ലോറിക്കു മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു
Friday, May 30, 2025 1:57 AM IST
കുമളി: തമിഴ്നാട് ബസ്സ്റ്റാൻഡിനു സമീപം യന്ത്രത്തകരാറിനെ തുടർന്ന് നിർത്തി ഇട്ടിരുന്ന ലോറിക്കു മുകളിലേക്ക് വൻ മരം കടപുഴകി വീണ് ലോറിയുടെ കാബിനുള്ളിൽ ഉണ്ടായിരുന്ന യുവാവ് മരിച്ചു.
കോട്ടയം കുറിച്ചി ചൂലപ്പറന്പിൽ സി.ഡി. മനോജ്കുമാറിന്റെ മകൻ ശ്രീജിത് മനോജ് (19) ആണ് മരിച്ചത്. ഡ്രൈവർ ചങ്ങനാശേരി മലകുന്നം മൈലാടുംതറ ബിബിൻ, സഹായി റോഷൻ എന്നിവർ രക്ഷപെട്ടു.
പാലായിൽനിന്ന് തമിഴ്നാട്ടിലെ പെരിയകുളത്തേക്ക് റബർതടിയുമായി പോയ ലോറി യന്ത്രത്തകരാറിനെ തുടർന്ന് നിർത്തി ഇട്ടിരിക്കുകയായിരുന്നു. ലോറിയിലെ സഹായിയായിരുന്നു ശ്രീജിത്. മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ശ്രീജിത്തിനെ പുറത്തെടുക്കാനായത്.
നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വാഹനത്തിനു മുകളിൽ വീണ വൻ മരം യന്ത്രവാളും ജെസിബിയും ഉൾപ്പെടെയുള്ളവ എത്തിച്ച് മുറിച്ചു മാറ്റി.മൃതദേഹം കുമളി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട് പോലീസ് എത്തി മേൽ നടപടികൾസ്വീകരിച്ചു.