മാരുതി കാറിന് തനിയെ തീപിടിച്ചു; ഷോർട്ട് സര്ക്യൂട്ടാകാമെന്നു പ്രാഥമിക നിഗമനം
Thursday, June 19, 2025 3:01 AM IST
തുറവൂര്‍: ആലപ്പുഴയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി കാറിന് തനിയെ തീപിടിച്ചതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് പ്രാഥമിക നിഗമനം. കരിഞ്ഞ മണം വരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രികര്‍ വേഗം പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും ആളപായമില്ല.
കുത്തിയതോട് 12-ാം വാര്‍ഡ് ചള്ളിയില്‍ വീട്ടില്‍ അനന്തു അശോകന്റെ ഉടമസ്ഥതയിലുള്ള പുത്തന്‍ മാരുതി സുസുക്കി ഇഗ്നിസ് കാറാണ് കത്തി നശിച്ചത്. അനന്ദുവും കുടുംബവും പാണാവള്ളിയില്‍ ഒരു മരണ വീട്ടില്‍ പോയി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
തുറവൂര്‍-തൈക്കാട്ടുശേരി റോഡില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മാരുതി കാർ കത്തിയത്. അനന്ദുവാണ് വാഹനം ഓടിച്ചിരുന്നത്. അച്ഛന് അശോകനും അമ്മ പുഷ്പലതയും വണ്ടിയിലുണ്ടായിരുന്നു. വാഹനത്തില്‍നിന്നു കരിഞ്ഞ മണം അനുഭവപ്പെട്ട ഉടനെ വാതില്‍ തുറന്ന് മൂവരും പുറത്ത് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വാഹനത്തിന്റെ മുന്‍ ഭാഗത്താണ് തീപിടിച്ചത്.
കാറിന് തീപിടിച്ചത് കണ്ട് ഓടിയെത്തിയ നാട്ടുകാരും ചേര്ത്തലയില്നിന്നെത്തിയ അഗ്നി രക്ഷാസേനയും ചേര്‍ന്നാണ് തീയണച്ചത്. കുത്തിയതോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുറവൂര്‍ വെസ്റ്റ് യുപി സ്കൂള്‍ അധ്യാപകനും ചിത്രകാരനുമായ അനന്തു അശോകന് കാര്‍ വാങ്ങിയിട്ട് ഒമ്പതു മാസമേ ആയിട്ടുള്ളൂ.