സംസ്ഥാന സ്കൂൾ പ്രവേശനോത്സവം കലവൂർ ജിഎച്ച്എസ്എസിൽ
Friday, May 30, 2025 1:40 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
പ്രവേശനോത്സവത്തിന്റെ ഭാഗമായി 3000 പേർക്ക് സദ്യയൊരുക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി നാളെ 5000 പേർ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഫ്ളാഗ് ഓഫ് ചെയ്യും. എല്ലാ സ്കൂളുകളിലും പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും.
പ്രവേശനോത്സവ ഗാനമായി കൊട്ടാരക്കര താമരക്കുടി എസ്വിവിഎച്ച്എസ്എസിലെ വിദ്യാർഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനം തെരെഞ്ഞെടുത്തു. സംഗീത സംവിധായകൻ അൽഫോൻസ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.