വാക്സിനെടുത്തിട്ടും പേവിഷബാധ; അഞ്ചു വയസുകാരൻ ഗുരുതരാവസ്ഥയിൽ
Thursday, June 19, 2025 3:01 AM IST
പരിയാരം: വാക്സിനെടുത്തിട്ടും കണ്ണൂരിൽ അഞ്ചു വയസുകാരന് പേവിഷബാധ ലക്ഷണങ്ങൾ. തമിഴ്നാട് സ്വദേശിയായ കുഞ്ഞിനാണു രോഗലക്ഷണങ്ങൾ കണ്ടത്. കുട്ടി ഇപ്പോൾ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പയ്യാമ്പലത്തുനിന്ന് മേയ് 31 നാണ് തെരുവ് നായ കുട്ടിയെ കടിച്ചതെന്ന് പറയുന്നു. വലതുകണ്ണിനും ഇടതുകാലിനുമാണ് കടിയേറ്റത്. ഉടൻതന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ആന്റി റാബീസ് വാക്സിനും ഇമ്യൂണോ ഗ്ലോബുലിനും നൽകി. ചികിത്സയ്ക്കുശേഷവും കുട്ടിക്ക് പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടതായാണു ഡോക്ടർമാർ പറയുന്നത്.
ചികിത്സ ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും റാബീസ് രോഗം പൂർണമായും ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായിരിക്കാം. കുട്ടിക്ക് ഉയർന്ന പനി, ജലഭയം, പേശികളിലെ ആക്രമണാവസ്ഥ തുടങ്ങിയ ലക്ഷണങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത്.
സംഭവം അന്വേഷിക്കാനുള്ള നടപടി ആരോഗ്യവകുപ്പ് തുടങ്ങി.