളിൽ പ്രകടമാണ്.
“മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.
കള്ളവുമില്ല ചതിയുമില്ല-
എള്ളോളമില്ല പൊളിവചനം”
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതുവച്ച് ആത്മപരിശോധന നടത്തി, കർമനിരതമായാൽ ഒരു സോഷ്യലിസ്റ്റ്-മതേതര-ജനാധിപത്യ രാജ്യം ഫലവത്താകും. മാവേലി ചരിത്രമായാലും ഭാവനാസൃഷ്ടിയായാലും അതിനൊരു രാഷ്ട്രീയ മാനിഫെസ്റ്റോയുടെ സ്വഭാവമുണ്ട്. എല്ലാ മനുഷ്യർക്കും തുല്യപദവിയുള്ളൊരു നാടിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അതു തുടങ്ങുന്നത്. തൊഴിലാളിക്കോ മുതലാളിക്കോ മതാധിപതിക്കോ അവിടെ സർവാധിപത്യമില്ല. “ഇന്ത്യയിലെ ജനങ്ങളായ നാം” എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടനാ ആമുഖത്തിലുള്ളതും ഈ സങ്കൽപമാണ്. എന്നിട്ടും നാം തുല്യരല്ലെന്ന കള്ളനാണയം അടിച്ചിറക്കുന്ന കമ്മട്ടങ്ങൾ നിരോധിക്കപ്പെടുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് 80 വർഷമാകുന്പോഴും ഭരണഘടനയെ സംരക്ഷിക്കാൻ ജനങ്ങൾക്ക് കോടതി കയറേണ്ടിവരുന്നു. അതേ, മാവേലിനാട് ഒരു സങ്കൽപമായി തുടരുന്നു. നമുക്ക് ഓണത്തെ മറക്കാനാകില്ല.
ആധുനിക ജനാധിപത്യ വ്യവസ്ഥയ്ക്കുപോലും ആർജിക്കാനായിട്ടില്ലാത്ത ഒരു മാതൃകാരാഷ്ട്ര സങ്കൽപമാണത്. വേൾഡ് ഇക്വിറ്റി ലാബ് കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കനുസരിച്ച്, ദേശീയ വരുമാനത്തിന്റെ 58 ശതമാനവും 10 ശതമാനം ആളുകളുടെ കൈയിലായി. താഴേത്തട്ടിലുള്ള 50 ശതമാനം പേർക്കു ലഭിക്കുന്നത് വെറും 15 ശതമാനം. മൊത്തം സന്പത്തിന്റെ 65 ശതമാനവും അതിസന്പന്നരായ 10 ശതമാനം പേരുടെ കൈയിലായി. ഇതുകൂടി ശ്രദ്ധിക്കുക. താഴേത്തട്ടിലുള്ള 50 ശതമാനം ആളുകളുടെ കൈവശമുള്ള സന്പത്തിന്റെ മൂന്നിരട്ടിയിലധികമാണ് 0.001 ശതമാനം വരുന്ന 60,000 ശതകോടീശ്വരന്മാരുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ അസമത്വങ്ങളുടെ നാട്ടിൽ തുല്യതാസങ്കൽപമായ ഓണം ആഘോഷിക്കാൻ നാം ഒന്നിക്കുകയാണു വേണ്ടത്.
ഭരണാധികാരികളായാലും മതഭ്രാന്തരായാലും ഒന്നിച്ചൊരു പാട്ടുപാടാനോ നൃത്തം ചെയ്യാനോ സദ്യ ഉണ്ണാനോ പോലും സമ്മതിക്കാത്തവരെ അവഗണിക്കണം. ഒരാൾ ചോദിക്കുന്നത്, ഏതെങ്കിലും പുരാണത്തിലോ ഇതിഹാസത്തിലോ മഹാബലി കേരളം ഭരിച്ചിരുന്നതിനു തെളിവുണ്ടോ എന്നാണ്. ചോദിച്ചയാൾ പങ്കെടുക്കുന്ന ബാക്കിയെല്ലാ ആഘോഷങ്ങൾക്കും തെളിവുണ്ടോയെന്നതു വേറെ കാര്യം. മറ്റൊരാൾക്കു സംശയം, പാതാളത്തിൽനിന്നു വരുന്നവനെ കാത്തിരിക്കണോ എന്നാണ്. മഹാബലിയുടെ ഐതീഹ്യത്തിലെ “മാനുഷരെല്ലാരുമൊന്നുപോലെ” എന്ന ഐക്യസന്ദേശമോ തുല്യതയും സമൃദ്ധിയും സ്വപ്നം കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന മഹാബലിയുടെ വരവ് എന്ന സങ്കൽപമോ അദ്ദേഹത്തിനു മനസിലായിട്ടില്ല. പാതാളത്തിലാണ് അദ്ദേഹം തൂങ്ങിക്കിടക്കുന്നത്.
സ്കൂളുകളിലും കോളജുകളിലും ആഘോഷം നടക്കുന്പോൾ പങ്കെടുക്കുന്നതു ശരിയല്ലെന്നാണ് മറ്റു ചിലരുടെ മുന്നറിയിപ്പ്. പക്ഷേ, അദ്ദേഹത്തിന്റെ സമുദായത്തിൽ പെട്ടവരും അതത്ര ഗൗനിച്ചില്ല. ഇടുങ്ങിയ വ്യാപാരങ്ങൾ പുതിയ തലമുറ ഏറ്റെടുക്കുന്നില്ല. ഇങ്ങനെ വാതിലുകൾ കൊട്ടിയടച്ചാൽ എല്ലാ ആഘോഷങ്ങളും ചിലർക്കായി ചുരുങ്ങും. സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ പൊതുവിടങ്ങൾ അപ്രത്യക്ഷമാകും. ഏതായാലും ഇത്തരം മതകേന്ദ്രീകൃത അഭിപ്രായങ്ങൾ കേരളത്തിലായതുകൊണ്ട് വിലപ്പോയിട്ടില്ല.
തുല്യത, സാഹോദര്യം, പങ്കുവയ്ക്കൽ... നന്മയുടെ ഈ ആഘോഷത്തെ അവസരമാക്കാം. ദുർഭരണങ്ങളെക്കുറിച്ചു തിരിച്ചറിവു നൽകാൻ ‘ഇന്നെത്തുന്ന’ മാവേലിയെ വരവേൽക്കാം. ഒന്നിച്ചൊരു പൂക്കളമൊരുക്കാം, സദ്യ പങ്കുവയ്ക്കാം. ഈ ഓണവും ഓർമിപ്പിക്കുന്നു... നാമൊന്നാണ്.
Editorial
കാവിച്ചട്ടങ്ങൾക്കും ശൈലിക്കുമനുസരിച്ചു രാജ്യത്തെ വിദ്യാഭ്യാസമേഖലയെ ദുർബലമാക്കിയ കേന്ദ്രഭരണത്തിന്റെ ദുഷ്ഫലങ്ങളിൽ ഏറ്റവും പുതിയതാണ് തോറ്റവരെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എബിവിപി സമരം. ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ഡൽഹി-എൻസിആർ (ഗാസിയാബാദ്) കാമ്പസിലാണ് മൂന്നാംവർഷ പരീക്ഷയിൽ പരാജയപ്പെട്ട 13 നിയമവിദ്യാർഥികളെ നാലാം വർഷത്തിലേക്കു വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം. എന്തൊരു നാണക്കേട്! ഈ സംഘടനയുടെ മുൻ ഭാരവാഹികളെ, സ്കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള എൻസിഇആർടി പാഠപുസ്തകസമിതിയിൽ കഴിഞ്ഞദിവസം ഉൾപ്പെടുത്തിയതും വിവാദമായിരുന്നു. രാജ്യത്തെ ഇളക്കിമറിച്ച നീറ്റ്, സിബിഎസ്ഇ ക്രമക്കേടുകളിലൊക്കെ രാഷ്ട്രീയത്തിൽ തല പൂഴ്ത്തിയവരാണ് തോറ്റവരെ ജയിപ്പിക്കാൻ രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റിയോട് ആജ്ഞാപിക്കുന്നത്. സർക്കാരുകൾ ഇത്തരം വ്രണങ്ങളെ ചൊറിഞ്ഞുകൊടുക്കുകയല്ല ചികിത്സിക്കുകയാണു വേണ്ടത്.
വിദ്യാഭ്യാസരംഗത്തെ അപചയങ്ങൾക്കെതിരേ സിജെപി എന്ന സ്വതന്ത്ര വിദ്യാർഥിമുന്നേറ്റം രാജ്യമെങ്ങും ക്രിയാത്മക ഇടപെടലുകൾ നടത്തുന്നതിനിടെയാണ് തോറ്റവരെ ജയിപ്പിക്കാനുള്ള എബിവിപി സമരം. ഒന്നും രണ്ടും വർഷ പരീക്ഷകളിൽ പരാജയപ്പെടുകയും തുടർന്നു മൂന്നാംവർഷ പരീക്ഷയിലും ആറുമുതൽ എട്ടുവരെ വിഷയങ്ങളിൽ തോൽക്കുകയും ചെയ്ത 13 എൽഎൽബി വിദ്യാർഥികളെ ജയിപ്പിക്കണമത്രേ. ഗേറ്റ് തകർത്ത് കാന്പസിനുള്ളിൽ കടന്ന 25 പേരടങ്ങുന്ന സംഘം വനിതാ സുരക്ഷാജീവനക്കാരെ ആക്രമിച്ചെന്നും പൂച്ചട്ടികൾ ഉൾപ്പടെ നശിപ്പിച്ചെന്നും പരാതിയിലുണ്ട്. മറ്റു വിദ്യാർഥികളെ ഒരു മണിക്കൂറോളം കാമ്പസിനുള്ളിൽ തടഞ്ഞു. കോളജ് ബസുകളുടെയടക്കം ഗതാഗതം തടസപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടി. എന്താണു യാഥാർഥ്യം? മറ്റ് കോഴ്സുകളുടെ ക്ലാസ് കയറ്റ നിബന്ധനകൾ ദേശീയവിദ്യാഭ്യാസ പദ്ധതി-2020 അനുസരിച്ച് പുതുക്കിയെങ്കിലും നിയമപഠനത്തിലെ പ്രമോഷൻ നയം ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്കുവിധേയമാണ്. അതിൽ മാറ്റം വരുത്താൻ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കു കഴിയില്ല. അവരുടെ ആറു കാന്പസുകളിലും ഇതേ മാനദണ്ഡമാണു പാലിക്കുന്നത്. ബംഗളൂരുവിൽ 23 വിദ്യാർഥികൾ ബാർ കൗൺസിൽ ചട്ടപ്രകാരം പിന്നിലായി.
രാജ്യത്തെ പരീക്ഷാനടത്തിപ്പെല്ലാം പാളി. ഉത്തരേന്ത്യയിലെ സ്കൂളുകളുടെ ദയനീയാവസ്ഥ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾക്കു സ്വന്തമായൊരു കെട്ടിടം പോലുമില്ലെന്ന് കഴിഞ്ഞദിവസം നിയമസഭയിൽ സർക്കാർ സമ്മതിച്ചത് വാർത്തയായിരുന്നു. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല. 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. രാജസ്ഥാന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ജയ്പുരിൽ കാലിത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്കൂളിനെക്കുറിച്ചുള്ള വാർത്തയും അപമാനമായി. ഇതൊന്നും കാണാത്ത എബിവിപി "ക്രൈസ്റ്റി'ലെ സമരംപോലുള്ള അപഹാസ്യവൃത്തിയിൽ തുടരുകയാണ്. ഇത്തരക്കാർ നാളെ എൻസിഇആർടി പോലുള്ള ഉന്നതസ്ഥാപനങ്ങളെ നിയന്ത്രിച്ചേക്കാമെന്നതാണ് കൂടുതൽ നിരാശാജനകം. ഭരണകാലത്ത്, വിദ്യാഭ്യാസം ഉൾപ്പടെ ഏതൊരു വകുപ്പിനെയും പാർട്ടി ഓഫീസുകളായി കണ്ട നിരവധി പാർട്ടികൾ ഇപ്പോഴുമുണ്ട്; ചിലതു കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുകയാണെങ്കിലും. പക്ഷേ, ബിജെപി തങ്ങളെത്തന്നെ സർക്കാരാക്കിയിരിക്കുന്നു.
രാജ്യത്ത് ക്രൈസ്തവരെയും അവരുടെ സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുന്നവരെ തടയാത്ത കേന്ദ്രം, മൗനത്തിലാണ്. മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും ക്രൈസ്തവ മിഷനറിമാരുടെ പങ്ക് അവിസ്മരണീയമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്റാഡ് സാംഗ്മ കേരളത്തിലെത്തിയപ്പോൾ പറഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. ഒരു സര്ക്കാര് ഡിപ്പാര്ട്ട്മെന്റും ഇല്ലാതിരുന്ന സമയത്തും അവര് സ്കൂളുകള് തുറക്കുകയും ആശുപത്രികള് ആരംഭിക്കുകയും ചെയ്തു. തന്റെ പിതാവ് മുന് ലോക്സഭാ സ്പീക്കര് പി.എ. സാഗ്മ ക്രിസ്റ്റ്യന് മിഷന്റെ ഒരു ഉത്പന്നമായിരുന്നുവെന്നും മുത്തച്ഛന് മരിച്ചതിനെത്തുടർന്ന് മിഷനറിമാരാണ് അദ്ദേഹത്തെ വളര്ത്തിയതെന്നും അദ്ദേഹം സ്മരിച്ചു. ക്രൈസ്തവനാകുന്നതിനല്ല, നല്ല മനുഷ്യനാകുന്നതിനാണ് മിഷനറിമാര് തന്റെ പിതാവിനെ പഠിപ്പിച്ചത്. തന്റെ പിതാവ് നേടിയതെല്ലാം ഈ മിഷനറിമാരില്നിന്നു പഠിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്ര അപനിർമിതിയാലും വ്യാജവ്യാഖ്യാനങ്ങളാലും ക്രൈസ്തവരുടെ സംഭാവനകളെ തമസ്കരിക്കുന്നവർ സംഗ്മയുടെ വാക്കുകൾക്കു ചെവി കൊടുത്തേക്കില്ല. "ക്രൈസ്റ്റി'ലെ സമരവും രാഷ്ട്രീയബധിരരുടേതാണ്. തോറ്റെന്ന് എത്ര പറഞ്ഞാലും അവർ കേൾക്കില്ല. ചോദ്യക്കടലാസ് ചോർത്തിയും വോട്ടർ പട്ടിക തിരുത്തിയും കുതിരക്കച്ചവടം നടത്തിയും വിജയം തട്ടിപ്പറിക്കുന്നവരുടെ വിദ്യാഭ്യാസക്കവർച്ച.
Editorial
അന്ധകാരത്തിനെ കാവിയുടുപ്പിക്കുന്ന കാലം. സത്യത്തെ മിഥ്യത ചുട്ടികുത്തിക്കുന്ന ശില്പികളെപ്പോൽ നിഴലുകൾ പാഠപുസ്തകങ്ങളിൽനിന്ന് വെളിച്ചത്തെ മായ്ക്കുന്ന കാലം. പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി. എൻസിഇആർടിയുടെ ചുവടുപിടിച്ച് ചില സംസ്ഥാനങ്ങളിലും സത്യത്തിനുമേൽ ചെളി പൊതിയാനുള്ള ശ്രമം തുടരുന്നു. എൻസിഇആർടിയുടെ പാഠപുസ്തക സമിതിയിൽ ആർഎസ്എസ്, എബിവിപിക്കാരെ തിരുകിക്കയറ്റിയെന്ന വിവാദമാണ് ഇപ്പോൾ കത്തുന്നത്. ബിജെപി അധികാരത്തിൽ വന്നതുതൊട്ട് തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര മസ്തിഷ്ക പ്രക്ഷാളനം ഇന്ത്യയിൽ തുടർന്നുവരുന്ന പ്രക്രിയയാണ്. പ്രത്യക്ഷത്തിൽതന്നെ അസംബന്ധമെന്ന് വ്യക്തമാകുന്ന കാര്യങ്ങൾപോലും പരസ്യമായി ആവർത്തിച്ചുപറഞ്ഞ് സത്യമാക്കാൻ ശ്രമിക്കുന്ന ഗീബൽസിയൻ തന്ത്രങ്ങളെ വെറുതെ പുച്ഛിച്ചു തള്ളിയാൽ മാത്രം പോരാ. മറുവാക്കു ചൊല്ലി നിർവീര്യമാക്കുകതന്നെ വേണം. അല്ലെങ്കിൽ ചരിത്രപരമായി നിഷ്ക്രിയരാക്കപ്പെട്ട ഒരു സമൂഹം ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനു മുന്നിൽ മുട്ടിലിഴയുന്നത് രേഖപ്പെടുത്താൻപോലും ആരുമുണ്ടാകാത്ത ദുരവസ്ഥയാകും നാടിനുണ്ടാവുക.
എന്സിഇആര്ടിയുടെ രാഷ്ട്രതന്ത്രം (പൊളിറ്റിക്കല് സയന്സ്), ഭരണഘടനാപരമായ വിഷയങ്ങള് എന്നീ പാഠപുസ്തകങ്ങള് തയാറാക്കുന്നതിനുള്ള സമിതിയിലാണ് സാമൂഹികാർബുദകാരണമാകുന്ന ഫാസിസ്റ്റ് വൈറസുകളെ ഒളിച്ചുകടത്തിയത്. പുനഃസംഘടിപ്പിച്ച സമിതിയിലെ കുറഞ്ഞത് നാലംഗങ്ങള്ക്കെങ്കിലും ആർഎസ്എസുമായും ബിജെപിയുടെ വിദ്യാര്ഥിവിഭാഗമായ എബിവിപിയുമായും അടുത്ത ബന്ധമുണ്ട്. സ്കൂള് വിദ്യാര്ഥികളില് ആര്എസ്എസ് പ്രത്യയശാസ്ത്രം അടിച്ചേല്പ്പിക്കാനുള്ള സംഘടിത ശ്രമമാണു പുതിയ 20 അംഗ സമിതിയെന്നു തിരിച്ചറിഞ്ഞ് കോണ്ഗ്രസ്, സിപിഎം, എന്സിപി (എസ്പി) തുടങ്ങിയ പാര്ട്ടികള് വിമര്ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പരീക്ഷണശാലയാക്കാനുള്ള നീക്കമാണിതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മുന് എബിവിപി ദേശീയ സെക്രട്ടറിയും ജെഎന്യു പ്രഫസറുമായ വന്ദന മിശ്ര, എബിവിപിയില് സംഘടനാ ചുമതലകള് വഹിച്ചിട്ടുള്ള, ബിജെപിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന് യദുനാഥ് ദേശ്പാണ്ഡെ, പൂന ആസ്ഥാനമായുള്ള ജ്ഞാനപ്രബോധിനിയിലെ പ്രശാന്ത് ദിവേക്കര്, റാംഭാവു മല്ഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്ഷിപ്പ് പ്രസിദ്ധീകരിച്ച ഒരു ജേണലിന്റെ എഡിറ്റോറിയല് ബോര്ഡംഗമായിരുന്ന ജെഎന്യു വിദ്യാഭ്യാസ വിദഗ്ധന് രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് വിവാദമായത്.
ജെഎന്യു, ഡല്ഹി യൂണിവേഴ്സിറ്റി, ഇഗ്നോ, നാഷണല് ലോ യൂണിവേഴ്സിറ്റി ഡല്ഹി, ജിന്ഡാല് ഗ്ലോബല് ലോ സ്കൂള്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, ഉത്കല് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഫാക്കല്റ്റി അംഗങ്ങളും സ്കൂള് അധ്യാപകരും എന്സിഇആര്ടി അക്കാദമിക വിദഗ്ധരും അടക്കം 20 അംഗങ്ങളാണ് പാനലിലുള്ളത്. കർണാടകയിലെ നിട്ടെ സർവകലാശാലാ വൈസ് പ്രസിഡന്റും പ്രമുഖ അക്കാദമിക വിദഗ്ധനുമായ സന്ദീപ് ശാസ്ത്രിയാണ് സമിതിയുടെ തലവൻ. 11, 12 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ തയാറാക്കുകയാണ് സമിതിയുടെ ചുമതല.
ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിനു കീഴിൽ പാഠപുസ്തകങ്ങളിൽ വരുത്തിയ കാതലായ തിരുത്തലുകൾ നേരത്തേതന്നെ വിവാദക്കൊടുങ്കാറ്റുയർത്തിയിരുന്നു. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽനിന്ന് ബാബറി മസ്ജിദിനെക്കുറിച്ചുള്ള പരാമർശങ്ങൾക്കു പകരം ‘മൂന്ന് മിനാരങ്ങളുള്ള നിർമിതി’എന്നു മാറ്റിയതും അയോധ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചുരുക്കിയതും രണ്ടു വർഷംമുമ്പാണ്. പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലെ ‘മതേതരത്വം’എന്ന അധ്യായത്തിൽ, “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ, പ്രത്യേകിച്ച് മുസ്ലിംകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു” എന്നാണ് മുമ്പ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ‘മുസ്ലിംകൾ’ എന്ന വാക്ക് ഒഴിവാക്കി “2002ൽ ഗുജറാത്തിലുണ്ടായ ഗോധ്രനന്തര കലാപത്തിൽ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു” എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു. നമ്മുടെ ചരിത്രത്തിൽനിന്ന് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മായ്ച്ചുകളയാനുള്ള ശ്രമം ആ വിഭാഗത്തിനെതിരേയുള്ള വംശഹത്യയിലേക്കാണ് നയിക്കാറുള്ളതെന്ന് ജെഎൻയുവിലെ സമകാലിക ഇന്ത്യൻ ചരിത്രവിഭാഗം പ്രഫസറായിരുന്ന ആദിത്യ മുഖർജി അന്നുതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ഹിന്ദുവിനെ ഉണർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന ‘വിചാരധാര’യാണ് സംഘപരിവാറിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. ഈ കാഴ്ചപ്പാട് നടപ്പാക്കണമെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറ്റേണ്ടതുണ്ടെന്ന് ഗോൾവൾക്കർ തന്റെ പുസ്തകത്തിൽ നിർദേശിക്കുന്നുണ്ട്. സംഘപരിവാർ രാഷ്ട്രസങ്കൽപത്തിൽ ഉൾപ്പെടാത്ത ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും പുറന്തള്ളണമെങ്കിൽ പാഠപുസ്തകങ്ങളുടെ കാവിവത്കരണം അനിവാര്യമാണെന്നാണ് ഗോൾവൾക്കർ ‘വിചാരധാര’യിൽ പറഞ്ഞുവയ്ക്കുന്നത്.
ഫാസിസ്റ്റ് ചിന്താധാരയിൽ പ്രതിപക്ഷമില്ലാത്തതിനാൽ എതിർപ്പുകളോ ഭിന്നാഭിപ്രായങ്ങളോ വിലപ്പോകില്ല. നമ്മുടെ രാജ്യത്തെ മുഖ്യ പ്രതിപക്ഷകക്ഷികൾ ഈ അപകടം വേണ്ടത്ര ഗൗരവത്തോടെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമുണ്ട്. നിലപാടുകളിൽ വെള്ളം ചേർത്തും മൃദുഹിന്ദുത്വത്താൽ മുഖം മിനുക്കിയും അധികാരത്തിന്റെ ഇടനാഴികളിൽ തിരിച്ചെത്താനുള്ള വഴികൾ മാത്രമാണ് അവർ ചിന്തിക്കുന്നത്. അതിലേക്കു നയിക്കേണ്ട ഭരണഘടനയോ ജനാധിപത്യ സംവിധാനം തന്നെയോ അവശേഷിക്കുമോ എന്ന ചോദ്യം കണ്ടില്ലെന്നു നടിക്കുന്നത് വിനാശകരമാകും. സ്വർണത്തേക്കാൾ വിലയുണ്ട് ഗാന്ധിജിയും മറ്റു രാഷ്ട്രശിൽപികളും ഉയർത്തിപ്പിടിച്ച സത്യത്തിന്.
Editorial
‘നൂറു സംശയങ്ങൾ ഒന്നിച്ചുവച്ചാലും ഒരു തെളിവാകില്ല.’ (കുറ്റവും ശിക്ഷയും-ദസ്തയേവ്സ്കി) ആലപ്പുഴ കരുവാറ്റയിൽ ഒമ്പതാംക്ലാസുകാരി അടുത്ത ബന്ധുവിനെ കൂട്ടുകാരെ വിട്ടു കൊലപ്പെടുത്തിയ സംഭവം ആരുടെയും ഉള്ളു പൊള്ളിക്കുന്നതായിരുന്നു. തകർന്ന കുടുംബബന്ധങ്ങളിലെ കുട്ടികളുടെ വേദനകളും മാതാപിതാക്കൾ ജീവിച്ചിരിക്കെ അവർ അനുഭവിക്കുന്ന അനാഥത്വവുമൊക്കെ ഹൃദയഭേദകമാണ്. എന്നിരിക്കിലും, കുട്ടിക്കാലത്തു സ്നേഹം കിട്ടാത്തത് കൊലപാതകത്തിന്റെ ന്യായീകരണമാക്കുന്നത് സൂക്ഷിച്ചുവേണം. അതു കോടതിയുടെ സൂക്ഷ്മപരിശോധനയിൽ നിശ്ചയിക്കപ്പെടേണ്ടതാണ്. പോലീസ് ഉൾപ്പെടെ ആരും തിടുക്കത്തിൽ നിഗമനങ്ങളിലെത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും ഉചിതമല്ല. കൊല്ലപ്പെട്ടവർക്കു തങ്ങളുടെ ഭാഗം പറയാൻ അവസരമില്ലെന്നിരിക്കെ, തെളിവില്ലാതെ സംശയക്കൂട്ടിലും പ്രതിക്കൂട്ടിലുമാക്കരുത്; പ്രത്യേകിച്ചും പീഡന ആരോപണത്തിൽ. അതേസമയം, കരുവാറ്റക്കണ്ണാടി സമൂഹത്തിനുനേർക്കു തിരിച്ചുവയ്ക്കുകയും വേണം. അപ്പോൾ കാണാം തകർന്ന കുടുംബബന്ധങ്ങളിൽ ഏകാകികളാകുന്ന, അനാഥരാകുന്ന, സമനില തെറ്റുന്ന, കുറ്റവാളികളാകുന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ ദൈന്യമുഖം. പലരും വ്യാജസ്നേഹിതരിലേക്കും സമൂഹമാധ്യമ-ലഹരിച്ചന്തകളിലേക്കും ഒളിച്ചോടുന്നു.
ഒമ്പതാം ക്ലാസുകാരി ബന്ധുവായ വയോധികനെ കൊല്ലാൻ ആൺസുഹൃത്തിനും കൂട്ടുകാർക്കും നിർദേശം കൊടുക്കുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ അതു വിദഗ്ധമായി ചെയ്തശേഷം വീഡിയോ പെൺകുട്ടിയെ കാണിക്കുന്നതും കവർച്ചനടത്തുന്നതും കുറ്റബോധമില്ലാതെ സംഭവം വിശദീകരിക്കുന്നതുമൊക്കെ പഠനവിധേയമാക്കണം. ഇതൊക്കെ ചെയ്ത കുട്ടികൾതന്നെയാണ് കൊല്ലപ്പെട്ടയാൾ മോശമായി ദേഹത്തു സ്പർശിച്ചെന്ന മൊഴിയും കൊടുത്തിരിക്കുന്നത്. അതേസമയം, ഫോൺ ഉപയോഗവും ആൺസൗഹൃദങ്ങളും വീട്ടിൽ വൈകിയെത്തിയതുമൊക്കെ തടഞ്ഞതാണ് പ്രകോപനമായതെന്ന റിപ്പോർട്ടുകളുമുണ്ട്. ഇരുവശങ്ങളും പരിശോധിക്കട്ടെ. സാഹചര്യങ്ങളാണ് കൊല്ലാനും കവർച്ച ചെയ്യാനും ഗുണ്ടാസംഘങ്ങളെപ്പോലെ തെരുവിൽ അഴിഞ്ഞാടാനും സഹപാഠികളെ വളഞ്ഞിട്ടു മർദിക്കാനും ക്രൂരമായ റാഗിംഗിനു വിധേയരാക്കാനും ലഹരി ഉപയോഗിക്കാനും പെൺകുട്ടികളെ അപമാനിക്കാനും മാതാപിതാക്കളെ ആക്രമിക്കാനുമൊക്കെ കുട്ടികളെ പ്രേരിപ്പിക്കുന്നതെങ്കിൽ ആ സാഹചര്യങ്ങളെ ആദ്യം അറസ്റ്റ് ചെയ്യേണ്ടതുണ്ട്. പക്ഷേ, അതൊക്കെ കൊടുംകുറ്റകൃത്യങ്ങളെ നിസാരവത്കരിക്കാൻ ഉപയോഗിക്കരുത്. എല്ലായ്പോഴും കുറ്റകൃത്യങ്ങളെ സാഹചര്യങ്ങൾകൊണ്ടു ഹരിച്ചാൽ നീതി കിട്ടില്ല.
കുടുംബത്തിൽനിന്നു സ്നേഹവും കരുതലും കിട്ടാത്തതിനാലോ അവ കൂടിപ്പോയതുകൊണ്ടോ അക്രമികളായവരുടെ ഇരകളാകാൻ വിധിക്കപ്പെട്ടവരല്ല മറ്റു മനുഷ്യർ. അങ്ങനെയാണെങ്കിൽ ഡൽഹിയിൽ നിർഭയയെ ബലാത്സംഗം നടത്തി കൊന്നവരുടെയും പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥിനെ ആക്രമിച്ച് മരണത്തിലേക്കു തള്ളിവിട്ടവരുടെയും തെരുവിൽ ഏറ്റുമുട്ടുന്ന വിദ്യാർഥികളുടെയുമൊക്കെ പൂർവകാലം പരിശോധിച്ചാൽ അതിനൊക്കെ കാരണമായി വളർത്തുദോഷവും ചീത്ത കൂട്ടുകെട്ടും മുതൽ അക്രമരാഷ്ട്രീയത്തിന്റെ പിന്തുണവരെ പല സാഹചര്യങ്ങളുണ്ടാകും. അതുവച്ചു ന്യായീകരിച്ചാൽ പിന്നെ കുറ്റവാളികളില്ല. സാഹചര്യങ്ങൾ കണക്കിലെടുത്ത് ശിക്ഷയുടെ തീവ്രത നിശ്ചയിക്കേണ്ടത് കോടതിയാണ്. അതിനുമുമ്പ്, സഹതാപ ചായം പൂശി കുറ്റവാളികളെ പുലികളിക്കിറക്കരുത്.
കരുവാറ്റ സംഭവത്തിന്റെ ഗൂഢാർഥങ്ങൾ പോലീസും മനഃശാസ്ത്രജ്ഞരും കോടതിയുമൊക്കെ കണ്ടെത്തട്ടെ. പക്ഷേ, വിപണിസാധ്യത ലക്ഷ്യമിട്ട് നിർമിക്കുന്ന അക്രമാസക്ത സിനിമകളും സമൂഹമാധ്യമങ്ങളിലെ വികലചിന്തകളും വിൽപനകേന്ദ്രീകൃത അൽഗോരിതങ്ങളും മയക്കുമരുന്നു ലഭ്യതയും ശിഥിലമായ കുടുംബബന്ധങ്ങളുമൊക്കെ ഉള്ളടത്തോളം കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ അകറ്റാൻ പരിമിതിയുണ്ട്. അതെന്തായാലും, ഇത്തരം അത്യപൂർവസംഭവങ്ങൾ നിരാശയ്ക്കു കാരണമല്ല. പാർട്ടിക്കൊടി പിടിക്കുന്നവരേക്കാൾ പ്രതികരണശേഷിയും സ്വതന്ത്രചിന്തയും രാഷ്ട്രീയബോധവുമുള്ള കുട്ടികൾ പുറത്തുണ്ടെന്ന് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾ തെളിയിച്ചു. എത്ര ആവർത്തിച്ച് മൈക്കിലൂടെ ആവശ്യപ്പെട്ടാലും പണ്ഡിതവേഷത്തിലെത്തിയാലും വർഗീയ അജൻഡകൾക്കു കൈപൊക്കില്ലെന്നും അവർ തെളിയിച്ചു. പ്രതീക്ഷകൾ വർധിച്ചിട്ടേയുള്ളൂ. പക്ഷേ, ഒടുവിലത്തെ കുട്ടിയും മയക്കുമരുന്നും വിദ്വേഷവും കത്തിയും താഴെയിടുവോളം ഒരു സമൂഹത്തിനും സംതൃപ്തമാകാനാകില്ല.
Editorial
മുണ്ടക്കൈയിലും ചൂരൽമലയിലും വിലങ്ങാട്ടും മൃതദേഹങ്ങൾ കുന്നുകൂടുന്നതു കണ്ടിട്ടും നയാപൈസ നൽകാതെ പൂഴ്ത്തിവച്ച ‘പിഎം കെയേഴ്സ് ഫണ്ട്’ മനുഷ്യത്വമുള്ളവരുടെ ഹൃദയത്തിലൂടെ ഒരു വാൾപോലെ കടന്നുപോകുന്നു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിൽ ആയിരക്കണക്കിനു കോടി രൂപ കെട്ടിക്കിടക്കുന്നെന്ന റിപ്പോർട്ട് സമ്മർദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് പുറത്തുവിട്ടത്.
വയനാടിന്റെ നിലവിളി കേട്ട് സംസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും പാവപ്പെട്ട മനുഷ്യരുമൊക്കെ തങ്ങളാലാവുംവിധം സഹായിച്ചപ്പോഴും കേന്ദ്രസർക്കാർ പൊട്ടിക്കാതെ ഒളിപ്പിച്ച ഈ കുടുക്ക ഇനിയാർക്കു കൊടുത്താലും മലയാളിക്കു സന്തോഷമേയുള്ളൂ. നമുക്ക് മനുഷ്യരാണ് മുഖ്യം. പക്ഷേ, ആ ഫണ്ടിലെ ഓരോ ചില്ലിക്കാശിലും കേരളത്തിനു നിഷേധിച്ച ‘ചാവുപണം’ എന്നെഴുതിയിട്ടുണ്ട്.
2024-25 സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ 8,452 കോടി രൂപ നീക്കിയിരിപ്പുള്ള അക്കൗണ്ടിൽനിന്ന് ആ വർഷം ചെലവഴിച്ചത് വെറും 87.85 ലക്ഷം രൂപ. ഒരു ശതമാനം പോലുമില്ല. 2024 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെത്തിയിരുന്നു. ആകാശത്തുനിന്ന് അദ്ദേഹം മുണ്ടക്കൈയും ചൂരൽമലയുമൊക്കെ കണ്ടു. ഭൂമിയിലിറങ്ങി ദുരിതബാധിത മേഖലയിലെ മനുഷ്യരെ കണ്ടു.
മേപ്പാടിയിലെ ആശുപത്രിയിൽ പിതാവും സഹോദരങ്ങളുമൊക്കെ നഷ്ടപ്പെട്ട നൈസ എന്ന കുഞ്ഞിനെ ലാളിച്ചു. ദുരിതമേഖലയിൽനിന്നുള്ള ഫോട്ടോ എല്ലായിടത്തുമെത്തി. പക്ഷേ, സഹായം ദുരിതമേഖലയിലെത്തിയില്ല. കോടതികൾക്കുപോലും കേരളത്തെ സഹായിക്കാൻ ആവശ്യപ്പെടേണ്ടിവന്നു. മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പലതവണ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ചെയർമാനും ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാർ എക്സ് ഒഫീഷ്യോ അംഗങ്ങളും പ്രധാനമന്ത്രി നാമനിർദേശം ചെയ്ത രണ്ട് അംഗങ്ങളുമുള്ള സംവിധാനമാണ് കേരളത്തെ ചവിട്ടിത്തേച്ചത്. പൊതുജനാരോഗ്യ അടിയന്തരാവസ്ഥയോ, മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ മറ്റേതെങ്കിലും അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ സഹായിക്കുന്നതിനാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാൽ, 2020 മാർച്ച് മുതൽ 2025 മാർച്ച് 31 വരെയുള്ള അഞ്ചുവർഷത്തിനിടെ ഫണ്ടിന്റെ അഞ്ചിലൊന്നു (18.7 ശതമാനം) മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്.
പിഎം കെയേഴ്സ് ഫണ്ട്, പിഎം ദേശീയ ദുരിതാശ്വാസ ഫണ്ട്, ദേശീയ പ്രതിരോധ ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾപോലും അനുവദിക്കേണ്ടെന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം. ഇതു പൊതുജനങ്ങളിൽനിന്നു സമാഹരിക്കുന്നതിനാൽ സർക്കാരിനു കണക്കു പറയാൻ ഉത്തരവാദിത്വമില്ലെന്നായിരുന്നു മറുപടി. പക്ഷേ, വിദ്യാർഥികളുടെ കൂട്ടായ്മയായ സിജെപി സർക്കാരിനെ വെട്ടിലാക്കി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് വിദേശത്ത് പഠിക്കാനായുള്ള പണം എവിടെനിന്നാണെന്ന് ബിജെപി സമൂഹമാധ്യമക്കാർ വലിയവായിൽ ചോദ്യമുന്നയിച്ചു. ഇതിന്റെ വിവരം ആവശ്യപ്പെട്ട് സൂററ്റിലെ ഒരു ബിജെപിക്കാരൻ ആർടിഐ ഫയൽ ചെയ്തിട്ടുമുണ്ട്. വടി കൊടുത്ത് അടി വാങ്ങി. ഒരു ചാനൽ ചർച്ചയിൽ ഈ ചോദ്യമുയർന്നപ്പോൾ, “സിജെപിക്ക് ഫണ്ടിങ് പിഎം കെയേഴ്സിൽനിന്നാണ് ലഭിക്കുന്നത്” എന്ന മറുപടിയാണ് വക്താവ് അശുതോഷ് രംഗ നൽകിയത്. പിന്നാലെ പിഎം കെയേഴ്സ് ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യമുയർന്നു. ഇതിനൊടുവിലാണ് ക്രൂരവും ദുരൂഹവുമായ പൂഴ്ത്തിവയ്പ് പുറത്തായത്.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം മുടങ്ങിയിരിക്കേ, ദേശീയ ദുരന്തപ്രതികരണനിധിയിൽ (എൻഡിആർഎഫ്) സംസ്ഥാനങ്ങൾക്ക് കൈമാറാനായി അംഗീകരിച്ച തുകയിൽ 53 ശതമാനവും ചെലവഴിച്ചിട്ടില്ലെന്ന സിഎജി റിപ്പോർട്ടും വന്നിട്ടുണ്ട്. 2024-25ൽ 11,474 കോടി വിട്ടുനൽകാൻ അനുമതിയായിട്ടും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറിയത് 5356 കോടി മാത്രം. കേന്ദ്ര ദുരന്തലഘൂകരണ ഫണ്ടി (എൻഡിഎംഎഫ്)ൽനിന്നു സംസ്ഥാനങ്ങൾക്ക് അനുവദിച്ച 2,868 കോടിയിൽ 719.72 കോടി മാത്രമാണ് നൽകിയത്; നാലിലൊന്ന്. മനുഷ്യർ നരകിക്കുന്പോൾ ദുരിതാശ്വാസമാകേണ്ട നിധിക്കു മുകളിൽ കേന്ദ്രസർക്കാർ ഭൂതത്തെപ്പോലെ കയറിയിരിക്കുകയാണ്. എന്തൊരു ദുരന്തമാണിത്; പ്രകൃതിയെത്ര ഭേദം!
Editorial
ട്രെയിനിൽ കുടിവെള്ളമില്ലാത്തതിനാൽ സ്റ്റേഷനിലെത്തുന്പോൾ കുപ്പിയുമായി ഓടുന്ന യാത്രികരെയും ഇന്ത്യൻ റെയിൽവേ ചതിച്ചു. കേരളത്തിലുൾപ്പെടെ പല സ്റ്റേഷനുകളിലെയും കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ട്. ഈ കോളി ബാക്ടീരിയ എത്തുന്നത് പ്രധാനമായും മനുഷ്യവിസർജ്യത്തിൽനിന്നാണെന്ന് സർക്കാരിനും റെയിൽവേയ്ക്കും അറിയാം. പക്ഷേ, അവർ കുടിക്കുന്നത് ഈ വെള്ളമല്ലല്ലോ. ദിവസം മൂന്നുകോടി യാത്രക്കാരെങ്കിലും കയറിയിറങ്ങുന്ന, പ്രതിവർഷം ഏകദേശം 2.75 ലക്ഷം കോടി രൂപ വരുമാനമുള്ള പ്രസ്ഥാനമാണ് ഇത്ര ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നത്. അവിടെയുമിവിടെയും ആഡംബര ട്രെയിനുകളും സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യാനെത്തുന്ന ഭരണ-ഉദ്യോഗ പ്രമാണിമാർ യാത്രക്കാർക്കുള്ള പൈപ്പിൽനിന്നു വെള്ളം കുടിച്ച് ടോയ്ലറ്റിലൊന്ന് ഇരുന്നിട്ടും മടങ്ങട്ടെ. അപ്പോഴറിയും, ഇ കോളി ബാക്ടീരിയ റെയിൽവേ നിർമിത മാലിന്യമലയുടെ ഒരറ്റം മാത്രമാണെന്ന്.
രാജ്യത്തെ നാല് റെയിൽവേ സോണുകളിലെ എട്ട് റെയിൽവേ സ്റ്റേഷനുകളിലുള്ള വാട്ടർ കൂളറുകളിലാണ് ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്ക തകരാറുകൾ എന്നിവയ്ക്കു കാരണമായേക്കാവുന്ന ഇ കോളി ബാക്ടീരിയ. ദക്ഷിണ റെയിൽവേയിലെ പാലക്കാട്, കോയമ്പത്തൂർ, സൗത്ത് സെൻട്രലിലെ ഹൈദരാബാദ്, സെൻട്രലിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോനവാല, ഈസ്റ്റേൺ റെയിൽവേയിലെ മധുപുർ എന്നീ സ്റ്റേഷനുകളിലെ വെള്ളത്തിലും ബാക്ടീയ ഉണ്ട്. മറ്റു വൃത്തികേടുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 512 സബ് അർബൻ ഇതര ഗ്രേഡ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളില്ലെന്നു കണ്ടെത്തി. പരിശോധന നടത്തിയ 512 സ്റ്റേഷനുകളിലെ 458 സ്റ്റേഷനുകളിലും മിനിമം അവശ്യ സൗകര്യങ്ങൾ പോലുമില്ല.
സിഎജി കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതിയാണ്. പല ട്രെയിനുകളും മാലിന്യവണ്ടികളായി. ടോയ്ലെറ്റുകളിൽ നിവൃത്തിയുണ്ടെങ്കിൽ ആളുകൾ കയറില്ല. ദീർഘദൂര ട്രെയിനുകളിലാണെങ്കിൽ യാത്ര തുടങ്ങി മണിക്കൂറുകൾക്കകം വൃത്തിഹീനമാകും. ജനറൽ കോച്ചുകളിലെ സ്ഥിതി കൂടുതൽ പരിതാപകരമാണ്. ആവശ്യത്തിനു വെള്ളമില്ലാത്തതും ശുചിയാക്കാൻ ആളില്ലാത്തതുമാണ് മുഖ്യകാരണങ്ങൾ. ട്രെയിനിലെ വെള്ളം വായ കഴുകാൻപോലും മിക്ക യാത്രക്കാരും ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും നിക്ഷേപിക്കുന്നതിനുള്ള പാത്രം നിറഞ്ഞുകവിഞ്ഞ് കിടക്കുന്നതും പതിവാണ്. എലി, പാറ്റ, പാന്പ് തുടങ്ങിയവയ്ക്ക് ആവശ്യമുള്ളതെല്ലാം ഒരിടത്തുനിന്നു കിട്ടും. ദീർഘദൂര ട്രെയിനുകളിൽ യാത്രക്കാരുടെ ദുരിതം വലതുകാൽ വച്ചു കയറുന്പോഴേ തുടങ്ങും. ബുക്ക് ചെയ്ത സീറ്റിലെ കൈയേറ്റക്കാർ മിക്കവാറും ഉറക്കത്തിലായിരിക്കും. വിളിച്ചെഴുന്നേൽപ്പിക്കാനാകാത്തത്ര ഉറക്കം! വർഷങ്ങളായുള്ള പരാതിയാണെങ്കിലും റെയിൽവേയും കൂർക്കം വലിച്ചുറങ്ങുകയാണ്. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകളും മുതിർന്നവരുമൊക്കെ പലപ്പോഴും നിന്നു യാത്ര ചെയ്യേണ്ടിവരും. സ്ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയും മോഷണവും ഗുണ്ടായിസവുമൊക്കെ ഓരോ ദിവസവും വർധിക്കുകയാണ്. സ്വർണവും പണവും മൊബൈൽ ഫോണും മാത്രമല്ല, ഉറങ്ങിയെഴുന്നേൽക്കുന്പോൾ ചെരിപ്പുപോലും കാണില്ല. ടിടിഇയും റെയിൽവേ പോലീസുമൊക്കെ പരന്പരാഗത ആചാരങ്ങളെന്നേയുള്ളൂ.
തീവെട്ടിക്കൊള്ള തുടങ്ങുന്നത് തീവണ്ടിയിലല്ല, ടിക്കറ്റ് ബുക്ക് ചെയ്യുന്നിടത്താണ്. കൺഫേം ചെയ്ത ടിക്കറ്റ് ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് കാൻസൽ ചെയ്താൽപോലും വലിയ പിഴയാണ്. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും, എസി സെക്കൻഡിന് 200 രൂപയും, എസി 3-ടയർ/ചെയർ കാറിന് 180 രൂപയും, സ്ലീപ്പറിന് 120 രൂപയും, സെക്കൻഡ് ക്ലാസിന് 60 രൂപയും കുറയ്ക്കും. ഒന്നിലധികം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഓരോന്നിനും പണം നഷ്ടമാകും. 48 മുതൽ 12 മണിക്കൂർ വരെ ടിക്കറ്റ് തുകയുടെ 25 ശതമാനം. 12 മുതൽ 4 മണിക്കൂർ വരെ (അല്ലെങ്കിൽ ചാർട്ട് തയാറാക്കുന്നത് വരെ) 50 ശതമാനം. അതിനു ശേഷമാണെങ്കിൽ ഒന്നും കിട്ടില്ല. പക്ഷേ, റദ്ദാക്കിയ ടിക്കറ്റ് അപ്പോൾതന്നെ പൂർണനിരക്കിൽ വിറ്റു കാശാക്കുകയും ചെയ്യും. 2019-23 കാലഘട്ടത്തിൽ മാത്രം കാൻസലേഷൻ ചാർജ് ഇനത്തിൽ 6,113 കോടി രൂപ റെയിൽവേ പിടിച്ചെടുത്തു. ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നു പറയുന്ന സർക്കാർ ഇതറിയണം.
കാൻസലേഷൻ കൊള്ള, ട്രെയിനിലെയും സ്റ്റേഷനിലെയും ശുചിത്വമില്ലായ്മ, മോശം ഭക്ഷണം, സുരക്ഷിതത്വമില്ലായ്മ, തിരക്ക്, മോഷണം... ഇപ്പോൾ വിസർജ്യാവശിഷ്ട കുടിവെള്ളവും. ഒന്നും പരിഹരിക്കാനാകാത്തതല്ല. ചുമതലപ്പെട്ടവർക്കു തോന്നിയിട്ടില്ല. ഇ കോളി ബാക്ടീരിയയാണ്; ഈ കെടുകാര്യസ്ഥത മാറാരോഗവും.
Editorial
സംസ്ഥാനങ്ങളിൽനിന്ന് ഖനന നിയന്ത്രണാധികാരം എടുത്തുമാറ്റാൻ വ്യവസ്ഥകളുള്ള ധാതുഖനന ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. സംസ്ഥാനത്തിന്റെ ആഴക്കടൽ, തീരഖനനസാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്ക കേരളത്തിനുണ്ട്. ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.
ഇന്ത്യയുടെ ഫെഡറൽ സംവിധാനം രാഷ്ട്രീയവും സാമ്പത്തികവും പ്രാദേശികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ഓരോ കാലത്തും കേന്ദ്രസർക്കാരിന്റെ ചില നടപടികൾ ഫെഡറലിസത്തെ തകർക്കുന്നതാണ് എന്ന പ്രതിഷേധം ഉയരാറുമുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തികവിഹിതം കുറയുന്ന നികുതിഘടനയും അതുവഴി സാമ്പത്തികമായി കേന്ദ്രത്തെ അമിതമായി ആശ്രയിക്കേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ ഗതികേടും സ്വാതന്ത്ര്യം കിട്ടിയതു മുതൽ തുടരുന്ന പ്രശ്നങ്ങളാണ്.
ഇതിനു പുറമെയാണ് കേന്ദ്ര ഏജൻസികളും ഗവർണർമാരും ഇടപെട്ടുണ്ടാക്കുന്ന പൊല്ലാപ്പുകൾ. മാത്രമല്ല, ചില പ്രത്യേക ഭാഷാ-സംസ്കാര വിഭാഗങ്ങളുടെമേൽ ദേശീയതലത്തിൽ ഒരേ നയങ്ങൾ അടിച്ചേൽപിക്കുന്നതിലുള്ള പ്രാദേശികമായ ആശങ്കകളും സംസ്ഥാനാന്തര തർക്കങ്ങളും ഫെഡറലിസത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവയ്ക്കാറുണ്ട്.
സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന അധികാരങ്ങളിൽ പലതും കവർന്നെടുക്കാൻ സമഗ്രാധിപത്യ സ്വഭാവമുള്ള കേന്ദ്രസർക്കാർ നിയമനിർമാണം നടത്തുമ്പോൾ ഭരണഘടനാശിൽപികൾ സങ്കൽപിച്ച ഫെഡറൽ സ്വഭാവത്തിന്റെ അടിത്തറയിളക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ധാതുഖനന ഭേദഗതി ബിൽ ആണ് ഈ പരമ്പരയിൽ ഒടുവിലത്തേത്.
ഖനനം സ്വകാര്യകമ്പനികൾക്ക് തീറെഴുതിക്കൊടുക്കുംവിധം ഇളവുകളും അധികാരങ്ങളും നൽകുന്നതാണ് ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബിൽ 2026 എന്ന ആക്ഷേപം ഇതിനകം ചൂടുപിടിച്ച ചർച്ചയായിട്ടുണ്ട്. സംസ്ഥാനങ്ങളിൽനിന്ന് ഖനനനിയന്ത്രണാധികാരം എടുത്തുമാറ്റാനുള്ള വ്യവസ്ഥകളെച്ചൊല്ലിയാണ് ഏറെ വിമർശനം.
സംസ്ഥാനത്തിന്റെ ആഴക്കടൽ, തീരഖനന സാധ്യതകൾ സ്വകാര്യ കുത്തകകളിലേക്ക് എത്തുമെന്ന ആശങ്കയാണ് കേരളം പ്രത്യേകമായി എടുത്തുകാട്ടുന്നത്. ധാതുഖനിയുള്ള ഭൂമിയുടെ നിയന്ത്രണം നിലവിൽ സംസ്ഥാനങ്ങൾക്കാണ്. ലീസും നികുതിയുമെല്ലാം സംസ്ഥാനങ്ങൾക്കുപയോഗിക്കാം. ഭേദഗതി നിയമമാകുന്നതോടെ ധാതുഖനന ഭൂമിയുടെ നിയന്ത്രണം പൂർണമായി കേന്ദ്രസർക്കാരിനാകും.
ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിക്കുന്നതിലൂടെ സ്വകാര്യ കമ്പനികൾക്കും വിദേശകമ്പനികൾക്കും എളുപ്പത്തിൽ ഖനനാനുമതി നേടിയെടുക്കാനാകും. കരിമണലടക്കം വലിയതോതിൽ ധാതുസമ്പത്തുള്ള കേരളത്തിന് നിയമം തിരിച്ചടിയാകും. അനിയന്ത്രിതമായ ഖനനാനുമതിയും ദോഷം ചെയ്യും. വനഭൂമിയിലും തീരദേശത്തും ഖനനം നടത്താമെന്നു വരുന്നതോടെ പരിസ്ഥിതി പ്രശ്നങ്ങളും ഉടലെടുക്കും. ഒരു ധാതുവിന്റെ ഖനനത്തിനായി നൽകിയ ഭൂമിയിൽ മറ്റു ധാതുക്കൾ കണ്ടെത്തിയാൽ പുതിയ ലൈസൻസില്ലാതെ ഖനനം നടത്താമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.
ലിഥിയം, ഗ്രാഫൈറ്റ്, കൊബാൾട്ട്, നിക്കൽ തുടങ്ങിയ സുപ്രധാന ധാതുക്കളാണെങ്കിൽ അധികതുകയും വേണ്ട. ഒരു ലൈസൻസിന്റെ പേരിൽ എത്രതരം ധാതുക്കൾ വേണമെങ്കിലും ഖനനം ചെയ്യാമെന്ന അപകടം വേറെ. സ്വകാര്യാവശ്യങ്ങൾക്കായി ഖനനം നടത്തുന്ന കമ്പനികൾ അമ്പത് ശതമാനം മാത്രമേ വിൽകാൻ പാടുള്ളൂ എന്ന നിയന്ത്രണം ബിൽ എടുത്തുകളയുന്നുണ്ട്. ഖനനം കൂടുതൽ സുസ്ഥിരമാക്കാനും മേഖലയിൽ സാമ്പത്തികബാധ്യത ഉണ്ടാകാതിരിക്കാനുമാണ് ബിൽ കൊണ്ടുവന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
എന്നാൽ ധാതുക്കളുടെ കലവറയായ ചവറ പോലുള്ള പ്രദേശത്തെ ഭൂമിയിൽ കേന്ദ്രത്തിന്റെ അധികാരമുറപ്പിക്കാനും കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്കു മറിച്ചുകൊടുക്കാനുമുള്ള കുറുക്കുവഴിയാണ് ബില്ലെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി ചൂണ്ടിക്കാട്ടുന്നു. ബില്ലിലെ കെണികൾ തിരിച്ചറിഞ്ഞ കേരളം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിൽക്കേണ്ട മറ്റൊരു നിർണായക സന്ദർഭമാണിത്.
ഭൂമിയുടെ നിയന്ത്രണം സംസ്ഥാന സര്ക്കാരിന്റെ അധീനതയിലുള്ള വിഷയമായതിനാൽ ഭരണഘടനയുടെ ഫെഡറല് സ്വഭാവം തകര്ക്കുന്ന ബില്ലിനെതിരേയുള്ള കേരളത്തിന്റെ പ്രതിഷേധം കേന്ദ്രസര്ക്കാരിനെ അറിയിക്കാന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ബില് പാസായാല് കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഇന്ത്യയുടെ ഫെഡറൽ ഘടനയെ കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തുന്നതാണു കണ്ടത്.
മുൻകാല ഭരണകൂടങ്ങളും അധികാരം കേന്ദ്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ബിജെപി സർക്കാർ കൃത്യമായ അജണ്ടയിലൂടെയാണ് മുന്നോട്ടു പോകുന്നത്. സംസ്ഥാനങ്ങളെ കേന്ദ്രനയങ്ങൾ നടപ്പാക്കുന്ന ഘടകം മാത്രമായി ചുരുക്കുന്ന അവസ്ഥ. സംസ്ഥാനങ്ങൾ യൂണിയന്റെ വെറും വിപുലീകരണമല്ലെന്നും ഭരണഘടനാപരമായി നിർവചിക്കപ്പെട്ട മേഖലകളിൽ അവയ്ക്ക് മേധാവിത്വം ഉണ്ടെന്നും അടിവരയിടുന്നതായിരുന്നു എസ്.ആർ. ബൊമ്മെ കേസിൽ 1994ലുണ്ടായ സുപ്രീംകോടതി വിധി.
ഫെഡറലിസവും ജനാധിപത്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഒന്നിനെ ദുർബലപ്പെടുത്തുന്നത് മറ്റൊന്നിന് ഭീഷണിയാകുമെന്നും കോടതി ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിനാൽ ഇത്തരം നിയമങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കേണ്ടത് ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നിലനിൽപിന് അനിവാര്യമാണ്.
Editorial
അർജുൻ ആയങ്കിയും ടി.ജി. മോഹൻദാസും ഒരേ തലക്കെട്ടിനു കീഴിൽ പ്രത്യക്ഷപ്പെടുന്നതിനെ കാവ്യനീതിയെന്നു വിളിക്കാമോ? ഒരാൾ വിവിധ കേസുകളിൽ ഉൾപ്പെട്ട, നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഒന്നാന്തരം ക്രിമിനൽ. മറ്റേയാൾ പൊതുപ്രവർത്തകനെന്ന ലേബലിൽ ഒന്നാന്തരം വിദ്വേഷം പ്രചരിപ്പിക്കുന്നയാൾ. രണ്ടു പേരും സ്വേച്ഛാധികാരവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ കാവ്യനീതി എന്ന പ്രയോഗത്തിന് പൊരുത്തമുണ്ട്.
കേരളം മുഴുവൻ സാമ്രാജ്യമാക്കിയ അധോലോക, ക്വട്ടേഷൻ നേതാവായ അർജുൻ ആയങ്കി സിപിഎം രാഷ്ട്രീയത്തിന്റെ പിന്തുണയോടെയാണ് നിയമവാഴ്ചയെ വെല്ലുവിളിക്കാൻ തക്ക കരുത്തു നേടിയത്. പാർട്ടിക്കുവേണ്ടി ഉപയോഗിച്ച മറ്റു പലരെയുമെന്നപോലെ ആയങ്കിയെയും സിപിഎം തള്ളിപ്പറഞ്ഞിട്ടുണ്ട്. അതവരുടെ നിലനില്പ് രാഷ്ട്രീയത്തിന്റെ ഭാഗമാകാതിരിക്കട്ടെ.
സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇയാളെപ്പോലൊരു ഗുണ്ട പിടിയിലായത് ആശ്വാസമാണ്. 23 കേസുകളിൽ പ്രതിയായ ഒരാൾ പോലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ വിലസിയതും അയാളെ ഒളിപ്പിക്കാനും സഹായിക്കാനും ഒരുപാടുപേർ ഉണ്ടായി എന്നതും അസ്വാസ്ഥ്യജനകംതന്നെ.
ഏതൊരു ഗുണ്ടയുടെയും അവസ്ഥ ഇതാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറയുമ്പോൾ ജനം കൈയടിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് സ്വസ്ഥവും സമാധാനവുമായി ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. കേരളം ഗുണ്ടകളുടെ നാടല്ലെന്നും ഗുണ്ടകളെ നിലയ്ക്കുനിർത്തുമെന്നും അദ്ദേഹം പറയുമ്പോൾ പിന്തുണയ്ക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും മുമ്പോട്ടു വരണം.
മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം.വി. ജയരാജനുമെല്ലാം ആയങ്കിയെ തള്ളിപ്പറഞ്ഞതിൽ ആർജവമുണ്ടെങ്കിൽ കേരളത്തിന് പ്രതീക്ഷയ്ക്കു വകയുണ്ട്. രാഷ്ട്രീയവും ക്രിമിനലുകളും തമ്മിലുള്ള അവിശുദ്ധബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എക്കാലത്തും അതേക്കുറിച്ചുള്ള ചർച്ചകളും വാദപ്രതിവാദങ്ങളുമുണ്ടായിരുന്നു.
കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള അനിയന്ത്രിതമായ ബന്ധം ഭരണവ്യവസ്ഥയുടെയും സമൂഹത്തിന്റെയും ആരോഗ്യത്തിന് അപകടകരമാണ്. കോടികൾ വാരിയെറിയുന്ന ബിസിനസായി രാഷ്ട്രീയവും തെരഞ്ഞെടുപ്പും മാറുമ്പോൾ സ്വാഭാവികമായി ഗുണ്ടകളും അനിവാര്യമാകുന്നു. താത്കാലിക നേട്ടങ്ങൾക്ക് അടിപ്പെട്ട് വോട്ട് ചെയ്യുന്ന നിഷ്ക്രിയമായ ജനക്കൂട്ടമാണ് രാഷ്ട്രീയ ക്രിമിനലിസം വളർത്തുന്നത്.
കേവലം ജനക്കൂട്ടം എന്നതിൽനിന്ന് ഉയർന്ന രാഷ്ട്രീയബോധമുള്ള ‘പൗരന്മാർ’ ആയി മാറുമ്പോൾ മാത്രമേ ഈ അവിശുദ്ധ കൂട്ടുകെട്ട് തകർക്കാൻ സാധിക്കൂ. രാഷ്ട്രീയാധികാരവുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ്റൊരു വിചാരധാരയാണ് വിദ്വേഷപ്രചാരണം. അതിൽ അഗ്രഗണ്യനാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായി ഇന്നലെ ജാമ്യത്തിലിറങ്ങിയ സംഘപരിവാർ പ്രചാരകൻ ടി.ജി. മോഹൻദാസ്.
ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത യുവജനങ്ങളെയാണ് മോഹൻദാസ് സമൂഹമാധ്യമം വഴി അധിക്ഷേപിച്ചത്. താനായിരുന്നെങ്കിൽ സമരക്കാരെ വെടിവയ്ക്കുമായിരുന്നു, സമരത്തിൽ പങ്കെടുത്ത സ്ത്രീകൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നൊക്കെയായിരുന്നു ജൽപനം. കേസെടുത്ത് പതിനൊന്നാം ദിവസമായിരുന്നു അറസ്റ്റ്. വൈകാരികമായ വിദ്വേഷത്തെയും മുൻവിധികളെയും ആളിക്കത്തിക്കുകയെന്നതാണ് മോഹൻദാസടക്കമുള്ള വിദ്വേഷപ്രസംഗകർ ചെയ്യുന്നത്.
ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ല. ആധിപത്യത്തിനു ശ്രമിക്കുന്ന ഒരു നിഷേധ പ്രത്യയശാസ്ത്രത്തിന്റെ പല മാർഗങ്ങളിൽ ഒന്നാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി തവണ ഒരേ കാര്യം കേൾക്കുന്ന സാധാരണ മനുഷ്യർ ചിന്തിക്കാതെ ഇത് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കുതന്ത്രങ്ങൾ കൃത്യമായി തിരിച്ചറിയുന്നവരാണ് പുതുതലമുറയെന്നതാണ് ആശ്വാസം.
പരമ്പരാഗത രീതികളെ വെല്ലുവിളിക്കുന്ന വ്യത്യസ്ത ചിന്തകളും സമരരീതികളുമാണ് അവരെ നയിക്കുന്നത്. ടി.ജി. മോഹൻദാസിന്റെ പരാമർശങ്ങളിലുള്ളത് കടുത്ത സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയുമാണ്. മനുഷ്യാവകാശങ്ങളെയും പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെയും തരിമ്പും വകവയ്ക്കാത്ത ധാർഷ്ട്യപ്രകടനം. അത്യന്തം അപകടകരമായ വികൃത മനോഭാവമാണ് ഇതിനു പിന്നിൽ.
വിദ്വേഷപ്രസംഗങ്ങൾ ഒരു വ്യക്തിക്കോ സമൂഹത്തിനോ എതിരേയുള്ള ആക്രമണം മാത്രമല്ല, ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാഹോദര്യത്തിനും മാനവികതയ്ക്കും നേരേയുള്ള വഞ്ചനയാണ് എന്നാണ് വിദ്വേഷപ്രസംഗങ്ങളിൽ പരാതിക്കായി കാത്തുനിൽക്കാതെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം.
വിദ്വേഷപ്രചാരകരിൽനിന്ന് സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ സംരക്ഷിക്കണമെങ്കിൽ, അസഹിഷ്ണുതയോട് സഹിഷ്ണുത കാണിക്കാതിരിക്കാനുള്ള അവകാശം നമുക്കുണ്ടായിരിക്കണം എന്ന ഓസ്ട്രിയൻ-ബ്രിട്ടീഷ് ചിന്തകൻ കാൾ പോപ്പറുടെ വാക്കുകളും ഇതോടു ചേർത്തുവയ്ക്കാം.
അർജുൻ ആയങ്കിയുടെയും ടി.ജി. മോഹൻദാസിന്റെയും അറസ്റ്റും ആഭ്യന്തരമന്ത്രിയുടെ വാക്കുകളും ജനങ്ങളിപ്പോൾ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. പോലീസിലെയും രാഷ്ട്രീയക്കാരിലെയും ചിലർ പതിവു വേലത്തരങ്ങളുമായി വരാതിരിക്കില്ല. അത് തിരിച്ചറിഞ്ഞ് തടഞ്ഞില്ലെങ്കിൽ മന്ത്രിയുടെ വിശ്വാസ്യത മാത്രമല്ല നഷ്ടമാകുക; ജനാധിപത്യ സംവിധാനത്തിന്റെ വിശ്വാസ്യത കൂടിയാണ്.
Editorial
ഇന്നലെ പുറത്തുവന്ന ഒരു വാർത്ത മലയാളിയെ സംബന്ധിച്ച് തികച്ചും അപമാനകരമാണ്. സമ്പൂർണ സാക്ഷര കേരളം, പ്രബുദ്ധ മലയാളി എന്നീ ക്ലീഷെകൾ അറബിക്കടലിലെറിയാൻ നേരമായി എന്നതിന്റെ സൂചന. തിരിച്ചറിഞ്ഞു തിരുത്തിയില്ലെങ്കിൽ വിലകെട്ട മലയാളി എന്ന ലേബലാകും നെറ്റിയിൽ പതിയുക. വരുമാനപരിധിക്ക് പുറത്തുള്ള 86,000 കുടുംബങ്ങൾ മുൻഗണനാ (ബിപിഎൽ) റേഷൻ കാർഡ് പട്ടികയിൽനിന്ന് പുറത്താകുന്നു എന്നതാണ് വാർത്ത. കേന്ദ്രസർക്കാരാണ് സംസ്ഥാനത്തെ ഈ ‘മിടുക്കരെ’ കണ്ടെത്തിയത്. ആദായനികുതി റിട്ടേൺ രേഖകളുടെ അടിസ്ഥാനത്തിൽ, ഉയർന്ന വരുമാനമുള്ള ബിപിഎൽ കാർഡ് ഉടമകളുടെ വിവരങ്ങൾ കേന്ദ്രസർക്കാർ സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറുകയായിരുന്നു. ആധാർ നമ്പർ വഴി ബാങ്ക് ഇടപാടുകൾ, വസ്തു-വാഹന രജിസ്ട്രേഷൻ എന്നിവ ബന്ധിപ്പിച്ചതും നിർമിതബുദ്ധി ഉപയോഗിച്ചു നടത്തിയതുമായ പരിശോധനയാണ് അനർഹരെ കണ്ടെത്താൻ സഹായിച്ചത്.
ബിപിഎൽ യോഗ്യതാ മാനദണ്ഡങ്ങൾ വളരെ വ്യക്തമാണ്. ആദായനികുതിദായകരാകാൻ പാടില്ല, പ്രതിമാസ വരുമാനം 25,000 രൂപയോ (പ്രതിവർഷം മൂന്നു ലക്ഷം രൂപ) അതിൽ കൂടുതലോ ആകരുത്, നാലുചക്ര വാഹനമോ 0.40 ഹെക്ടറിൽ കൂടുതൽ ഭൂമിയോ ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടോ ഉണ്ടാകരുത് എന്നിങ്ങനെയാണ് വ്യവസ്ഥകൾ. 86,000 കുടുംബങ്ങൾ ഇതിന്റെ നഗ്നമായ ലംഘനം നടത്തിയെന്നാണ് കണ്ടെത്തൽ. അനർഹർക്ക് സിവിൽ സപ്ലൈസ് വകുപ്പ് നോട്ടീസ് അയച്ചുതുടങ്ങി. ഇവരുടെ വിശദീകരണം കേട്ട ശേഷം ബിപിഎൽ പട്ടികയിൽനിന്ന് ഒഴിവാക്കുകയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യുമെന്നാണ് അധികൃതർ അറിയിച്ചത്.
അർഹതയില്ലാത്തത് നേടിയെടുക്കുന്നവരും കുറുക്കുവഴിയിലൂടെ കാര്യങ്ങൾ സാധിക്കുന്നവരും സമർഥരാകുകയും അതിനു സാധിക്കാത്തവർ അവരെ അസൂയയോടെ നോക്കുന്നവരാകുകയും ചെയ്യുന്ന, ലജ്ജയും സാമൂഹികബോധവും കൈമോശം വന്ന സമൂഹമാകുകയാണോ നമ്മൾ? ക്ഷേമരാഷ്ട്രസങ്കല്പത്തിൽ പാവപ്പെട്ടവർക്കും അരികുവിഭാഗങ്ങൾക്കും നൽകുന്ന ആനുകൂല്യങ്ങൾ ഒഴിവാക്കാനാകില്ല. അർഹരെ കണ്ടെത്തി സഹായിക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. എന്നാൽ, അതിലേക്ക് നുഴഞ്ഞുകയറുന്ന ‘അതിസമർഥർ’ ക്ഷേമരാഷ്ട്ര സങ്കല്പത്തെത്തന്നെയാണ് അട്ടിമറിക്കുന്നത്. അത്തരക്കാർക്കുള്ള ശിക്ഷ കേവലം പിഴയിലൊതുക്കിയാൽ മതിയോ എന്നുപോലും ചിന്തിക്കേണ്ട സമയമായെന്നു തോന്നുന്നു.
‘സർക്കാരിൽനിന്നു കിട്ടുന്നതെല്ലാം ലാഭം’ എന്ന അവിവേകമാണ് ഇക്കൂട്ടരിൽ മുന്നിട്ടു നിൽക്കുന്നത്. ഒരു ലോറി മറിഞ്ഞ് വിലപിടിപ്പുള്ളതെന്തെങ്കിലും റോഡിൽ വീണാൽ അപകടത്തിൽപ്പെട്ടവരെ മറന്ന് അതു പെറുക്കാൻ ഓടിക്കൂടുന്ന ദൃശ്യങ്ങൾ കാണാറുണ്ട്. അതുപോലെതന്നെയാണ് തങ്ങൾക്ക് അർഹതയില്ലാത്ത സൗജന്യ റേഷൻ ആനുകൂല്യങ്ങൾ വ്യാജരേഖകളിലൂടെ കൈക്കലാക്കുന്നതും.
ഇത് സമൂഹത്തിലെ അർഹരായ നിർധനരോട് കാണിക്കുന്ന വലിയൊരു അനീതികൂടിയാണ്. ഒരാൾ അനർഹമായി മുൻഗണനാ കാർഡ് കൈവശം വയ്ക്കുമ്പോൾ, യഥാർഥത്തിൽ പട്ടിണിയിലായ മറ്റൊരു നിർധന കുടുംബമാണ് പുറത്താകുന്നത്. ധനതത്വശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച മിൽട്ടൺ ഫ്രീഡ്മാൻ അനശ്വരമാക്കിയ പ്രശസ്തമായ ഒരു ചൊല്ലുണ്ട്; “There is no such thing as a free lunch” (സൗജന്യമായി ആർക്കും ഒന്നും ലഭിക്കുന്നില്ല). സർക്കാർ നൽകുന്ന ഓരോ സൗജന്യത്തിന്റെയും ഭാരം പരോക്ഷ നികുതി കൂട്ടിയോ അത്യന്താപേക്ഷിതമായ വികസന പദ്ധതികളുടെ തുക വെട്ടിക്കുറച്ചോ ജനങ്ങളിൽനിന്നുതന്നെ ഈടാക്കുകയാണ്. അതായത്, സൗജന്യമായി ഇന്ന് നേടുന്ന ആനുകൂല്യങ്ങൾക്ക് പകരമായി നാളത്തെ അടിസ്ഥാന സൗകര്യ വികസനവും സാമ്പത്തിക ഭദ്രതയുമാണ് നമ്മൾ ബലികഴിക്കുന്നത്.
സൗജന്യങ്ങളോടും ഓഫറുകളോടുമുള്ള മലയാളിയുടെ അമിതമായ ആകർഷണത്തെക്കുറിച്ചുള്ള ചിന്തകളും പങ്കുവയ്ക്കേണ്ടതുണ്ട്. വെറും സാമ്പത്തിക ലാഭക്കൊതി മാത്രമല്ല അതിനു പിന്നിൽ. മനഃശാസ്ത്രപരവും സാമ്പത്തികശാസ്ത്രപരവുമായ കൃത്യമായ കാരണങ്ങളുമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വില ‘സീറോ’ ആകുമ്പോൾ ഗുണനിലവാരമോ ആവശ്യകതയോ നോക്കാതെ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ മനുഷ്യമനസ് പെട്ടെന്ന് പ്രേരിപ്പിക്കപ്പെടുന്നു. സൗജന്യങ്ങൾ നേടുമ്പോൾ കിട്ടുന്ന സന്തോഷവും മറ്റുള്ളവർക്കു കിട്ടുന്നത് എനിക്കു കിട്ടാതെപോകുമോ എന്ന ഭയവും മലയാളിയെ യുക്തിസഹമല്ലാത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്നുണ്ട്. ചില സൗജന്യങ്ങൾ സ്വന്തമാക്കാൻ പരക്കംപായുന്നവർ വലിയ തട്ടിപ്പുകൾക്ക് ഇരയാകുന്നതും പതിവാണ്.
സൗജന്യങ്ങൾ ജനങ്ങളിലുണ്ടാക്കുന്ന കൃത്രിമമായ സന്തോഷത്തെയാണ് തത്പരകക്ഷികൾ കൃത്യമായി മുതലെടുക്കുന്നത്. സൗജന്യമായി എന്തെങ്കിലും ലഭിക്കുമ്പോൾ തിരിച്ച് ഒരു കടപ്പാട് കാണിക്കാൻ മനുഷ്യർ ബാധ്യസ്ഥരാകുന്നു എന്നാണ് അമേരിക്കൻ മനഃശാസ്ത്രജ്ഞനായ റോബർട്ട് സിയാൽഡിനി പറയുന്നത്. ഈ കടപ്പാടിനെയാണ് കിറ്റുകളും സൗജന്യ വാഗ്ദാനങ്ങളും നൽകി രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്കാക്കി മാറ്റുന്നത്. സാമ്പത്തികശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ മറ്റൊരു കാഴ്ചയാണ് ലഭിക്കുക. വരുമാനത്തിന്റെ വലിയൊരു ഭാഗം ജനപ്രിയ സൗജന്യങ്ങൾക്കായി മാറ്റിവയ്ക്കുമ്പോൾ സംസ്ഥാനങ്ങൾ വലിയ കടക്കെണിയിലേക്കാണ് വീഴുന്നത്. ഇത്തരം സൗജന്യങ്ങൾ ഉത്പാദനക്ഷമമായ ആസ്തികളോ പുതിയ തൊഴിലവസരങ്ങളോ സൃഷ്ടിക്കുന്നില്ല. കാര്യങ്ങളെല്ലാം സൗജന്യമായി ലഭിക്കുമെന്ന അവസ്ഥ വരുമ്പോൾ അധ്വാനിക്കാനും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കാനുമുള്ള ജനങ്ങളുടെ താത്പര്യം കുറയുകയും ചെയ്യും.
പിടിക്കപ്പെടുമ്പോൾ മാത്രം പിഴയൊടുക്കാൻ നിർബന്ധിതരാകുന്നതിനേക്കാൾ പ്രധാനം, പൗരന്മാരിൽ ഉണ്ടാകേണ്ട ധാർമിക ബോധമാണ്. തങ്ങൾക്ക് അർഹതയില്ലാത്തവ സ്വമേധയാ വേണ്ടെന്നു വയ്ക്കാനുള്ള സന്മനസും പൗരബോധവുമാണ് മലയാളിസമൂഹം വളർത്തിയെടുക്കേണ്ടത്.
Editorial
ലഹരിയെന്ന അതിമാരക വിപത്തിനെതിരേ കേരളത്തില് ആഞ്ഞടിക്കുന്ന തൂഫാന് പൂര്ണവിജയത്തിലെത്തണമെന്നാണ് നമ്മള് ഒന്നടങ്കം ആഗ്രഹിക്കുന്നത്. അതിന് മറ്റു സംസ്ഥാനങ്ങളുടെയും കേന്ദ്രസര്ക്കാരിന്റെയും പിന്തുണ കൂടിയേ തീരൂ എന്നതില് ആര്ക്കും സംശയമില്ല. കാരണം, ലഹരിയെന്ന മായാവിക്ക് സംസ്ഥാന അതിര്ത്തികളും രാജ്യാതിര്ത്തികളുമൊന്നും തടസമല്ല. അത് ഒഴുകിക്കൊണ്ടേയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ പോരാട്ടങ്ങള്ക്ക് ഊര്ജം പകര്ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നശാമുക്ത് യുവ ഫോര് വികസിത് ഭാരത്’ എന്ന പേരില് രാജ്യവ്യാപക പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. നൂറ് ആഴ്ച തുടരുന്ന പ്രചാരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്, യുവജനസംഘടനകള്, പൊതുസമൂഹം, വ്യവസായരംഗം, 125ൽ അധികം ആത്മീയ സംഘടനകള് എന്നിവയുടെ സഹകരണത്തോടെയാകും പ്രചാരണം.
ജന്തര് മന്തറില് നടന്ന യുവാക്കളുടെ സമരമായിരിക്കാം പൊടുന്നനെ ഇങ്ങനെയൊരു പ്രഖ്യാപനത്തിന് കേന്ദ്രസര്ക്കാരിനെ പ്രേരിപ്പിച്ചിരിക്കുക. അതെന്തായാലും, രാജ്യത്തെ യുവതയെ ലഹരിമുക്തമാക്കുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക കര്ത്തവ്യമാണ്. അതിനുള്ള ഏതൊരു നീക്കത്തെയും എല്ലാവരും സര്വാത്മനാ പിന്തുണച്ചേ മതിയാകൂ. കേരളത്തിലെ ഓപ്പറേഷന് തൂഫാൻ മാതൃകയാക്കി ലഹരിവ്യാപാരികളെ വേട്ടയാടലും ലഹരിക്കടിമപ്പെട്ടവരുടെ പുനരധിവാസവും സംയോജിപ്പിക്കുന്ന വിപുലമായ പദ്ധതിയാണ് രാജ്യം കാത്തിരിക്കുന്നത്.
പുതിയ യുഡിഎഫ് സര്ക്കാര് കഴിഞ്ഞ ജൂണ് ഒന്നിന് ആരംഭിച്ച ഓപ്പറേഷന് തൂഫാന് വലിയ വിജയമാണെന്നാണ് ഇതുവരെയുള്ള റിപ്പോര്ട്ടുകള്. ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളിലെ പോലീസിനെയും കേന്ദ്ര ഏജന്സികളെയും വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് വകുപ്പുകളെയും കൂട്ടുപിടിച്ചാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില് ഈ ബൃഹദ് വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഇതിനു കീഴില് ജൂലൈ 15 വരെ 7,100ല് അധികം കേസുകളിലായി 7,600ല് അധികം ലഹരിമരുന്നു കച്ചവടക്കാരെ പിടികൂടാന് കഴിഞ്ഞെന്നാണ് ഔദ്യോഗിക കണക്ക്. പിടിച്ചെടുത്തതില് കൂടുതലും സിന്തറ്റിക് ലഹരിമരുന്നുകളാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ലഹരിമുക്ത ഇന്ത്യയെന്ന കാഴ്ചപ്പാടോടെ 2020ല് ആരംഭിച്ചതാണ് ‘നശാ മുക്ത് ഭാരത് അഭിയാന്’. മുമ്പുണ്ടായിരുന്ന സംഘടനാപരമായ പങ്കാളിത്തത്തില്നിന്ന് ജനകീയ പങ്കാളിത്തത്തിലേക്ക് മാറാന് ഈ പദ്ധതിയിലൂടെ സാധിച്ചു എന്നാണ് കേന്ദ്ര സാമൂഹിക നീതിശക്തീകരണ വകുപ്പ് അവകാശപ്പെടുന്നത്. ഇതിന്റെ തുടര്ച്ചയായ തീവ്രപ്രചാരണ പരിപാടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രണ്ട് പ്രധാന മയക്കുമരുന്ന് ഉത്പാദന മേഖലകള്ക്കിടയിലാണ് ഇന്ത്യയുടെ കിടപ്പ്. അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന്, ഇറാന് എന്നിവയാണ് പടിഞ്ഞാറ്. മ്യാന്മര്, തായ്ലന്ഡ്, ലാവോസ് എന്നിവ കിഴക്കും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് കടല്മാര്ഗം മയക്കുമരുന്ന് ശേഖരം എത്തുന്നുണ്ട്. കൂടാതെ, ആഭ്യന്തര ഉത്പാദനവും നടക്കുന്നുണ്ട്. നിയമത്തിലെ ചില വൈരുദ്ധ്യങ്ങള് വന്കിട വിതരണക്കാരെ തുണയ്ക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കുറഞ്ഞ അളവില് ലഹരി കൈവശം വയ്ക്കുന്നവര്ക്ക് ആറുമാസം വരെ തടവുശിക്ഷ ലഭിക്കുമ്പോള് വന്കിടക്കാര്ക്ക് നിസാരമായ ശിക്ഷയേ കിട്ടുന്നുള്ളൂ. ഡ്രോണുകളടക്കം ഏറ്റവും ആധുനിക മാര്ഗങ്ങളാണ് ലഹരിക്കടത്തുകാര് ഉപയോഗിക്കുന്നത്. ഡാര്ക്ക് നെറ്റും ക്രിപ്റ്റോ കറന്സികളുമെല്ലാം ഇവര് സമര്ഥമായി ഉപയോഗിക്കുന്നു. അതിനാല്ത്തന്നെ നിയമപാലകരും പുതിയ സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഇത്തരക്കാരെ നേരിടേണ്ടതുണ്ട്.
മയക്കുമരുന്ന് പിടിച്ചെടുക്കലും അറസ്റ്റുകളും മാഫിയകളെ തകര്ക്കലുകളും ഒരുവഴിക്ക് വിട്ടുവീഴ്ചയില്ലാതെ നടക്കട്ടെ. ഒപ്പം, ലഹരിക്കടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും ഊന്നല് വേണം. ഈ വിഷയത്തില് ഇന്ത്യ ഒരുപാട് മുന്നേറാനുണ്ട്. നിരവധി സ്വകാര്യ ലഹരിമുക്ത കേന്ദ്രങ്ങളില്നിന്ന് ശാരീരിക പീഡനങ്ങളും നിര്ബന്ധിത ലഹരിവര്ജന പ്രക്രിയകളും റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. മിക്ക വലിയ സംസ്ഥാനങ്ങളിലും ആവശ്യത്തിനനുസരിച്ച് ലഹരിമുക്തകേന്ദ്രങ്ങളില്ല. വടക്കേ ഇന്ത്യന് ഗ്രാമങ്ങളില് സാമൂഹിക ഒറ്റപ്പെടല് ഭയന്ന് പലരും സര്ക്കാര് മുക്തികേന്ദ്രങ്ങളെ ഒഴിവാക്കുന്നു. ചെറിയ തോതില് ലഹരിവസ്തു കൈയില് വച്ചതിന്റെ പേരിലുള്ള ക്രിമിനല് റിക്കാര്ഡുകള് പല യുവാക്കളുടെയും ജോലിസാധ്യതയ്ക്കു തടസമാകുന്നുണ്ട്. അതോടെ അവര് ഈ മാരക വൃത്തത്തിനകത്തുതന്നെ കറങ്ങാന് നിര്ബന്ധിതരാകുന്നു.
നശാമുക്ത് ഭാരത് അഭിയാന് ആറു കോടിയില്പരം സ്ത്രീകളില് ബോധവത്കരണം നടത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്, സ്ത്രീകള്ക്കു മാത്രമായുള്ള പ്രത്യേക ചികിത്സാകേന്ദ്രങ്ങള് അപൂര്വമാണ്. ഉള്ളതാകട്ടെ നഗരങ്ങളിലും. സ്ത്രീകളുടേതായ സവിശേഷ സാഹചര്യങ്ങള് ചികിത്സ തേടുന്നതിലും പൂര്ത്തിയാക്കുന്നതിലും അവർക്ക് തടസമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ലഹരിക്കടിപ്പെട്ടവരുടെ പുനരധിവാസം അതീവ പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതുണ്ട്.
ലഹരി മാഫിയയും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥലോബിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ശാപം. അത് തകര്ക്കുന്നതിലെ ആര്ജവവും കരുത്തുമാണ് സര്ക്കാരുകള് ആദ്യം തെളിയിക്കേണ്ടത്. ഒപ്പം, ലഹരിവേട്ടയ്ക്കിറങ്ങുന്ന സേനകളുടെ ശേഷി വര്ധിപ്പിക്കുകയും അന്വേഷണത്തിലും വിചാരണയിലും വീഴ്ച വരാതെയിരിക്കാന് സൈബര്, ഫോറന്സിക് പോലുള്ള വിഭാഗങ്ങളെ ശക്തിപ്പെടുത്തുകയും വേണം. കേരളത്തിന്റെ മാതൃകയില് ലഹരിവിരുദ്ധ തൂഫാന് രാജ്യമാകെ ആഞ്ഞടിക്കട്ടെ.
Editorial
വീട്, കൃഷി, സമ്പാദ്യം, വ്യാപാരസ്ഥാപനങ്ങൾ, ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവർ... എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പട്ടിക ഇത്തവണയും പ്രകൃതി പുതുക്കിയെഴുതി. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെയും ജീവനോപാധികൾ നഷ്ടപ്പെട്ട മറ്റു മനുഷ്യരുടെയും ജീവിതം ഇനി സർക്കാരിന്റെയും സഹജീവികളുടെയും കരുണയിലാണ്.
വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിച്ച ചരിത്രം സർക്കാരുകൾക്കില്ല. കേരളത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടലിൽ അർഹമായ കേന്ദ്രസഹായത്തിനു കോടതികൾക്കുപോലും ഇടപെടേണ്ടിവന്ന ഹൃദയഭേദകമായ അനുഭവവുമുണ്ട്. മഴയ്ക്കും മണ്ണിനും ദുരന്തങ്ങൾക്കുമില്ലാത്ത വിവേചനമോ മുൻഗണനയോ സർക്കാരുകൾക്കുണ്ടാകുന്നത് എത്ര ക്രൂരമാണ്.
മലബാറിൽ ഉൾപ്പെടെ 12 ജില്ലകളിലേക്ക് ഓറഞ്ച് അലർട്ട് വ്യാപിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ അനുഭവം പാഠമാകണം. പെരുമഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വൻ നാശമുണ്ടാക്കിയ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടു മാത്രമാണ് ഉണ്ടായിരുന്നത്. മഴ പ്രളയമായശേഷം മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന ആരോപണം അന്വേഷിക്കണം.
കേന്ദ്രത്തിൽനിന്നു ലഭ്യമായ വിവരങ്ങളും ചേർത്താണ് സംസ്ഥാനം അലർട്ടുകൾ പ്രഖ്യാപിക്കുന്നതെന്നും അലർട്ട് ഏതായാലും രക്ഷാപ്രവർത്തനത്തിനു സജ്ജമായിരിക്കണമെന്ന് പഞ്ചായത്തുതലത്തിൽവരെ മഴക്കാലം തുടങ്ങിയപ്പോഴേ നിർദേശം നൽകിയിരുന്നെന്നുമാണ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. നിർദേശം പുറപ്പെടുവിക്കലല്ല, അതു നടപ്പായിട്ടുണ്ടെന്ന് ഉറപ്പാക്കലാണ് സർക്കാരിന്റെ പണിയെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഉത്തരവാദികളെ കണ്ടെത്തുന്നതിനേക്കാൾ ഇന്നു പ്രധാനം മുൻകരുതലുകളാണ്. പ്രത്യേകിച്ചും തീവ്രമഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ.
ദുരന്തബാധിതരുടെ പക്കലേക്കു സർക്കാർ പാഞ്ഞെത്തണം. ഓണത്തിനു വിൽക്കാൻ ലക്ഷ്യമിട്ടുള്ള കൃഷികൾ ഒലിച്ചുപോയി. കച്ചവടക്കാർ സംഭരിച്ച ചരക്കുകളും മിക്കയിടങ്ങളിലും വെള്ളം കയറി നശിച്ചു. പലരും കടമെടുത്താണ് ഇത്തരം ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. സമയബന്ധിതമല്ലാത്ത വാഗ്ദാനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ല. വിദേശഫണ്ട്തട്ടിപ്പുകാരെന്നും മതംമാറ്റക്കാരെന്നുമുള്ള വർഗീയനിർമിത അന്പുകളേറ്റവയെങ്കിലും ക്രൈസ്തവസഭകളുടേത് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും ദുരിതമനുഭവിക്കുന്ന മനുഷ്യരെ നെഞ്ചോടു ചേർക്കണം. പ്രളയത്തിലും ഉരുൾപൊട്ടലിലുമൊക്കെ നാം ഒന്നിച്ചുനിന്നവരാണ്. ഐക്യകേരളം ഒരു പ്രദേശവും ഭരണവുമായി ബന്ധപ്പെട്ട സാങ്കേതികത്വമല്ല, ഒത്തൊരുമയാൽ നാം ഹൃദയത്തിലെഴുതിയ കരാറാണ്.
നൂറ്റാണ്ടുകളായി ഓരോ കാലവർഷത്തിലും ആവർത്തിക്കുന്ന പെരുമഴയുടെ അനുബന്ധ നാശങ്ങളെ ചെറുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ലെന്നത് ഭരണകൂട പരാജയമാണ്. വീഴ്ചകളും ദീർഘവീക്ഷണമില്ലായ്മയുമാണ് പ്രകൃതിക്ഷോഭത്തെ ദുരന്തങ്ങളാക്കുന്നത്. ഉരുൾപൊട്ടൽ തടയാനും പ്രതിരോധിക്കാനുമുള്ള പ്രധാന പരിഹാരങ്ങൾ മരങ്ങൾ വച്ചുപിടിപ്പിക്കുക, ജലനിർഗമന സംവിധാനങ്ങൾ ഒരുക്കുക, അപകടമേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക തുടങ്ങിയവയാണ്.
മഴക്കാല പൂർവ ശുചീകരണം പോലെയുള്ള തട്ടിക്കൂട്ട് പ്രഹസനങ്ങളാകരുത് ദുരന്തനിവാരണം. തീവ്രമഴ പ്രവചിക്കാനുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള ജനവാസ കേന്ദ്രങ്ങൾ നമുക്കിപ്പോൾ അത്ര അപരിചിതവുമല്ല. എന്നിട്ടും അവിടങ്ങളിലെ മനുഷ്യരെ മാറ്റിപ്പാർപ്പിക്കാൻ ദീർഘകാല പദ്ധതിയില്ല. പരിസ്ഥിതി സംഘടനകളുടെയും മാധ്യമങ്ങളുടെയും ‘കൈയേറ്റ വിചാരണ’ പഴയതുപോലെ അത്ര വിലപ്പോകുന്നില്ലെങ്കിലും ഓരോ മഴക്കാലത്തും മലയോരവാസികളെ സംശയമലകളിൽ കയറ്റിനിർത്താനുള്ള ആവേശം കെട്ടടങ്ങിയിട്ടില്ല.
ഇനിയും മഴ പെയ്യും മണ്ണിടിയും ഉരുൾ പൊട്ടും. മലകളും മനുഷ്യരും അവിടെയുണ്ടാകും. ദീർഘകാല പദ്ധതികൾക്കു പകരം അലർട്ടുകൾ മതിയോ? കർഷകർ മലയോരത്തെത്തിയത് ദുരിതകാലത്ത് സർക്കാർ നിർബന്ധിച്ചിട്ടോ ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാഞ്ഞിട്ടോ കൃഷിയോടുള്ള അഭിനിവേശത്താലോ ആണ്. ഒരിക്കൽ കാടുകളായിരുന്ന സമതലങ്ങളിൽ സുരക്ഷിതരായിരുന്ന് അവരെ വിചാരണ ചെയ്യരുത്. നഷ്ടകൃഷിയുമായി ഉരുളുകളെ ഭയന്ന് മലയോരത്തു ജീവിക്കാൻ ആർക്കും കൊതിയുണ്ടാകില്ല.
ഒന്നുകിൽ അവരെ നഗരങ്ങളിലേക്കോ സുരക്ഷിതമായ മറ്റിടങ്ങളിലേക്കോ എല്ലാ സംവിധാനങ്ങളുമൊരുക്കി മാറ്റിപ്പാർപ്പിക്കുക. അല്ലെങ്കിൽ ദുരന്തങ്ങളെ പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ തയാറാക്കുക. മറ്റു വഴികളുണ്ടെങ്കിൽ അതും ചർച്ച ചെയ്യാവുന്നതാണ്. ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്... ഈ പലവർണ മുന്നറിയിപ്പുകൾ സർക്കാരെന്ന പ്രതിയുടെ മുൻകൂർ ജാമ്യമല്ലാതൊന്നുമല്ലെന്നു വന്നിരിക്കുന്നു. മലകളിൽ മരണം പെയ്യുകയാണ്. ദീർഘകാല പദ്ധതികളെവിടെ?
Editorial
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ചങ്കിലാണ് പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) കുത്തിയത്. കേട്ടുകേൾവിയില്ലാത്ത കാര്യം. കൊടുംവഞ്ചന, തട്ടിപ്പ്. സിപിഎം സംഘടനാ നേതാവിനെ ഒന്നാം റാങ്കിലെത്തിക്കാൻ പരീക്ഷാ സംവിധാനത്തെയാകെ അട്ടിമറിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നതരിലേക്ക് അന്വേഷണം നീങ്ങുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇനിയെങ്ങനെ വിശ്വസിക്കും?
ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ) പരീക്ഷയിലാണ് ഞെട്ടിക്കുന്ന തിരിമറി നടന്നത്. ഒന്നാംറാങ്ക് ലഭിച്ച സിപിഎം സംഘടനാ നേതാവ് അരുൺ ജെ. പ്രതാപ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങൾ ഒന്നാകെ മൂല്യനിർണയത്തിൽനിന്ന് ഒഴിവാക്കിയത്രേ! എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്കുകാരൻ ചുരുക്കപ്പട്ടികയിൽപോലും ഇടംപിടിക്കുമായിരുന്നില്ല എന്നു പറയുമ്പോൾ തട്ടിപ്പിന്റെ ആഴം വ്യക്തമാകും. രണ്ടാം റാങ്കുകാരനേക്കാൾ 53 മാർക്ക് കുറവാണ് ഇദ്ദേഹത്തിന്. ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിലെത്തിയ അരുൺ ജെ. പ്രതാപ് ആസൂത്രണ ബോർഡിൽ ജോലി ചെയ്തുവരികയാണെന്നും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. 1,23,700-1,66,800 ശമ്പള സ്കെയിലിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ചേർത്താണ് റാങ്ക് പട്ടികയുണ്ടാക്കിയത്. സിപിഎം പ്രതിനിധിയായ ചെയർമാനും രണ്ടംഗങ്ങളും ഉൾപ്പെട്ട ബോർഡാണ് അഭിമുഖം നടത്തിയത്. മാർക്ക് പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതുകൂടി പരിശോധിച്ചാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തിന്റെ കാലത്ത് വിവിധ പിഎസ്സി റാങ്ക് ലിസ്റ്റുകള് അട്ടിമറിച്ചെന്ന ആരോപണം ശക്തമാണ്. അതിനിടെയാണ് മുന് ഭരണകാലത്ത് നടന്ന ക്രമക്കേടുകളുടെ കൂടുതല് തെളിവുകള് പുറത്തു വരുന്നത്. പത്തുവർഷം തുടർച്ചയായി നാടു ഭരിച്ച ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന പക്ഷപാതപരമായ പിൻവാതിൽ നിയമനങ്ങളും ഇതിനകംതന്നെ പുറത്തു വന്നതാണ്. ഏതുവിധേനയും സ്വന്തക്കാരെ ഉദ്യോഗങ്ങളിലും മറ്റു താക്കോൽസ്ഥാനങ്ങളിലും തിരുകിക്കയറ്റാനുള്ള അവരുടെ വിരുതു കണ്ട് കേരളം ഞെട്ടിയിട്ടുണ്ട്. ഏതു കള്ളത്തരത്തെയും പ്രത്യയശാസ്ത്രത്തിന്റെ മൂശയിലിട്ട് വ്യാഖ്യാനിച്ച് സ്വർണംപോലെ തിളക്കമുള്ളതാക്കാനുള്ള പാടവവും സിപിഎമ്മിന്റെ കൂടെപ്പിറപ്പാണ്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവാണല്ലോ സംസ്ഥാനത്തെ ഭരണമാറ്റം.
പിഎസ്സിക്ക് അപേക്ഷ നൽകി രാവും പകലും കുത്തിയിരുന്നു പഠിച്ച് പരീക്ഷയെഴുതി പ്രതീക്ഷയോടെ ഫലം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ അവസ്ഥയൊന്നാലോചിക്കൂ. ജീവിതംതന്നെ പരീക്ഷകൾക്കായി മാറ്റിവയ്ക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാർഥികളുടെ നാടാണിത്. വെറുതെയാണോ യുവാക്കൾ പാറ്റകളും കരിന്തേളുകളുമൊക്കെയായി പരിണമിക്കുന്നത്. ഒരു യുവതലമുറയെ മുഴുവൻ അനിശ്ചിതത്വത്തിലേക്കും അവിശ്വാസത്തിലേക്കും തള്ളിയിടുന്നവർക്ക് എന്തു ശിക്ഷ കൊടുത്താലും അധികമാകില്ല.
വിദ്യാഭ്യാസവും തൊഴിലും നാടിന്റെ നട്ടെല്ലാണ്. ഇന്ത്യൻ വിദ്യാഭ്യാസ മേഖലയും ഉദ്യോഗാർഥികളും സമീപകാലത്ത് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തുടർച്ചയായ പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചകളും. സുപ്രധാന ദേശീയ പരീക്ഷകളായ നീറ്റ്, നെറ്റ് മുതൽ സംസ്ഥാനതലങ്ങളിലെ പിഎസ്സി, സർവകലാശാലാ പരീക്ഷകളിൽ വരെ ക്രമക്കേടുകൾ പതിവാകുകയാണ്. ദരിദ്ര-മധ്യവർഗ കുടുംബങ്ങളിലെ ഉദ്യോഗാർഥികളെയാണ് ഈ തട്ടിപ്പുകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരം തട്ടിപ്പുകളിലൂടെ നഷ്ടപ്പെടുന്നത് കേവലം ഒരു അവസരം മാത്രമല്ല. മറിച്ച്, ഒരു തലമുറയുടെ ആത്മവിശ്വാസവും ഭരണസംവിധാനങ്ങളിലുള്ള വിശ്വാസവുമാണ്.
ഇവിടെ തോൽക്കുന്നത് ജനാധിപത്യമാണ്. ഭരണഘടനയാണ്. പിഎസ്സി പോലൊരു പവിത്രമായ സ്ഥാപനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുത്തില്ലെങ്കിൽ ജനാധിപത്യം എന്ന വാക്കിന് പിന്നെ എന്തർഥമാണുണ്ടാകുക?
ഡൽഹിയിലെ ജന്തർ മന്തറിൽ ഐതിഹാസികമായൊരു സമരജയം നമ്മൾ കണ്ടുകഴിഞ്ഞു. പാറ്റകളായി മാറിയ ജെൻ സി സമരമുറ അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചു. അവിടെയും പരീക്ഷാത്തട്ടിപ്പു തന്നയായിരുന്നു വിഷയം. അധികാരത്തിന്റെ മറവിൽ എല്ലാവരെയും എല്ലാക്കാലത്തും ഒരുപോലെ പറ്റിക്കാമെന്ന ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഹുങ്കാണ് ജന്തർ മന്തറിലെ സമരക്കാരുടെ മുന്നിൽ മുട്ടിലിഴഞ്ഞത്. അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇക്കാര്യം ഓർത്താൽ അവർക്കു നല്ലത്.
പിഎസ്സിയുടെ റാങ്ക്ലിസ്റ്റ് അട്ടിമറിക്കേസിൽ കുറ്റമറ്റതും സുതാര്യവുമായ അന്വേഷണം നടക്കണം. യുഡിഎഫ് സർക്കാരിൽനിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത് അതാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിലുള്ള വമ്പൻ സ്രാവുകൾ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നേ മതിയാകൂ. എങ്കിൽ മാത്രമേ തകർന്നടിഞ്ഞ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ. അർഹതയുള്ളവന് തൊഴിൽ ഉറപ്പാക്കുക എന്നതുതന്നെയാണ് നീതിബോധമുള്ള സർക്കാരിന്റെ പ്രാഥമിക കർത്തവ്യം.
Editorial
മാധ്യമങ്ങൾക്കു നിഷേധിക്കുന്ന സ്വാതന്ത്ര്യത്തെയും റെയ്ഡിനും അറസ്റ്റിനും വിധേയമാകുന്ന മാധ്യമപ്രവർത്തകരെയും കുറിച്ചുമേ നാം സംസാരിച്ചിട്ടുള്ളൂ. സർവസ്വാതന്ത്ര്യവും ആനുകൂല്യങ്ങളും കൊടുത്തു വളർത്തുന്ന മാധ്യമങ്ങൾ ജനാധിപത്യത്തോടു ചെയ്യുന്നതെന്തെന്നു തിരിച്ചറിഞ്ഞുവരുന്നതേയുള്ളൂ. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ വീണുകിടക്കുകയാണ് ഇന്ത്യ.
പക്ഷേ, അതു മാത്രമല്ല ജനാധിപത്യത്തെ തകർക്കുന്നത്. മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ടുകളിൽ പെടാത്ത മറ്റൊരു സമാന്തര സംവിധാനമാണ് ഗോദി മീഡിയ. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമലോകത്തെ അന്തകവിത്ത്! സ്വതന്ത്ര മാധ്യമങ്ങളെ തകർക്കുന്നതിനു പകരം, കൊട്ടാരം മാധ്യമങ്ങളെ വളർത്തി ലക്ഷ്യം നേടാമെന്നത് മാധ്യമ അപചയ ചരിത്രത്തിൽ എഴുതപ്പെടേണ്ട അധ്യായമാണ്.
ഗോദി മീഡിയ അഥവാ അധികാരത്തിന്റെ മടിയിലിരുന്നു കിഞ്ചനവർത്തമാനം പറയുന്ന മാധ്യമങ്ങൾ ചരിത്രത്തിൽ ആദ്യമല്ല. പക്ഷേ, കുറവായിരുന്നു. അതുകൊണ്ട് ‘നായകന്റെ’ തോഴരായി നടക്കുന്ന ആ വിദൂഷകരെ തിരിച്ചറിയാമായിരുന്നു. ഇന്ന് അതു സാധ്യമല്ലാത്തവിധം എണ്ണമേറി. പക്ഷേ, ഇത്തരം മാധ്യമങ്ങളെ ഏത് ആൾക്കൂട്ടത്തിലും തിരിച്ചറിയുന്ന ഒരു തലമുറ വളരുന്നുണ്ടായിരുന്നു.
അവരാണ് കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് ഗോദി മീഡിയയെ കൂക്കിവിളിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തത്. വ്യത്യസ്ത അഭിപ്രായമുള്ള മാധ്യമങ്ങളെ അപമാനിക്കുന്നതു ശരിയല്ല. പക്ഷേ, ഗോദി മീഡിയയ്ക്കു വ്യത്യസ്ത അഭിപ്രായങ്ങളുള്ളതായി കഴിഞ്ഞ 12 വർഷത്തിലൊരിക്കലും ആ വിദ്യാർഥികളും കണ്ടിട്ടില്ല. ഗോദി മീഡിയയ്ക്ക് ഒരു അഭിപ്രായമേ ഉള്ളൂ; സർക്കാർ ചെയ്യുന്നതെല്ലാം ശരിയാണ്, സർക്കാരിനെ എതിർക്കുന്നവരെല്ലാം രാജ്യദ്രോഹികളാണ്.
പ്രധാനമായും ഉത്തരേന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആ മാധ്യമങ്ങൾക്ക് പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ ആരെയും അപമാനിക്കാനും വർഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കാനും ലോകത്തൊരിടത്തുമില്ലാത്തവിധം സ്വാതന്ത്ര്യമായിരുന്നു. ഈ ‘മാധ്യമസ്വാതന്ത്ര്യം’ ജനാധിപത്യത്തിനേൽപ്പിച്ച പരിക്ക് ചില്ലറയല്ല. അതാണ് ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ഇന്ത്യൻ സ്റ്റോറി! ഗോദി മീഡിയയുടെ പ്രോപ്പഗന്ത റിപ്പബ്ലിക്!
മാധ്യമസ്വാതന്ത്ര്യവും വിവരാവകാശവും സംരക്ഷിക്കുന്നതിനായി പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്). മേയിലാണ് ഇവർ ഏറ്റവും പുതിയ ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക പുറത്തുവിട്ടത്. 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 157. കഴിഞ്ഞ റിപ്പോർട്ടിൽ ഇത് 151 ആയിരുന്നു. മാധ്യമസ്വാതന്ത്ര്യം വിലയിരുത്തുന്നതിന്റെ മാനദണ്ഡങ്ങളായ സാമ്പത്തികം, നിയമം, സുരക്ഷ, രാഷ്ട്രീയം, സാമൂഹികം എന്നിവയിൽ മാധ്യമങ്ങൾക്ക് ഏറ്റവും തിരിച്ചടിയായത് നിയമം സംബന്ധിച്ചാണ്.
അതായത്, ദേശീയസുരക്ഷാ നിയമങ്ങൾ ദുരുപയോഗിക്കപ്പെടുന്നു. ആഗോള മാധ്യമസ്വാതന്ത്ര്യ റിപ്പോർട്ട് വിവരമില്ലാത്ത ചില എൻജിഒകൾ തയാറാക്കുന്നതാണെന്നും ഇന്ത്യയിൽ നൂറുകണക്കിന് മാധ്യമങ്ങൾ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. പക്ഷേ, നൂറുകണക്കിനു മാധ്യമങ്ങളല്ല, സമൂഹവിരുദ്ധമല്ലാത്ത ആയിരക്കണക്കിനുള്ള മാധ്യമങ്ങളും സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ടതായിരുന്നു.
കേന്ദ്രസർക്കാരിനെ നിരന്തരം വിമർശിച്ചിരുന്ന ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയ്ക്കും എതിരേ റജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ മാസമാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നായിരുന്നു ആരോപണം. നിയമസംവിധാനത്തിന്റെ ദുരുപയോഗമാണ് എഫ്ഐആർ എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് 2024ൽ പുർകായസ്ഥയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ചട്ടങ്ങൾ പാലിക്കാത്ത അറസ്റ്റിൽ സുപ്രീംകോടതി വിട്ടയച്ചിരുന്നു. പക്ഷേ, സർക്കാർ വിട്ടില്ല. വീണ്ടും കോടതി മോചിപ്പിച്ചെന്നു പറയാം. പക്ഷേ, അറസ്റ്റിനും കോടതിവിധിക്കുമിടയിലൂടെ നടത്തുന്ന കാരാഗൃഹവാസമുൾപ്പെടെയുള്ള ഈ ഇരുണ്ട യാത്ര ഒരു മുന്നറിയിപ്പാക്കി സർക്കാർ മാധ്യമലോകത്തിനു മുന്നിൽ നിലനിർത്തിയിട്ടുണ്ട്. രാജ്യത്തെ ഈ സ്ഥിതിവിശേഷമാണ് അപ്രസക്തരായ പ്രാദേശിക നേതാക്കൾക്കുപോലും മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്താൻ ധൈര്യം കൊടുക്കുന്നത്.
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കേന്ദ്രത്തിൽ മാത്രമല്ല, സംസ്ഥാനങ്ങളിലുമുണ്ട്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബിൽ എതിർപ്പിനെത്തുടർന്ന് കഴിഞ്ഞ സർക്കാർ മാറ്റിവച്ചത് 2022 ഡിസംബറിലാണ്. പല സംസ്ഥാന സർക്കാരുകളും തങ്ങളെ വിമർശിക്കുന്നവരെ സഹിക്കുന്നില്ല. ‘കടക്കൂ പുറത്തെ’ന്നു പറയുന്നവരും നിങ്ങൾ ഏതു പത്രമാണ് എന്നു ചോദിക്കുന്നതുമൊക്കെ അസഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളാണ്. പക്ഷേ, കേന്ദ്രസർക്കാരിന്റേത് മറ്റൊരു തന്ത്രമാണ്. അത് എതിർക്കുന്ന ഏതാനും മാധ്യമങ്ങൾക്കു പകരം അനുകൂലിക്കുന്ന നിരവധി മാധ്യമങ്ങളെ വളർത്തുന്ന തന്ത്രം. അത്തരക്കാർക്കു ചുറ്റും നിന്നാണ് ഡൽഹിയിൽ സമരത്തിനിറങ്ങിയ കുട്ടികൾ കൂക്കിവിളിച്ചു സ്ഥലംവിടാൻ പറഞ്ഞത്.
ഗോദി മീഡിയ ചെയ്തത് പൊതുബോധത്തെ അട്ടിമറിക്കുകയാണ്. ഗോവധ നിരോധന നിയമവും മതപരിവർത്തന നിരോധന നിയമവും ബുൾഡോസർരാജുമൊക്കെ ന്യൂനപക്ഷങ്ങളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തപ്പോൾ ഉത്തരേന്ത്യയിലെ മേൽപ്പറഞ്ഞ മാധ്യമങ്ങൾ സർക്കാർ കീർത്തനങ്ങളാലപിക്കുകയായിരുന്നു. സിഎഎ (പൗരത്വ ഭേദഗതി നിയമം), എഫ്സിആർഎ, വോട്ടർപട്ടികയിലെ തിരിമറി, ഡൽഹിയിലെ വിദ്യാർഥിസമരം... എല്ലാറ്റിനും അവരുടേതായ മറ്റൊരു ഭാഷ്യമുണ്ടായിരുന്നു.
സത്യത്തിൽ, ഈ അപകടം പൂർണ അർഥത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിലും ജെൻസിക്ക് അതിന്റെ സൂചന ലഭിച്ചിട്ടുണ്ട്. പതിറ്റാണ്ടിലേറെ നീണ്ട മസ്തിഷ്കപ്രക്ഷാളന ശ്രമത്തിനൊടുവിലും ജനാധിപത്യ ഇന്ത്യ കീഴടങ്ങിയിട്ടില്ലെന്ന് ഗോദി മീഡിയയുടെ ചെവിയിലേക്കു കൊച്ചുകുട്ടികൾ പറഞ്ഞുകൊടുക്കുന്നത് എത്ര ആനന്ദകരമായ കാഴ്ചയാണ്. പക്ഷേ, ജനാധിപത്യ-മതേതര ഇന്ത്യ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
Editorial
“കുട്ടികൾക്കൊപ്പം ആയിരിക്കുന്ന ആത്മാവ് സുഖം പ്രാപിക്കുന്നു.”- ദസ്തയേവ്സ്കി.
വിദ്യാലയങ്ങളിലേക്കു പറഞ്ഞുവിട്ട കുട്ടികൾ ഒരിക്കലും തിരിച്ചുവരുന്നില്ലെങ്കിൽ ആ വീടുകളിലെ ആത്മാക്കൾ എങ്ങനെ സുഖം പ്രാപിക്കാനാണ്! കലാലയ രാഷ്ട്രീയ അക്രമികളും റാഗിംഗ് മനോരോഗികളുമൊക്കെ വകവരുത്തിയവരുടെ വീടുകൾ ഒരിക്കലും പഴയതുപോലെയായിട്ടില്ല; ക്രൂര റാഗിംഗിനെത്തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ ജീവനൊടുക്കിയ സിദ്ധാർഥന്റെയും, അധ്യാപകരുടെ മാനസിക റാഗിംഗിനൊടുവിൽ ജീവനൊടുക്കിയ അഞ്ചരക്കണ്ടി ദന്തല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെയും വീടുകൾപോലെ. ഇനി അത്തരം വീടുകൾ ഉണ്ടാകരുത്. റാഗിംഗിനെതിരേ അണിയറയിലുള്ള നിയമത്തിനു സിദ്ധാർഥന്റെ പേരിട്ടിരിക്കുന്നു. നിതിൻ രാജ് കേസിൽ കോടതി നടത്തിയ പരാമർശം കേരളത്തിലെ നട്ടെല്ലിളകിയ ക്രമസമാധാനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടായിരിക്കുന്നു. കലാലയ അധോലോകം തുലയട്ടെ!
റാഗിംഗിന് എതിരേയുള്ള ബില്ല് കരട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒക്ടോബറിലെ നിയമസഭാ സമ്മേളനത്തിൽ നിയമമാക്കും. റാഗിംഗിലൂടെ ഗുരുതരമായി പരിക്കേൽപ്പിക്കുന്നവർക്ക് ഏഴുവർഷം വരെ തടവും പിഴയും, കൊല്ലുന്നവർക്ക് വധശിക്ഷയും വരെ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ പേര് ‘സിദ്ധാർഥൻ ആന്റിറാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്ട്- 2026’. കുറ്റവാളിമനസും വിദ്യാർഥിസംഘടനാ പിൻബലവുമുണ്ടെങ്കിൽ എന്തുമാകാമെന്നു ധരിച്ചുവശായ മക്കളുള്ള മാതാപിതാക്കൾ ഈ നിയമം വായിച്ചു പഠിക്കണം, മക്കളെ ഉപദേശിക്കണം. ഒരു നേതാവും രക്ഷിക്കാനുണ്ടാകില്ല. എന്റെ മകൻ/മകൾ ഒറ്റയ്ക്കല്ല തോന്ന്യാസം കാണിച്ചതെന്നു പറഞ്ഞിട്ടു കാര്യമില്ല. കുറ്റവാളിക്കൂട്ടത്തിൽ എല്ലാവർക്കും ഒരേ ശിക്ഷയാണ്. റാഗിംഗ് സഹിക്കാനാകാതെ വിദ്യാർഥി ജീവനൊടുക്കിയാൽ 10 വർഷം വരെ തടവുശിക്ഷ. കുറ്റവാളികളോ വിദ്യാർഥി ഗുണ്ടകളുടെ സഹായികളോ ആയ അധ്യാപകരെയും വിടില്ല. റാഗിംഗ് പോലീസിൽ അറിയിക്കാത്ത കോളജ് അധികൃതർക്കും ശിക്ഷയുണ്ട്. വിദ്യാർഥിക്കു ശാരീരികമോ മാനസികമോ ആയി പ്രശ്നം സൃഷ്ടിക്കുന്ന പ്രവൃത്തികളെല്ലാം റാഗിംഗാണ്; ഭയം സൃഷ്ടിക്കുന്നതും മുറിവേൽപ്പിക്കുന്നതും ആശങ്കയുളവാക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമായ കൃത്യങ്ങളും അധിക്ഷേപവുമെല്ലാം. പ്രതികൾക്ക് അഞ്ചു വർഷംവരെ മറ്റൊരിടത്തും പഠിക്കാനാകില്ല. വിദ്യാർഥികളേ, നിങ്ങളുടെ ഭയമാണ് തെമ്മാടികളുടെ ധൈര്യം. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ റാഗിംഗ് പോലീസിനെ അറിയിക്കാൻ ‘സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ് ’ എന്ന മൊബൈൽ ആപ്ലിക്കേഷനും തയാറാക്കും. കേരള റാഗിംഗ് നിരോധനനിയമം 1998ൽ നിലവിൽ വന്നതാണെങ്കിലും ചട്ടങ്ങൾ രൂപീകരിച്ചിരുന്നില്ല.
ഇനി സർക്കാരിനോടാണ്. സർ, നിയമങ്ങൾ ഇല്ലാത്തതാണോ നമ്മുടെ പ്രശ്നം? അതു നടപ്പാക്കേണ്ടവർ അട്ടിമറിച്ചല്ലേ കുറ്റവാളികളെ രക്ഷിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചരക്കണ്ടി ദന്തല് കോളജ് വിദ്യാര്ഥി നിതിന് രാജിന്റെ കേസിലെ മുഖ്യപ്രതിക്കു ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള ഹൈക്കോടതി പരാമർശം കിടപ്പിലായ ക്രമസമാധാന-നിയമപരിപാലനത്തിന്റെ സ്കാനിംഗ് റിപ്പോർട്ടാണ്; ചികിത്സ വൈകരുത്. സുപ്രീംകോടതി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ അറസ്റ്റ് ജാമ്യം കൊടുക്കാൻവേണ്ടിയുള്ള നാടകമാണെന്ന സൂചന അതിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതിയില്നിന്നു പാരിതോഷികം പറ്റിയതായി സംശയിക്കണമെന്നുപോലും കോടതിക്കു പറയേണ്ടിവന്നു. കോടതി പറഞ്ഞ, പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന സ്ഥിതി പഴകിയ രോഗമാണ്. ഭരണനിര്വഹണത്തിലെ പരാജയമാണിതെന്ന കോടതിയുടെ പരാമർശം സർക്കാരൊന്നു കുറിച്ചുവയ്ക്കണം.
വരാനിരിക്കുന്ന റാഗിംഗ് നിയമവും അട്ടിമറിക്കപ്പെടാൻ സാധ്യതയേറെയാണ്. സിദ്ധാർഥനെ എന്നപോലെ അവന്റെ പേരിലുള്ള നിയമത്തെയും വളഞ്ഞിട്ട് ആക്രമിക്കാതിരിക്കണമെങ്കിൽ നട്ടെല്ലു വേണം. ആൾക്കൂട്ടക്കൊലപാതകികളെ ലജ്ജിപ്പിക്കുന്ന റാഗിംഗുകാരായ വിദ്യാർഥിക്കൂട്ടങ്ങൾ, ഒപ്പമുള്ള കുട്ടിരാഷ്ട്രീയ ഗുണ്ടകൾ, അവരെ കണ്ടാൽ മുട്ടിടിക്കുന്ന പാർട്ടി ഗുരുനാഥന്മാർ, പുറത്തുള്ള സർവശക്തരായ പാർട്ടി നേതാക്കൾ, അഴിമതിക്കാരും രാഷ്ട്രീയവിധേയരുമായ ഉദ്യോഗസ്ഥർ... ഇവർക്കൊക്കെ മുകളിൽ പറക്കാൻ സർക്കാരിനു കഴിയുമോ എന്നതല്ല, അതിനു ശ്രമിക്കാറില്ലെന്നതാണ് പ്രശ്നം. മയക്കുമരുന്നു വിതരണക്കന്പനികളെ കടപുഴക്കുന്ന തൂഫാൻ ഒരു ശ്രമമാണ്. സിദ്ധാർഥൻ കേരളത്തിന്റെ കണ്ണീർത്തുള്ളിയായിരുന്നു. ഇനിയവൻ രാജ്യത്തിനു മാതൃകയാകുന്ന റാഗിംഗ് വിരുദ്ധ നിയമമായി പുനർജനിക്കട്ടെ. പഠിക്കാൻ പോയവരെല്ലാം തിരിച്ചെത്തട്ടെ, അവർക്കൊപ്പമായിരുന്ന് വീടുകളിലെ ആത്മാക്കൾ സുഖം പ്രാപിക്കട്ടെ.
Editorial
"പാറ്റ’കളുടെ മുദ്രാവാക്യം പ്രതിപക്ഷവും ഏറ്റെടുത്തിരിക്കുന്നു. കർഷകസമരത്തിന്റെ ഓർമ ഡൽഹിയെ പൊള്ളിക്കുന്നു. രാജ്യദ്രോഹ ചാപ്പകൾ മാറ്റിവച്ച്, അഴിമതി-കെടുകാര്യസ്ഥതകളാൽ വിദ്യാഭ്യാസമേഖലയെ മുടിപ്പിച്ച മന്ത്രിയെ സർക്കാർ എളിയിൽനിന്നിറക്കാൻ സമയമായി.
പോലീസ് ലാത്തിക്കടിച്ച് ഓടിക്കാൻ ശ്രമിച്ച യുവാക്കൾ ഡൽഹിയുടെ തെരുവുകളിലൂടെ "പാറ്റക്കൂട്ട’ങ്ങളായി നിരങ്ങുന്നു; ജന്തർമന്തറിലെ സമരവേദിയിൽ ആളു കൂടുന്നു. അസാധാരണമായി പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ "പാറ്റ’കളുടെ മുദ്രാവാക്യം വിളിക്കുന്നു, ഉപരോധം തീർക്കുന്നു. നീറ്റ് പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയാണ് പ്രധാന ആവശ്യം. വഴങ്ങില്ലെന്നാണ് സർക്കാർ നിലപാട്. 2024ലെ കർഷകസമരത്തിന്റെ ചൂടറിഞ്ഞ സർക്കാർ യുവസമരത്തിന്റെ ചൂടളക്കുന്നതേയുള്ളൂ. പക്ഷേ, കോൺഗ്രസ് പരീക്ഷണത്തിനില്ല. ബിജെപി ഭരണത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ ആ പ്രക്ഷോഭം തങ്ങളല്ല നടത്തിയതെന്നു പ്രതിപക്ഷത്തിനറിയാം. അപകടം മണത്ത കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്രെ, കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, ഡി.കെ. ശിവകുമാർ തുടങ്ങിയവരും മറ്റു പ്രതിപക്ഷ നേതാക്കളും ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തി വലിയ പ്രക്ഷോഭത്തിനു നേതൃത്വം നൽകി. പോലീസ് നടപടിക്കെതിരേ രാഹുലും പ്രിയങ്കയുമടക്കം കടുത്ത ചെറുത്തുനിൽപാണ് നടത്തിയത്. കർഷകസമരത്തിന്റെ കരുത്താർജിച്ചിട്ടില്ലെങ്കിലും മോദിക്കാലത്തെ രണ്ടാം ജനകീയ പ്രക്ഷോഭം ഡൽഹിയെ അന്തർദേശീയ വാർത്തയാക്കിക്കഴിഞ്ഞു.
സമൂഹമാധ്യമത്തിൽ പിറന്ന രോഷപ്രകടനം ആളിക്കത്തി ഒരു യുവജനപാർട്ടിയായി ഡൽഹിയിൽ വിരിഞ്ഞ ചരിത്രമാണ് സിജെപി (കോക്രോച്ച് ജനതാ പാർട്ടി) യുടേത്. കാരണമായത്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒരു വാദത്തിനിടെ നടത്തിയ പരാമർശങ്ങൾ. ""ചില തൊഴിൽരഹിതരായ യുവാക്കൾ മാധ്യമ, സമൂഹമാധ്യമ, വിവരാവകാശപ്രവർത്തകരായി പാറ്റകളെപ്പോലെ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു.’’വ്യാജബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് ഉദ്ദേശിച്ചതെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയെങ്കിലും തൊഴിൽ രഹിതരും, അഴിമതിയിലും കെടുകാര്യസ്ഥതയിലും അസ്വസ്ഥരായിരുന്ന യുവാക്കളും സിജെപിയിലെത്തി. 24 ലക്ഷം പേർ പരീക്ഷയെഴുതിയ നീറ്റ് യുജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതും സിബിഎസ്ഇ 12-ാം ക്ലാസിലെ മൂല്യനിർണയം പാളിയതും സിജെപിയെ സജീവമാക്കി. വിദേശത്തായിരുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഡൽഹിയിലെത്തി. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നവർ, സമരവേദിയിൽനിന്നു കസ്റ്റഡിയിലെടുത്ത സോനം വാങ്ചുകിന്റെ മോചനവും നീറ്റ് പരീക്ഷാ സമ്മര്ദത്തിൽ ജീവനൊടുക്കിയ വിദ്യാര്ഥികളുടെ കുടുംബങ്ങള്ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭകരുമായി സൗഹാര്ദപരമായ കൂടിക്കാഴ്ച നടന്നതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ എക്സില് കുറിച്ചു. പക്ഷേ, വെറുതെ സമയം കളഞ്ഞെന്നാണ് സമരക്കാർ പറഞ്ഞത്.
പതിവുപോലെ സമൂഹമാധ്യങ്ങളിൽ വിദ്വേഷപ്രചാരണങ്ങളും സജീവമായിട്ടുണ്ട്. രാജ്യസുരക്ഷ പറഞ്ഞ് കേന്ദ്രസർക്കാർ സിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ദിവസങ്ങളോളം പൂട്ടിച്ചിരുന്നു. കർഷകസമരത്തിലും ഇത്തരം രാജ്യദ്രോഹ നാടകങ്ങൾ സജീവമായിരുന്നു. അതേസമയം, സിജെപിയുടെ ഇപ്പോഴത്തെ സമരത്തിന് കർഷകസമരത്തിന്റെ കെട്ടുറപ്പില്ലെന്നതും ശ്രദ്ധേയമാണ്. യുവാക്കളെയും വിദ്യാർഥികളെയും ബാധിച്ച നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾ മാത്രമാണ് അവരുടെ വിഷയം. കഴിഞ്ഞ വർഷം നേപ്പാളിൽ ജെൻ സി പ്രക്ഷോഭവും രാജ്യത്തെ മറ്റു നീറുന്ന പ്രശ്നങ്ങൾക്കൊന്നും വേണ്ടിയായിരുന്നില്ല. സമൂഹമാധ്യമനിരോധനമായിരുന്നു അവരുടെ വിഷയം. ഡൽഹിയിലെ സിജെപി ആൾക്കൂട്ടം നാളെ വിലക്കയറ്റം, അഴിമതി, വർഗീയവിഭജനം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമരത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത് അത്യാഗ്രഹമാകും.
തമ്മിലടിച്ചു കഴിയുന്ന പ്രതിപക്ഷത്തിന് ഇത് അവസരമാണ്. തങ്ങളിരിക്കേണ്ടിടത്താണല്ലോ "പാറ്റ’കളിരുന്നതെന്നോർത്തെങ്കിലും സിജെപിയുടെ സമരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമെന്നു കരുതാം. അതെന്തായാലും, സർക്കാരിൽ അതൃപ്തരായ യുവാക്കളിൽ വലിയൊരു വിഭാഗം ഈ പിന്തുണയോട് നന്ദി കാണിക്കും. അടുത്തവർഷം ഉത്തർപ്രദേശ്, ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നതിനാൽ ഈ സമരങ്ങൾക്ക് രാഷ്ട്രീയ പ്രസക്തി ഏറുന്നുമുണ്ട്. പാർലമെന്റിൽ ചർച്ചകൾക്കു വഴങ്ങാൻ ഭരണനേതൃത്വം മടിക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനുള്ള സ്ഥാനം അംഗീകരിക്കുകതന്നെ വേണം. ഇന്നും ദുരൂഹത ആരോപിക്കപ്പെടുന്ന, അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തിന്റെ ആനുകൂല്യം കൈപ്പറ്റിയവരാണ് ഈ സമരത്തെ അടിച്ചമർത്തുന്നത്.
"പാറ്റ’കളെയും പ്രതിപക്ഷത്തെയും കൂടുതൽ പ്രകോപിപ്പിച്ച് രാജ്യത്ത് സമരവേലിയേറ്റം സൃഷ്ടിക്കാൻ ബിജെപിയും കേന്ദ്രസർക്കാരും കളമൊരുക്കില്ലെന്ന് പ്രതീക്ഷിക്കാം. ചർച്ചകളിലൂടെ സമാധാനവും നടപടികളിലൂടെ നീതിയും ഉറപ്പാക്കാക്കുകയെന്നതാണ് അടിയന്തര ആവശ്യം. ചോദ്യപ്പേപ്പർ ചോർച്ചയിൽ പരിഹരിക്കാനാവാത്ത നഷ്ടം നേരിട്ടവർ നിരവധിയാണ്. വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽനിന്ന് വിദ്യാഭ്യാസ മന്ത്രിക്ക് കൈകഴുകാനാകില്ലെന്നത് സാമാന്യയുക്തിയാണ്. യുവജനങ്ങൾക്കു പ്രതീക്ഷയും രാജ്യത്തു നിയമവാഴ്ചയുടെ ഉറപ്പും വികസിത ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിൽ നിർണായകമാണ്.
Editorial
നമ്മുടെ മത്സ്യബന്ധന മേഖലയിൽ ഭരണകൂട നിർമിതമായ പുതിയൊരു ന്യൂനമർദം രൂപംകൊള്ളുന്നുണ്ട്. കേരള തീരങ്ങളോടു ചേർന്നുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനു കൂടുതൽ വൻകിട കപ്പലുകൾക്ക് അനുമതി നൽകുകയാണ്. ഇത് ചെറുകിട യാനങ്ങളെ മുക്കുമെന്ന ഭീതി വളർന്നുകഴിഞ്ഞു.
അവരുടെ ഭയത്തിന്, സാന്പത്തിക ആശങ്കകൾക്ക്, തൊഴിൽനഷ്ടങ്ങൾക്ക്, ഭാവിയെക്കുറിച്ചുള്ള അങ്കലാപ്പുകൾക്ക് സർക്കാർ മറുപടി കൊടുക്കണം. അതു നിങ്ങളുടെ ഉത്തരവാദിത്വമാണ്. പാവങ്ങൾക്കിനി കടലേ ബാക്കിയുള്ളൂ; അതും കൊടുക്കാൻ പറയരുത്. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനാണ് വലിയ ട്രോളിംഗ് കപ്പലുകൾക്ക് വീണ്ടും അനുമതി നൽകുന്നത്.
ഇത്, മത്സ്യക്ഷാമവും വരുമാനനഷ്ടവുംകൊണ്ട് പൊറുതിമുട്ടുന്ന ചെറുകിട യാനങ്ങളുടെ നിലനിൽപുതന്നെ ഇല്ലാതാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ചെറുകിട യാനങ്ങൾക്ക് 200 നോട്ടിക്കൽ മൈലിനു പുറത്ത് മീൻ പിടിക്കണമെങ്കിൽ 25,000 രൂപ ഫീസുണ്ട്. പക്ഷേ, വൻകിട ട്രോൾ ബോട്ടുകൾക്ക് ഇതില്ല. ഉള്ള വരുമാനവും തീരും.
ഡീസലിന്റെയും വലയുടെയും കയറിന്റെയുമൊക്കെ വിലയും കൂലിയും വർധിച്ചതോടെ പല ഉടമകളും ബോട്ടുകൾ വിറ്റൊഴിയുകയാണ്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കടലിൽ സുസ്ഥിര മത്സ്യബന്ധനത്തിന് കേവലം 93,257 യാനങ്ങൾ മാത്രം മതിയെന്നിരിക്കെ, 3,14,677 യാനങ്ങൾ മീൻ പിടിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വൻകിട കപ്പലുകൾക്കും ട്രോളിംഗ് ബോട്ടുകൾക്കും വീണ്ടും അനുമതി നൽകുന്നത്.
അതായത്, ഏതാനും കുത്തകകളുടെ ലാഭത്തിനുവേണ്ടി ഇടത്തരം ബോട്ടുകാരും ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളും വില കൊടുക്കേണ്ടിവരും. സ്വകാര്യ-കോർപറേറ്റ് മുതൽമുടക്കുകളെ പ്രോത്സാഹിപ്പിക്കുന്നത് സാധാരണക്കാരുടെ വരുമാനം കോരിയെടുക്കുന്ന വല കെട്ടിയാകരുത്. കേന്ദ്രത്തിന്റെ ബ്ലൂ ഇക്കണോമി ചൂഷണത്തിന്റെ പര്യായമായി മാറുന്നെന്ന പരാതി സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു തോന്നുന്നു.
കേരളത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണം വൻകിട കപ്പലുകളുടെ പ്രവേശനവുമായി ബന്ധപ്പെടുത്തിയാണെന്ന ആശങ്ക ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രകടിപ്പിച്ചിട്ടുണ്ട്. 1995ല് ആഴക്കടൽ മത്സ്യബന്ധന നയം പരിശോധിക്കാൻ നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശ യാനങ്ങൾക്കുള്ള അനുമതി റദ്ദാക്കണമെന്നാണ് നിര്ദേശിച്ചത്.
എന്നാൽ, രണ്ടാം യുപിഎ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി, തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ മികവ് കൈവരിക്കുവോളം വിദേശ യാനങ്ങൾ തുടരട്ടെ എന്ന് അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി കേന്ദ്രസർക്കാരുകൾ ആഴക്കടൽ വൻകിടക്കാർക്കു തീറെഴുതാൻ ശ്രമിച്ചിട്ടുണ്ട്. 2004 മുതൽ 2022 വരെ പല നയപരിഷ്കാരങ്ങളുമുണ്ടായി.
പക്ഷേ, ആഴക്കടലിൽ ഉദ്ദേശിച്ചത്ര മീൻ ഉണ്ടായിരുന്നില്ലെന്നതാണ് അനുഭവം. അതോടെ, കപ്പലുകൾ തീരക്കടലിലേക്ക് കടന്നുകയറി. ചെറുകിട ബോട്ടുകാരുമായി തർക്കങ്ങളും തുടർന്ന് പ്രക്ഷോഭങ്ങളും ഉണ്ടായതോടെ കപ്പലുകളുടെ പ്രവർത്തനം നിർത്തിവയ്പിക്കാൻ സർക്കാർ നിർബന്ധിതമായി. പക്ഷേ, സ്ഥിതി മാറി. ഇപ്പോഴത്തെ സർക്കാർ ജനാധിപത്യ സമ്മർദങ്ങൾക്കു വഴങ്ങുമോയെന്ന് അറിയില്ല.
ഇവിടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാകേണ്ടത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുടമകൾക്കും പറയാനുള്ള സങ്കടങ്ങൾ കേൾക്കണം. അവ അടിസ്ഥാനരഹിതമാണെങ്കിൽ അവരെ ബോധ്യപ്പെടുത്തണം. അതല്ലെങ്കിൽ കേന്ദ്രത്തെ ബോധ്യപ്പെടുത്തണം.
യാഥാർഥ്യങ്ങൾ അത്ര ആശാവഹമല്ല. ഉദാഹരണത്തിന്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു വേണ്ടപ്പെട്ട ഒരു മുതലാളിയും കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളും തമ്മിൽ വിഴിഞ്ഞത്തോ മറ്റെവിടെയെങ്കിലുമോവച്ച് ഒരു തർക്കമുണ്ടായാൽ എന്തു സംഭവിക്കും? വോട്ടുള്ളതുകൊണ്ട് പാവങ്ങൾക്കുവേണ്ടി പ്രസംഗിക്കും, കാശുള്ളതുകൊണ്ട് മുതലാളിക്കുവേണ്ടി പ്രവർത്തിക്കും.
അനുഭവം അതാണ്. വികസനം വേണം, വേണം, വേണം; പക്ഷേ, ഏതു പദ്ധതിയായാലും കച്ചവടമായാലും കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്ന പാവങ്ങളെ പുതിയ പുറന്പോക്കുകളിലേക്ക് നിത്യവും നീക്കിക്കൊണ്ടിരിക്കരുത്. തീരങ്ങളും ഹാർബറുകളും നഷ്ടപ്പെട്ടവരോട് ഭരണക്കൊടിയേന്തിയ കപ്പലിലെത്തിയവർ കടലും മീനും ചോദിക്കുന്നു. സംസ്ഥാന സർക്കാർ ഇരട്ടത്താപ്പില്ലാതെ ഇടപെട്ടാൽ നമ്മുടെ മീൻപിടിത്തക്കാർക്ക് ഇനിയും വലയെറിയാനാകും.
Editorial
ജീവിതമത്രയും കുഷ്ഠരോഗികൾക്കും ആദിവാസികൾക്കുംവേണ്ടി സമർപ്പിച്ച ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന ധാരാ സിംഗ് ജയിൽമോചിതനാകുകയാണ്. “അദ്ദേഹവും സ്വാതന്ത്ര്യദിനം ആഘോഷിക്കട്ടെ. അതിനു മുമ്പായി തീരുമാനമെടുക്കണം’’- ശിക്ഷായിളവ് പരിശോധിക്കുന്ന അവലോകന സമിതിയോട് സുപ്രീംകോടതി ബെഞ്ച് നൽകിയ നിർദേശമാണിത്.
കേൾക്കുന്പോൾ മനുഷ്യത്വത്തിനു പൊള്ളുമെങ്കിലും, കൊലപാതകികളോടു ക്ഷമിക്കുന്നെന്നു പറഞ്ഞ് ഇന്ത്യ വിട്ട, സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസിനെ മറക്കരുത്. സ്റ്റെയിൻസിനും മക്കൾക്കുംമുന്പ് ഒരു കത്തോലിക്കാ വൈദികനെയും ഒരു മുസ്ലിം തുണിക്കച്ചവടക്കാരനെയും ഇതരമതവിദ്വേഷത്താൽ നിഷ്ഠുരമായി കൊന്നതിൽ പ്രതിയായ ധാരാ സിംഗ് സ്വാതന്ത്ര്യം ആഘോഷിക്കട്ടെ, മനുഷ്യനാകട്ടെ. അല്ലെങ്കിൽതന്നെ വിദ്വേഷഫാക്ടറികൾ പുറത്ത് സജീവമായിരിക്കെ ഉത്പന്നങ്ങളിലൊന്നിനെ അകത്ത് സൂക്ഷിച്ചിട്ടെന്തു കാര്യം?
1999ലാണ് ഒഡീഷയില് ഓസ്ട്രേലിയന് മിഷനറി ഗ്രഹാം സ്റ്റുവര്ട്ട് സ്റ്റെയിന്സിനെയും രണ്ടു മക്കളെയും ബജ്രംഗ് ദൾ പ്രവർത്തകരായ ധാരാ സിംഗും മറ്റു 12 പേരുമടങ്ങുന്ന സംഘം, ഉറങ്ങിക്കിടന്ന ജീപ്പിലിട്ടു ജീവനോടെ ചുട്ടുകൊന്നത്. വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും ഒറീസ ഹൈക്കോടതി ജീവപര്യന്തമാക്കി. 2024ലാണ് മോചനത്തിനുള്ള അപേക്ഷ നൽകിയത്. മറ്റൊരു പ്രതി മഹേന്ദ്ര ഹെംബ്രാമിനെ കഴിഞ്ഞ വര്ഷം വിട്ടയച്ചതിനു പിന്നാലെയാണ് മുഖ്യപ്രതിയെയും വിട്ടയയ്ക്കുന്നത്.
കേസ് ഇനി പരിഗണിക്കുന്ന ഓഗസ്റ്റ് 19നു മുന്പ് സമിതി തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും കോടതി വ്യക്തമാക്കി. ധാരാ സിംഗിന്റെ മോചനത്തെ ഒരു കൊലയാളിയോടുള്ള ധാർമികരോഷമായി മാറ്റിയിട്ടു കാര്യമില്ല. അയാൾ ഒരു വ്യക്തിയല്ല, ഒരു ആശയം ചിട്ടയോടെ വളർത്തിയ വർഗീയവാദിയാണെന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.
മോചനത്തിനുവേണ്ടിയുള്ള അപേക്ഷയിൽ ധാരാ സിംഗ് പറഞ്ഞ ഒരു കാര്യം മതേതര ഇന്ത്യക്കുള്ള മുന്നറിയിപ്പാണ്. ബ്രിട്ടീഷുകാരും മുഗളന്മാരും ഇന്ത്യയോടു ചെയ്ത ക്രൂരതയോടുള്ള വിഷമത്തിലാണ് താനതു ചെയ്തുപോയതത്രേ. ചരിത്രത്തെ വളച്ചൊടിച്ച് നിരപരാധികൾക്കെതിരേ ആയുധമാക്കുന്ന ആശയത്തിന്റെ സന്തതിയാണ് ധാരാ സിംഗ്.
ബ്രിട്ടീഷുകാർക്കെതിരേ ഈ രാജ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ അതിൽ പങ്കെടുക്കാതെയും പങ്കെടുത്തവരെ തള്ളിപ്പറഞ്ഞുമൊക്കെ ഒളിച്ചുകളിച്ച പരിവാരങ്ങളിലാണ് അയാളുടെ അംഗത്വം. ധാരാ സിംഗിനെ ആയുധമെടുപ്പിച്ച തീവ്രഹിന്ദുത്വയെന്ന ആശയം, ന്യൂനപക്ഷങ്ങൾ ശത്രുക്കളാണെന്ന നുണ ഇന്നും കുത്തിവച്ചുകൊണ്ടിരിക്കുകയാണ്. ധാരാ സിംഗുമാർ ബിജെപി അധികാരത്തിലെത്തിയതോടെ പശ്ചിമബംഗാളിലും ന്യൂനപക്ഷങ്ങളെ തേടി നിയമഭയമില്ലാതെ ഇറങ്ങിക്കഴിഞ്ഞു. കോൽക്കത്തയ്ക്കടുത്ത് ബരാസത്തിലുള്ള ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്സ് നിയമപരമായി നിർമിച്ച ഒരു ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റണമെന്ന് ഒരുസംഘം ആവശ്യപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ചയാണ്. "ഹിന്ദു ജാഗരൺ മഞ്ച്' എന്ന സംഘടനയുമായി ബന്ധമുള്ള അറുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
സലേഷ്യൻ സിസ്റ്റേഴ്സ് വർഷങ്ങളായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹികക്ഷേമത്തിനുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരാണ്. “നിങ്ങളുടെ സർക്കാർ പോയി. ഇപ്പോൾ ഞങ്ങളുടെ സർക്കാരാണ്” എന്നാണ് അക്രമികൾ പറഞ്ഞത്. ഇത്തരം വർഗീയവാദികൾ ബിജെപിയെ തങ്ങളുടെ സർക്കാരായി കണ്ട് നിയമം കൈയിലെടുക്കുന്നത് പതിവായിക്കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തിയതു മുതൽ സംഘപരിവാർ ബംഗാളിലെ ക്രൈസ്തവർക്കു നേരേ തിരിഞ്ഞ നിരവധി സംഭവങ്ങളിൽ പുതിയതാണ് മുകളിൽ പറഞ്ഞത്.
പക്ഷേ, എത്ര വൈകിയാലും നാം ഇന്ത്യക്കാർ സ്വന്തം രക്തത്തെ തിരിച്ചറിയും. മതേതര ഇന്ത്യയെ തളർത്തിക്കളഞ്ഞ തീവ്രഹിന്ദുത്വ കാഴ്ചകളിൽ പ്രധാനമായിരുന്നു ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ഉറക്കത്തിൽ ചുട്ടുകൊന്നത്. മറ്റൊന്ന്, ഗുജറാത്ത് കലാപകാരികളിൽനിന്ന് തന്നെ രക്ഷിക്കണമേയെന്നു സുരക്ഷാസേനയോട് കൈകൂപ്പി യാചിക്കുന്ന ഖുത്ബുദീൻ അൻസാരിയുടെ പേടിച്ചുവിറയ്ക്കുന്ന മുഖം. ഒന്നുകൂടിയുണ്ട്; തലയിലൊരു കാവിക്കെട്ടും കൈയിലൊരു ദണ്ഡുമായി, കത്തുന്ന തെരുവിൽ ശത്രുവിനെ തെരയുന്ന അശോക് മോച്ചി. 2014ൽ ഗുജറാത്ത് കലാപത്തിന്റെ 12-ാം വാർഷികത്തിൽ സിപിഎം തളിപ്പറന്പിൽ നടത്തിയ സമ്മേളനത്തിൽ അൻസാരിയും മോച്ചിയും കെട്ടിപ്പിടിച്ചു.
ദളിതനായ തന്നെ വംശഹത്യയുടെ ഭാഗമാക്കുകയായിരുന്നു എന്ന് മുന്പ് കുറ്റസമ്മതം നടത്തിയിരുന്ന മോച്ചി അന്ന് കുത്ബുദീനു പൂക്കൾ കൊടുത്തു. മോച്ചിയെ അൻസാരി സഹോദരനെന്നു വിളിച്ചു. തങ്ങൾ ഗുജറാത്തികളാണെങ്കിലും അവിടെ ഇത്തരമൊരു കൂടിക്കാഴ്ച സാധ്യമല്ലെന്നും മോച്ചി പറഞ്ഞു.രാജ്യത്തെ വർഗീയതയിൽ തളച്ചിടുന്ന വിദ്വേഷത്തിന്റെ ചതുപ്പുനിലങ്ങളിൽനിന്നു നമുക്ക് മുന്നോട്ടു പോകാനുണ്ട്.
ഒരിക്കലും ഒന്നിക്കാനാകില്ലെന്നു കരുതിയ കുത്ബുദീനും മോച്ചിക്കും ആശ്ലേഷിക്കാനും തളിപ്പറന്പിലെ ഒരു മുറിയിൽ ഒന്നിച്ചു താമസിക്കാനും കഴിഞ്ഞെങ്കിൽ നമുക്ക് വീണ്ടെടുക്കാനാകാത്തത് ഒന്നുമില്ല. ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും കൊന്ന അതേ വർഷം, ക്രിസ്ത്യാനിയായതുകൊണ്ടു മാത്രം അരുൾദാസ് എന്ന വൈദികനെ അന്പെയ്തു കൊല്ലുകയും ഷെയ്ക് റഹിമാൻ എന്ന തുണിക്കച്ചവടക്കാരനെ മുസ്ലിം ആയതുകൊണ്ടു മാത്രം പശുക്കടത്ത് ആരോപിച്ച് വെട്ടിയും കത്തിച്ചും കൊല്ലുകയും ചെയ്ത ധാരാ സിംഗ് മനുഷ്യത്വത്തെ പുൽകുമോയെന്നു നമുക്കറിയില്ല.
പക്ഷേ, വെറുപ്പിന്റെ കോട്ടകളിൽനിന്ന് ഒരാളെയെങ്കിലും മോചിപ്പിക്കാനാകുമെങ്കിൽ അതിനായി സ്വന്തം മുറിവുകളെ മറക്കാൻതക്കവിധമുള്ള ത്യാഗം സമകാലിക ഇന്ത്യ നമ്മോട് അപേക്ഷിക്കുന്നു. 80-ാം സ്വാതന്ത്ര്യദിനമാണ് പടിവാതിൽക്കൽ. വർഗീയതയ്ക്ക് അടിമപ്പെടരുത്.
Editorial
ലോകം മുഴുവൻ സുഖം പകരാനായി എസ്. ജാനകിയുടെ പാട്ടുകൾ ഇവിടെയുണ്ട്. പക്ഷേ, വാനന്പാടി കൂടൊഴിഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യയിൽനിന്നുയർന്നൊരു ദുഃഖഗാനത്തിൽ രാജ്യം നിമഗ്നം! ആദരാഞ്ജലികൾ!
ജാനകിയമ്മ മലയാളിയല്ലെന്ന് മലയാളികളിലേറെയും തിരിച്ചറിഞ്ഞത് വൈകിയ വേളകളിലായിരുന്നു. സംസാരിക്കുന്പോൾ മലയാളം അത്ര വഴങ്ങില്ലെങ്കിലും അവിശ്വസനീയമായ ഉച്ചാരണശുദ്ധിയോടെയായിരുന്നു പാട്ടുകൾ. ഒരു പക്ഷേ, കേരളത്തിലെ ഇന്നത്തെ തലമുറയ്ക്ക് സാധിക്കാത്തത്ര സ്ഫുടത. തമിഴിലും കന്നഡയിലും പാടുന്പോഴും ഇതായിരുന്നു സ്ഥിതി. അവരും ജാനകിയമ്മയെ സ്വന്തമായി കരുതി. 1938ൽ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം. പക്ഷേ, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏതാണ്ട് എല്ലാ ഉത്തരേന്ത്യൻ ഭാഷകളിലും ഇംഗ്ലീഷ്, ജർമൻ തുടങ്ങിയ വിദേശഭാഷകളിലും അവർ പാടി. ദേശങ്ങൾ കീഴടക്കിയ സംഗീത ചക്രവർത്തിനി! മലയാളത്തിലും കന്നടയിലുമായിരുന്നു പാടിയതേറെയും. 1976ൽ ‘പതിനാറു വയതിനിലേ’എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിൽ ആദ്യ ദേശീയ അവാർഡ് ലഭിച്ചു. പിന്നീട് മൂന്നു തവണകൂടി ദേശീയ അവർഡ് ജാനകിയമ്മയെ തേടിയെത്തി. മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കേരളം 14 തവണയാണ് സമ്മാനിച്ചത്. അതുപോലെ മറ്റു ഭാഷകളിലും നിരവധി പുരസ്കാരങ്ങൾ. എല്ലാം അവർ സന്തോഷത്തോടെ സ്വീകരിച്ചു.
പക്ഷേ, 2013ല് പത്മഭൂഷണ് പുരസ്കാരം നല്കിയപ്പോൾ വേണ്ടെന്നു പറഞ്ഞത് രാജ്യത്തെ അന്പരപ്പിച്ചു. അഞ്ചര പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില് ആ പുരസ്കാരം ഏറെ വൈകിയെത്തിയതുകൊണ്ടാണ് അവർ അതു നിരസിച്ചത്. പത്മ പുരസ്കാരം നിരസിച്ചത്, ദക്ഷിണേന്ത്യയോടു പുലർത്തിയ കേന്ദ്ര അവഗണനയ്ക്കെതിരേയുള്ള ശക്തമായ പ്രതിഷേധവും നിലപാടുമായിരുന്നെന്നു നിരീക്ഷിക്കുന്നവരുണ്ട്. പക്ഷേ, പ്രക്ഷുബ്ധമെന്നു ലോകം കരുതിയ പാട്ടിന്റെ പാലാഴി പ്രതികരിച്ചതു ശാന്തമായിട്ടായിരുന്നു. “കഴിഞ്ഞ 55 വര്ഷമായി ഞാനിവിടെ ഉണ്ടായിരുന്നു. പല ഭാഷകളിലായി വൈവിധ്യമാര്ന്ന ഒട്ടനവധി ഗാനങ്ങള് പാടിയിട്ടുണ്ട്. എല്ലാവരും എന്റെ പാട്ടുകളെ നെഞ്ചിലേറ്റി. മലയാളികളായ നിങ്ങള്പോലും എന്റെ ഉച്ചാരണം കൃത്യമാണെന്ന് പലപ്പോഴും പറയാറുണ്ട്. അങ്ങനെയുള്ളപ്പോള് ജനങ്ങളില്നിന്ന് ലഭിക്കുന്ന ഈ അംഗീകാരത്തേക്കാള് വലുതായി എനിക്ക് മറ്റെന്താണ് വേണ്ടത്? സര്ക്കാരിനോടു പരാതികളൊന്നുമില്ല. അവരെന്തെങ്കിലും തെറ്റായി ചെയ്തെന്നു ഞാൻ കരുതുന്നുമില്ല. പക്ഷേ, പത്മ പുരസ്കാരം നിരസിക്കാന് ഞാന് തീരുമാനിച്ചു”. ജാനകിയുടെ ആത്മവിശ്വാസം ഒരിക്കലും പുരസ്കാരങ്ങളിലായിരുന്നില്ല. പാടാനുള്ള തന്റെ കഴിവിലും ശ്രോതാക്കളുടെ അംഗീകാരത്തിലുമായിരുന്നു.
2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ അവർ സിനിമയിലും പൊതുവേദിയിലും പാട്ടുകൾ പാടുന്നത് അവസാനിപ്പിച്ചു. മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലും പുറത്തുമായി കൂടിയ ജനസമുദ്രത്തിൽ വിവിധ ഭാഷകളിലെ പാട്ടിന്റെ വേലിയേറ്റം നടത്തിയായിരുന്നു ആ ഇറക്കം. അന്ന് മലയാളി ആരാധകരുടെ അഭ്യർഥനയ്ക്കു വഴങ്ങി അവർ പാടിയത് ‘മദനോത്സവം’ എന്ന ചിത്രത്തിലെ ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’എന്നു തുടങ്ങുന്ന ഗാനമായിരുന്നു. ‘ദുഃഖമേ നീ പോകൂ കെടാത്ത/നിത്യതാരാജാലം പോലെ കത്തുമീയനുരാഗം/മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ/ നീയും ഏറ്റുപാടാൻ പോരൂ...’ ഒരു വിടപറച്ചിൽപോലെ സൗഭാഗ്യസ്മരണകളുടെ ചിതയെരിയുന്ന ഒഎൻവിയുടെ വരികൾ... അന്ന് ജാനകിയമ്മ തേങ്ങി. പിന്നെ വൈകിപ്പോയ ആ മൈസൂർ രാത്രിയുടെ നേരിയ തണുപ്പിലേക്ക് മകൻ മുരളീകൃഷ്ണയോടൊപ്പം മടങ്ങി. ഇപ്പോഴിതാ അവിടെനിന്ന് ഏറെ ദൂരെയല്ലാത്ത കനിയനഹുണ്ഡി ഫാം ഹൗസിൽ നിത്യനിദ്ര.
‘മൗനമേ നിറയും മൗനമേ... കല്ലിനു പോലും ചിറകുകൾ നൽകി/കന്നി വസന്തം പോയി...’ പൂവച്ചൽ ഖാദർ എഴുതിയത് ജാനകിയമ്മ പാടുകയായിരുന്നു. ഇന്നുമത് ഏതൊരു കല്ലിനും ചിറകു നെയ്യുന്നതാണ്. ജാനകിയമ്മയുടെ പാട്ടു കേൾക്കാത്ത ആരുണ്ടീ രാജ്യത്ത്! തലമുറകൾക്കു സന്തോഷ, സന്താപ, പ്രണയ, വിരഹ കാലങ്ങളിൽ കൂട്ടായി 48,000ത്തിലധികം പാട്ടുകൾ പാടിയ വാനന്പാടീ നന്ദി; മലയാളത്തിലും പറന്നെത്തിയതിന്.
Editorial
കൊള്ളമുതൽ പങ്കുവയ്ക്കുന്ന ആർത്തിയോടെയാണ് കേരളത്തിൽ പിഎസ്സി (പബ്ലിക് സർവീസ് കമ്മീഷൻ) അംഗത്വം വീതം വച്ചെടുക്കുന്നത്. ശന്പളം ഏകദേശം 4.20 ലക്ഷം, ചെയർമാന് 4.5 ലക്ഷം. ഒന്നാം ക്ലാസ് യാത്രപ്പടി, പേഴ്സണൽ അസിസ്റ്റൻഡ്, ഡ്രൈവർ, വീട്ടുകാർക്കുൾപ്പെടെ ചികിത്സച്ചെലവ് തുടങ്ങിയ ആനുകൂല്യങ്ങൾ വേറെ.
ആറു കൊല്ലത്തെ സുഖവാസാനന്തരം 2.25 ലക്ഷം മുതൽ മുകളിലേക്ക് പെൻഷൻ. യോഗ്യത വിദ്യാഭ്യാസമല്ല, രാഷ്ട്രീയാഭ്യാസം! ജോലിഭാരത്തെക്കുറിച്ചോ ടെൻഷനെക്കുറിച്ചോ നാളിതുവരെ ഒരംഗവും പരാതിപ്പെട്ടിട്ടില്ല. ഇതുപോലെ കാക്കത്തൊള്ളായിരം കോർപ്പറേഷനുകളിലും ബോർഡുകളിലും ചിലതെങ്കിലും നികുതിപ്പണം വിഴുങ്ങുന്നതല്ലാതെ നാടിനു ഗുണമുള്ളതല്ലെന്ന ആക്ഷേപവുമുണ്ട്.
ആവശ്യത്തിലേറെയുള്ള മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വേറെ. ഇത്തരം സംവിധാനങ്ങളൊന്നും ആവശ്യമില്ലെന്നല്ല, സർക്കാർ പരിരക്ഷയുള്ള അഴിമതി കേന്ദ്രങ്ങളായി അവ അധഃപതിച്ചതു തിരിച്ചറിയണം. അല്ലെങ്കിൽ പുതുകേരളവും അഴിമതി വിരുദ്ധ പ്രോജക്ട് സീറോയുമൊക്കെ ഹാസ്യപരിപാടികളാകും.
കഴിഞ്ഞ സർക്കാർ പാവങ്ങളോടു നടത്തിയ പരപീഡാരതിയായിരുന്നു 2025 ഫെബ്രുവരി 19ലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം. അതിലാണ് പിഎസ്സി അംഗങ്ങൾക്ക് 1.25-1.5 ലക്ഷത്തോളം ശന്പള വർധന നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ചത്. 300 രൂപ പോലും തികച്ചു കൂലിയില്ലാതെ പണിയെടുക്കുന്ന ആശാവർക്കർമാർ സെക്രട്ടേറിയറ്റിനു പുറത്ത് അന്നും കുത്തിയിരിപ്പുണ്ടായിരുന്നു.
സിപിഎമ്മിന്റെ സന്പന്നരായ തൊഴിലാളി നേതാക്കൾ ആ പാവപ്പെട്ട സ്ത്രീകളെ പുച്ഛിക്കുന്നുമുണ്ടായിരുന്നു. പക്ഷേ, പിഎസ്സി അംഗങ്ങൾ ചോദിച്ചതിലേറെ പണം പിണറായി സർക്കാർ കൊടുത്തു. സത്യത്തിൽ ആ തീരുമാനം ആശമാരെ ആക്രമിക്കുന്നതും ജനങ്ങളെ പരിഹസിക്കുന്നതുമായിരുന്നു. എൽഡിഎഫ് സർക്കാർ തുടരരുതെന്ന് ഏറ്റവുമധികം ആളുകൾ തീരുമാനിച്ചത് അന്നായിരിക്കും.
യുഡിഎഫ് അധികാരത്തിൽ വന്നു. ഇന്നത്തെ മുഖ്യമന്ത്രി അന്നു പ്രതിപക്ഷ സ്ഥാനത്തിരുന്നു പറഞ്ഞ വാക്കുകൾ ഏതാണ്ട് ഇങ്ങനെ: “സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോൾ, ആശമാരുടെ ഓണറേറിയം വർധിപ്പിക്കാൻ പണമില്ലെന്നു പറയുന്പോൾ സർക്കാർ രാഷ്ട്രീയ നിയമനങ്ങളിൽ ധൂർത്ത് നടത്തുകയാണ്.
പിഎസ്സി അംഗങ്ങളുടെ ഭീമമായ ശമ്പള വർധനയെ ന്യായീകരിക്കാൻ സർക്കാരിനു ധാർമികമായ യാതൊരു അടിസ്ഥാനവുമില്ല.” സർ, ഇപ്പോൾ താങ്കളുടെ ഊഴമാണ്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതപോലും ആവശ്യമില്ലാത്ത രാഷ്ട്രീയ നിയമനത്തിന്റെ ധൂർത്ത് അവസാനിപ്പിച്ചുകൂടേ? ഇന്ത്യൻ പ്രധാനമന്ത്രിയേക്കാൾ ശന്പളം വാങ്ങുന്ന അംഗങ്ങളുടെ എണ്ണത്തിലും കൊള്ളസമാനമായ ശന്പളത്തിലും പെൻഷനിലും കുറവ് വരുത്തിക്കൂടേ?
അഴിമതിയും പിൻവാതിൽ നിയമനവുമൊന്നും തടയില്ലെങ്കിലും, ചെയർമാൻ ഉൾപ്പെടെ 21 അംഗങ്ങളാണ് കേരള പിഎസ്സിയിൽ ഉള്ളത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയുമില്ല. കേരളത്തിന്റെ നാലിരട്ടിയുള്ള ഉത്തർപ്രദേശിൽ ഒന്പത്, മഹാരാഷ്ട്രയിൽ പരമാവധി ആറാണെങ്കിലും നിലവിൽ മൂന്ന്, തമിഴ്നാട്ടിൽ 14, കർണാടകത്തിൽ ഒന്പത് എന്നിങ്ങനെയാണ് അംഗങ്ങൾ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽപോലും പരമാവധി 11 പേരേയുള്ളു. അവിടെ ഉയർന്ന വിദ്യാഭ്യാസ, പ്രഫണൽ യോഗ്യതയുള്ളവരെയാണ് അംഗങ്ങളാക്കുന്നത്. ഇവിടെ ഭരിക്കുന്ന കക്ഷിയും ഘടകകക്ഷികളും തീരുമാനിക്കുന്നതാണ് യോഗ്യത. നിയമനങ്ങൾ പേരിനു മാത്രമാകുകയും നിയമനത്തിൽ അഴിമതി നാറുകയും ചെയ്യുന്നുണ്ടെങ്കിലും 1755 ജീവനക്കാരുള്ള പിഎസ്സി കോടിക്കണക്കിനു രൂപയാണ് പ്രതിമാസം ചെലവിടുന്നത്.
മുന്പൊക്കെ 50 വയസിനു മുകളിലുള്ളവരെയായിരുന്നു പിഎസ്സി അംഗങ്ങളായി നിയമിച്ചിരുന്നത്. ഇപ്പോൾ രുചി പിടിച്ചുപോയി. ഒരു ഇടതു വനിതാനേതാവിനെ അംഗമാക്കിയത് 30 വയസിലാണത്രേ. 36 വയസിൽ 2.25 ലക്ഷം പെൻഷൻ വാങ്ങാം. ‘ഇടതുവസന്തകാലത്തെ’ പിൻവാതിൽ നിയമനങ്ങളും കണക്കിലെടുത്താൽ നേതാക്കൾക്ക് "ആശ'മാരോടു പുച്ഛം തോന്നിയതിൽ അതിശയമില്ല.
യുഡിഎഫിലും പുതിയ പിഎസ്സി അംഗങ്ങളുടെ വീതംവയ്പ് അണിയറയിലായിരിക്കാം. സർക്കാരിന്റെ ഈ നറുക്കെടുപ്പില്ലാ ലോട്ടറിയുടെ പണക്കിഴി വേണ്ടെന്നുവയ്ക്കൽ ഒട്ടും എളുപ്പമല്ല. പക്ഷേ, ചാരിത്ര്യപ്രസംഗങ്ങൾക്കുപകരം ചരിത്രമാറ്റത്തിന് ഈ സർക്കാർ തയാറുണ്ടോ എന്നതാണ് ചോദ്യം. പിഎസ്സി പരീക്ഷ പോലെയല്ല, ഉത്തരം നോക്കുവോളം ചോദ്യം ഹാജരുണ്ടാകും.
Editorial
ലഹരിവിരുദ്ധ കൊടുങ്കാറ്റായി മാറിയ തൂഫാനു പിന്നാലെ അഴിമതിയുടെ അടിവേരറക്കാൻ ‘പ്രോജക്ട് സീറോ’ എന്ന പേരിൽ ആഭ്യന്തരവകുപ്പ് വജ്രക്കോടാലി പണിയുന്നെന്ന വിവരം ആവേശകരമാണ്. തൂഫാന്റെ പ്രകടനമാണ് പ്രോജക്ട് സീറോയും വിജയിക്കുമെന്ന പ്രതീക്ഷ നൽകുന്നത്.
ലഹരിയുടെ അന്തർ സംസ്ഥാന-അന്തർദേശീയ പണ്ടകശാലകളെ തകർക്കുന്നതിൽ പരിമിതിയുണ്ടെങ്കിലും കേരളത്തിലെ നരകവ്യാപാരികളെ ആഭ്യന്തരവകുപ്പ് ഓടിച്ചിട്ടു പിടിക്കുന്നതു നാടു കാണുന്നുണ്ട്. വന്യജീവി ആക്രമണം തടയുന്നതിലും സുപ്രീംകോടതി സർവസ്വാതന്ത്ര്യം കൊടുത്തിട്ടും തെരുവുനായകളെ ഒതുക്കുന്നതിലും അന്പേ പരാജയപ്പെട്ട വകുപ്പുകൾക്ക്, തൂഫാന്റെ രുദ്രതാണ്ഡവവും പ്രോജക്ട് സീറോയുടെ വിളംബരവും ക്രിയാത്മക പ്രകോപനമായിരുന്നെങ്കിൽ!
അഴിമതിക്ക് ഒരാമുഖം പറയാം. ഒരു പഞ്ചായത്ത് ഓഫീസിൽ, വില്ലേജിൽ, പോലീസ് സ്റ്റേഷനിൽ, സർക്കാർ ആശുപത്രിയിൽ... ഒരിക്കലെങ്കിലും കൈക്കൂലി കൊടുക്കാത്ത പ്രായപൂർത്തിയായ ഇന്ത്യക്കാരനുണ്ടോ? ഉത്തരം പറയണ്ട, നാം നമ്മുടെ രാജ്യത്തെ തിരിച്ചറിഞ്ഞാൽ മതി. നമ്മുടെ ജീവിതം കെട്ടിപ്പടുക്കാൻ മാതാപിതാക്കളും അവരുടെ മാതാപിതാക്കളുമൊക്കെ എത്രയോ പേർക്കു കൈക്കൂലി കൊടുത്തിട്ടുണ്ടാകും.
മറ്റുള്ളവരുടെ അധ്വാനം ചൂഷണം ചെയ്യുന്ന എത്രയോ പരാന്നഭോജികൾ ഇന്നും നാണമില്ലാതെ ജീവിക്കുന്നു. അതൊക്കെ മാറ്റുമെന്നാണ് ‘പ്രോജക്ട് സീറോ’ എന്ന പദ്ധതിയുമായെത്തിയ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. പക്ഷേ, ഇതു വല്ലതും നടക്കുമോ എന്നായിരിക്കും ഏതൊരു മലയാളിയുടെയും ആത്മഗതം. കാരണം, നമുക്കതു ചിന്തിക്കാനാകില്ല. മറ്റൊന്ന്, അഴിമതിയെന്ന മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണ് സർക്കാർ ഓഫീസിലെ കൈക്കൂലി ഉൾപ്പെടുന്ന അഴിമതി.
ഭരിക്കുന്നവരുടെയും അവരുടെ പാർട്ടികളുടെയും അഴിമതി നമുക്ക് ചിന്തിക്കാനാവുന്നതിലും അപ്പുറമാണ്. ട്രാൻസ്പെരൻസി ഇന്റർനാഷണൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തുവിട്ട 2025ലെ അഴിമതിപ്പട്ടികയിലെ 182 രാജ്യങ്ങളിൽ ഇന്ത്യ 91-ാം സ്ഥാനത്താണ്. ഉദ്യോഗസ്ഥർ മാത്രമല്ല, ഭരണകൂടവും ചേർന്നാണ് രാജ്യത്തെ വികൃതമാക്കിയത്. നിരാശരാകുന്നില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനതല ലഹരിവേട്ട തുടരുന്ന കേരളത്തിന് അഴിമതിവേട്ടയിലും മാതൃകയാകാനാകും.
സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയാണ് ‘പ്രോജക്ട് സീറോ’. ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. 5,000 രൂപ പാരിതോഷികം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. (ഈ ഒളികാമറ ഓപ്പറേഷനൊന്നും സാധാരണക്കാരെക്കൊണ്ട് പറ്റുന്ന കാര്യമല്ലെന്നതു വേറെ കാര്യം.) കേസിന്റെ തത്സ്ഥിതി അറിയാൻ ഏകജാലക ഓണ്ലൈൻ പോർട്ടൽ ഒരുക്കും.
അഴിമതിക്കാരായ ജീവനക്കാർക്കെതിരേ അന്വേഷണത്തിന് അനുമതി ലഭിക്കാൻ വൈകുന്നത് ഉൾപ്പെടെയുള്ള തടസങ്ങൾ നീക്കും. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 100 ദിവസത്തെ പ്രത്യേക ക്ലിയറൻസ് ഡ്രൈവ് നടപ്പിലാക്കും. കൈക്കൂലിക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധി ഒരു വർഷമെന്നത് ആറു മാസമാക്കിയിട്ടുണ്ട്. 24 വർഷത്തിനുശേഷം വിജിലൻസ് മാനുവൽ പരിഷ്കരിക്കുകയാണ്.
അഴിമതിക്കാരായ നേതാക്കളെയും വെറുതേ വിടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അതു കൈ പൊള്ളിക്കുന്ന പണിയാണ്. രാജ്യത്ത് ഇന്നുവരെ സാധ്യമായിട്ടില്ലാത്തത്. സർക്കാരിന് അനഭിമതരായവരുടെ അഴിമതി മാത്രം അന്വേഷിക്കുകയും മറ്റുള്ളവരുടെ വാഷിംഗ് മെഷീനാകുകയും ചെയ്യുന്ന കുപ്രസിദ്ധ മാതൃകയെക്കുറിച്ചല്ല പറഞ്ഞത്. അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ഉപകരണമായതോടെ ലോക അഴിമതിപ്പട്ടികയിൽ ഇന്ത്യക്കു തറ ടിക്കറ്റെടുക്കേണ്ടിവന്ന കഥയാണത്. അഴിമതി അർബുദമാണെന്ന പഴമൊഴി പണ്ടേയുണ്ട്.
പക്ഷേ, അത് ജനാധിപത്യത്തിൽ പൗരനുള്ള വിശ്വാസത്തെയും നവീകരണത്തിനും സർഗാത്മകതയ്ക്കുമുള്ള സഹജാവബോധത്തെയും കാർന്നുതിന്നുന്നുവെന്ന് കൂട്ടിച്ചേർത്തത് അമേരിക്കൻ പ്രസിഡന്റായിരുന്ന ജോ ബൈഡനാണ്. 2015ൽ അർബുദ ബാധിതനായ മകന്റെ ചികിത്സയ്ക്കുവേണ്ടി വീടു വിൽക്കാനൊരുങ്ങിയ അമേരിക്കൻ വൈസ് പ്രസിഡന്റാണ് ബൈഡൻ. വിവരമറിഞ്ഞ പ്രസിഡന്റ് ഒബാമ അതു തടഞ്ഞുകൊണ്ട് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ അധികാരസ്ഥാനത്തുള്ള എത്ര പേർക്ക് ഇങ്ങനെ ചികിത്സയ്ക്കു കിടപ്പാടം വിൽക്കേണ്ടിവരും?
അഴിമതിവിരുദ്ധ വായാടികളായ ഭരണകർത്താക്കളുടെ സഹായത്താൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഡീപ് സ്റ്റേറ്റ് ആയി മാറിയ ചങ്ങാത്ത മുതലാളിമാരെയൊന്നും തൊടാനാകില്ല. പെട്രോളും എഥനോളുംപോലെ, അത്തരം ഭരണകൂട കലർപ്പുകളെ തിരിച്ചറിയാനുമാകില്ല. മനുഷ്യരെ കൊള്ളയടിച്ചു പാപ്പരാക്കിയവർ ദൈവങ്ങൾക്കു നേരേ തിരിഞ്ഞ കാലത്ത്, നമുക്ക് ഈ ഉദ്യോഗസ്ഥതല അഴിമതി നിർമാർജനംപോലും വലിയ കാര്യമാണ്.
എന്താണ് ആഭ്യന്തര മന്ത്രി പറഞ്ഞുവരുന്നത്; കൈക്കൂലി വാങ്ങുന്ന പോലീസുകാരും വില്ലേജ് ഓഫിസർമാരും പഞ്ചായത്ത്-കളക്ടറേറ്റ്-സെക്രട്ടേറിയറ്റ് ജീവനക്കാരും ഡോക്ടർമാരും പൊതുമരാമത്ത് എൻജിനിയർമാരും പിൻവാതിൽ തുറന്നിടുന്ന സർവകലാശാല ഉദ്യോഗസ്ഥരും പിഎസ്സി അണിയറക്കാരുമൊന്നും ഇനിയുണ്ടാകില്ലെന്നു തന്നെയാണോ?
ആഭ്യന്തരവകുപ്പ് ജനാധിപത്യത്തിന്റെ ആത്മീയവകുപ്പാകട്ടേ. പ്രോജക്ട് സീറോ അഴിമതിക്കുമേലുള്ള ചുടലനൃത്തമാകട്ടേ! അഴിമതിക്കാരേ, അപരന്റെ നെറ്റിയിലെ വിയർപ്പുണങ്ങാത്ത നിങ്ങളുടെ കൈകൾ കഴുകുക; തലകുനിച്ചുനിൽക്കാനിടയുള്ള നിങ്ങളുടെ മക്കളെയും മറ്റു കുടുംബാംഗങ്ങളെയും ഓർത്തെങ്കിലും.
Editorial
ഈ ജനം സർക്കാരിനോട് എന്ത് അപരാധമാണു ചെയ്തത്, ഇങ്ങനെ ദ്രോഹിക്കാൻ? വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ അക്രമകാരികളായ തെരുവുനായകളെ കൊന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒന്നര മാസം!
ഏതാണ്ട് അതേ സമയത്ത് കേരളത്തിൽ പുതിയ സർക്കാരും വന്നു. സ്വാഭാവികമായും ജനം കരുതി, തങ്ങളെ രക്ഷിക്കാൻ സർക്കാരിന് ഇനി തടസമൊന്നുമില്ലല്ലോയെന്ന്. പക്ഷേ, 10 കൊല്ലം നമ്മെ നിരാശരാക്കിയ ആ കെടുകാര്യസ്ഥത പുതിയ കുപ്പിയിലാക്കി നമ്മെത്തന്നെ കുടിപ്പിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് മുറ്റത്തിരുന്നു കളിക്കാനാകില്ല, വയോധികരെ കിടക്കപ്പായയിലിട്ടു കടിക്കുന്നു, വിദ്യാർഥികൾക്കു സ്കൂളിൽ പോകാൻ പേടി, ബസ്സ്റ്റാൻഡുകളിലും കാത്തിരിപ്പു കേന്ദ്രങ്ങളിലും നായകൾ ഇരകളെ കാത്തിരിക്കുന്നു, നായകൾക്കു മുന്നിൽ ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ടു മറിയുന്നു, നായശല്യം രൂക്ഷമായതോടെ തൃശൂർ ചൂണ്ടൽ യുപി സ്കൂളിന് അവധി കൊടുക്കേണ്ടിവന്നു...
നായകളെ കൊല്ലാതെ പ്രശ്നം പരിഹരിക്കാമെന്ന 25 കൊല്ലത്തെ തട്ടിപ്പ് ഇനി പറയരുത്. നിങ്ങൾക്കു വാരിക്കോരി വോട്ട് തന്നവരുടെ മാംസമല്ലേ ഈ തെരുവുനായകൾ പല്ലിൽ കോർത്തു നടക്കുന്നത്? എന്തെങ്കിലുമൊന്ന് ഉരിയാടിയാലും!
തെരുവുനായകളും കന്നുകാലികളും നിറഞ്ഞ, അഴുക്കും ഭീതിയുമൊഴുന്ന തെരുവുകൾ ഈ രാജ്യത്തിന്റെ ശാപമാണ്. പക്ഷേ, മിണ്ടിയാൽ വർഗീയവാദികളുടെയും മൃഗസ്നേഹികളുടെയും ആൾക്കൂട്ട ആക്രമണമുണ്ടാകും. നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എബിസി പദ്ധതിയുടെ പേരു പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ മുടിപ്പിച്ചത് 25 വർഷം.
ലക്ഷക്കണക്കിനു മനുഷ്യർക്ക് കടിയേറ്റു. ആയിരങ്ങൾ പേവിഷബാധയെന്ന ഭീകരമരണത്തിനു കീഴടങ്ങി. മന്ത്രിമാരോ ജനപ്രതിനിധികളോ ഉദ്യോഗസ്ഥപ്രമാണിമാരോ ചങ്ങാത്ത മുതലാളിമാരോ പട്ടികളെയോർത്തു കേഴുന്ന ദേശീയനേതാക്കളോ ഫൈവ്സ്റ്റാർ മൃഗസ്നേഹികളായ മേനക, രംഭ, തിലോത്തമമാരോ അല്ല; വരേണ്യ ജനാധിപത്യത്തിന്റെ പുറന്പോക്കുകളായ സാധാരണക്കാർ!
ഈ ദുർവിധിക്ക് അന്ത്യംകുറിക്കാനുള്ള അവസരമായിരുന്നു മേയ് 19ലെ സുപ്രീംകോടതിയുടെ വിധി. “മനുഷ്യജീവനു ഭീഷണിയാകുന്ന നായകളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ഒരു നടപടിയുമുണ്ടാകരുത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയും നീക്കണം. പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം.”
മനുഷ്യരോട് തരിന്പെങ്കിലും ഉത്തരവാദിത്വമുള്ള ഏതൊരു സർക്കാരിനും 24 മണിക്കൂറിനുള്ളിൽ നടപടികൾ ആരംഭിക്കാമായിരുന്നു. പക്ഷേ, ദുരൂഹമായ ഭരണകൂട നിശബ്ദതയ്ക്ക് ഒന്നര മാസമായിരിക്കുന്നു. നായക്കൂട്ടം തെരുവിൽത്തന്നെയുണ്ട്. കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു മാത്രം നാട്ടുകാരെ കടിച്ച പട്ടിയെ കോടതിവിധിയുടെ അടിസ്ഥാനത്തിൽ വെടിവച്ചു കൊന്നു.
ജനം മാറ്റി പ്രതിഷ്ഠിച്ച സംസ്ഥാന സർക്കാരും മറ്റു തദ്ദേശ ഭരണസമിതികളുമൊക്കെ വാഗ്ദാനനോട്ടീസുകൾ തലയണയാക്കി കൂർക്കം വലിക്കുന്നു. ഈ കെടുകാര്യസ്ഥതയ്ക്കാണ് വാക്സിൻ വികസിപ്പിക്കേണ്ടത്.
വികസിതരാജ്യങ്ങളിലുൾപ്പെടെ തെരുവുനായകളെ കൊന്നു നിയന്ത്രിക്കും. പെരുകുന്ന കാട്ടുമൃഗങ്ങളെ അതു ദേശീയ മൃഗമാണെങ്കിലും വേട്ടയാടാനും തിന്നാനും അനുമതിയുണ്ട്. പക്ഷേ, ഈ ‘ജന്തുസ്ഥാനി’ൽ മാത്രം മനുഷ്യരെ കൊന്നു കൊലവിളിക്കുന്ന ഒന്നിനെയും തൊട്ടുകൂടാ. പക്ഷേ അതേ ആളുകൾ, ഒരു ദ്രോഹവും ചെയ്യാത്ത ആടിനെയും കോഴിയെയും മത്സ്യങ്ങളെയുമൊക്കെ പരസ്യമായി വെട്ടിനുറുക്കുന്നതു കണ്ട്, ഇറച്ചിയും അതിനൊത്ത മസാലയും വാങ്ങി നാവു നുണഞ്ഞ് വീടുകളിലേക്കു മടങ്ങുന്നു! ഇതാണ്, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി’ൽ വേവിക്കുന്ന അഴിമതിയുടെ ആവി പറക്കുന്ന കാപട്യം.
നിർദേശം പാലിച്ചോയെന്നു സംസ്ഥാന ചീഫ് സെക്രട്ടറിമാർ രണ്ടു മാസത്തിനികം ഹൈക്കോടതികളെ അറിയിക്കണമെന്നും സുപ്രീംകോടതി വിധിയിലുണ്ട്. പതിവനുസരിച്ച്, നമ്മുടെ ചീഫ് സെക്രട്ടറിയും അവസാന നിമിഷത്തിൽ തട്ടിക്കൂട്ടിയ റിപ്പോർട്ടുമായി കോടതിയിലെത്തും. സർക്കാരിനോട് ഒരപേക്ഷയുണ്ട്. തെരുവുനായകളെ കൊല്ലാതെ വന്ധ്യംകരിച്ചു സംരക്ഷിക്കാമെന്ന എബിസി നുണയ്ക്കും വാക്സിൻ കച്ചവടത്തിനും ഫണ്ട് തട്ടിപ്പിനും കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
ഇനി അതുപറഞ്ഞ് നാട്ടുകാരെ പറ്റിക്കരുത്. അവ പരാജയപ്പെട്ടെന്നു തെളിഞ്ഞതുകൊണ്ടാണ് സുപ്രീംകോടതി നായ്ക്കളെ കൊല്ലാൻ ഉത്തരവിട്ടത്. വാക്സിനേഷനും വന്ധ്യംകരണത്തിനും മാത്രം ഇക്കൊല്ലം 18 കോടി രൂപ കേരളം നീക്കിവച്ചിട്ടുണ്ടെന്നാണറിയുന്നത്. അതേസമയം, പാവപ്പെട്ട വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിനു കൊടുക്കാൻ പണമില്ല.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ ഒരു കുട്ടിക്ക് 6.78 രൂപയും അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥിക്ക് 10.17 രൂപയുമാണ് സർക്കാർ അനുവദിക്കുന്നത്. ഒരൂണിന് ശരാശി എട്ടു രൂപ! എന്നാലോ, തെരുവുനായ കടിച്ചാൽ ഒരാൾക്ക് ഏകദേശം 350 മുതൽ 35,000 വരെ. വകതിരിവില്ലാത്ത ഈ ധനവ്യയം പേപ്പട്ടി കടിച്ചു മരിച്ചവരുടെയും പരിക്കേറ്റവരുടെയും അവരുടെ വീട്ടുകാരുടെയുംകൂടി നികുതിപ്പണമെടുത്താണ്. പരമോന്നത കോടതി ഇടപെട്ടിട്ടും ഈ രാഷ്ട്രീയഭ്രാന്തിനു ചികിത്സയില്ല.
എന്തായാലും തെരുവുനായകൾ വേട്ടയാടുന്ന കേരളത്തിനു മറുപടി വേണം; ആരാണ് സുപ്രീംകോടതി വിധിയെപ്പോലും അട്ടിമറിക്കുന്നതെന്ന്. മൃഗസ്നേഹികളോ, നിങ്ങളുടെ ദേശീയനേതാക്കളോ, വാക്സിൻ കന്പനികളോ...? വീടുകളെയും തെരുവുകളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും ആരാധനാലയങ്ങളെയുമൊക്കെ നായ്ക്കൾ വളഞ്ഞിരിക്കുകയാണ്. തെരുവുനായകളെ കൊല്ലുന്നതിനു പകരം കോടതിവിധിയെ കൊല്ലുന്നവരേ നിങ്ങൾ എവിടെയാണ്? വരൂ, ചോരയും മാംസവും വാർന്ന ഈ തെരുവിലെ മനുഷ്യരെ കാണൂ!
Editorial
നമുക്ക് സ്വന്തമായൊരു വീടില്ലെങ്കിൽ, കടത്തിണ്ണയിലോ തെരുവിലോ കിടക്കാം. പക്ഷേ, വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ സ്വന്തം വീട്ടിൽ കിടന്നാലും അധികാരി വിളിച്ചെഴുന്നേൽപ്പിച്ചേക്കാം. അദ്ദേഹം ഉന്നയിക്കുന്ന യുക്തിപരമായ പൊരുത്തക്കേടുകളെ ഖണ്ഡിക്കാൻ അദ്ദേഹത്തിനു യുക്തിപരമെന്നു തോന്നുന്ന തെളിവുകളുമായി നാം ഹാജരാകണം. ഇന്ത്യയിൽ ആറു കോടിയോളം മനുഷ്യർ വോട്ടർപട്ടികയിൽനിന്നു പുറത്താക്കപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. അതിലൊരാളാണ് ‘ദ ടെലിഗ്രാഫ്’ന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ. വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കിയില്ല. അമേരിക്കയിൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുമായില്ല. വോട്ടർപട്ടിക വോട്ട് മാത്രമല്ല നിഷേധിക്കുന്നത്; പാസ്പോർട്ടും ക്ഷേമപദ്ധതികളും കടന്ന് പൗരത്വത്തിലും കൈവച്ചേക്കാം. എല്ലാവരും നുഴഞ്ഞുകയറ്റക്കാരല്ല. കോടിക്കണക്കിനാളുകൾ പരക്കംപായുകയാണ്, സ്വന്തം അസ്തിത്വത്തിന്റെ തെളിവുകളും പ്രതിപക്ഷത്തെയും കോടതികളെയും തിരഞ്ഞ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം സ്വസ്ഥതയുടെ ബാക്കിയിടങ്ങളിൽനിന്ന് അനിശ്ചിതാവസ്ഥകളുടെ അതിർത്തികളിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നു.
പാസ്പോര്ട്ട് പുതുക്കാൻ വോട്ടര്പട്ടികയില് പേരു വേണമെന്നത് ആർ. രാജഗോപാലിനും അറിയില്ലായിരുന്നു. പോലീസ് വെരിഫിക്കേഷന് വോട്ടർ ഐഡി ആവശ്യപ്പെട്ടപ്പോൾ എസ്ഐആറിൽ (വോട്ടർപട്ടിക തീവ്രപരിഷ്കരണം) പേരു വെട്ടിയ കാര്യം പറഞ്ഞു. അച്ഛന്റെ മരണ സര്ട്ടിഫിക്കറ്റ്, പാന് കാര്ഡ്, ആധാര്കാര്ഡ് അടക്കം നല്കി. പിന്നീട് കോല്ക്കത്ത പോലീസിന്റെ സെക്യൂരിറ്റി കണ്ട്രോള് ഓര്ഗനൈസേഷനില്നിന്നു വിളിച്ച്, വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ പോലീസ് വെരിഫിക്കേഷൻ സാധ്യമല്ലെന്നറിയിച്ചു. 2002ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ അദ്ദേഹത്തിന്റെ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താൻ കഴിഞ്ഞില്ലത്രേ. വോട്ടർപട്ടികയിൽനിന്നു നീക്കപ്പെട്ട പശ്ചിമബംഗാളിലെ മറ്റ് 27 ലക്ഷം ആളുകളുടെ കാര്യത്തിൽ എന്നപോലെ, ‘യുക്തിസഹമായ പൊരുത്തക്കേടുകൾ’ എന്നാണ് കാരണം പറഞ്ഞിട്ടുള്ളത്. ഈ പൊരുത്തക്കേടുകൾ തിരുത്തി വോട്ടർപട്ടികയിൽ പേര് പുനഃസ്ഥാപിക്കാൻ അപ്പീൽ നൽകിയിട്ടുണ്ട്. ലക്ഷക്കണക്കിന് അപ്പീലുകൾ എന്നു പരിഹരിക്കുമെന്നറിയില്ല. പക്ഷേ, ആ വോട്ടുകളില്ലാതെ ബിജെപി ബംഗാളിൽ അധികാരത്തിലെത്തി. മലയാളിയായ രാജഗോപാൽ 30 വർഷത്തിലേറെയായി കോൽക്കത്തയിലാണ്. 25 വർഷത്തിലേറെ ഒരേ വിലാസത്തിൽ കഴിയുന്ന അദ്ദേഹം 2010 മുതലെങ്കിലും അവിടെ വോട്ടറുമാണ്. ബിജെപിയെ വിമർശിച്ച മാധ്യമപ്രവർത്തനമാണോ ഇതിനു കാരണമെന്ന ചോദ്യത്തിന്, തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ജീവിതകാലം മുഴുവൻ മാധ്യമപ്രവർത്തനം നടത്തുകയും പ്രമുഖ പത്രത്തിന്റെ എഡിറ്ററായിരിക്കുകയും ചെയ്ത തന്റെ അവസ്ഥ ഇതാണെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് രാജഗോപാൽ ചോദിച്ചത്. അതിനുത്തരം ഫ്രാൻസ് കാഫ്കയുടെ രൂപാന്തരീകരണം (ദി മെറ്റമോർഫോസിസ്) എന്ന കഥയിലെ ഗ്രിഗർ സാംസയുടെ അവസ്ഥ എന്നു പറയേണ്ടിവരും. സാംസ ഒരു പ്രഭാതത്തിൽ എഴുന്നേറ്റപ്പോൾ താനൊരു വണ്ടായി മാറിയിരിക്കുന്നതു തിരിച്ചറിഞ്ഞു. മനുഷ്യൻ എന്ന തന്റെ അസ്തിത്വം വീണ്ടെടുക്കാനാകാതെ നീറുകയാണ് അയാൾ. കഥ അവിടെ നിൽക്കട്ടെ. പെട്ടെന്നൊരു ദിവസം ഒരാൾക്ക് ഇതു ഞാൻ തന്നെയെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടി വരുന്നതിനോളം ഭയാനകമായി മറ്റെന്തുണ്ട്! അത് രക്ഷിക്കാനും ശിക്ഷിക്കാനും അധികാരമുള്ള രാഷ്ട്രത്തെയാണെങ്കിലോ? ആർ. രാജഗോപാൽ പറയുന്നതുപോലെ, ഇതൊന്നും സർക്കാരിന്റെ ശത്രുതാ നടപടിയാണെന്നതിനു തെളിവില്ല. പക്ഷേ, കോടിക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു പ്രഭാതത്തിൽ തങ്ങളുടെ വോട്ടവകാശത്തിനും പൗരത്വത്തിനുമൊക്കെ തെളിവു നൽകേണ്ടിവരുന്നത്, കുറ്റവാളികളെപ്പോലെ ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത്, വോട്ടർപട്ടികയിൽ ഇല്ലാത്തതിനാൽ ക്ഷേമപദ്ധതികളിൽനിന്നു പുറത്താക്കപ്പെടുമെന്ന ആശങ്കയിൽ ജീവിക്കേണ്ടിവരുന്നത്, വർഗീയ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളാൽ സംശയദൃഷ്ടിയിലാകുന്നത്, വയറിനുവേണ്ടിയല്ലാതെ അസ്തിത്വത്തിനുവേണ്ടി പണിയെടുക്കേണ്ടിവരുന്നത്... വോട്ടർപട്ടികയിൽനിന്നു വെട്ടിമാറ്റപ്പെട്ടവരുടെ ആകുലതകൾ സാംസയുടേതിനു സമാനമാകുകയാണ്. ഭരണകൂടവും പ്രതിപക്ഷവും നീതിന്യായ സംവിധാനങ്ങളും അറിയുന്നുണ്ടാകാം; പരിഹരിക്കുന്നില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ട്. വോട്ടർപട്ടികയിലെ ക്രമക്കേടുകൾ തെളിവുസഹിതം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചതാണ്. ഇതിനെതിരേ രോഷംകൊണ്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് ശരിയല്ലെന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാരും വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനുള്ള സമിതിയിലെ ഭൂരിപക്ഷം സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി സർക്കാരിൽ നിഷിപ്തമാക്കിയത് തുടക്കമായിരുന്നു. പിന്നാലെ, കമ്മീഷനു നിയമസംരക്ഷണം ഉറപ്പാക്കിക്കൊടുത്ത Appointment, Conditions of Service and Term of Office Act, 2023 അനുസരിച്ച്, ചീഫ് ഇലക്ഷൻ കമ്മീണറോ മറ്റു കമ്മീഷണർമാരോ ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തിന്റെ പേരിൽ സിവിലോ ക്രിമിനലോ ആയ നിയമനടപടികളിൽനിന്ന് സംരക്ഷിതരാണ്. ഈ കമ്മീഷന്റെ വോട്ടർപട്ടിക മറ്റെല്ലാ തിരിച്ചറിയൽ കാർഡുകളെയും നിയന്ത്രിക്കുന്നു. സംശയങ്ങൾ വർധിക്കുകയാണ്.
ഇതിന്റെ തുടർച്ചയായി കാണേണ്ട കാര്യങ്ങളുമുണ്ട്. കഴിഞ്ഞ മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത്, നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും; പക്ഷേ, ഹിന്ദുക്കളായ അഭയാർഥികൾക്കു പൗരത്വം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുമെന്നാണ്. പശ്ചിമബംഗാളിലെയും ബിഹാറിലെയും ബിജെപി സർക്കാരുകൾ അടുത്തയിടെ പറഞ്ഞത്, വോട്ടർപട്ടികയിലില്ലാത്തവരെ ക്ഷേമപദ്ധതികളിൽനിന്ന് ഒഴിവാക്കുമെന്നാണ്. പാസ്പോർട്ട് യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതിനായി 1967ലെ പാസ്പോർട്ട് നിയമത്തിലെ ചില പഴുതുകൾ കണ്ടെത്തി. പാസ്പോർട്ട് നിയമത്തിലെ മാത്രമല്ല, മതപരിവർത്തന നിരോധന നിയമത്തിലെയും, വിദേശഫണ്ട് നിയന്ത്രണ നിയമത്തിലെയും (എഫ്സിഐർഎ) ഗോവധനിരോധന നിയമത്തിലെയും പഴുതുകളൊക്കെ എങ്ങനെ തങ്ങൾ ശത്രുപക്ഷത്താക്കിയവർക്കെതിരേ ഉപയോഗിക്കാമെന്ന് തെളിയിച്ച സർക്കാരാണ് കേന്ദ്രത്തിൽ.
ഇത്തവണ കേന്ദ്രത്തിൽ കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപിക്ക് പഴയ വർഗീയതന്ത്രങ്ങൾകൊണ്ട് ഇനിയൊരു വിജയം എളുപ്പമല്ല. അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുതിരക്കച്ചവടത്തെയും അന്വേഷണ ഏജൻസികളെയും ന്യൂനപക്ഷവിരോധത്തിനുള്ള പുതിയ നിയമഭേദഗതികളെയുമൊക്കെ എടുത്തുപയോഗിക്കുന്നത് ഗൗരവത്തിൽ കാണേണ്ടതാണ്. പ്രതിപക്ഷം ചരിത്രത്തിലെ ഏറ്റവും ദുർബലാവസ്ഥയിലും കോടതികൾ യാന്ത്രികതയുടെ പാരമ്യതയിലുമായിരിക്കവേ, ജനാധിപത്യ സംരക്ഷണം അവരുടേതു മാത്രമല്ലെന്ന് ജനം തിരിച്ചറിയണം.
Editorial
മത-വംശീയ ഭീകരവാദികളായ ഹമാസ് 2023 ഒക്ടോബർ ഏഴിനു നടത്തിയ തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ യുദ്ധം തുടങ്ങിയത്. പക്ഷേ, ഇസ്രയേൽ നടത്തുന്നതും വംശഹത്യയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് മനുഷ്യത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഗാസയിൽ കുട്ടികളെ കൊന്നൊടുക്കിയതു ബോധപൂർവമാണെന്നതിനു നിസ്തർക്കമായ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അപകീർത്തികരമായ കള്ളം എന്നാണ് ഇസ്രയേൽ ഇതിനോടു പ്രതികരിച്ചത്. പക്ഷേ, ആ കള്ളമെന്തെന്നു ലോകത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. ഹമാസ് ഭീകരത, ഇസ്രയേലിന് എന്തും വാങ്ങിക്കൂട്ടാനുള്ള ബ്ലാങ്ക് ചെക്കല്ലെന്ന നിലപാട് ആവർത്തിച്ചുകൊള്ളട്ടെ. ഹമാസിന്റേതായാലും ഇസ്രയേലിന്റേതായാലും വംശവെറിയെ വിശുദ്ധമായി പ്രഖ്യാപിക്കാനാവില്ല.
കാരണം, യഹൂദർക്കെതിരേ ഹിറ്റ്ലർ നടത്തിയതും അർമേനിയൻ ക്രൈസ്തവർക്കെതിരേ ഓട്ടോമൻ സാമ്രാജ്യം നടത്തിയതും ഉൾപ്പെടെയുള്ള വംശഹത്യകളെ നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് പലസ്തീനിലെ കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിലും വ്യക്തത വേണ്ടിവരും. വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി.
ഗാസയിലെ പാലസ്തീന് കുട്ടികളെ ഇസ്രായേല് സൈന്യം ബോധപൂര്വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില് വരുന്നതാണെന്നുമാണ് യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി പുറത്തുവിട്ടിരിക്കുന്ന നടുക്കുന്ന വിവരം. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെങ്കിൽ വസ്തുതകൾ നിരത്തി തിരുത്തപ്പെടണം.
ഇസ്രയേൽ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകില്ല. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ശ്രീനിവാസൻ മുരളീധരനാണ് മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ. പല തന്ത്രങ്ങളിലൂടെയാണ് ഇസ്രയേൽ കുട്ടികളെ ആക്രമിച്ചതെന്നു റിപ്പോർട്ട് പറയുന്നു. ക്വാഡ്കോപ്ടറുകള്, സ്നൈപ്പറുകള് എന്നീ ആയുധങ്ങള് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. പാർപ്പിടസമുച്ചയങ്ങള്, സ്കൂളുകള്, കുട്ടികള് തിങ്ങിപ്പാര്ക്കുന്ന ക്യാമ്പുകള് എന്നിവിടങ്ങളില് ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി.
അതൊക്കെ യുദ്ധത്തിലെ യാദൃച്ഛികതകളായിരുന്നില്ലെങ്കിൽ ഈ റിപ്പോർട്ട് ഗൗരവമുള്ളതാണ്. പ്രസക്ത നിരീക്ഷണങ്ങൾ ഇങ്ങനെ: “2023 ഒക്ടോബര് ഏഴിനും 2025 ഒക്ടോബര് ഏഴിനും ഇടയില് 20,179 കുട്ടികള് കൊല്ലപ്പെട്ടു. ഇതിൽ 5,031 കുട്ടികള് അഞ്ചു വയസിനു താഴെയുള്ളവരാണ്. ഒരു വയസില് താഴെയുള്ള 1,029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 44,143 കുട്ടികള്ക്കു പരിക്കേറ്റു.
രേഖകളില്പ്പെടാത്ത മരണവും കുട്ടികളെ കാണാതായ കേസുകളുമുണ്ട്. പാലസ്തീന്റെ ഭാവി തകര്ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല് നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില് പ്രഖ്യാപിച്ച വെടിനിര്ത്തലിനു ശേഷവും കുട്ടികള് വ്യാപകമായി കൊല്ലപ്പെടുകയാണ്. കുട്ടികള്ക്കു നേരേ ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളുമുണ്ടായി.
ആശുപത്രികള്, സ്കൂളുകള്, മറ്റ് സ്ഥാപനങ്ങള് എന്നിവയ്ക്കുനേരേയുണ്ടായ ആക്രമണങ്ങള് കുട്ടികളുടെ നിലനില്പിനെയും വികാസത്തെയും തടഞ്ഞു. നവജാത ശിശു-പ്രസവ ശുശ്രൂഷ തുടങ്ങിയ ആരോഗ്യസുരക്ഷാ സംവിധാനങ്ങള് തകര്ത്തതും ഇസ്രയേലിന്റെ ഉപരോധവും നവജാത ശിശുക്കളെ അംഗവൈകല്യമുള്ളവരും സ്ഥിരആരോഗ്യപ്രശ്നമുള്ളവരുമാക്കി മാറ്റി. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരേ ജൂത കുടിയേറ്റക്കാരുടെ ആക്രമണവുമുണ്ട്.
ഇസ്രേലി സേന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണം.”ശാരീരിക-മാനസിക മുറിവുകൾ, അനാഥത്വം, തുടർച്ചയായുള്ള പലായനം എന്നിവ കാരണം ഗാസയിൽ ബാല്യം ഇല്ലാതായെന്നാണ് കമ്മീഷൻ പറഞ്ഞത്. ചോരകൊണ്ടെഴുതിയ ഈ ബാലഹത്യയുടെ റിപ്പോർട്ട്, ഹമാസിന്റെ ക്രൂരതകളാൽ ന്യായീകരിക്കാനാകില്ല.
ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന മുസ്ലിം ബ്രദർഹുഡെന്ന ആഗോള വംശീയ ഭീകര സാഹോദര്യത്തിന്റെ ചാർച്ചക്കാരായ ഹമാസും ഹിസ്ബുള്ളയും ഹൂതികളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശഹത്യകൾക്ക് സയണിസ്റ്റ് വംശീയതയല്ല മറുപടി. സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത ഗാസയിൽ ഇസ്രയേലിന്റെ പ്രസ്താവനകൊണ്ടുമാത്രം യുഎൻ കമ്മീഷൻ റിപ്പോർട്ടിനെ ചെറുക്കാനാകില്ല.
അപകീർത്തികരവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിൽ ഇസ്രേലികുട്ടികളെ ആക്രമിച്ചതും പലസ്തീൻകുട്ടികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന കാര്യവും അന്വേഷണസംഘം അവഗണിച്ചെന്ന് അവർ കുറ്റപ്പെടുത്തി. തീർച്ചയായും വ്യക്തതയുണ്ടാകണം. ആരുടെ കുട്ടികൾ കൊല്ലപ്പെട്ടാലും ആർദ്രമാകുന്ന മനസൊന്നും ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദികളുടെ മത-വംശീയ പ്രത്യയശാസ്ത്രത്തിലില്ല.
കുഞ്ഞുങ്ങളുടെ ചോര അവർക്ക് വിശുദ്ധ യുദ്ധങ്ങളുടെ സ്വർഗീയ നിറങ്ങളാകാം. പക്ഷേ, മനുഷ്യകവചങ്ങളാക്കിയ കുട്ടികൾ മാത്രമല്ല യുഎൻ റിപ്പോർട്ടിലുള്ളത്. രോഷാകുലമായ പ്രസ്താവനകളല്ല, കൃത്യമായ കണക്കുകളാണ് ഇസ്രയേൽ പുറത്തുവിടേണ്ടത്. ഇതിനൊപ്പം ഇസ്രയേലിലും ലെബനനിലും വെസ്റ്റ് ബാങ്കിലും യഹൂദതീവ്രദേശീയവാദികൾ ആക്രമിച്ച ക്രൈസ്തവദേവലായങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്മാരകങ്ങളുടെയും കണക്കുകളും പുറത്തുവിടാം.
ക്രൈസ്തവർക്കു നേരേ തുപ്പുന്നവർ, അസഭ്യവർഷം നടത്തുന്നവർ, ആക്രമിക്കുന്നവർ... നെതന്യാഹു ഇതൊന്നും ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഘത്തിലെ പരിവാരങ്ങൾ, വംശീയതയുടെയും വർഗീയതയുടെയും ആചാരങ്ങൾ ഒരു സാബത്തിലെന്നപോലെ ഭക്തിപൂർവം നിർവഹിക്കുന്നുണ്ട്.
യുഎൻ റിപ്പോർട്ടിലെ വംശഹത്യാ ആരോപണം തെറ്റാണെങ്കിൽ അതു സ്ഥാപിക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യയിൽ അഗ്രഗണ്യരായ ഇസ്രയേലിനു സാധിക്കുകതന്നെ ചെയ്യും. അതറിയാതെയാണ് കേരളത്തിലുൾപ്പെടെയുള്ള വർഗീയ-വംശീയ ആരാധകർ വെറുപ്പിന്റെ സോഫ്റ്റ്വേർ പുറത്തെടുക്കുന്നത്. യുഹൂദരുൾപ്പെടെയുള്ള വംശഹത്യവിരുദ്ധർക്ക് അലോസരമായ കാഴ്ച!
Editorial
ഭരണപരമായ പുത്തൻ വെളിപാടുകൾക്ക് ഇന്ത്യൻ ബ്യൂറോക്രസി പണ്ടേ കെങ്കേമമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബുധനാഴ്ച വിദേശകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. പാസ്പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ തെളിവല്ലെന്നുമാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.
പ്രസ്താവന വിവാദമായതിനു പിന്നാലെ ഇന്നലെ വിദേശകാര്യ മന്ത്രാലയം നേരത്തേ പറഞ്ഞതിനെ ശക്തമായി ഉറപ്പിച്ചുകൊണ്ട് കൂടുതൽ വിശദീകരണവുമായി രംഗത്തു വന്നു. ഈ രേഖ നിയമപരമായി ഒരിക്കലും പൗരത്വത്തിന്റെ തെളിവായി നിലനിന്നിട്ടില്ലെന്നാണ് മന്ത്രാലയം പറയുന്നത്. ഇതിന് പിൻബലം നല്കാൻ 1967ലെ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകളും മുൻകാല കോടതി വിധികളും അവർ ആധാരമാക്കുന്നു.
ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് പാസ്പോർട്ട് നൽകുന്നത് നിയമത്തിലെ സെക്ഷൻ 6(2)(എ) വിലക്കുന്നുണ്ടെങ്കിലും, പൗരന്മാരല്ലാത്തവർക്കായി പ്രത്യേക വ്യവസ്ഥയും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് സർക്കാർ പാസ്പോർട്ടിനെ പൗരത്വത്തിൽനിന്ന് അകറ്റിനിർത്തുന്നത്. ഈ വ്യാഖ്യാനത്തെ ശരിവയ്ക്കുന്ന 2013ലെ ബോംബെ ഹൈക്കോടതി വിധിയും സർക്കാർ വൃത്തങ്ങൾ എടുത്തുപറയുന്നുണ്ട്.
പക്ഷേ, ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കാതലായ ഒരു ചോദ്യം ബാക്കിനിൽക്കുന്നു: സ്വന്തം പാസ്പോർട്ടിനെ ദേശീയതയുടെ തെളിവായി ഇന്ത്യക്കുതന്നെ പൂർണമായി വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റാരെങ്കിലും അത് വിശ്വസിക്കണം എന്നു പറയുന്നതെങ്ങനെയാണ്? ഇന്ത്യൻ സർക്കാർ ഒരു രേഖ പുറത്തിറക്കുന്നു. അതിൽ ദേശീയമുദ്ര പതിപ്പിക്കുന്നു. അപേക്ഷകരെ കർശനമായ പോലീസ് പരിശോധനയ്ക്കു വിധേയമാക്കുന്നു.
രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഒരു കേന്ദ്രത്തിൽ ആ പാസ്പോർട്ട് അച്ചടിക്കുന്നു. ഒടുവിൽ ഇത് ഇന്ത്യൻ പൗരന്മാരെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖയായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടും, ഇന്ത്യക്കാർ തങ്ങളുടെ പൗരത്വത്തിന്റെ തെളിവായി പാസ്പോർട്ട് ചൂണ്ടിക്കാണിക്കുമ്പോൾ, അതിനെ അങ്ങനെ കണക്കാക്കാൻ കഴിയില്ലെന്ന് അവരോട് പറയുന്നതിലെ വൈരുധ്യവും പരിഹാസ്യതയും അപമാനവും എത്രത്തോളമാണ്?
ഈ പാസ്പോർട്ടിനെ വിമാനക്കമ്പനികൾ അംഗീകരിക്കുന്നു. രാജ്യാതിർത്തികളിലെ കാവൽസേനകൾ അംഗീകരിക്കുന്നു. വീസ കിട്ടാനും വിവിധ രാജ്യങ്ങളിലെ ഇമിഗ്രേഷൻ അധികൃതരെ ബോധ്യപ്പെടുത്താനും ഇതു മതി. വിദേശത്ത് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാനും വിശ്വസനീയമാണ് ഇന്ത്യൻ പാസ്പോർട്ട്. വിദേശ സർക്കാരുകൾ ഇതിന്റെ ഉടമ ഇന്ത്യൻ പൗരനാണെന്ന് മടികൂടാതെ സമ്മതിക്കുന്നു. ഒരു ഇന്ത്യൻ പാസ്പോർട്ട് സാക്ഷ്യപ്പെടുത്തുന്ന ദേശീയതയെ വിദേശ സർക്കാരുകൾ പൂർണമായി വിശ്വസിക്കണം. എന്നാൽ, ഇതേ രേഖ നൽകിയ ഇന്ത്യൻ സർക്കാർ സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കാൻ ഇത് പര്യാപ്തമല്ലെന്ന് വാദിക്കുകയും ചെയ്യുന്നു. എന്തൊരു വിചിത്രമായ ഏർപ്പാടാണ്!
ഈ പ്രശ്നം ഉയർന്നുവന്ന സാഹചര്യം ശ്രദ്ധിക്കുക. തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൽനിന്ന് (എസ്ഐആർ) ഒഴിവാക്കപ്പെട്ട വ്യക്തികൾക്ക് പൗരത്വം തെളിയിക്കാൻ പാസ്പോർട്ട് ഉപയോഗിക്കാമോ എന്ന ചോദ്യമാണ് ഈ വിശദീകരണത്തിലെത്തിയത്. അതോടെ ഇത് കേവലം ഉദ്യോഗസ്ഥ മണ്ടത്തരം എന്നതിൽനിന്ന് തികച്ചും ഗൗരവമുള്ള രാഷ്ട്രീയ വിഷയമാകുന്നു. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യത്തിന് അത് "ഞങ്ങൾ' തീരുമാനിക്കുന്നവർ എന്ന ഉത്തരം വരുന്ന കാലം വിദൂരമല്ലെന്നാണ് നാം തിരിച്ചറിയേണ്ടത്.
1967ലെ പാസ്പോർട്ട് നിയമത്തിന്റെ ആമുഖം നോക്കുക: “ഇന്ത്യൻ പൗരന്മാർക്കും മറ്റ് വ്യക്തികൾക്കും ഇന്ത്യയിൽനിന്നുള്ള യാത്ര നിയന്ത്രിക്കുന്നതിനും പാസ്പോർട്ടുകളും യാത്രാരേഖകളും നൽകുന്നതിനും അതുമായി ബന്ധപ്പെട്ടതോ അനുബന്ധമായതോ ആയ കാര്യങ്ങൾക്കുമായുള്ള നിയമം.” ഈ നിയമത്തിലെ സെക്ഷൻ 1(2) ഇന്ത്യയിലുടനീളം ബാധകമാണ്. കൂടാതെ, ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യൻ പൗരന്മാർക്കും ഇത് ബാധകമാണ്. അതിനാൽ, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന തികച്ചും നിയമവിരുദ്ധമാണെന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു. പാസ്പോർട്ടുകളെക്കുറിച്ചുള്ള പുതിയ ഔദ്യോഗിക നിലപാട് വിദേശ സർക്കാരുകളെയും വിഷമസന്ധിയിലാക്കാൻ സാധ്യതയുണ്ട്.
എല്ലാ പരമാധികാര രാജ്യങ്ങളും ഒരു വ്യക്തിയുടെ വ്യക്തിത്വവും ദേശീയതയും പരിശോധിക്കുന്നതും അംഗീകരിക്കുന്നതും അവരുടെ പാസ്പോർട്ട് അടിസ്ഥാനമാക്കിയാണ്. അവർ പരസ്പരം ആ സാക്ഷ്യപ്പെടുത്തൽ സമ്മതിക്കുകയും പാസ്പോർട്ട് ഉടമകളെ അതിർത്തി കടന്ന് യാത്രചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. ഇതിൽനിന്ന് പൗരത്വത്തെ ഒഴിവാക്കിയാൽ പാസ്പോർട്ട് വിലയുണ്ടെന്നു കരുതുന്ന ഉദ്ദേശ്യരഹിതമായ രേഖയായി മാറും. ഏതാവശ്യത്തിനാണോ ഒരു രേഖയുണ്ടാക്കിയത് അത് ആ ആവശ്യത്തിനുതകാത്ത ഒന്നായി മാറുന്ന ഇന്ത്യൻ "റോപ് ട്രിക്ക്’ ആണ് നമ്മുടെ മുന്നിൽ നടക്കുന്നത്.
മരിച്ചോ എന്നുറപ്പു പറയാനാകാത്ത മരണസർട്ടിഫിക്കറ്റ്, ഇയാൾ ജനിച്ചോ എന്നുറപ്പില്ലാത്ത ജനന സർട്ടിഫിക്കറ്റ് എന്നൊക്കെ കോമഡി സ്കിറ്റുകളിൽ കേട്ട് നാം തലയറഞ്ഞു ചിരിക്കാറുണ്ട്. എന്നാലിത് ചിരിച്ചുതള്ളേണ്ട ഒന്നല്ല. രാജ്യത്തിന്റെ ഭാവിയിലേക്കുള്ള ഒരു ദുഃസൂചനയാണ്. "ബ്രഹ്മസത്യം, ജഗന്മിഥ്യ’ എന്ന് ആദിശങ്കരന്റെ അദ്വൈതം പറയുന്നു. ആധുനിക ശങ്കരന്മാർ "അഹം ബ്രഹ്മാസ്മി’യെന്നു പറഞ്ഞ് മഹത്തായ ഈ രാജ്യത്തെ ഭരണഘടനയെയും നിയമങ്ങളെയും വെറും മായയാക്കാനുള്ള കഠിനയത്നത്തിലാണ്. കരുതിയിരുന്നേ പറ്റൂ.
Editorial
ജനവാസമേഖലയിൽ മാത്രം 50,000 കാട്ടുപന്നികൾ! പെറ്റുപെരുകിക്കൊണ്ടിരിക്കുന്ന ഇവയെ കൊല്ലാനുള്ള നടപടി ഉടൻ ആരംഭിക്കും. വെടിവയ്പുകാരില്ലാത്തിടത്ത് ഉടൻ ആളെ കണ്ടെത്തും. വനം മന്ത്രി ഷിബു ബേബിജോൺ നിയമസഭയിൽ പറഞ്ഞതാണിത്. കേരളത്തിലെ കർഷകർക്ക് അമിതാവേശമൊന്നുമില്ല. എല്ലാം ശരിയാക്കാമെന്ന പ്രഖ്യാപനം വർഷങ്ങളായി കേട്ടുകേട്ടു മടുത്തു.
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ട് ഒരു മാസത്തിലേറെയായി. ഇനി ഒരു തടസവും സർക്കാരിനില്ലല്ലോയെന്നോർത്ത് ജനം ആശ്വസിച്ചതാണ്. ഒരു ചുക്കും നടന്നില്ല. എന്ത് അട്ടിമറിയാണു നടന്നതെന്നറിയില്ല. അതിനിടെയാണ് കാട്ടുപന്നിയെ വെടിവച്ചു തീർക്കുമെന്ന പ്രഖ്യാപനം വനം മന്ത്രി നടത്തിയത്. എൽഡിഎഫ് സർക്കാരിന്റേതുപോലെ പൊയ്വെടിയാകുമോയെന്ന് അറിയാനുണ്ട്.
റാന്നി എംഎൽഎ പഴകുളം മധുവിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായാണ് വനം മന്ത്രി ഷിബു ബേബിജോൺ, ഓഗസ്റ്റ് മാസത്തോടെ കാട്ടുപന്നിശല്യം തീർക്കുമെന്നറിയിച്ചത്. കർഷകർക്കറിയാം, അവരുടെ കൃഷിയിടങ്ങളിലുള്ള കാട്ടുപന്നികളുടെ എണ്ണം അര ലക്ഷത്തിലും വളരെ അധികമാണെന്ന്. “വൻതോതിൽ പന്നികൾ പെറ്റുപെരുകുന്ന സാഹചര്യത്തിൽ പന്നികളെ കൊല്ലാനുള്ള പ്രത്യേക നടപടി നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്തും.
പല പഞ്ചായത്തുകളിലും പന്നികളെ കൊല്ലുന്നതിനു ഷൂട്ടർമാരില്ല. ഇവിടങ്ങളിൽ ഷൂട്ടർമാരെ നിയമിക്കും.” ഇതോടൊപ്പം മന്ത്രി മറ്റൊരു കാര്യം പറഞ്ഞിരുന്നു. “കർഷകരെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങളാവും വനം വകുപ്പ് നടത്തുക. കർഷകർ നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമാണ്. കർഷകന്റെ ശത്രുവല്ല വനം വകുപ്പ് എന്ന നിലയാണ് സർക്കാരിനുള്ളത്. കർഷകരുമായി സഹകരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ.”
കഴിഞ്ഞ 10 വർഷമെങ്കിലുമായിട്ട് കർഷകന്റെ പ്രഖ്യാപിത ശത്രുവായിരുന്നു സർ വനം വകുപ്പ്. അവർ കർഷകരുടെ ഭൂമിയും പാതകളും പിടിച്ചെടുത്തു. നൂറ്റാണ്ടു പഴക്കമുള്ള രാജപാതകൾ കൈയേറി. രേഖകളുള്ള ആരാധനാലയങ്ങൾ തകർത്തു. അനധികൃതമായി കുടിയിറക്കിയവരെ കോടതിയാണ് പുനരധിവസിപ്പിച്ചത്. വന്യജീവിശല്യത്തിനൊപ്പമായിരുന്നു വനപാലകശല്യം.
കർഷകന്റെ ശത്രുവല്ല സർക്കാരെന്ന് എടുത്തുപറയേണ്ടിവന്നത് അവർ കർഷകരുടെ ശത്രുവായിരുന്നു എന്ന വസ്തുതയിൽനിന്നാണ്. വനം വകുപ്പിലെ ഉദ്യോഗസ്ഥപ്രഭുക്കളെ ഇങ്ങനെ നിലനിർത്തിക്കൊണ്ട് കർഷകർക്കു രക്ഷയില്ലെന്ന് ദീപിക പലയാവർത്തി ചൂണ്ടിക്കാണിച്ചു. പക്ഷേ, അധികാരത്തിന്റെ ബധിരകർണങ്ങൾ ഈ സംസ്ഥാനത്തിന്റെ ശാപമായിരുന്നു. അതിനു മാറ്റം വരുത്താൻ മന്ത്രി ഷിബു ബേബിജോണിന് ഇച്ഛാശക്തിയുണ്ടായാൽ മാത്രം മതി. കാട്ടുപന്നിവേട്ട പ്രഖ്യാപനം കർഷകരക്ഷയിലേക്കുള്ള ഒന്നാം മൈലാണ്.
ഒരു കാര്യംകൂടി സൂചിപ്പിക്കാം. പരിഷ്കൃത രാഷ്ട്രങ്ങളെല്ലാം, ജനങ്ങൾക്കു ഭീഷണിയാകുന്ന രീതിയിൽ അമിതവർധനയുണ്ടായാൽ വന്യജീവികളെ വേട്ടയാടി ഭക്ഷിക്കാനാണ് അനുമതി നൽകുന്നത്. പക്ഷേ, ഇന്ത്യയിൽ എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും വന്യജീവികളെ വേട്ടയാടാൻ അനുവദിക്കില്ല. അതിസങ്കീർണവും മനുഷ്യവിരുദ്ധവുമായ നിയമത്തിന്റെ നൂലാമാലകളെല്ലാം കടന്ന് ഒരു കാട്ടുപന്നിയെ വെടിവച്ചുകൊന്നാലും ആരുമതു തിന്നില്ലെന്ന് ഉറപ്പാക്കാൻ നശിപ്പിച്ചശേഷം മാത്രം കുഴിച്ചുമൂടും.
ഒരുതരം വിചിത്രമായ കാട്ടുനീതിയുടെ പുറത്താണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മനുഷ്യവേട്ടയെ നിയമത്താൽ നിലനിർത്തിക്കൊണ്ടിരിക്കുന്നത്. ഈ സർക്കാരിൽ ജനം മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നതു യാഥാർഥ്യമാണ്. 50,000 പന്നിയെ കൊല്ലുന്നുണ്ടെങ്കിൽ അതിന്റെ മാംസം 35 ലക്ഷം കിലോയെങ്കിലുമുണ്ടായിരിക്കും. 300 രൂപ കിലോയ്ക്കു വിലയിട്ടാൽ പോലും100 കോടിക്കു മുകളിലായി.
മനുഷ്യരെ തീറ്റിക്കില്ലെന്നല്ലേ നിയമനിർമാതാക്കൾക്കു വാശിയുള്ളൂ. ലക്ഷക്കണക്കിനു രൂപയുടെ ഇറച്ചി വിവിധ മൃഗശാലകളിലേക്ക് ദിവസവും വാങ്ങുന്നുണ്ട്. ഈ പന്നിയിറച്ചി അവിടേക്കു കൊടുത്താൽ അത്രയും ലാഭമല്ലേ?
സർക്കാരുകളുടെ പ്രതിബദ്ധത ജനങ്ങളോടല്ല, മൃഗസ്നേഹം വരുമാനമോ ഫാഷനോ തൊഴിലോ ആക്കിയിരിക്കുന്ന ചില ദന്തഗോപുരവാസികളോടാണ്. അവരിലേറെയും നിരുപദ്രവകാരികളായ ജീവികളെ സുഭിക്ഷമായി അകത്താക്കുന്നവരുമാണ്. വനം മന്ത്രി ഇത്തരക്കാർക്കു വഴങ്ങരുത്. മനേക ഗാന്ധി ഒരു കത്തെഴുതിയാൽ തീരുന്നതായിരുന്നു നമ്മുടെ കർഷകസ്നേഹം.
അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരേ അവർ 2022 മേയിൽ നമ്മുടെ വനം മന്ത്രിക്കു കത്തെഴുതിയിരുന്നു. അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്നു തീരുമാനിച്ച സുപ്രീംകോടതി ചുട്ട മറുപടി കൊടുത്തതോടെയാണ് സർക്കാരുകളെ "തടവിലാക്കിയിരുന്ന' കപടമൃഗസ്നേഹികൾ ഒന്നടങ്ങിയത്.
കോടതിയിൽ തോറ്റവർ സർക്കാരുകളുടെ പിൻവാതിലിൽ ഇപ്പോഴുമുണ്ടാകും. ജനപക്ഷത്തു നിൽക്കാൻ ഈ സർക്കാരിനാകട്ടെ. ഓഗസ്റ്റോടെ പന്നിശല്യം തീരട്ടെ. മൃഗശാലകളിൽ പോത്തിറച്ചിയും കോഴിയിറച്ചിയും ആട്ടിറച്ചിയും വാങ്ങാൻ കൊടുക്കുന്ന പണം സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു കൊടുക്ക്, മനഃസാക്ഷിയുണ്ടെങ്കിൽ.
Editorial
ഒരു തെങ്ങിന്റെ പേരിലുള്ള അയൽതർക്കം പഞ്ചായത്ത് മുതൽ ഹൈക്കോടതി വരെ എത്തിയതും കോടതിയുടെ ഉപദേശവും ബന്ധപ്പെട്ട ഹർജിക്കാർക്കുവേണ്ടി മാത്രമുള്ളതല്ല. കാരണം, അതിരിലെ ഒരു മരത്തിന്റെ പേരിൽ വർഷങ്ങളായി ശത്രുതയിൽ തുടരുന്ന ആയിരക്കണക്കിന് അയൽക്കാരുണ്ട് ഈ സംസ്ഥാനത്ത്.
കോടതി ഹർജിക്കാരനോടും എതിർകക്ഷിയോടും പറഞ്ഞത്, “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ്”. ഉള്ളിൽ ഇത്തരം ഹർജികൾ കൊണ്ടുനടക്കുന്ന എല്ലാവരോടുമാണ് ഈ നിരീക്ഷണം. തെങ്ങിനു ചിരിക്കാന് കഴിവുണ്ടെങ്കില് ഈ തര്ക്കം കണ്ട് ചിരിച്ചേനെ എന്നും കോടതി പറഞ്ഞു. തെങ്ങ് മാത്രമല്ല, അതിരിലേത് ഉൾപ്പെടെയുള്ള വൃക്ഷങ്ങളിലെ ഫലങ്ങളെല്ലാം അയൽക്കാരുമായി പങ്കുവയ്ക്കുന്ന, അവർക്കു ശല്യമാകാതിരിക്കാൻ അതിരിൽനിന്നു മാറ്റി മാത്രം വൃക്ഷങ്ങൾ നടുന്ന, പരാതിയുണ്ടായാൽ ഒന്നിച്ചു ചർച്ച ചെയ്തു പരിഹാരം കാണുന്ന നല്ല അയൽക്കാരും ചിരിക്കുകയാണ്.
അയല്വാസിയുടെ തെങ്ങ് തന്റെ വീടിനു ഭീഷണിയാണെന്നാരോപിച്ച് നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പഞ്ചായത്തില് നല്കിയ പരാതിയുടെ അടിസ്ഥാനത്തില് എതിര്കക്ഷി തെങ്ങ് കമ്പിവടം കൊണ്ട് വലിച്ചുകെട്ടുകയും തേങ്ങ ശേഖരിക്കാന് തലപ്പത്ത് വലയിടുകയും ചെയ്തു. അതിലും തൃപ്തിയാകാതെയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷിക്കാൻ അഭിഭാഷക കമ്മീഷനെ നിയോഗിച്ചാൽ ഒരു ലക്ഷം രൂപ പ്രതിഫലം നൽകണമെന്ന നിബന്ധനയും ഹർജിക്കാരൻ അംഗീകരിച്ചു.
വാശി അത്രയ്ക്കായിരുന്നു. തെങ്ങിനു ബലക്ഷയമില്ലെന്നും തേങ്ങ പതിക്കാതിരിക്കാന് മുന്കരുതലുണ്ടെന്നും കമ്മീഷന് റിപ്പോര്ട്ട് നല്കി. തുടർന്നാണ് ബൈബിൾ വാക്യങ്ങളുദ്ധരിച്ചു ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം: “നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. ആപത്തുവരുമ്പോള് സഹായത്തിന് അയല്വാസിയേ ഉണ്ടാകൂ.
ഒരു ചായ കുടിച്ച് സംസാരിച്ച് തീര്ക്കേണ്ട കാര്യമാണിത്. തെങ്ങിനു ചിരിക്കാന് കഴിവുണ്ടെങ്കില് ഈ തര്ക്കം കണ്ട് ചിരിച്ചേനെ... സ്വയം നിപതിക്കാന് സാധിച്ചിരുന്നെങ്കില് തെങ്ങ് അങ്ങനെ ചെയ്തെങ്കിലും വഴക്ക് ഒഴിവാക്കിയേനെ.” തെങ്ങ് നിലവില് അപകടത്തിലല്ലെന്നും കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴ ചുമത്തേണ്ടതാണെങ്കിലും കക്ഷികള് കാണിക്കുന്നതുപോലുള്ള കടുത്ത നിലപാടുകള്ക്കു പോകുന്നില്ലെന്നും ഉത്തരവില് പറഞ്ഞു.
ഡൽഹി തീസ് ഹസാരി കുടുംബക്കോടതി. 2020ൽ വിവാഹിതയായ സൗരഭ്, ശിഖ എന്നിവർ താമസിയാതെ കലഹത്തിലാകുകയും വിവാഹമോചനത്തിനു കോടതിയെ സമീപിക്കുകയും ചെയ്തു. കേസ് വീറോടെ അഞ്ചാം വർഷത്തിലേക്കു കടക്കവേ, അടുത്തയിടെ ശിഖയുടെ പിതാവിനു ഹൃദയാഘാതമുണ്ടായി. കേസ് നടത്തിയ വകയിൽ സാന്പത്തികത്തകർച്ചയുണ്ടായതിനാൽ അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പക്ഷേ, സൗരഭ് ഓടിയെത്തി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും അടിയന്തരചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഭാര്യാപിതാവ് ആരോഗ്യവാനായി വീട്ടിൽ മടങ്ങിയെത്തി. പിറ്റേന്ന് കേസ് അവസാന വിചാരണകൾക്കായി പരിഗണിച്ചപ്പോൾ പതിവുപോലെ വക്കീലന്മാർ വാദപ്രതിവാദങ്ങൾ തുടർന്നു. എന്നാൽ ജഡ്ജി സൗരഭിനോട് ഇപ്പോഴും വിവാഹമോചനത്തിൽ ഉറച്ചുനിൽക്കുകയാണോ എന്നു ചോദിച്ചപ്പോൾ, മറുപടി പറയാതെ, സൗരഭ് ശിഖയെ നോക്കി ദുർബലമായൊന്നു ചിരിച്ചു.
അതു കാത്തിരുന്നതുപോലെ ശിഖ കൈയിലിരുന്ന കേസ് രേഖകൾ വലിച്ചുകീറിയശേഷം സൗരഭിന്റെ അടുക്കലേക്ക് ഓടിയെത്തി. പരിസരം മറന്ന് സൗരഭ് അവളെ നെഞ്ചോടു ചേർത്ത് ആലിംഗനം ചെയ്തുകൊണ്ടു നിന്നു. അഞ്ചു വർഷത്തെ വാദപ്രതിവാദങ്ങളും ശത്രുതയും ഒരു നിമിഷത്തിൽ ഇല്ലാതായി.
ഇന്ത്യയിലെ കോടതികളിൽ ഏകദേശം ആറു കോടി കേസുകളാണ് വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്നത്. 30 വർഷമായി തീർപ്പാകാത്തതുപോലുമുണ്ട്. നീതി തീർച്ചയായും അനിവാര്യമാണ്. കേവലം ഒത്തുതീർപ്പുകളിൽ ഒതുങ്ങാത്ത സങ്കീർണമായ നിരവധി കേസുകളുണ്ട്. പക്ഷേ, പതിനായിരക്കണക്കിനു കേസുകൾ വെറും ദുരഭിമാനത്തിന്റെയും വാശിയുടെയും പേരിലുള്ളതാണ്.
ഇത്തിരിയൊന്നു ക്ഷമിക്കാൻ തയാറായാൽ, ഒന്നു ചിരിക്കാൻ മനസു കാണിച്ചാൽ, ഒന്നിച്ചൊരു അത്താഴത്തിനിരുന്നാൽ... കുടുംബക്കോടതികളിലെ നിരവധി കേസുകൾ തീരും. അനാഥരെപ്പോലെ ജീവിക്കുന്ന കുഞ്ഞുങ്ങളെ രക്ഷിക്കാനാകും. അനാവശ്യമായ ഈഗോ യുദ്ധങ്ങളാണ് ഒരു സമാധാന ഉടന്പടിയുമില്ലാതെ മനുഷ്യൻ തുടുരുന്നത്.
അടുത്തയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച, കെ.എം. അബ്ദുള് ഗഫൂറിന്റെ "യുദ്ധം' എന്ന ചെറുകവിത, നാം പങ്കെടുത്തുകൊണ്ടിരിക്കുന്ന നിത്യയുദ്ധങ്ങളെക്കുറിച്ചാണ്: “അറിയാതെ പന്തു തട്ടി ചില്ലു പൊട്ടിയതിനു തല്ലുന്ന/ കറിയില് ഉപ്പു കൂടിയതിനു പാത്രം വലിച്ചെറിയുന്ന/ വൈകിവന്നതിനു വാതില് വലിച്ചടയ്ക്കുന്ന/ തേക്കിന്കുറ്റിയുടെ അവകാശത്തര്ക്കത്തില് അയല്ക്കാരനെ തെറി വിളിക്കുന്ന/ഒരു കൊടിക്കാലിന്റെ പേരില് എതിര്പാര്ട്ടിക്കാരനെ വെട്ടിക്കൊല്ലുന്ന/നമ്മള് ചോദിക്കുന്നു എന്തിനാണ് ഈ യുദ്ധം?/നമ്മള് വലുതായതാണ് യുദ്ധം.”
സ്നേഹത്തിന്റെ ചെറിയൊരു കടാക്ഷംകൊണ്ട്, സ്പർശംകൊണ്ട്, ഒരു ചായസത്കാരംകൊണ്ട്, ഒരു ചുംബനംകൊണ്ട് ഒരു യുദ്ധം നിർത്താൻ നാമെന്തിനാണ് വൈകുന്നത്?
Editorial
അൻപത് കൊല്ലം മുന്പ്, കുളിക്കാനും അലക്കാനും മുതിർന്നവരും കുട്ടികളുമൊക്കെ അടുത്തുള്ള പുഴകളിലേക്കും തോടുകളിലേക്കും നടക്കുന്ന കാഴ്ച പതിവായിരുന്നു. നീന്തലും പന്തുകളിയും മുങ്ങാംകുഴിയിടൽ മത്സരങ്ങളും നീന്തൽ പഠനവുമൊക്കെ നടന്നിരുന്ന ജലമൈതാനങ്ങൾ! ചിലർ മീൻ പിടിക്കാൻ കൈയിലൊരു ചൂണ്ടയോ വലയോപോലും കരുതും. 25 വർഷം മുന്പ്, ഈ കാഴ്ചകൾ മങ്ങിത്തുടങ്ങി. ഇപ്പോൾ അത്തരം കാഴ്കൾ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായി. പലതിലും ആളുകൾ മുഖം പോയിട്ട്, കാലൊന്നു കഴുകാൻ പോലും ഇറങ്ങില്ല. എല്ലാം പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞ് രോഗാണുവാഹികളായി.
ഇന്നലെയും ഇന്നുമായി ദീപിക പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ നമ്മുടെ ജലാശയങ്ങളുടെ ദാരുണമായ അവസ്ഥ വെളിവാക്കിയിട്ടുണ്ട്. ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ ജലാശയങ്ങളുടെ ഗർഭാശയ അർബുദങ്ങളായിരിക്കുന്നുവെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സർക്കാർ ശാസ്ത്രീയമായ ഒരു സമയബന്ധിത പദ്ധതി തയാറാക്കിയില്ലെങ്കിൽ ഒന്നുമുണ്ടാകില്ല ബാക്കി. നാഗരികതകളുടെ ഈറ്റില്ലമായ ജലഖനികളെ തകർക്കരുത്.
നാം ഒന്നിച്ചു പണിത മാലിന്യബോംബുകളാൽ ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികളിൽ ഇന്ത്യയിലെ ഗംഗയും യമുനയുമുണ്ട്. രണ്ടും നമ്മുടെ പുണ്യനദികളാണ്. ഗംഗയുടെ ശുദ്ധീകരണത്തിനായി ഇതിനോടകം കോടിക്കണക്കിനു രൂപ കേന്ദ്രം ചെലവഴിച്ചു. പ്രത്യേക സൈനികവിഭാഗത്തെ രൂപീകരിച്ചു. കാര്യമായ ഫലമുണ്ടായില്ല. കുംഭമേളയ്ക്കിടെ നദി വീണ്ടും മലിനമായെന്നു ചൂണ്ടിക്കാണിക്കപ്പെട്ടപ്പോൾ, ഇന്ത്യക്കാരെ പഠിപ്പിക്കാൻ വരേണ്ടെന്നും ബ്രിട്ടീഷുകാരാണ് ഗംഗ മലിനമാക്കിയതെന്നുമായിരുന്നു യുപി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഭരണകർത്താക്കൾ ഇതേ വിവരക്കേട് പറയുന്നില്ലെങ്കിലും പ്രവൃത്തി ഒന്നുതന്നെയാണ്. എല്ലാ ജലാശയങ്ങളും മലിനമായി.
കേരളത്തിലെ ജലസ്രോതസുകളിൽ 73 ശതമാനവും മലിനമായി. സംസ്ഥാനത്തെ 44 നദികളും കായലുകളും തോടുകളും കുളങ്ങളും കിണറുകളും, ഫാക്ടറികളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും മാലിന്യങ്ങൾ വഹിക്കുന്നു. പാടത്തെയും പറന്പിലെയും രാസവളാവശിഷ്ടങ്ങളും ഒഴുകിയിറങ്ങുന്നത് ജലാശയങ്ങളിലാണ്. മാലിന്യ സംസ്കരണത്തിന്റെ പരാജയമാണ് ജലാശയങ്ങളുടെ മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണം. കുടിവെള്ള സ്രോതസുകളിൽ കക്കൂസ് മാലിന്യംപോലും തള്ളുന്നവരുണ്ട്. നമ്മൾ വെള്ളത്തിലൊളിപ്പിച്ച മാലിന്യബോംബുകൾ പൊട്ടിത്തെറിക്കുംമുന്പ് നിർവീര്യമാക്കേണ്ടതുണ്ട്.
‘ഇവിടെ മാലിന്യം തള്ളരുത്’ എന്നു ബോർഡ് വയ്ക്കുന്ന തദ്ദേശസ്ഥാപനങ്ങളൊന്നും എവിടെ തള്ളണണമെന്നു പറയുന്നില്ല. ഹരിതകർമ സേനാംഗങ്ങൾ മാസത്തിലൊരിക്കൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിൽ ഒതുങ്ങി മാലിന്യസംഭരണം. ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്കരിക്കണമെന്ന് ഉപദേശിച്ചാൽ പോരാ, അതു നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. സർക്കാർ ശേഖരിക്കാത്ത ജൈവമാലിന്യങ്ങളിലേറെയും നമ്മുടെ ജലാശയങ്ങളിൽ തള്ളപ്പെടുന്നുണ്ട്. ആദ്യം ചെയ്യേണ്ടത്, പുതുതായി മാലിന്യം വെള്ളത്തിലെറിയപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ്.
അപ്രായോഗികമായ വിലക്കുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ‘ഇവിടെ മാലിന്യം ശേഖരിക്കപ്പെടും’ എന്ന ബോർഡുകളും ഇനി ഉണ്ടാകണം. ഷിഗെല്ല, അമീബിക് മസ്തിഷ്കജ്വരം തുടങ്ങി, നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗങ്ങളിലേറെയും മലിനജലത്തിൽനിന്നാണ്. വരും വർഷങ്ങളിൽ ഇതു കൂടുതൽ വെല്ലുവിളി ഉയർത്തും. രോഗം ചികിത്സിക്കുന്നതുപോലെ പ്രധാനമാണ് അതിന്റെ ഉറവിടങ്ങളെ ഇല്ലാതാക്കൽ. ജലാശയങ്ങളെ ശുദ്ധീകരിച്ചേ തീരൂ. മഴക്കാലത്തിനു രണ്ടാഴ്ച മുന്പ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. ശാശ്വത പരിഹാരത്തിനുള്ള പദ്ധതികളുണ്ടാകണം.
നമ്മുടെ ജലാശയങ്ങൾ ശുദ്ധമാക്കാൻ ചെലവഴിക്കുന്ന തുക നഷ്ടമാണെന്നു കരുതരുത്. ജലസേചനം, ഗാർഹികോപയോഗം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ വലിയ നവീകരണത്തിന് അതിടയാക്കും. വിവിധ വകുപ്പുകളുടെ ഏകോപനം, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ നിർദേശങ്ങൾ, ജനങ്ങളുടെ സഹകരണം എന്നിവ ഉറപ്പാക്കണം. മാധ്യമങ്ങൾ ബോധവത്കരണത്തിനിറങ്ങണം. വീട്ടിലെ മാലിന്യമത്രയും പൊതിഞ്ഞുകെട്ടി അയൽക്കാരന്റെ പറന്പിലോ ആളില്ലാ പാതയോരത്തോ ജലാശയങ്ങളിലേക്കോ വലിച്ചെറിഞ്ഞിട്ട് കാറിലും സ്കൂട്ടറിലും പായുന്ന 10 പേരെക്കൊണ്ട് അതു തിരിച്ചെടുപ്പിക്കുകയും പിഴയിടുകയും ചെയ്താൽ സാമൂഹിക വിരുദ്ധർക്കു പാഠമാകും.
ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ നദിയാണ് മേഘാലയയിലെ ഉംഗോട്ട്. അതിലൂടെ വള്ളങ്ങൾ പോകുന്നതു കണ്ടാൽ വായുവിലൂടെ ഒഴുകുന്നതായി തോന്നും. അത്ര കണ്ണാടിസമാനമാണ് ജലം. ഉറവിടങ്ങളിൽ മനുഷ്യരില്ലാത്തതും അതൊഴുകുന്ന ഗ്രാമങ്ങളിലെ മനുഷ്യർ അതിലൊരു തരി അഴുക്കുപോലും വീഴാൻ സമ്മതിക്കാത്തതുമാണ് ആ ശുദ്ധിയുടെ രഹസ്യം. ലോകമെങ്ങുംനിന്ന് അവിടേക്ക് സന്ദർശകരെത്തുന്നു. മേഘാലയയുടെ സാന്പത്തികാഭിവൃദ്ധിയുടെ കാരണങ്ങളിലൊന്നായി അതു മാറി.
ഭാരതപ്പുഴ, പന്പ, പെരിയാർ, കുട്ടനാടൻ ജലാശയങ്ങൾ... നമുക്കുമുണ്ട് ജലസ്രോതസുകൾ, തെളിച്ചെടുത്താൽ സ്വർണഖനികൾ. കേരളത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗം ടൂറിസമായിരിക്കുമെന്നു തിരിച്ചറിഞ്ഞാൽ അതിന്റെ മുന്നൊരുക്കമായിരിക്കും ജലസ്രോതസുകളെ വീണ്ടെടുക്കൽ. ഭൂമിക്കൊരു ഉണർത്തുപാട്ടിനു സമയമായി. ചരമഗീതമെഴുതിയ നാംതന്നെ ഒരുന്പെട്ടിറങ്ങുക.
Editorial
ബസിനടിയിൽപെട്ട് വസ്ത്രം കീറിയ വനിതയ്ക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകിയ മനുഷ്യന്റെ പേരാണ് എം.ആർ. ഷാജി. തൃപ്പൂണിത്തുറയിലെ അപകടസ്ഥലത്തു പാഞ്ഞെത്തിയ നല്ല സമറിയാക്കാരിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു ഷാജി എന്ന ചായ വിൽപനക്കാരൻ. പതിവുപോലെ ഒന്നിലുമിടപെടാതെ സൗകര്യപ്രദമായ ദൂരത്തിൽ കാഴ്ചക്കാരായി നിൽക്കുന്നവർ അവിടെയുമുണ്ടായിരുന്നു. അന്ന് അവിടെയുണ്ടായിരുന്നെങ്കിൽ നാം ഏതു പക്ഷത്തായിരിക്കുമെന്നു ഭാവനയിൽ കാണുന്നതു നല്ലതാണ്. തീർന്നില്ല, തൃപ്പൂണിത്തുറയിലേത് അപൂർവസംഭവമാണ്. പക്ഷേ, ജീവിതത്തിലും സമൂഹമാധ്യമങ്ങളിലുമൊക്കെ വ്യാജവാർത്തകളാലും അധിക്ഷേപങ്ങളാലും വിവസ്ത്രരാക്കപ്പെടുന്ന മനുഷ്യർ കുറച്ചല്ല. അതു ഷെയർ ചെയ്യുന്നവർ ഒടുവിലത്തെ തുണിക്കീറും ചോദിക്കുകയാണ്. ഇങ്ങനെ അപരന്റെ അഭിമാനത്തിന്റെ തുണിയഴിക്കുന്നവരുടെ എണ്ണം പെരുകവേ അപരിചിതരുടെപോലും മാനത്തിനായി ഉടുതുണി കൊടുക്കുന്ന ഷാജി മാതൃകയാണ്. ഈ വീഡിയോ കണ്ടുമറക്കാനുള്ളതല്ല, നമ്മുടെ കാഴ്ചപ്പാടുകളെ നവീകരിക്കാനുള്ളതാണ്.
ജൂൺ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനിൽ അപകടമുണ്ടായത്. സ്വകാര്യ ബസിന്റെ മുൻചക്രത്തിന് അടിയിലേക്കു വീണ സ്കൂട്ടർ യാത്രിക മീറ്ററുകളോളം ടയറിൽ കുരുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ബസ് നിർത്തി ജീവനക്കാരും അപകടസ്ഥലത്തുണ്ടായിരുന്ന ചിലരും ഓടിയെത്തി. ബസ് പുറകോട്ടെടുത്തു പരിക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ഇതിനിടെ വസ്ത്രങ്ങൾ കീറിപ്പോയിരുന്നു. സൈക്കിളിൽ ചായവിൽപന നടത്തിയിരുന്ന ഷാജി ഓടിയെത്തി. മുണ്ടു വാങ്ങാൻ സമയമെടുക്കും. നിമിഷങ്ങൾക്കകം, മറ്റൊന്നും ആലോചിക്കാതെ ഷാജി സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് അവരുടെ നഗ്നത മറച്ചു. സാഹോദര്യത്തിന്റെ ആ കാഴ്ചയ്ക്ക് മറ്റൊരു തുടർച്ചയുണ്ടായി. അടുത്തുള്ള കടയിലെ പയ്യൻ ഷാജിക്കൊരു മുണ്ടുമായി ഓടിയെത്തിയെന്ന് ഷാജി പറഞ്ഞു. അതും അഭിനന്ദനാർഹമാണ്. സഹായിക്കാനെത്തിയ ഏതാനുംപേർ സ്ത്രീയെ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലേക്കു വിടുകയും ചെയ്തു. തൃപ്പൂണിത്തുറ കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ ഷാജി എന്ന 53കാരനെ മുഖ്യമന്ത്രിയുൾപ്പെടെ അഭിനന്ദിച്ചു. ഉള്ളിൽ നന്മയും സാഹോദര്യവുമുള്ള ലക്ഷക്കണക്കിനാളുകൾ ആ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.
ഒരു തെരുവിലെ സ്ത്രീയുടെ നഗ്നത മറച്ച ദേവദൂതനെപ്പോലൊരു മനുഷ്യന്റെ കഥയ്ക്ക് മറ്റൊരു തുടർച്ച ആവശ്യമാണ്. ഷാജിയെ അഭിനന്ദിച്ച ലക്ഷങ്ങളിൽ ചിലരെങ്കിലും തങ്ങളാൽ നഗ്നരാക്കപ്പെട്ടവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം വസ്ത്രം കീറുന്ന ഗൗരവം, മറ്റുള്ളവരുടെ ആത്മാഭിമാനത്തെ കീറുന്നതിനു പലരും കൊടുക്കുന്നില്ല. അപരനെക്കുറിച്ച് ഉറപ്പില്ലാത്ത കാര്യം പറഞ്ഞുപരത്തുന്നവർ പണ്ട് വിരലിലെണ്ണാവുന്നവരായിരുന്നു. അവർക്ക് നാട്ടിലൊരു വിലയുമില്ലായിരുന്നു. ഇന്റർനെറ്റ് യുഗത്തിൽ കാര്യങ്ങൾ മറിഞ്ഞു. സമൂഹമാധ്യമത്തിന്റെ കോട്ടും സൂട്ടുമണിഞ്ഞതോടെ ഏഷണിക്കാരെ കേൾക്കാൻ ആളുണ്ടായി. സ്വീകാര്യതയായി. പ്രചാരണത്തിനു നാവ് വേണ്ട, ഷെയർബട്ടണിലെ ഒരു സ്പർശംതന്നെ ധാരാളം. വ്യക്തിവൈരാഗ്യം, രാഷ്ട്രീയ എതിർപ്പുകൾ, മതവിദ്വേഷം, വർഗീയ ധ്രുവീകരണം... എല്ലാം വിരൽതുന്പിൽ. വ്യാജപ്രൊഫൈലുകളിൽനിന്ന് വിഷം കുത്തിയൊഴുകി. രാഷ്ട്രീയ-വർഗീയ സംരക്ഷണമുള്ള വിദ്വേഷ പ്രചാരകർ സ്വന്തം വിലാസത്തിൽനിന്നുതന്നെ അസത്യങ്ങളും അർഥസത്യങ്ങളും അയച്ചു. നിരപരാധികൾ തനിച്ചിരുന്നു കരഞ്ഞു. ദുർബലമാനസർ സമൂഹമാധ്യമങ്ങളിൽനിന്നു വിട്ടുനിന്നു. അപമാനിതരായ ചിലർ ജീവനൊടുക്കി. ചില സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി. ലൈംഗികാരോപണങ്ങൾ വ്യക്തിഹത്യയുടെ ഏറ്റവും മൂർച്ചയുള്ള മാരകായുധമായി. കല്ലെറിഞ്ഞവരൊന്നും പാപമില്ലാത്തവരായിരുന്നില്ല. കോടതി വെറുതേ വിട്ടവരെയും വേട്ടക്കാർ പിന്തുടർന്നു. പലരുടെയും ശിഷ്ടജീവിതം ഇരുട്ടിലായി. സമൂഹമാധ്യമങ്ങളിൽ മനുഷ്യർ നിരന്തരം നഗ്നരാക്കപ്പെടുന്നു. തൃപ്പൂണിത്തുറയിലെ ഷാജിയെപ്പോലെ നഗ്നത മറയ്ക്കാൻ ഭരണകൂടസംവിധാനങ്ങൾ ഓടിയെത്തുന്നില്ല. അതിവേഗത്തിന്റെ ഡിജിറ്റൽ കാലത്ത് നിയമം അതിന്റെ ആമവേഗവുമായി ബഹുദൂരം പിന്നിലായി. ഷാജിയെ നെഞ്ചോടു ചേർത്ത നാം ഇതുകൂടി മനസിൽ വയ്ക്കണം: സമൂഹമാധ്യമങ്ങളിലോ മുഖ്യധാരാ മാധ്യമങ്ങളിലോ ആകട്ടെ, ഒരു മനുഷ്യനെയും നാം നഗ്നരാക്കില്ല.
മതാന്തര സംവാദങ്ങൾക്കായുള്ള, വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട്, കർദിനാൾ മാർ ജോർജ് കൂവക്കാട്, ഇക്കഴിഞ്ഞദിവസം അസൈർബൈജാൻ സന്ദർശനത്തിനിടെ ലെയോ പതിനാലാമൻ മാർപാപ്പയുടെ ചാക്രിക ലേഖനമായ "മാഞ്ഞിഫിക്ക ഹുമാനിത്താസ്' ഉദ്ധരിച്ചു പറഞ്ഞത്, “വൈരവും വെറുപ്പും വിതയ്ക്കുന്ന വാക്കുകളെ നിരായുധീകരിച്ച് സ്നേഹത്തിന്റെ നാഗരികത വളർത്തുക” എന്നാണ്. അതാണു കാര്യം. അപരനെ വിവസ്ത്രരാക്കുന്നവർ തൃപ്പൂണിത്തുറയിലെ ഷാജിയെ കീർത്തിക്കുന്നതിൽ ഒരർഥവുമില്ല. വാക്കുകളുടെ നിരായുധീകരണം ജാതി-മത-രാഷ്ട്രീയ-സ്ഥാന-മാന ഭേദമില്ലാതെ എല്ലാവരും നടപ്പാക്കേണ്ടിയിരിക്കുന്നു. പറ്റുമെങ്കിൽ ഇന്നു മുതൽ.
Editorial
അമേരിക്കയും ഇറാനും സമാധാനക്കരാറിൽ ഒപ്പുവച്ചതിന്റെ വാർത്തകൾ വായനക്കാരിൽ പലരും ഇന്നലെത്തന്നെ അറിഞ്ഞതാണ്. സമാധാനം നീണാൾ വാഴട്ടെ! പക്ഷേ, ഇന്ത്യക്കാരന് സമാധാന ഉടന്പടിയുടെ വിശദാംശങ്ങൾ മാത്രം വായിച്ചു പഠിച്ചാൽ പോരല്ലോ.
സമാധാനക്കരാർ ഒപ്പിടുമെന്നറിഞ്ഞതു മുതൽ ആഗോള അസംസ്കൃത എണ്ണവില കൂപ്പുകുത്തുന്നതും ജനങ്ങൾ അറിയുന്നുണ്ട്. പക്ഷേ, ഒന്നുമാത്രം കാണുന്നില്ല. അന്തർദേശീയ മാർക്കറ്റിൽ അസംസ്കൃത എണ്ണ വീപ്പയ്ക്ക് 114 ആയപ്പോൾ ഇന്ത്യയിൽ കുത്തനെ വർധിപ്പിച്ച ഇന്ധന-പാചകവാതക വില, അസംസ്കൃത എണ്ണവില 78 ഡോളറിലേക്കു കൂപ്പുകുത്തിയിട്ടും കുറയ്ക്കുന്നില്ല.
ഹോർമുസിൽനിന്നു പുറപ്പെട്ട ആദ്യ എണ്ണക്കപ്പലുകളിലൊന്ന് ഇന്ത്യയുടെ ‘ദിഷ’യായിരുന്നു. ഇന്നത് ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തും. ഈ സമാധാനക്കരാർ നാം ആഗ്രഹിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇന്ധനവില കുറഞ്ഞാൽ അസഹനീയമായ വിലക്കയറ്റവും പണപ്പെരുപ്പവുമൊക്കെ ഇത്തിരിയെങ്കിലും കുറയുമെന്ന പ്രതീക്ഷയാണ്.
ഒന്നും രണ്ടുമല്ല, ദിവസങ്ങൾക്കകം വീപ്പയ്ക്കു 36 ഡോളറാണ് കുറഞ്ഞത്. വില എന്നു കുറയ്ക്കുമെന്നെങ്കിലും പറയേണ്ടതല്ലേ? കെഎസ്ആർടിസിയിലെ സൗജന്യയാത്ര മറ്റു ബസുകളിലേക്കു വ്യാപിപ്പിക്കുന്നതിലും എത്രയോ വലിയ സംഭവമാണിത്.
വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഒപ്പുവയ്ക്കുമെന്ന് അമേരിക്കയും ഇറാനും പ്രഖ്യാപിച്ചിരുന്ന ധാരണാപത്രമാണ് രണ്ടുദിവസം മുന്പേ ഫ്രാൻസിൽ നടപ്പാക്കിയത്. സ്വിറ്റ്സർലൻഡിൽ ചർച്ച തുടരും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറേനിയന് പ്രസിഡന്റ് മസൂദ് പെഷസ്കിയാനും ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനരാരംഭിക്കൽ, ഇറാനെതിരേയുള്ള സാമ്പത്തിക ഉപരോധങ്ങളിലെ ഇളവുകൾ, ഇറാന്റെ ആണവപദ്ധതി നിർവീര്യമാക്കൽ തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന 14 ഇന ചട്ടക്കൂടിലുള്ള ധാരണാപത്രമാണ് പ്രാബല്യത്തിലായത്.
ആദ്യ ഈരടികളായി; ഇനിയത് അമേരിക്കയും ഇറാനും ഒരേ സ്വരത്തിൽ പാടിയാൽ സമാധാനഗീതമാകും. ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള 60 ദിവസത്തെ പരീക്ഷണ കാലയളവിന്റെ തുടക്കമാണിതെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പശ്ചിമേഷ്യയിലെ ഏതൊരു സമാധാനത്തിന്റെയും വിജയപരാജയങ്ങൾ നിർണയിക്കാൻ ശേഷിയുള്ള ഇസ്രയേൽ അഭിപ്രായം പറഞ്ഞിട്ടില്ല. ഹമാസിനെതിരേ ലബനനിൽ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലിന് കരാറിന്റെ കോപ്പി അയച്ചുകൊടുത്തിട്ടുണ്ടെന്നു ട്രംപ് പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇറാനെ പൂർണമായും തച്ചുടയ്ക്കാമെന്നു കരുതിയിരുന്ന ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാർ അതൃപ്തരാണ്. തന്ത്രപരവും രാഷ്ട്രീയവുമായ ദുരന്തമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യശക്തികൾ കരാറിനെ പരിഹസിച്ചത്. ഇറാനെതിരേ പൂർണവിജയം നേടുമെന്ന് നെതന്യാഹു ഉറപ്പു നൽകിയതുമാണ്.
പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലബനനിലെ ഹിസ്ബുള്ളയെ എങ്കിലും ആക്രമിച്ചുകൊണ്ടിരിക്കേണ്ടത് അവർക്കിപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരിക്കാം. ഇറാനുമായി ഒപ്പുവച്ചത് അന്തിമ കരാറല്ലെന്നും ധാരണാപത്രമാണെന്നും അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്നും ഒപ്പിനൊപ്പം ട്രംപിന്റെ ഭീഷണിയുമുണ്ട്.
തങ്ങളുടെ കൈ കാഞ്ചിയിൽതന്നെയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കറും ചർച്ചാ പ്രതിനിധിയുമായിരുന്ന മുഹമ്മദ് ബാഗർ ഗാലിബാഫും തിരിച്ചടിച്ചു. 60 ദിവസം പ്രകോപനം ഉണ്ടാക്കാതിരിക്കാൻ ഇരുപക്ഷവും ശ്രമിക്കുമോ, യുറേനിയം ഉടൻ നശിപ്പിക്കുന്നതിനു പകരം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേൽനോട്ടത്തിൽ സിവിലിയൻ ആവശ്യങ്ങൾക്കു മാത്രമായി മാറ്റാൻ ഇറാൻ സമ്മതിക്കുമോ, മരവിപ്പിച്ച വിദേശ ആസ്തികൾ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക എപ്പോൾ വിട്ടുനൽകും, ഹോർമുസ് കടലിടുക്ക് ശാന്തമാകുമോ, ധാരണാപത്രം സന്പൂർണ സമാധാന ഉടന്പടിയിലെത്തുമോ തുടങ്ങിയ സങ്കീർണമായ വിഷയങ്ങളുണ്ട്. രണ്ടു മാസംകൊണ്ട് തർക്കങ്ങളത്രയും പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ വച്ചുപുലർത്താനാണ് ലോകം ആഗ്രഹിക്കുന്നത്.
സമാധാനത്തിന്റെ ഒരധ്യായം യുദ്ധത്തിലേർപ്പെട്ടവർ പൂർത്തിയാക്കി. പക്ഷേ, വിചിത്രമാണ് ഇന്ത്യക്കാരന്റെ വിധി. അവർക്ക് 50 രൂപയ്ക്കു പെട്രോൾ വേണ്ട. കഴിഞ്ഞ മാസം വർധിപ്പിച്ച പെട്രോൾ, ഡീസൽ, പാചകവാതക വിലകളെങ്കിലും കുറയ്ക്കുമോയെന്ന് അറിഞ്ഞാൽ മതി.
അല്ലെങ്കിൽ എന്താണ് ഇതിന്റെയൊക്കെ അർഥം? അവരുടെ യുദ്ധംപോലും നമുക്കു ചൂഷണോപാധിയായിരുന്നെന്നോ? എണ്ണക്കന്പനികളുടെ സങ്കടങ്ങൾ എന്നും ഭരിക്കുന്ന പാർട്ടിയുടെയും സർക്കാരിന്റേതുമാണ്. ജനങ്ങളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ ഡൽഹിയിൽ കുന്പിട്ടുകിടക്കുന്ന പ്രതിപക്ഷത്തെ ഛിന്നഗ്രഹങ്ങൾ പോലുമില്ല.
Editorial
ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് സർവം നാശമായ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തുന്നത് 21നാണ്. പക്ഷേ, പരീക്ഷയെഴുതുന്ന 24 ലക്ഷത്തോളം വിദ്യാർഥികൾ മാത്രമല്ല, സമൂഹമാധ്യമമായ ടെലിഗ്രാമിന്റെ 15 കോടിയോളം ഉപയോക്താക്കളടക്കം ഇന്ത്യക്കാരെല്ലാം നീറ്റുനോവിലാണ്. മാനസിക പിരിമുറുക്കമില്ലാത്തത്, കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയവർക്കു മാത്രം! എന്താണ് രാജ്യത്തു സംഭവിക്കുന്നത്?
രാജ്യമൊരു യുദ്ധത്തിനിറങ്ങിയ പ്രതീതി. വാർത്താവിനിമയ-വിദ്യാഭ്യാസ മന്ത്രാലയങ്ങളും മാത്രമല്ല, പ്രതിരോധമന്ത്രാലയം വരെ രംഗത്തിറങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണം. പരീക്ഷാപേപ്പർ സുരക്ഷിതമായി എത്തിക്കാൻ വ്യോമസേന. പരീക്ഷാകേന്ദ്രങ്ങളിൽ നിർമിതബുദ്ധി അധിഷ്ഠിത നാലുതല സിസിടിവി നിരീക്ഷണം.
ബയോമെട്രിക്, ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങൾ, വിവിധ ഘട്ടങ്ങളായുള്ള ദേഹപരിശോധനകൾ... ഒരു പരീക്ഷ നടത്താൻ ലോകം ഇത്ര പേടിച്ച മറ്റൊരു സംഭവമില്ല. ഇതിനു പുറമേയാണ് സമൂഹമാധ്യമ വേദിയായ ടെലഗ്രാം, പരീക്ഷ കഴിയുവോളം നിരോധിച്ചിരിക്കുന്നത്. പഴയ പോസ്റ്റ് എഡിറ്റ് ചെയ്തുള്ള ബാക്ക്ഡേറ്റിംഗ് തട്ടിപ്പുകൾ തടയാനാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. അങ്ങനെ എഡിറ്റ് ചെയ്താൽ അതു വ്യക്തമാക്കുന്ന ലേബലുള്ളപ്പോൾ നിരോധിക്കുന്നത് എന്തിനെന്നാണ് ടെലഗ്രാം മേധാവി പാവെൽ ദുറോവ് ചോദിക്കുന്നത്.
ഒരു കാര്യം ഉറപ്പിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ യഥാർഥ ഉറവിടം കണ്ടെത്താൻ സർക്കാരിനായിട്ടില്ല, അല്ലെങ്കിൽ തടയാൻ ശേഷിയില്ല. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ തകർന്ന സിസ്റ്റത്തെയും അതിന്റെ തലപ്പത്തുള്ള മന്ത്രിയെയും തൊടാതെ, പരീക്ഷ നടത്താനുള്ള ശ്രമമാണ് ഈ ദയനീയമായ പരാക്രമങ്ങളെങ്കിലും ഇതു വിജയിക്കട്ടെ. 24 ലക്ഷം വിദ്യാർഥികളുടെ ഭാവിക്കു മുന്നിൽ അഴിമതിയെയും കെടുകാര്യസ്ഥതയെയുംപോലും സഹിക്കാൻ നിർബന്ധിതമാകുന്ന അപൂർവ സാഹചര്യമാണിത്.
മേയ് 12നാണ് ചോദ്യപേപ്പർ ചോർന്നതിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ ദേശീയ മെഡിക്കല് പ്രവേശനപരീക്ഷയായ നീറ്റ് (യുജി) റദ്ദാക്കിയത്. 2024ലും ഇതു സംഭവിച്ചിരുന്നു. പരീക്ഷാ നടത്തിപ്പുകാരായ എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി)യെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി വീഴ്ചകൾ ആവർത്തിക്കരുതെന്നു താക്കീതു നൽകി വിട്ടതാണ്.
ഒരു ഫലവുമുണ്ടായില്ല. മേയ് 12നു റദ്ദാക്കിയ പരീക്ഷയാണ് 21ന് വീണ്ടും നടത്തുന്നത്. ഇതിനിടെ സിബിഎസ്ഇ 12-ാം ക്ലാസിലെ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയവും പാളി. വിദ്യാഭ്യാസമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. പകരം വരുന്നയാൾ അടിമുടി മാറ്റമുണ്ടാക്കുമെന്നു രാജിയാവശ്യപ്പെട്ടവരും കരുതുന്നില്ല. എങ്കിലും അത്തരം ധാർമിക ഉത്തരവാദിത്വമൊന്നും ആവശ്യമില്ലെന്ന് കേന്ദ്രമങ്ങു തീരുമാനിച്ചു.
പുനഃപരീക്ഷയെങ്കിലും പാളിച്ചയില്ലാതെ നടത്തണമെന്ന തീരുമാനം നല്ലതുതന്നെ. അതിനുവേണ്ടി സമൂഹമാധ്യമങ്ങൾ നിരോധിക്കാൻ സർക്കാരിന് അവകാശവുമുണ്ട്. പക്ഷേ, ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടത്തെക്കുറിച്ചല്ല, അതിന്റെ വിതരണത്തെക്കുറിച്ചും പ്രചാരണത്തെക്കുറിച്ചുമാണ് സർക്കാരിന്റെ ഉത്കണ്ഠ.
“മോഷണം നടക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ എല്ലാ ഷോപ്പിംഗ് മാളുകളും അടച്ചിടൂ, വേഗത്തിൽ വാഹനം ഓടിക്കുന്നതിനാൽ റോഡുകൾ അടച്ചിടൂ” എന്നായിരുന്നു ടെലിഗ്രാമിന്റെ പരിഹാസം. യഥാർഥ കുറ്റവാളികൾക്കു പകരം ഇന്ത്യയിലെ 15 കോടിയിലധികമുള്ള സാധാരണ ഉപയോക്താക്കളെയാണ് ബുദ്ധിമുട്ടിലാക്കുന്നതെന്നു പറഞ്ഞത് ടെലഗ്രാം മേധാവി പാവെൽ ദുറോവാണ്.
എഡിറ്റ് ചെയ്തുള്ള കൃത്രിമത്വം തിരിച്ചറിയാനുള്ള സംവിധാനം അതിൽതന്നെ ഉള്ളപ്പോൾ താത്കാലികമായിപോലും നിരോധിക്കുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെ ഖണ്ഡിക്കാൻ യുക്തിസഹമായ മറുപടി കേന്ദ്രം കൊടുത്തതായി കാണുന്നില്ല. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ടെലിഗ്രാം ആപ്പ് നീക്കുകയും ചെയ്തു. ടെലിഗ്രാം ഇല്ലെങ്കിൽ മറ്റ് എത്രയോ ഡിജിറ്റൽ-സമൂഹമാധ്യമ വേദികളുണ്ട്. മാത്രമല്ല, ഒരു സർക്കാരിനെയും വീരശൂരപരാക്രമികളായ അന്വേഷണ ഏജൻസികളെയും നോക്കുകുത്തിയാക്കി ചോദ്യപേപ്പർ ചോർത്താനറിയാമെങ്കിൽ, അവർക്കതു വിതരണം ചെയ്യാനാണോ വിഷമം.
പല രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസവകുപ്പിനുവേണ്ടി വിലപേശുന്നത് വെറുതെയല്ല. അവർക്കു ഭാവിയെ കൈയിലൊതുക്കണം. കേന്ദ്രവിദ്യാഭ്യാസവകുപ്പ് മാത്രമല്ല, സംസ്ഥാന വകുപ്പുകളും സർവകലാശാലകളുമൊക്കെ അക്കാദമിക വിദഗ്ധരേക്കാൾ രാഷ്ട്രീയ അഭയാർഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സിൻഡിക്കറ്റുകളിലും സെനറ്റുകളിലുമൊക്കെ വിദ്യാഭ്യാസ വിദഗ്ധർക്കൊപ്പം രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും പ്രതിനിധികളുമുണ്ട്.
സർവശക്തരായ പാർട്ടിക്കാർ. അവരറിയാതെ ഒരിലയനങ്ങില്ല. വിദ്യാർഥി നേതാക്കൾക്കു ഹാജരില്ലാതെ പരീക്ഷയെഴുതാനും പരീക്ഷയെഴുതാതെ ജയിക്കാനും ജോലിക്കാര്യത്തിലാണെങ്കിൽ പിൻവാതിൽ നിയമനങ്ങൾ നൽകാനും പ്രമോഷൻ നൽകാനുമൊക്കെ ശേഷിയുള്ള ഈ സൂപ്പർ പവറുകൾ നശിപ്പിച്ച വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കൽ എളുപ്പമല്ല. സിൻഡിക്കറ്റുകളും സെനറ്റുകളും മാത്രമല്ല, കാന്പസുകളുടെ രാത്രികൾപോലും അവർ കവർന്നു.
മാറിമാറി വരുന്ന സർക്കാരുകൾ പഴയ നോമിനികൾക്കു പകരം തങ്ങളുടെ നോമിനിയെ കുത്തിനിറയ്ക്കും. നീറ്റ് പരീക്ഷ നടത്തുന്ന എൻടിഎയുടെ സ്ഥിതിയും സർക്കാർ തുറന്നുപറയണം. സംഘപരിവാറുകാരെന്ന യോഗ്യതയിൽ കടന്നുകൂടിയവരുടേതുൾപ്പെടെ എല്ലാവരുടെയും മാർക്ക് ലിസ്റ്റുകളും വന്ന വഴിയുമൊക്കെ രാജ്യം അറിയട്ടെ. നീറ്റിന്റെ ചോദ്യക്കടലാസും സിബിഎസ്ഇയുടെ ഉത്തരക്കടലാസും മാത്രം പ്രതികളാകുന്ന സ്ഥിതി മാറണമല്ലോ.
ഇതിനിടെ, ടെലിഗ്രാം വഴി നീറ്റ് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ അവകാശവാദങ്ങൾ പ്രചരിക്കുന്നത് തടയാനും വ്യാജ തെളിവുകൾ നൽകി വിദ്യാർഥികളെ വഴിതെറ്റിക്കുന്നത് ഒഴിവാക്കാനുമാണ് നിരോധനമെന്ന് എൻടിഎ വിശദീകരികരണവുമായി എത്തിയിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയോ വിതരണമോ തടയുമെന്ന ഒരവകാശവാദവും അവർക്കുമില്ല. ഒന്നിനുമൊരു വ്യക്തതയുമില്ല. ആകെയുള്ളത് ഇരുട്ടു മാത്രം. അതുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. നീറ്റിന്റെ പേരിൽ രാജ്യം ഒരു സമൂഹമാധ്യമ ലോക്ഡൗണിലേക്കു കടന്ന പ്രതീതിയാണ്. ലോകം കാണുന്നുണ്ട്; ഇന്ത്യ ഒരു പരീക്ഷാപ്പേടിയിൽ പനിച്ചുവിറയ്ക്കുന്നത്.
Editorial
“ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എൻജിനുകൾ സ്റ്റാർട്ട് ചെയ്യൂ, എണ്ണ ഒഴുകട്ടെ” പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നുവെന്നു സൂചന നൽകുന്ന ഈ പ്രസ്താവന കപ്പലുകളല്ല, ലോകമാണു കേൾക്കാൻ കാത്തിരുന്നത്. പക്ഷേ, പറഞ്ഞത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ്.
മുന്പും പറഞ്ഞിട്ടുള്ളതാണ്. പക്ഷേ, അടുത്ത വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ 60 ദിവസത്തെ വെടിനിർത്തലിനുള്ള കരാർ ഒപ്പുവയ്ക്കുമെന്ന് ഇറാനും പാക്കിസ്ഥാനും സ്ഥിരീകരിച്ചതോടെ ലോകത്തിനു പ്രതീക്ഷയേറി.
ഹോർമുസിലെ കപ്പലുകൾ എൻജിനുകൾ സ്റ്റാർട്ടാക്കുംമുന്പേ ആഗോള എണ്ണവില 4.5 ശതമാനം താഴ്ന്ന് വീപ്പയ്ക്ക് 83.40 ഡോളറിനു താഴെയെത്തി. ലോകമെങ്ങും ഓഹരിവിപണികളും നില മെച്ചപ്പെടുത്തി. യുദ്ധത്തിലേർപ്പെട്ടിരുന്നത് അമേരിക്കയും ഇറാനും ഇസ്രയേലുമാണ്.
അനുഭവിച്ചത് എല്ലാ രാജ്യങ്ങളും. ഗുണപാഠം: ഇനി ഏതു യുദ്ധവും ലോകയുദ്ധമാണ്. ഗൃഹപാഠം: ഇന്ത്യ ഇന്ധന കരുതൽശേഖരം വർധിപ്പിക്കണം, യുദ്ധമറവിൽ വർധിപ്പിച്ച എണ്ണ-പാചകവാതക വിലകൾ ഉടൻ പിൻവലിക്കണം.
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും നേരിട്ടും ഇസ്രയേൽ പരോക്ഷമായും ഏർപ്പെട്ടിരിക്കുന്ന മൂന്നു മാസത്തിലേറെ നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിനാണ് ധാരണയായത്. ജൂൺ 19ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ കരാർ ഒപ്പുവയ്ക്കും.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനൊപ്പം ഇറാൻ തുറമുഖങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിക്കാനും ട്രംപ് ഉത്തരവിട്ടു. യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങളും ഉപരോധങ്ങളിൽ ഇളവ് വരുത്തുമെന്നറിയിച്ചിട്ടുണ്ട്.
വെടിനിർത്തൽ സമാധാനത്തിന്റെ ഇടത്താവളമാണെന്നു കരുതാം. അവിടെവച്ച് ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചും ഉപരോധങ്ങൾ നീക്കുന്നതിനെക്കുറിച്ചും 60 ദിവസത്തെ ചർച്ച ആരംഭിക്കും. അമേരിക്ക-ഇറാൻ കരാറിൽ അത്ര തൃപ്തരല്ലാത്ത ഇസ്രയേലിനെ നിയന്ത്രിക്കാനായില്ലെങ്കിൽ അന്തിമകരാറിൽ വിള്ളലുണ്ടാകും.
അതുപോലെ, ഇറാന്റെ കൈവശമുള്ള 60 ശതമാനം സന്പുഷ്ടീകരിച്ച 440 കിലോ ഉൾപ്പെടെ 9,000 കിലോ യുറേനിയം അന്തർദേശീയ മധ്യസ്ഥതയിൽ നശിപ്പിക്കാൻ ഇറാൻ തയാറാകുമോ തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളിൽ തീരുമാനമാകേണ്ടതുണ്ട്. പക്ഷേ, യുദ്ധത്തിൽനിന്നു തലയൂരാൻ ഇറാനും അമേരിക്കയും ഒരുപോലെ ആഗ്രഹിക്കുന്നതിനാൽ തുടർചർച്ചകൾ വിജയിക്കുമെന്ന് ലോകം കരുതുന്നു.
കരാറിനെ തങ്ങളുടെ വിജയമായി ചിത്രീകരിക്കാൻ ഇരുപക്ഷവും തീവ്രശ്രമത്തിലാണ്. പക്ഷേ, നഷ്ടമല്ലാതെ എന്താണ് അവർക്കു ലഭിച്ചതെന്ന് മറ്റാർക്കും അറിയില്ല. ഹമാസ് തീവ്രവാദികൾ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയായി കത്തിത്തുടങ്ങിയ പശ്ചിമേഷ്യയിലേക്ക് അമേരിക്കയും ഇറങ്ങുകയായിരുന്നു.
പലസ്തീനിൽ ഹമാസും ലെബനനിൽ ഹിസ്ബുള്ളയും യെമനിൽ ഹൂതികളും വിമോചനപോരാട്ടങ്ങളുടെ മറവിൽ കൈയാളിയിരുന്ന ഇസ്ലാമിക തീവ്രവാദത്തിനു ചെറുതല്ലാത്ത നഷ്ടമാണ് സംഭവിച്ചത്.
ഇസ്രയേൽ ഹമാസിനെ തത്കാലമെങ്കിലും തിരിച്ചടിക്കാനാവാത്തവിധം ദുർബലമാക്കി. തീവ്രവാദത്തിനു ചെല്ലും ചെലവും കൊടുത്തു വളർത്തിയ ഇറാനും നഷ്ടക്കൂന്പാരത്തിലായി. ഹിസ്ബുള്ളയും തളർച്ചയിലാണ്. അമേരിക്കയിലും ജനജീവിതം ദുഃസഹമായതോടെ യുദ്ധവിരുദ്ധ വികാരം ശക്തമായി.
നാലു ദിവസംകൊണ്ട് റഷ്യ യുക്രെയ്നെ കീഴ്പ്പെടുത്തുമെന്നു കരുതിയെങ്കിലും 2022 ഫെബ്രുവരി 24ന് ആരംഭിച്ച യുദ്ധം നാല് വർഷത്തിലേറെയായി തുടരുകയാണ്. ദിവസങ്ങൾക്കകം ഇറാനെ വീഴ്ത്തി തങ്ങൾക്കു താത്പര്യമുള്ള ഭരണകൂടത്തെ വാഴിക്കുമെന്ന ട്രംപിന്റെ അവകാശവാദവും പാഴായി.
ഉള്ളതു പറഞ്ഞാൽ, റഷ്യയും അമേരിക്കയും തങ്ങളുടെ പരിമിതികളെ ലോകത്തിനു മുന്നിൽ അനാവരണം ചെയ്തു എന്നതും ഈ യുദ്ധങ്ങളുടെ ബാക്കിപത്രമാണ്.
വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുന്ന വെള്ളിയാഴ്ചയോടെ ഹോർമുസ് കടലിടുക്ക് തുറക്കും. ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാനുള്ള താമസമേയുള്ളൂ. മൂന്നു മാസമായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ കപ്പലുകൾ ആദ്യംതന്നെ ഹോർമുസ് കടക്കും.
ഇന്നലെത്തന്നെ ഇടിഞ്ഞ ഇന്ധനവില, യുദ്ധത്തിന് മുൻപുള്ളതിനേക്കാളും കുറയുമെന്നാണ് ട്രംപ് പറയുന്നത്. അസംസ്കൃത എണ്ണവില 120 ഡോളറിലെത്തിയപ്പോൾ വർധിപ്പിച്ച ഇന്ത്യയിലെ പെട്രോൾ-ഡീസൽ, ഗാർഹിക-വാണിജ്യ പാചകവാതക വിലകൾ, അസംസ്കൃത എണ്ണവില 83 ഡോളറിലെത്തിയ സ്ഥിതിക്ക് ഇന്നലെത്തന്നെ കുറയ്ക്കേണ്ടതായിരുന്നു.
വിലക്കയറ്റവും പണപ്പെരുപ്പവും ജീവിതച്ചെലവുമൊക്കെ അത്ര അസഹനീയമാണ്. യുദ്ധത്തിൽ പരിക്കേറ്റത് സർക്കാരിനല്ല, ജനത്തിനാണ്. യുദ്ധത്തെ സർക്കാർ ചൂഷണോപാധിയാക്കില്ലെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. യുദ്ധക്കപ്പലുകൾ പിന്മാറുകയും എണ്ണക്കപ്പലുകൾ മുന്നേറുകയും ചെയ്താലും നാട്ടുകാർക്കു സമാധാനം കൊടുക്കണോയെന്ന് അതതു സർക്കാരുകൾ തീരുമാനിക്കണം.
Editorial
ഒളിച്ചിരുന്നൊരു ദിനേശ് ബീഡിയോ കാജാ ബീഡിയോ വില കുറഞ്ഞ തെറുപ്പുബീഡിയോ വലിച്ചവരായിരുന്നു പണ്ടത്തെ ജെൻ സി. അന്ന് ഏക മയക്കുമരുന്നായിരുന്ന കഞ്ചാവ് വലിച്ചിരുന്നവർ ഇല്ലെന്നല്ല. വിരലിലെണ്ണാവുന്നവർ. പക്ഷേ, 21-ാം നൂറ്റാണ്ട് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. മോളി, എക്സ്റ്റസി, എക്സ് എന്നീ പേരുകളിലുള്ള എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ മനുഷ്യരെ പിശാചുക്കളാക്കി. വിദ്യാലയങ്ങളിൽ മുതൽ താരങ്ങളാടുന്ന നിശാപാർട്ടികളിൽവരെ അവരെത്തി. കുറ്റകൃത്യങ്ങൾ അനായാസമായി. പക്ഷേ, ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ ആർക്കുമായില്ല. കാരണം, ഭരിക്കുന്നവരിലെയും പോലീസിലെയും പലർക്കും മയക്കുമരുന്നു വ്യാപാരികൾ അസ്പൃശ്യരായിരുന്നില്ല. അങ്ങനെയിരിക്കെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല "ഓപ്പറേഷൻ തൂഫാൻ' പ്രഖ്യാപിച്ചത്. പേരുപോലെ കൊടുങ്കാറ്റുതന്നെയാണ്. 10 ദിവസമായപ്പോഴേക്കും 2259 കേസുകള്, 2440 അറസ്റ്റുകൾ. ഇപ്പോഴതു വീണ്ടും വർധിച്ചു. രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, സർക്കാർ വിചാരിച്ചാൽ ഇതൊക്കെ സാധ്യമാണെന്നു ജനത്തിനു മനസിലായി. രണ്ട്, വിതരണക്കാരിൽനിന്ന് ഉറവിടങ്ങളായ മാഫിയകളിലേക്ക് എത്തണം. പുതുഭരണത്തിന്റെ ന്യൂനമർദമൊഴിഞ്ഞ് ഇതൊരു ഇളംകാറ്റായി ഒതുങ്ങിയാൽ മാഫിയ അതിന്റെ തന്ത്രങ്ങൾ മാറ്റി പുതിയ വൈറസാകും. ഇനിയൊരു ഓപ്പറേഷനിലും ജനത്തിനു പ്രതീക്ഷയുമില്ലാതാകും. മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് അടിച്ചൊതുക്കാനുള്ള അവസരമാണിത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെക്കാൾ സങ്കീർണമായൊരു യുദ്ധമാണ് അറിഞ്ഞോ അറിയാതെയോ ആഭ്യന്തരമന്ത്രി തുടങ്ങിവച്ചത്. പൊരുതിമടുത്താൽ പുറത്തുകടക്കാനുള്ള പദ്ധതിയല്ല, മാഫിയയെ തീർത്തുകളയുന്നൊരു സന്പൂർണവിജയമാണ് കേരളം കാത്തിരിക്കുന്നത്.
മയക്കുമരുന്നിന്റെ ഉറവിടം തകർക്കുക എളുപ്പമല്ല. പക്ഷേ, സാധ്യമാകണം. തമിഴ്നാട്, ഒഡീഷ, ആന്ധ്ര, ബംഗളൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു രാജ്യാതിർത്തി കടന്നുമെത്തുന്ന വലിയ ചങ്ങലയിൽനിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ഒരു സംസ്ഥാനത്തിനു മാത്രമായി ഈ ചങ്ങല പൊട്ടിക്കാനാകില്ല. മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനും ഇതേ നിശ്ചയദാർഢ്യമുണ്ടാകണം. തമിഴ്നാട്ടിലെ വിജയ് സർക്കാർ മയക്കുമരുന്നു വേട്ട ശക്തമാക്കിയെന്നാണ് വാർത്തകൾ. മധ്യപ്രദേശിലെ ഇൻഡോറിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖല നടത്തിവന്നിരുന്ന മാഫിയ തലവനും പിടികിട്ടാപ്പുള്ളിയുമായ ഹാരുൺ ഖാൻ കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായി. കേന്ദ്രസർക്കാർ ലഹരിവേട്ട നടത്തിയിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി രാജ്യമൊട്ടാകെ ഫലപ്രദമായൊരു പദ്ധതിയും ഇതുവരെ വിജയിപ്പിച്ചിട്ടില്ല. ലോകത്തെങ്ങും സമാന്തര വാഴ്ച നടത്തുന്ന ലഹരിമാഫിയയുടെ കരുത്തോർത്താൽ തൂഫാൻപോലും പൂഴി പറപ്പിക്കുന്നതേയുള്ളൂ, വൻമരങ്ങളും കടപുഴകണം.
സ്രാവുകൾ പോയിട്ട് സംസ്ഥാനത്തെ വിതരണക്കാരെയും ഉപയോക്താക്കളെയും അകത്താക്കുന്നതുപോലും എളുപ്പമല്ല. കാരണം, അവർക്ക് രാഷ്ട്രീയ-പോലീസ് പിന്തുണയുണ്ട്. മലപ്പുറം ജില്ലയിൽ മയക്കുമരുന്ന് മാഫിയകളെ സഹായിക്കുന്ന, കരിപ്പൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിലുൾപ്പെടെ രാജ്യത്തെ ഏതാണ്ട് എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരക്കാരുണ്ട്. അതായത്, കേന്ദ്രത്തിന്റെയും ഇതരസംസ്ഥാനങ്ങളുടെയും പിന്തുണയും ലഹരിമാഫിയയെ സഹായിക്കുന്ന കപ്പലിലെ കള്ളന്മാരെയും കുടുക്കാതെ ലഹരിമാഫിയ ഉന്മൂലനം എളുപ്പമല്ല. പക്ഷേ, ഓപ്പറേഷൻ തൂഫാൻ തുടങ്ങി രണ്ടാഴ്ചകൊണ്ട് മറ്റേതൊരു സംസ്ഥാനത്തെയുംകാൾ ചരിത്ര നേട്ടമുണ്ടാക്കാനായെങ്കിൽ നമ്മുടെ യുവാക്കളെയെങ്കിലും രക്ഷിക്കാനാകും. ഉറവിടം നശിപ്പിക്കാനായില്ലെങ്കിലും കേരളത്തിലേക്കുള്ള ഉറവകൾ വെട്ടിമൂടാനാകും.
യഥാർഥത്തിൽ ആഭ്യന്തരവകുപ്പിനു കീഴിൽ, ഉറങ്ങാതിരിക്കുന്ന ഒരു സായുധസംഘത്തെ ലഹരിവേട്ട മാത്രം ചുമതലയാക്കി നിലനിർത്തണം. ആഴ്ചകളോ മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കുന്നതല്ല, ഉടച്ചുവാർത്ത സ്ഥിരം സംവിധാനമാണു വേണ്ടത്. മയക്കുമരുന്നു വ്യാപാരികളെയും ഉപയോഗിക്കുന്നവരെയും ഒരേ തട്ടിൽ അളക്കാനാകില്ല. ഈ കെണിയിൽ പെട്ടവരെ ആസക്തിയിൽനിന്നു രക്ഷിക്കാനും പുനരധിവസിപ്പിക്കാനും സാധിക്കണം. "ദി ഗോഡ്ഫാദർ' സിനിമയിൽ മർലിൻ ബ്രാൻഡോ അഭിനയിച്ച വിറ്റോ കോർലിയോണീ എന്ന മാഫിയ തലവന്റെ ഒരു സംഭാഷണമുണ്ട്. “അവനു നിരസിക്കാനാകാത്ത ഒരു ഓഫർ ഞാൻ കൊടുക്കും.” തൊഴിലില്ലായ്മയും പട്ടിണിയും വിഷാദവും അനുഭവിക്കുന്നവർക്കു കൊടുക്കാൻ മയക്കുമരുന്നിനുപകരം മറ്റൊരു ഓഫർ സർക്കാരിനുണ്ടോ?
Editorial
അങ്ങനെ വീട്ടമ്മയെ രാഷ്ട്രനിർമാതാവായി കോടതി അംഗീകരിച്ചിരിക്കുന്നു. സ്ത്രീകളുടെ ഗാർഹികജോലികളെയും മറ്റു സംഭാവനകളെയും അംഗീകരിച്ച് അവരുടെ സാങ്കൽപിക ശന്പളം 30,000 രൂപയായി സുപ്രീംകോടതി തീരുമാനിച്ചു. വാഹനാപകടത്തിൽ ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിന് അധിക പരിഹാരം നൽകാൻ നിർദേശിച്ച വിധിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ പ്രഖ്യാപനം.
ശന്പളം സാങ്കൽപികമാണെങ്കിലും കുടിശിക സങ്കൽപിച്ചാൽ സ്ത്രീകളോടുള്ള കടം തീരില്ല; രാജ്യത്തിനും കുടുംബങ്ങൾക്കും. സാങ്കൽപിക പ്രതിഫലം സ്ത്രീകളുടെ അക്കൗണ്ടിലെത്തില്ലെങ്കിലും, ഇത്രനാൾ അവഗണിക്കപ്പെട്ടിരുന്ന അധ്വാനത്തിന്റെ മൂല്യം അവരുടെ ആത്മാഭിമാനത്തിന്റെ രാഷ്ട്ര-കുടുംബ അക്കൗണ്ടുകളിൽ സ്ഥിരനിക്ഷേപമായിരിക്കുന്നു. ഇനി ‘വീട്ടമ്മ’ എന്ന വാക്ക് സ്ത്രീയുടെ സംഭാവനകളെ മാനിച്ച് ‘രാഷ്ട്രനിർമാതാവ്’ എന്ന് ഉപയോഗിക്കപ്പെടട്ടേയെന്നും സുപ്രീംകോടതി പറഞ്ഞു. 1947 ഓഗസ്റ്റ് 15 പോലെ ചരിത്രത്തിൽ 2026 ജൂൺ 11 രേഖപ്പെടുത്തും. വീട്ടമ്മച്ചങ്ങല പൊട്ടിയിരിക്കുന്നു, വീട്ടുജോലിയും അതിന്റെ മൂല്യനിരാസവും ജന്മനായുള്ള അവയവങ്ങൾപോലെയായിരുന്ന രാഷ്ട്രശിൽപികൾ സ്വതന്ത്രകളാകട്ടെ.
പ്രാദേശികവാർത്തയാകുമായിരുന്ന ഒരു വാഹനാപകടക്കേസാണ്, കേവലം നഷ്ടപരിഹാരത്തിന്റെ പരിവട്ടത്തുനിന്ന് രാജ്യത്തെ സ്ത്രീകളുടെ അധ്വാനത്തിന് പരിഷ്കൃതനിർവചനവും ജീവിതത്തിനു പുതിയ കരുത്തും കൊടുത്ത് ദേശീയ-ആഗോള വാർത്തയായത്. അഭിമാനകരമായ വിധിക്കു കാരണമായ കേസിന്, അപമാനകരമാംവിധം കാൽനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയായിരുന്ന, 35 വയസുണ്ടായിരുന്ന രേഷ്മയാണ് പഞ്ചാബിൽ 2001ൽ വാഹനാപകടത്തിൽ മരിച്ചത്.
ഭർത്താവിനും മൂന്നു മക്കൾക്കുമായി 2003ൽ 2.24 ലക്ഷം രൂപയാണ് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ വിധിച്ചത്. 20 വർഷങ്ങൾക്കുശേഷം 2024ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇത് 8.43 ലക്ഷമാക്കി ഉയർത്തിയെങ്കിലും ഭർത്താവ് സുപ്രീംകോടതിയെ സമീപിച്ച് 62.77 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഇൻഷ്വറൻസ് കന്പനിക്കുള്ള നിർദേശവും സ്ത്രീയുടെ അന്തസ് ഉയർത്തുന്ന നിരീക്ഷണങ്ങളുമടങ്ങിയ ചരിത്രവിധിയും സന്പാദിക്കുകയുമായിരുന്നു.
“വാഹനാപകടത്തിൽ കുടുംബനാഥ മരിച്ചാൽ, നഷ്ടപരിഹാരം നിർണയിക്കുന്പോൾ കുടുംബത്തിന്റെ പരിപാലന നഷ്ടമായി കുറഞ്ഞത് 30,000 രൂപ കണക്കാക്കണം. ഈ സാങ്കൽപിക ശന്പളം പ്രതിവർഷം 10 ശതമാനം വർധിപ്പിക്കണം. കുടുംബ പരിപാലനം രാഷ്ട്രനിർമിതിയാണ്.” കോടതി പ്രസ്താവിച്ചു. കീഴ്ക്കോടതികൾ പലപ്പോഴും ഇതിനോടു ചേർന്നുനിൽക്കുന്ന വിധികൾ പറഞ്ഞിട്ടുണ്ടെങ്കിലും സുപ്രീംകോടതി അതിനെ സ്ഥിരപ്പെടുത്തിയതിനാൽ ഇനിയിതു റഫറൻസായി മാറും.
സ്ത്രീകൾ കുടുംബത്തിൽ ചെയ്യുന്ന ജോലിക്ക് സാന്പത്തിക മൂല്യമുണ്ടെന്നും അതിനാൽ അവർ തൊഴിൽരഹിതരല്ലെന്നും കോൽക്കത്ത ഹൈക്കോടതി നിരീക്ഷിച്ചത് 2023 ഡിസംബർ 28നാണ്. അതും ഇൻഷ്വറൻസ് നഷ്ടപരിഹാരക്കേസായിരുന്നു. അവധിയെടുക്കാതെ വർഷം മുഴുവൻ അവർ ജോലി ചെയ്യുകയാണ്. പകരം ആരെയെങ്കിലും വച്ചാൽ അവർക്കു ശന്പളം കൊടുക്കില്ലേയെന്നും കോടതി ചോദിച്ചിരുന്നു. സ്ത്രീ വീട്ടിൽ ചെയ്യുന്ന ജോലിക്ക് പുരുഷൻ ഓഫീസിൽ ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്ന് 2021 ജനുവരിയിൽ സുപ്രീംകോടതിയും വ്യക്തമാക്കി.
സ്കൂട്ടർ യാത്രക്കാരായ ദന്പതികൾ 2014ൽ ഡൽഹിയിൽ അപകടത്തിൽ മരിച്ച കേസിൽ ജസ്റ്റീസ് രമണ, ജസ്റ്റീസ് സൂര്യകാന്ത് എന്നിവരായിരുന്നു ഇന്ഷ്വറൻസ് കന്പനിയോട് നഷ്ടപരിഹാരം വർധിപ്പിക്കാൻ ആവശ്യപ്പെട്ടത്. 2023 ജൂണിലാണ്, സ്വത്ത് സമ്പാദിക്കുന്നതില് വീട്ടമ്മ സാമ്പത്തികമായി സംഭാവനയൊന്നും നല്കിയിട്ടില്ലെങ്കിലും വീടും കുടുംബവും നോക്കാന് അവർ നടത്തുന്ന പ്രവര്ത്തനങ്ങളെ വിലമതിക്കണമെന്നും അതിനാല് ജോലി ചെയ്യാത്ത ഭാര്യക്കും ഭര്ത്താവിന്റെ സ്വത്തില് തുല്യപങ്കാളിത്തമുണ്ടെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞത്. വീട്ടുജോലി 24 മണിക്കൂറും ഉള്ളതാണെന്നും ദിവസം എട്ട് മണിക്കൂര് വീതം ചെയ്യുന്ന ജോലിയുമായി അതിനെ താരതമ്യപ്പെടുത്താൻപോലും കഴിയില്ലെന്നുമായിരുന്നു ജസ്റ്റീസ് കൃഷ്ണന് രാമസ്വാമിയുടെ നിരീക്ഷണം.
15.98 കോടി സ്ത്രീകളാണ് 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ വീട്ടുജോലികളിൽമാത്രം വ്യാപൃതരായിരിക്കുന്നത്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി കഴിഞ്ഞെത്തി വീട്ടുജോലികളും ചെയ്യേണ്ടവിധം ആധുനിക സ്ത്രീയുടെ അധ്വാനഭാരം പിന്നെയും വർധിച്ചു. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി ഇൻഷ്വറൻസ് കന്പനികൾക്കു മാത്രമുള്ളതാണെന്ന് പുരുഷകേന്ദ്രീകൃതമായ ഇന്ത്യൻ സമൂഹം വ്യാഖ്യാനിച്ചേക്കും. ഇല്ലെങ്കിൽ സ്വയം വിശ്വസിപ്പിക്കും.
സമൂഹവും കുടുംബങ്ങളും സർക്കാരുകളും വിധിയുടെ അന്തഃസത്ത അംഗീകരിക്കുകയും നവീകരണത്തിനു തയാറാകുകയും ചെയ്യുന്നില്ലെങ്കിൽ ഇൻഷ്വറൻസ് കന്പനികളെ മര്യാദ പഠിപ്പിക്കാനുള്ള കോടതിവിപ്ലവമായി ഇത് ഒതുങ്ങും. വീടുകളിൽ ഏറ്റവുമധികം അധ്വാനിക്കുന്നവർ അവഗണിക്കപ്പെടുന്നത് തന്റെയും ഇടുങ്ങിയ മനസുകൊണ്ടാണോയെന്ന് പുരുഷന്മാർ ആത്മപരിശോധന നടത്തണം. ഈ വിധി പുരുഷവിരുദ്ധമല്ല. കുടുംബസേവനത്തിലും കരുതലിലുമുള്ള പുരുഷന്റെ അധ്വാനത്തിനും പ്രതിഫലമില്ലെന്നതു യാഥാർഥ്യമാണ്.
കുടുംബക്ഷേമത്തിന്റെ അടിസ്ഥാനം സ്ത്രീയുടെയും പുരുഷന്റെയും സാങ്കൽപിക ശന്പളത്തിലൊതുങ്ങുന്ന അധ്വാനമാണ്. പക്ഷേ, വീട്ടമ്മയെന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ട സ്ത്രീയുടെ അധ്വാനം പ്രത്യേകിച്ചും അടുക്കളയിലേത്, ജന്മനിയോഗമോ കടമയോ ആയി നിശ്ചയിക്കപ്പെട്ട സമൂഹത്തിന്റെ നിയന്ത്രണം പുരുഷന്റെ കൈയിലാണ്.
ഇന്നും നടപ്പാകാത്ത 50 ശതമാനം സ്ത്രീ സംവരണം ഉദാഹരണമാണ്. പ്രാദേശിക-സംസ്ഥാന-ദേശീയ സർക്കാരുകളിലെ സംവരണത്തെക്കുറിച്ച് പ്രസംഗിക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റുകളും ബിജെപിയും ഉൾപ്പെടെ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയും ഉൾപ്പാർട്ടി വനിതാസംവരണം സമ്മതിച്ചിട്ടില്ല. ഒറ്റപ്പെട്ട സ്ഥിതിയൊഴിച്ചാൽ തീരുമാനങ്ങളെടുക്കുന്നിടത്തോ സ്ഥാനാർഥികളെ തീരുമാനിക്കുന്നിടത്തോ ഒന്നും സ്ത്രീക്കു കാര്യമില്ല.
കോടതി പറഞ്ഞ രാഷ്ട്രനിർമാതാക്കളെ ഇൻഷ്വറൻസ് കന്പനികൾ അംഗീകരിച്ചേക്കും. പക്ഷേ, എട്ടു പതിറ്റാണ്ടോളം സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിച്ചവർ സമ്മതിക്കില്ല. അടിമത്തത്തിലായിരുന്ന ഇന്ത്യൻ ജനത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽനിന്ന് അനുഭവിച്ചതിൽനിന്ന് ഏറെ വ്യത്യസ്തമല്ല, സ്വതന്ത്ര പുരുഷന്മാരിൽനിന്ന് സ്ത്രീകൾ ഇന്നു നേരിടുന്ന വിവേചനങ്ങൾ; ദളിതരെയും ആദിവാസികളെയും പോലെ. എങ്കിലും ഈ കോടതിവിധി നമ്മുടെ രാജ്യത്തെ പല മുൻവിധികളെയും അട്ടിമറിക്കാൻ ശേഷിയുള്ളതാണ്.
Editorial
അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്നിട്ടു മൂന്നാഴ്ച. കോടതിയെ പേടിയാണെന്നു പറഞ്ഞ്, കപടമൃഗസ്നേഹികൾക്കും വാക്സിൻ വ്യാപാരികൾക്കും മുന്നിൽ വാലാട്ടിനിന്ന സർക്കാരുകൾ ഇനിയെങ്കിലും ജോലി ചെയ്യുമെന്നു കരുതി. പക്ഷേ, സംസ്ഥാനത്തൊട്ടാകെ മനുഷ്യരെ പേപ്പട്ടികൾ ഉൾപ്പെടെ ഓടിച്ചിട്ടു കടിക്കുന്പോഴും അനക്കമില്ല.
എൽഡിഎഫ് സർക്കാരിനെതിരേയുണ്ടായിരുന്ന ജനരോഷത്തിന്റെ വലിയൊരു ഘടകം തെരുവുനായ-വന്യജീവി ആക്രമണങ്ങൾ തടയാൻ പരാജയപ്പെട്ടതായിരുന്നു. അതു നന്നായി മുതലെടുത്തവരാണ് ഇന്നു ഭരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ പറഞ്ഞത്, തെരുവുനായ ശല്യത്തിൽനിന്ന് കേരളത്തെ മുക്തമാക്കുമെന്നാണ്.
ആറു മാസം കഴിഞ്ഞു. ആശുപത്രികളിലും സ്കൂളുകളിലും വഴികളിലും തദ്ദേശസ്ഥാപനങ്ങളുടെ തിണ്ണയിലുംവരെ പട്ടി പെറ്റുകിടക്കുകയാണ്. ശരിക്കും എന്താണ് സർക്കാരിന്റെ പ്രശ്നം? അങ്ങനെയൊരു കോടതി ഉത്തരവില്ലേ, വ്യാജവാർത്തയായിരുന്നോ? അല്ലെങ്കിലെന്തിനാണ് കോടതിവിധിയെ മറ്റൊരു ‘തൂഫാൻ’ ആക്കുന്നതിനുപകരം സർക്കാർ നിഷ്ക്രിയമായിരിക്കുന്നത്! പേവിഷഭീതിയുടെ മുനന്പത്തും കണ്ണുപൊത്തിക്കളിയോ!
ഈ സർക്കാർ അധികാരത്തിലേറിയിട്ടു ദിവസങ്ങളേ ആയിട്ടുള്ളൂ. പക്ഷേ, ജനം നിലവിളിക്കുന്പോൾ നടപടികൾക്കു മുൻഗണനാക്രമം വേണം. ജൂൺ എട്ടിന് തിരുവനന്തപുരം വേട്ടമുക്കിൽ വീടിനടുത്തുള്ള കടയിൽ പോകാനിറങ്ങിയ ചന്ദ്രന്റെ കൺപോളയും ചുണ്ടും മൂക്കും നായ കടിച്ചുപറിച്ചു. ഈ പരിസരത്തുതന്നെ ദിവസങ്ങൾക്കുമുന്പ് കട്ടച്ചൽ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് രാജലക്ഷ്മിയെ നായ ആക്രമിച്ചു.
അതിനു തൊട്ടുമുന്പാണ് എൻസിസി ഓഫീസിൽ ജോലിയുള്ള രണ്ടു പേരെ പട്ടികൾ കടിക്കാൻ ഓടിച്ചത്. ഇടുക്കി പാമ്പനാറില് 19 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പേപ്പട്ടി മറ്റ് നായ്ക്കളെയും കന്നുകാലികളെയും മൃഗങ്ങളെയുമൊക്കെ കടിച്ചതിനാൽ പഞ്ചായത്തില് വ്യാപകമായി വാക്സിനേഷന് നടത്തുകയാണ്. ഈ പേപ്പട്ടിക്കുവേണ്ടി ചെലവഴിച്ച പൊതുമുതലിന്റെ കണക്കു പുറത്തുവിടണം. തിരുവനന്തപുരം തുന്പയിൽ തെരുവുനായ കുറുകേ ചാടി, അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് 26കാരനായ മകൻ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ.
അമ്മ ചികിത്സയിലാണ്. വലിയശാലയില് ശനിയാഴ്ച അര്ധരാത്രിയോടടുത്ത് തെരുവുനായ മൂന്നുപേരെ ആക്രമിച്ചു. ഒരാളുടെ കൈയിൽനിന്നു കടിച്ചെടുത്ത മാസം പട്ടി തിന്നാൻ കൊണ്ടുപോയി. ആലപ്പുഴ കായംകുളത്ത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയും വല്യമ്മയെയും നായ വീട്ടുമുറ്റത്തു കയറി കടിച്ചു മുറിവേൽപ്പിച്ചതും ദിവസങ്ങൾക്കു മുമ്പാണ്. ഇതേ നായ റഷീദ, മകൻ അമാന എന്നിവരെയും ആക്രമിച്ചു. കണ്ണൂർ ബക്കളത്ത് സ്ത്രീകൾ ഉൾപ്പെടെ പത്തോളം പേർക്കു കടിയേറ്റതും ഈ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാണ്. ഭരണപരാജയങ്ങളുടെ ചോരയും ചലവുമൊലിക്കുന്ന നിരവധി സംഭവങ്ങളിൽ ചിലതു മാത്രമാണിത്.
അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെയും വന്യജീവികളെയും കൊന്നും വേട്ടയാടിയുമല്ലാതെ നിയന്ത്രിക്കാനാകില്ലെന്നു വിദഗ്ധാഭിപ്രായങ്ങളുദ്ധരിച്ച് "ദീപിക'പലതവണ പറഞ്ഞതാണ്. പതിറ്റാണ്ടുകളോളം രാജ്യത്തെ ചോരയിൽ മുക്കിയ സർക്കാർ കെടുകാര്യസ്ഥതയ്ക്കു വിരാമമിടാനാണ്, മൃഗസ്നേഹികളെ തുരത്തി സുപ്രീംകോടതിയും മനുഷ്യാവകാശത്തെ ഉയർത്തിപ്പിടിച്ചത്. “മനുഷ്യജീവനു ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലണം. നടപ്പാക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി അരുത്.
പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന ഭരണഘടനാവകാശം ഒരു ജീവിയെയും പേടിച്ച് ഇല്ലാതാക്കാനാകില്ല. തടസം നിൽക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കണം. നായകളെ വന്ധ്യംകരണത്തിനുശേഷം പിടികൂടിയിടത്തല്ല, സംരക്ഷണകേന്ദ്രങ്ങളിലേക്കാണു മാറ്റേണ്ടത്. എബിസി ചട്ടങ്ങൾ പൂർണമായും നടപ്പാക്കാനായില്ല. എല്ലാ ജില്ലകളിലും എബിസി സെന്ററുകളും ആശുപത്രികളിൽ പ്രത്യേക സംവിധാനങ്ങളും വാക്സിനുകളും ഉറപ്പാക്കണം.
റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ ഉൾപ്പടെയുള്ള മൃഗങ്ങളെയും നീക്കണം.” ഇതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സുപ്രീംകോടതിവിധിയുടെ ഉള്ളടക്കം. പക്ഷേ, അത്തരമൊരു വിധി ഉണ്ടായതിന്റെ ഒരു ലക്ഷണവും മൂന്നാഴ്ച കഴിഞ്ഞിട്ടുമില്ല. അതൊരു തെറ്റായ വാർത്തയാണെങ്കിൽ മാധ്യമങ്ങൾക്കെതിരേ നടപടിയെടുക്കണം. അല്ലെങ്കിൽ കോടതിവിധി നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം കൊടുക്കണം.
എന്തോ തടസമുണ്ടെന്നു തോന്നുന്നു. സുപ്രീംകോടതിയുടെ വിശാലബെഞ്ചിൽ കേസെത്തി പുതിയൊരു വിധിയുണ്ടാകുവോളം അനങ്ങാതിരിക്കണമെന്ന് നായ സ്നേഹികളുടെ സമ്മർദമുണ്ടാകാം. രാഹുൽഗാന്ധി ഉൾപ്പെടെ കോൺഗ്രസിലെ ചില നേതാക്കൾ കൊല്ലുന്ന തെരുവുനായ പക്ഷത്തായതുകൊണ്ട് കൊല്ലപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കാൻ കേരളസർക്കാരിനു പരിമിതിയുണ്ടാകാം. വാക്സിൻ കന്പനികൾ അടങ്ങിയിരിക്കുന്നില്ലായിരിക്കാം. മുൻസർക്കാരിനെ നിഷ്ക്രിയമാക്കിയ അജ്ഞാതശക്തികൾ സജീവമായിരിക്കാം. ഇക്കാര്യത്തിലും ധവളപത്രമിറക്കേണ്ടിവരും.
ആരെയും ഉപദ്രവിക്കാത്ത കോടാനുകോടി കന്നുകാലികളെയും ആടിനെയും കോഴിയെയും മത്സ്യത്തെയുമാണ് ഓരോ മണിക്കൂറിലും കൊന്നു തിന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, മനുഷ്യരെ തിന്നുന്ന തെരുവുനായ്ക്കളെ തൊടരുത്! എന്തൊരു കാപട്യമാണിത്! ഇതിനൊരു അവസാനമില്ലേ? ആന ചവിട്ടിയരയ്ക്കുന്ന മനുഷ്യരുടെ രോദനവും കേൾക്കുന്നുണ്ട്.
ഒരു പട്ടിയെ ഓടിച്ചുവിടാനാകാത്ത സംവിധാനമെങ്ങനെ കാട്ടാനയെ തളയ്ക്കും? ഇപ്പം ശരിയാക്കാമെന്നു പറഞ്ഞു കുറെ പഞ്ചായത്തംഗങ്ങളെയും എംഎൽഎമാരെയും ജയിപ്പിച്ചിട്ടുണ്ടല്ലോ, അവരോട് കാറിൽനിന്നിറങ്ങി ജനങ്ങൾക്ക് അകന്പടി പോകാൻ പറ.
Editorial
രാജ്യം ഭരിക്കുന്ന ബിജെപിയെയും സഖ്യകക്ഷികളെയും കുറ്റം പറയുന്നതിനേക്കാൾ സമയം തങ്ങൾക്കിടയിലെ ഭിന്നതകളെക്കുറിച്ചു പറയാൻ ഇത്തവണത്തെ ‘ഇന്ത്യ’ മുന്നണി യോഗം നിർബന്ധിതമായി. അത്ര ദയനീയമാണ് സ്ഥിതി. റൈറ്റേഴ്സ് ബിൽഡിംഗിൽനിന്ന് അധികാരക്കസേരയടക്കം ബംഗാൾ ഉൾക്കടലിലേക്കു വലിച്ചെറിയപ്പെട്ട മമതാ ബാനർജി, സോണിയ ഗാന്ധിയുടെ മാറിൽ അഭയം തേടിയിട്ടുണ്ട്. പക്ഷേ, തമിഴ്നാട്ടിൽ അധികാരം നഷ്ടപ്പെട്ട ഡിഎംകെയും പഞ്ചാബിൽ അധികാരം പങ്കിടാൻ ആഗ്രഹിക്കാത്ത ആം ആദ്മിയുമൊന്നും കോണ്സ്റ്റിറ്റ്യൂഷന് ക്ലബ്ബിലെ യോഗത്തിൽ പങ്കെടുത്തില്ല. അഴിമതിക്കേസിൽ പെട്ട വീണയ്ക്കെതിരേ ഇഡി ഇറങ്ങിയതിനെ മുന്നണി പ്രതിരോധിക്കാത്തതാണ് ചില സിപിഎം നേതാക്കളുടെ ദുഃഖം. ഒറ്റയ്ക്ക് നിൽക്കാനാകാത്ത ചെറുപാർട്ടികളാണ് പങ്കെടുത്തതിലേറെയും. മെയ്യനങ്ങാതെ ചെയ്യാവുന്ന അഞ്ചു വ്യായാമങ്ങളെക്കുറിച്ച് തീരുമാനിച്ചുകൊണ്ട് യോഗം പിരിഞ്ഞു. അധികാരം പിടിക്കുന്നതല്ല, പ്രതിപക്ഷശേഷി തെളിയിക്കാൻപോലും മുന്നണിക്കാകുന്നില്ല.
യോഗത്തിന്റെ പശ്ചാത്തലം ആദ്യം നോക്കാം. അടിമുടി ദുരൂഹതകൾ ആരോപിക്കപ്പെടുന്ന മണ്ഡല പുനർനിർണയവുമായി വനിതാ സംവരണ ബില്ലിനെ കൂട്ടിക്കെട്ടാൻ ഏപ്രിലിൽ ബിജെപി നടത്തിയ ശ്രമത്തെ പാർലമെന്റിൽ പരാജയപ്പെടുത്തിയതാണ് അടുത്തയിടെ ഇന്ത്യ മുന്നണി നടത്തിയ ഒരു ശ്രദ്ധേയ രാഷ്ട്രീയനേട്ടം. അനക്കം വച്ചെങ്കിലും തൊട്ടുപിന്നാലെ കേരളം, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വീണ്ടും തമ്മിലടിയായി. തൃണമൂലിനും ഡിഎംകെയ്ക്കും അധികാരം നഷ്ടമായി. മമത യോഗം വിളിച്ചപ്പോൾ 80 എംഎൽഎമാരിൽ 20 പേരും 29 ലോക്സഭാ എംപിമാരിൽ മൂന്നുപേരുമാണ് എത്തിയത്. 20 എംപിമാർ ബിജെപിക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇഡി റെയ്ഡിന് ഇരയായവർ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ ഏഴ് എംപിമാർ അടുത്തയിടെ ബിജെപി പാളയത്തിലെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ‘ദയനീയ വിജയം’ നേടി കഷ്ടിച്ച് അധികാരം നിലനിർത്തിയ ബിജെപി ഒരു തെരഞ്ഞെടുപ്പുമില്ലാതെ എംപിമാരെ വാരിക്കൂട്ടുകയാണ്. മുന്നണിയിൽ ആലോചിക്കാതെ ടിവികെയുമായി അധികാരം പങ്കിട്ട കോൺഗ്രസിനോടുള്ള പകയിലാണ് ഡിഎംകെ പുതിയ മുന്നണിയുണ്ടാക്കാൻ ശ്രമിക്കുന്നത്. 22 എംപിമാരുള്ള ഡിഎംകെയും പുറത്തുനിന്നെങ്കിലും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. ഭരണഘടനാ ഭേദഗതികൾ പാസാകാനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനു വേണ്ടത് 360 പേരുടെ പിന്തുണയാണ്. തൃണമൂൽ വിമതർ എത്തിയതോടെ 313 ആയി. 37 അംഗങ്ങളെക്കൂടി സംഘടിപ്പിക്കാനായാൽ, ബിജെപിക്കു പലതും സാധിക്കാനുണ്ട്. തെരഞ്ഞെടുപ്പല്ല അധികാരത്തിന്റെ അടിസ്ഥാനമെന്ന ജനാധിപത്യവിരുദ്ധ രാഷ്ട്രീയം, രാജ്യത്തെ എങ്ങനെ ദുർബലമാക്കുമെന്നത് വേറെ കാര്യം.
എന്താണ് ഇന്ത്യ മുന്നണി? ബിജെപി നയിക്കുന്ന എൻഡിഎയെ നേരിടാൻ പ്രതിപക്ഷമുണ്ടാക്കിയ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) സഖ്യം. പക്ഷേ, പരസ്പരവിരുദ്ധ താത്പര്യങ്ങളും വ്യക്ത്യധിഷ്ഠിത പാർട്ടികളും തങ്ങളുടെ അധികാരം കടത്താനുള്ള കപ്പലായി മുന്നണിയെ കണ്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെതന്നെ ഇന്ത്യ മുന്നണിയുടെയും അധ്യക്ഷനാണെങ്കിലും മുന്നണി ഒന്നിനൊന്നു ദുർബലമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർട്ട് ടൈം രാഷ്ട്രീയവും ഏറെ വിമർശനത്തിനിടയാക്കി. ഇടയ്ക്കൊരു ഭാരത് ജോഡോ യാത്രയും വോട്ട് മോഷണത്തെക്കുറിച്ചൊരു വാർത്താസമ്മേളനവും നടത്തിയാൽ പിന്നെ കുറച്ചുനാളത്തേക്ക് ഒരു അനക്കവുമുണ്ടാകില്ല. ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനമോ അധികാര പങ്കാളിത്തമോ പോലും ഐക്യത്തോടെ നടത്താനാവാത്ത മുന്നണി ബിജെപിയുടെ ഭാഗ്യമായി മാറി. കോൺഗ്രസ് മുക്ത ഭാരതമെന്ന പൂവ് ചോദിച്ച മോദിക്ക് പ്രതിപക്ഷ മുക്ത ഭാരതമെന്ന പൂന്തോട്ടം കൊടുത്തു ഇന്ത്യ മുന്നണി. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളും, അഴിമതിക്കാരെയും അവസരവാദികളെയും അധികാരമോഹികളെയും ആകർഷിക്കാനുള്ള കച്ചവടതന്ത്രവും, കഴിവുകെട്ട പ്രതിപക്ഷവുമുണ്ടെങ്കിൽ അധികാരമൊന്നും കൈയിൽനിന്നു പോകില്ലെന്ന് ബിജെപിക്കു ബോധ്യപ്പെട്ടു.
ഇന്ധനവില, വിലക്കയറ്റം, പണപ്പെരുപ്പം, വർഗീയ ധ്രുവീകരണം, കാർഷികമേഖലയുടെ തകർച്ച, തൊഴിലില്ലായ്മ, നീറ്റ്-സിബിഎസ്ഇ അഴിമതികൾ... കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം എന്തു ചെയ്തെന്നു ചോദിച്ചാൽ കുറെ പ്രസ്താവന ഇറക്കി! കർഷകസമരംപോലും രാജ്യത്തെ ഇളക്കിയതും വിജയിച്ചതും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ സഹായമില്ലാതെയാണ് എന്നതല്ല, സഹായമില്ലാത്തതുകൊണ്ടാണ് എന്നു പറയേണ്ടിവരും. അതു കണ്ടിട്ടുപോലും അത്തരമൊന്നു സംഘടിപ്പിക്കാൻ പിന്നീടും പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസരംഗം ചരിത്രത്തിലെ ഏറ്റവും വലിയ അപചയത്തെ നേരിടുന്പോൾ പോലും എന്തൊരു നിഷ്ക്രിയത്വമാണ്. 12 കൊല്ലം പഴക്കമുള്ള പ്രതിപക്ഷ ജീർണതയിലേക്ക് ‘പാറ്റ’കൾ പോലെ പ്രതിപക്ഷ ആൾക്കൂട്ടങ്ങളെത്തുന്നു.
ഇന്ത്യ മുന്നണിയുടെ ഭാവി? വോട്ടുമോഷണ ആരോപണത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തു നൽകുക, സിബിഎസ്ഇ മൂല്യനിര്ണയ വിവാദത്തിന്റെ പശ്ചാത്തലത്തില് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യവുമായി മുന്നോട്ട് പോവുക തുടങ്ങിയ അഞ്ചു തീരുമാനങ്ങൾ മുന്നണിക്കു ജീവനുണ്ടെന്നു ബോധ്യപ്പെടുത്താൻ കൊള്ളാം. പക്ഷേ, നഷ്ടപ്പെട്ട പരസ്പര വിശ്വാസവും ബഹുമാനവും വീണ്ടെടുക്കാതെ ഇതൊരു മുന്നണിയാകില്ല. മുന്നണി വിട്ട പാർട്ടികളെയും കോൺഗ്രസ് വിട്ട പ്രമുഖ നേതാക്കളെയും തിരികെയെത്തിക്കാനായാൽ നേതൃത്വ പാപ്പരത്തം കുറേയെങ്കിലും വിട്ടൊഴിയും. 2024ൽ ഇന്ത്യ മുന്നണിയിലെ തമ്മിലടി ഉണ്ടായിട്ടും ബിജെപി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിൽനിന്നു പാഠം പഠിച്ച ബിജെപി കടുത്ത ഗൃഹപാഠങ്ങളിലാണ്. തെരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണം പോലും അതിന്റെ ഭാഗമായി വേണം കാണാൻ. പക്ഷേ, 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും വോട്ടുകൾ ഭിന്നിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിപക്ഷത്തിന് ഒരു പദ്ധതിയുമില്ല. കരുത്തുറ്റ മുഴുവൻസമയ നേതാവില്ലാത്തത് തുടക്കം മുതൽ ഇന്ത്യ മുന്നണിയെ നാഥനില്ലാക്കളരിയാക്കി.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ ശ്രദ്ധേയമാണ്. “ബിജെപി തോല്പ്പിക്കാന് ബുദ്ധിമുട്ടുള്ള പാര്ട്ടിയല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി, ആഭ്യന്തരകലഹം മതിയാക്കി ഒന്നിക്കാന് എല്ലാവരും തയാറാകണം.” ഇതൊക്കെ നാട്ടുകാർ പണ്ടേ പറഞ്ഞതാണ്. പക്ഷേ, ജനം തീരുമാനിച്ചാൽ പോലും ബിജെപിയെ അധികാരഭ്രഷ്ടരാക്കാൻ സമ്മതിക്കാത്തത് ഇന്ത്യ മുന്നണിയാണ്. അല്ലെങ്കിൽ ബിജെപി ഒളിച്ചോടണം.
Editorial
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നത് പുതിയ സർക്കാരിനോടുള്ള കേരളത്തിന്റെ ആവശ്യമായിരുന്നു. അതിലേറെ അതു സർക്കാരിന്റെ ആവശ്യമായിരുന്നു. അനാവശ്യ പഴി കേൾക്കരുതല്ലോ. അതുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ അതു തയാറാക്കിയതും ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ നിയമസഭയിൽ വച്ചതും. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നത്. ദേശീയ ശരാശരിയേക്കാൾ കൂടിയ കടബാധ്യതയും അതിനൊത്ത പലിശയും, ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ വികസനച്ചെലവും മൂലധനച്ചെലവുമൊക്കെ ധവളപത്രം പ്രദർശിപ്പിക്കുന്നു. സുസ്ഥിരവികസനം മാത്രമല്ല, സ്വസ്ഥമായ അനുദിന സാന്പത്തികാവശ്യങ്ങൾപോലും സാധ്യമല്ലാത്ത സ്ഥിതി! ധവളപത്രം തയാറാക്കുക, അവതരിപ്പിക്കുക, പരിഹാരം നിർദേശിക്കുക എന്നീ കാര്യങ്ങൾ സർക്കാർ ദിവസങ്ങൾകൊണ്ട് സാധിച്ചു. അതായത്, രോഗനിർണയം നടത്തി. ഇനി ചികിത്സയാണു വേണ്ടത്. അതാണ് ഈ സർക്കാരിനെ നിർവചിക്കാനിരിക്കുന്നത്. അതാണ് മാറ്റത്തിന്റെ അളവുകോലായി മാറാനിരിക്കുന്നത്. ധവളപത്രത്തിന്റെ വേഗം അതിനുമുണ്ടാകട്ടെ. ബജറ്റിൽ തെളിയട്ടെ, പുതുയുഗ കേരളം
കടബാധ്യത ദേശീയ ശരാശരിയേക്കാൾ 6.3 ശതമാനം അധികമായ 5.07 ലക്ഷം കോടി, പലിശയടയ്ക്കുന്നത് വരുമാനത്തിന്റെ 17.73 ശതമാനം. അതാകട്ടെ, ദേശീയ ശരാശരിയേക്കാൾ 5.74 ശതമാനം അധികം. വരുമാനത്തിന്റെ 39.9 ശതമാനം മാത്രമാണ് വികസനത്തിനായി നമുക്കു ചെലവഴിക്കാനാകുന്നത്. ദേശീയ ശരാശരി 63.5 ശതമാനമാണ്. മൂലധനച്ചെലവാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.34 ശതമാനം മാത്രം. ദേശീയ ശരാശരി 3.20 ആയിരിക്കെയാണിത്. ഡിഎ കുടിശിക, കരാറുകാര്ക്കു നല്കാനുള്ളത് എന്നിവ ഉള്പ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകളുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിനായി രൂപീകരിച്ച ധനകാര്യ സ്ഥാപനം കിഫ്ബി ഒരു സമാന്തര സാന്പത്തിക അധികാരകേന്ദ്രമായി മാറിയെന്നാണ് ധവളപത്രം കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തി അഴിച്ചുപണിയുമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 78,851 കോടി രൂപയായി ഉയർന്നു. സാമ്പത്തികഞെരുക്കം കാരണം പട്ടികജാതി-പട്ടികവർഗം, ന്യൂനപക്ഷങ്ങൾ എന്നിവർക്കായുള്ള പദ്ധതിവിഹിതത്തിൽ ഗണ്യമായ കുറവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
കിഫ്ബി വഴി വലിയ തോതിലുള്ള സ്വതന്ത്ര വായ്പകൾ എടുക്കുന്നത് അവസാനിപ്പിക്കുക, നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുക, കെഎസ്ആർടിസി, വാട്ടർ അഥോറിറ്റി തുടങ്ങിയവയുടെ നഷ്ടം കുറയ്ക്കുക, നഷ്ടം നികത്താൻ സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവയെ ലാഭത്തിലുള്ള ബെവ്കോയുമായി ലയിപ്പിക്കുക, ഊർജമേഖല സ്വകാര്യ നിക്ഷേപത്തിനായി തുറന്നുകൊടുക്കുക, വ്യവസായ വളർച്ചയ്ക്കായി ഭൂനിയമങ്ങളിലും തൊഴിൽ നിയമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുക, പെൻഷൻ ബാധ്യത കുറയ്ക്കുന്നതിനായി പെൻഷൻ പ്രായം ഏകീകരിക്കുകയോ വർധിപ്പിക്കുകയോ ചെയ്യുക, സർക്കാർ ചെലവുകളിൽ കർശനമായ അച്ചടക്കം പാലിക്കുക, നികുതിപിരിവ് കാര്യക്ഷമമാക്കുക തുടങ്ങിയ പരിഹാരമാർഗങ്ങളാണ് ധവളപത്രം ലക്ഷ്യമിടുന്നത്. നാട്ടിലെ വന്യജീവി-തെരുവുനായശല്യം ഒഴിവാക്കി കാർഷിക-വിനോദസഞ്ചാരമേഖലയെ രക്ഷിക്കുമോയെന്നതിൽ വ്യക്തതയില്ല; കേരളത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തെ വിട്ടുകളഞ്ഞതുപോലെ.
ഇതൊരു കുറ്റാന്വേഷണ റിപ്പോർട്ടോ രാഷ്ട്രീയ ആരോപണങ്ങളുടെ സമാഹാരമോ അല്ലെന്നു ധവളപത്രത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ടെങ്കിലും വായിക്കുന്നവർക്ക് കുറ്റവും ആരോപണങ്ങളും കണ്ടെത്താനാകും. അധികാരമൊഴിഞ്ഞ ഇടതു സർക്കാരിന്റെ ധൂർത്ത്, കെടുകാര്യസ്ഥത, ഉത്തരവാദരഹിത കടമെടുപ്പ്, അഴിമതി എന്നിവ സാന്പത്തികവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനം നേരിട്ട രണ്ടു മഹാപ്രളയങ്ങളും കോവിഡ് മഹാമാരിയും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ ആ പ്രതിസന്ധികാലങ്ങളിൽ സർക്കാർ ജനങ്ങളെ പരിഗണിച്ചെന്ന യാഥാർഥ്യം കടബാധ്യതകളുടെ കാരണങ്ങളിൽ പ്രധാനമാണ്. കേന്ദ്രം സംസ്ഥാനത്തിന്റെ ഫണ്ടുകൾ വെട്ടിക്കുറച്ചതും വൈകിച്ചതുമൊന്നും ധവളപത്രത്തിൽ പറയുന്നില്ലെന്ന് മുൻ ധനകാര്യമന്ത്രി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
നമുക്ക് ഇപ്പോഴിതു രാഷ്ട്രീയമല്ല, അതിജീവനത്തിന്റെ കാര്യമാണ്. ധവളപത്രം തയാറാക്കിയതിലെ സ്വകാര്യതയും രാഷ്ട്രീയവുമല്ലാതെ സാന്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രതിപക്ഷത്തിനും തർക്കമില്ല. അതുകൊണ്ടുതന്നെ ഈ ഊരാക്കുടുക്കിൽനിന്നു രക്ഷപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമത്തെ പ്രതിപക്ഷവും പിന്തുണയ്ക്കേണ്ടതാണ്. ജനങ്ങളുടെ മുതുകിലുള്ള നുകത്തിന്റെ ഭാരം കുറയ്ക്കാൻ പ്രതിപക്ഷത്തിനും ബാധ്യതയുണ്ടെന്നു മറക്കരുത്.
കടമെടുക്കലെന്ന മാരക ഒറ്റമൂലിയല്ല, അനാവശ്യ ചെലവുകൾ കുറച്ച്, പുതിയ സ്രോതസുകൾ കണ്ടെത്തി വരുമാനം വർധിപ്പിക്കുകയാണു വേണ്ടതെന്ന പാഠമാണ് ഈ ധവളപത്രത്തിന്റെ ഗുണപാഠം. ഇന്ധനവില വർധന, വിലക്കയറ്റം, പണപ്പെരുപ്പം... സാധാരണക്കാർ നീറുകയാണ്. ജനങ്ങൾക്കുമേൽ ഇനിയും നികുതി ഏർപ്പെടുത്താനാകുന്ന സാഹചര്യമല്ലെന്നും ഉള്ളതു പലതും പിൻവലിച്ചും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമുള്ള ബജറ്റാകണം അടുത്തതെന്നും ഈ ധവളപത്രം അടിവരയിട്ടു പറയുന്നു. ചികിത്സ വൈകരുത്.
Editorial
ഇതു വിദ്യാഭ്യാസവകുപ്പിനെ മാത്രം ബാധിക്കുന്നതല്ല. ചരിത്രവസ്തുതകളെ എടുത്തുകളഞ്ഞും ഹിന്ദുത്വ ആശയങ്ങൾ തിരുകിക്കയറ്റിയും വിദ്യാഭ്യാസരംഗത്തിന്റെ മതേതര അടിത്തറയിളക്കിയ കേന്ദ്രസർക്കാർ പരീക്ഷാ നടത്തിപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് അതിന്റെ മേൽക്കൂരയും പൊളിച്ചിരിക്കുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ ഉത്തരക്കടലാസ് മൂല്യനിർണയ പാളിച്ചകളും ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും അധ്വാനത്തെ വിലയില്ലാതാക്കി. വിവിധ പ്രവേശനപരീക്ഷകളിൽ മികച്ച വിജയം നേടിയവർ 12-ാം ക്ലാസിലെ ‘നശിച്ച’ മാർക്ക് ലിസ്റ്റിലേക്കു നോക്കി നെടുവീർപ്പിടുന്നു.
സിബിഎസ്ഇ പുനർമൂല്യനിർണയ നടപടികളും ഇഴയുകയാണ്. വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കുമോയെന്നത് സർക്കാരിനു ധാർമികതയുണ്ടോയെന്ന ചോദ്യംതന്നെയാണ്. മതവത്കരണവും അഴിമതിയും കെടുകാര്യസ്ഥതയും ദുർബലമാക്കിയ സിസ്റ്റമാണ് യഥാർഥ പ്രശ്നം. പരിഹാരശ്രമങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് പ്രതിപക്ഷത്തെയും വിദ്യാഭ്യാസ-സാങ്കേതിക വിദഗ്ധരെയും, സിബിഎസ്ഇയുടെ പിഴവുകളും അഴിമതിയും ചൂണ്ടിക്കാണിച്ച മിടുക്കരായ വിദ്യാർഥികളെയും ഉൾപ്പെടുത്തി കൂട്ടായ പരിശ്രമമാണ് അഭികാമ്യം.
ഈ വർഷം നടപ്പിലാക്കിയ ഒഎസ്എം (ഓൺ സ്ക്രീൻ മാർക്കിംഗ്) എന്ന ഡിജിറ്റൽ മൂല്യനിർണയ രീതിയാണ് അലങ്കോലമായത്. പക്ഷേ, ആഴത്തിൽ പരിശോധിച്ചാൽ ഒഎസ്എമ്മിനേക്കാൾ അതിന്റെ നടത്തിപ്പാണ് പാളിയതെന്നു കാണാം. ഒഎസ്എം അനുസരിച്ച് ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത ഡിജിറ്റൽ പകർപ്പു നോക്കിയാണ് മൂല്യനിർണയം. പകർപ്പെടുക്കാൻ ഏൽപ്പിച്ച കോഎംപ്റ്റ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡിന് അതു നന്നായി ചെയ്യാനായില്ല.
പകർപ്പുകളിലേറെയും വായിക്കാൻപോലുമാകാത്ത നിലയിലായിരുന്നു. അതുവച്ച് അധ്യാപകർ മാർക്കിട്ടു. മുഴുവൻ ഉത്തരമെഴുതിയവർക്കുപോലും പൂജ്യം മാർക്കായി. എന്തിനു പഠിക്കുന്നെന്ന ചിന്തപോലും ഒരു തലമുറയിലുണ്ടാക്കി. എന്നിട്ടും അധികാരത്തിലിരിക്കാൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനു കഴിയുന്നുണ്ടെങ്കിൽ, ഈ കെടുകാര്യസ്ഥതയെ വച്ചുപൊറുപ്പിക്കാൻ സർക്കാരിന് ഒരു മടിയുമില്ലെന്നേ പറയാനാകൂ.
ജീർണിച്ച സിസ്റ്റത്തിന്റെ പുതിയ വ്രണമാണ് സിബിഎസ്ഇ അഴിമതിയെന്നു തെളിയിച്ചതിൽ മുഖ്യപങ്ക് ഇത്തവണത്തെ സിബിഎസ്ഇ ഇരകൂടിയായ ജാർഖണ്ഡ് സ്വദേശി സാർഥക് സിദ്ധാന്തിനാണ്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്യാനും മൂല്യനിർണയം നടത്താനുള്ള സോഫ്റ്റ്വെയറിനായും കരാർ നൽകിയത് കോഎംപ്റ്റ് എഡ്യുടെക് എന്ന കമ്പനിക്കാണ്.
തെലുങ്കാനയിൽ 2019ല് സമാന ക്രമക്കേട് നടത്തി കരിന്പട്ടികയിലായ ‘ഗ്ലോബറേന’ എന്ന കമ്പനി എങ്ങനെയാണ് കോഎംപ്റ്റ് എന്ന അവതാരമെടുത്ത് സിബിഎസ്ഇയുടെ കരാർ കൈക്കലാക്കിയതെന്ന സൂചനകൾ സാർഥക് പുറത്തുവിട്ടത് രാജ്യത്തെ നടുക്കി. നിരവധി വിദ്യാർഥികളുടെ ആത്മഹത്യക്കിടയാക്കിയ ഗ്ലോബറേനയെ മുഖംമൂടിയണിയിച്ചതിന്റെ ഉത്തരവാദിത്വത്തിൽനിന്നു സിബിഎസ്ഇക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും ഒഴിവാകാനാകില്ല.
ഇതിനായി കരിന്പട്ടികയിൽ ഉൾപ്പെട്ട കന്പനികൾക്കുണ്ടായിരുന്ന വിലക്ക് നീക്കി, ടെൻഡർ വ്യവസ്ഥകൾ മാറ്റിയെഴുതി, വിറ്റുവരവ് പരിധി യോഗ്യതയും കോഎംപ്റ്റിന് അനുകൂലമാക്കി. ടിസിഎസ് പോലുള്ള കന്പനികളെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കുകയും ചെയ്തു. ഒടുവിൽ ‘ആരോ’ ആഗ്രഹിച്ചതുപോലെ, മൂന്നാം ടെൻഡറിൽ ഉത്തരക്കടലാസിന്റെ ഒരു പകർപ്പെടുക്കാൻപോലും അറിയില്ലാത്തവർക്കു കരാർ കിട്ടി.
17.68 ലക്ഷം 12-ാം ക്ലാസ് വിദ്യാർഥികളുടെ ഭാവിയുടെ കരാർ ഫോട്ടോസ്റ്റാറ്റ് തട്ടുകടക്കാരുടെ വൈദഗ്ധ്യം പോലുമില്ലാതിരുന്ന കരിന്പട്ടികയിലെ കറക്കുകന്പനിക്കു കൊടുത്തവർ ശിക്ഷിക്കപ്പെടുമോയെന്നതു ചോദ്യമാണ്, ഉത്തരം വരട്ടെ. കേന്ദ്ര അന്വേഷണ ഏജൻസികളൊക്കെ താന്താങ്ങളുടെ ഓഫീസിൽതന്നെ ഇരിക്കട്ടെ.
സിബിഎസ്ഇ സൈറ്റില് അധ്യാപകരുടെ പേര്, റോള് നമ്പര്, ബാങ്ക് വിവരങ്ങള് എന്നിവയില് മാറ്റങ്ങള് വരുത്താമെന്നു കണ്ടെത്തി സിബിഎസ്ഇ പോർട്ടലിലെ സുരക്ഷാ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത് നിസർഗ അധികാരി എന്ന പ്ലസ് ടുക്കാരനാണ്. സാർഥകിനെയും നിസർഗയെയും, പുനർമൂല്യനിർണയത്തിലെ പാളിച്ചകൾ തുടക്കത്തിലേ പുറത്തെത്തിച്ച വേദാന്ത് ശ്രീവാസ്തവയെയും പോലുള്ള കുട്ടികളെ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്തിരുത്തിയാൽപോലും സിബിഎസ്ഇയെ രക്ഷിക്കാനായേക്കും.
സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയെയും മാറ്റി മറ്റൊരാളെ വച്ചും, വിവാദ കന്പനിക്കു പിഴയിട്ടുമൊക്കെ സംഭവം ഒതുക്കാനുള്ള നീക്കം, ഈ കൊടിയ അഴിമതിയുമായി രാഷ്ട്രീയ-ഭരണ ബന്ധമുള്ളവരെ സംരക്ഷിക്കാനാകാം. മൂല്യനിര്ണയത്തിൽ സംഭവിച്ച ഗുരുതര പിഴവുകളെ നിർവീര്യമാക്കാൻ ഒഎസ്എമ്മിനെ പിന്തുണച്ച് പ്രചാരണവും ആരംഭിച്ചിരിക്കുകയാണ് സിബിഎസ്ഇ. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ഇത്തരം ശ്രമങ്ങളാണ്, 2024ലെ പിഴവ് ആവർത്തിച്ചുകൊണ്ട്, 24 ലക്ഷം വിദ്യാർഥികളുടെ അധ്വാനത്തെ നിഷ്ഫലമാക്കി ഇത്തവണയും നീറ്റ്-യുജി ചോദ്യപേപ്പർ ചോർന്നതിന്റെ അടിസ്ഥാനമെന്നു കരുതാം.
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച വേദാന്ത് ശ്രീവാസ്തവ എന്ന വിദ്യാർഥി തനിക്ക് ലഭിച്ച ഫിസിക്സ് ഉത്തരക്കടലാസിലെ കൈയക്ഷരം തന്റേതല്ലെന്ന് തെളിവ് സഹിതം എക്സിൽ പോസ്റ്റ് ചെയ്തപ്പോൾ, ആ കുട്ടിയെ പാക്കിസ്ഥാനിയെന്നും ദേശദ്രോഹിയെന്നുമാണ് സൈബർ ഗുണ്ടകൾ അധിക്ഷേപിച്ചത്. ഒടുവിൽ അവൻ പറഞ്ഞ തെറ്റ് അംഗീകരിച്ച് സിബിഎസ്ഇക്കു മാപ്പ് പറയേണ്ടിവന്നു എന്നതു വേറെ കാര്യം.
ഈ ‘പാക്കിസ്ഥാൻ, ദേശദ്രോഹി’ ഭാഷ ആരുടേതാണെന്നും തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ നിശബ്ദരാക്കുന്ന സംസ്കാര നിർമിതിയിൽ തങ്ങളുടെ പങ്കെന്താണെന്നും ചിന്തിക്കാൻ സർക്കാർ തയാറാകുമോയെന്നറിയില്ല. അധികാരമാണു മുഖ്യം. വിദ്യാഭ്യാസ മേഖലയിലെ ആവർത്തിക്കുന്ന പരാജയങ്ങളിൽ സാങ്കേതിക വീഴ്ച മാത്രമല്ല; അഴിമതി, കെടുകാര്യസ്ഥത, അസഹിഷ്ണുതയിലൂന്നിയ ഹിന്ദുത്വരാഷ്ട്രീയം എന്നിവയും തെളിയുന്നുണ്ട്. പരിക്ക് വിദ്യാർഥികൾക്കാണ്, രാജ്യത്തിനാണ്.
Editorial
മയക്കുമരുന്നുവേട്ടയ്ക്ക് പുതിയ സർക്കാർ കൊടുത്തിരിക്കുന്ന പേര് കൊടുങ്കാറ്റെന്നാണ്; തൂഫാൻ. ആവേശംകൊള്ളിക്കുന്ന പേരുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടങ്ങിയ മയക്കുമരുന്നുവേട്ടയൊന്നും ഇന്നുവരെ കാര്യമായി വിജയിച്ചിട്ടില്ല. ‘തൂഫാൻ’ ആഞ്ഞടിക്കണം; ചായക്കോപ്പയിലല്ല, സംസ്ഥാനത്തിന്റെ അധോലോകമായി മാറിയ ലഹരിക്കോട്ടകളിൽ.
ആദ്യം കപ്പലിലെ കള്ളന്മാരായ ചില രാഷ്ട്രീയക്കാരെയും പോലീസിനെയും കടലിലെറിയണം. ജനങ്ങളുടെ സഹകരണം ഉറപ്പാക്കണം. സഹകരിക്കുന്നവരുടെ സ്വകാര്യത ഉറപ്പാക്കണം. ഇതു സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് സമൂഹം തിരിച്ചറിയണം. കുടുംബ-സാമൂഹികബന്ധങ്ങളെ താറുമാറാക്കിയ ലഹരിക്കെതിരേയുള്ള യുദ്ധത്തിൽ ദീപികയുമുണ്ടാകും. തമിഴ്നാടും ലഹരിവേട്ട ശക്തമാക്കിയതിനാൽ കണ്ണികളറുക്കാൻ ഇതാണു സമയം.
ഇന്നലെയാണ് ലഹരി മാഫിയക്കെതിരേയുള്ള ‘ഓപ്പറേഷൻ തൂഫാൻ; ദി നാർക്കോ ഹണ്ട്’ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത ഉടൻതന്നെ രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ചിരുന്നു. ലഹരി മാഫിയകൾക്കെതിരേ ശക്തമായ നിയമനടപടിയെടുക്കുക, ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ലക്ഷ്യം.
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആഭ്യന്തരവകുപ്പുകളുമായി സഹകരിക്കും. വിവരങ്ങൾ രഹസ്യമായി കൈമാറാൻ ആപ്പുകളും സമൂഹമാധ്യമസംവിധാനങ്ങളും സജ്ജമാക്കും. വിദ്യാലയങ്ങളിൽ പ്രത്യേക കരിക്കുലം നടപ്പിലാക്കുക, ലഹരി മാഫിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ തീരുമാനങ്ങൾ ബോധവത്കരണവും ഉരുക്കുമുഷ്ടിയും ഒരേസമയം നടപ്പാക്കാനുള്ള നീക്കമാണ്. പക്ഷേ, വർഷത്തിൽ ഒന്നോ രണ്ടോ മണിക്കൂർ ക്ലാസെടുക്കുന്നതാകരുത് ഇപ്പറഞ്ഞ ബോധവത്കരണം.
ജമ്മു കാഷ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ലഹരിവേട്ടയുടെ 51-ാം ദിവസം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കുൽഗാമിൽ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ നാം ഏറ്റു പറയേണ്ടതാണ്. “അവസാനത്തെ മയക്കുമരുന്നുസംഘത്തെയും ഒതുക്കുവോളം ഈ മുന്നേറ്റം അവസാനിപ്പിക്കില്ല.” ഈ വാക്കുകളിൽ നിശ്ചയദാർഢ്യമുണ്ട്.
ഈ കാന്പയ്ൻ തങ്ങൾ സർക്കാർ സംവിധാനങ്ങളിലൊതുക്കിയില്ലെന്നും കാഷ്മീരിലെ യുവാക്കളുടെയും കുടുംബങ്ങളുടെയും വിവിധ മതനേതാക്കളുടെയും സംഘടനകളുടെയും സമൂഹത്തിന്റെ ആകെത്തന്നെയും സഹകരണം ഉറപ്പാക്കിയെന്നും അതു ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്തിമഫലം അറിയാനിരിക്കുന്നതേയുള്ളൂവെങ്കിലും കാഷ്മീരിന്റെ പരിശ്രമം കണ്ടില്ലെന്നു നടിക്കാനാകില്ല.
തീവ്രവാദവും മയക്കുമരുന്നും ഇല്ലാതായാൽ കാഷ്മീർ ഭൂമിയിലെ സ്വർഗമെന്ന പദവി തിരിച്ചെടുക്കും. അവിടത്തെ ടൂറിസത്തിന് ഈ രാജ്യത്തെ തീറ്റിപ്പോറ്റാനുള്ളത്ര സാധ്യതയുണ്ട്. മയക്കുമരുന്ന് മറ്റാരുടെയോ കാര്യമാണെന്ന് ഒരാളും കരുതരുത്. മയക്കുമരുന്നടിമകളുടെ കുടുംബങ്ങളൊന്നും അത് തങ്ങളുടെ വീടിനെയും വിഴുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
കേരളത്തിൽ മയക്കുമരുന്നു-ഗുണ്ടാ സംഘങ്ങളെ പേടിച്ചു വഴിയിലിറങ്ങാനാകാത്ത സ്ഥിതിയുണ്ട്. ജീവഭയത്താലാണ് ആരും പ്രതികരിക്കാത്തത്. പോലീസിനും പേടിയുണ്ട്. പോലീസിൽ ഒറ്റുകാരുമുണ്ട്. 2021ൽ 25,000 പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. ലഹരിവ്യാപനം തടയുന്നതിനുള്ള എൻഡിപിഎസ് നിയമപ്രകാരം 2022ൽ രാജ്യത്തെ മൊത്തം അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു.
2023ലും 2024ലും അറസ്റ്റിലായവരുടെ എണ്ണം ഏകദേശം 30,000 ആയി. 2025ലും കേസുകൾ വർധിച്ചു. ‘തൂഫാൻ’ തുടങ്ങിയതിനുശേഷം വിവിധ സ്ഥലങ്ങളിൽനിന്നു പലരെയും പിടികൂടിക്കഴിഞ്ഞു. തിരുവനന്തപുരം ഈഞ്ചക്കലിൽനിന്ന് പത്തു കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ പിടിയിലായി. റെയിൽവേ പോലീസും റെയിൽവേ സംരക്ഷണ സേനയും നടത്തിയ സംയുക്ത പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 60 കിലോ കഞ്ചാവാണ്.
ആംബുലൻസിൽ കടത്താൻ ശ്രമിച്ച 280 ഗ്രാം എംഡിഎംഎ തൃശൂർ മണ്ണുത്തിയിൽ കുന്നംകുളം പോലീസ് പിടികൂടിയത് ഇക്കഴിഞ്ഞ ദിവസമാണ്. സ്ത്രീകളെയും കുട്ടികളെയുംവരെ മയക്കുമരുന്നുകടത്തിന് ഉപയോഗിക്കുന്നുണ്ട്. സ്കൂൾ അധികൃതർ സൽപേര് പോകുമെന്ന ഭയത്താൽ വിവരം മറച്ചുവയ്ക്കുന്നുണ്ട്. നാട്ടുകാരോടു പറയണമെന്നില്ല. പക്ഷേ, പോലീസിനെ അറിയിച്ചേ മതിയാകൂ. രഹസ്യവിവരം നൽകുന്നവരെ തേടി ഗുണ്ടകളെത്തില്ലെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പാക്കണം.
തൂഫാൻ പുറത്തു വീശിയാൽ പോരാ. ലഹരിവ്യാപാരികളെ സഹായിക്കുന്ന പോലീസുകാരെയും രാഷ്ട്രീയക്കാരെയും പുകച്ചു പുറത്തു ചാടിക്കണം. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കുറ്റവാളികളായല്ല ഇരകളോ രോഗികളോ ആയി കാണണം. വിമുക്തികേന്ദ്രങ്ങൾ സജീവമാക്കണം. അവർ പഴയ ലാവണങ്ങളിലേക്കു മടങ്ങുന്നില്ലെന്ന് തുടർപരിചരണങ്ങളിലൂടെ ഉറപ്പാക്കണം. അകത്തുനിന്നു മാത്രം തുറക്കാവുന്ന പൂട്ടുള്ള ഏക തടവറയാണ് ആസക്തിയെന്നു പറയാറുണ്ട്. പക്ഷേ, പൂട്ടു തുറക്കാൻ ശേഷിയില്ലാത്തവരെ വാതിൽ പൊളിച്ചു രക്ഷിക്കുകയേ നിവൃത്തിയുള്ളൂ.
തൂഫാൻ വിജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. പക്ഷേ, ആഭ്യന്തരവകുപ്പിനു മറ്റു നേട്ടങ്ങളുമുണ്ട്. കാരണം, ലഹരിയെ തളയ്ക്കുന്നത് കുറ്റകൃത്യങ്ങളെ തളയ്ക്കുന്നതിനു തുല്യമാണ്. ലഹരി-ഗുണ്ടാസംഘങ്ങളെ വീഴ്ത്താതെ ക്രമസമാധാനപാലനം സാധ്യമല്ലെന്ന് ആഭ്യന്തരവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടാകും.