ദേശീയ വായനാദിന- മാസാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Thursday, June 19, 2025 3:01 AM IST
തിരുവനന്തപുരം: പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 30-ാമത് ദേശീയ വായന, ഡിജിറ്റൽ വായനാദിന-മാസാഘോഷം ഇന്നു രാവിലെ 10ന് വഴുതക്കാട് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യാതിഥിയാവും. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു ലക്ഷം വായന സദസ് സംഘടിപ്പിക്കും. കുട്ടികൾ വായനാദിന പ്രതിജ്ഞ ചൊല്ലും.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും 18 വിദേശരാജ്യങ്ങളിലും ദേശീയ വായനദിനം ആഘോഷിക്കും. യുജിസിക്ക് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എൻജിനിയറിംഗ് കോളജ്, പോളിടെക്നിക്, നഴ്സിംഗ് കൗണ്‍സിൽ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വായന ദിനം ആഘോഷിക്കും. ഒരു മാസം നീളുന്ന പരിപാടികൾക്കൊപ്പം വായന ക്വിസ് മത്സരവും (ഓണ്‍ലൈൻ, ഓഫ്ലൈൻ) ഉണ്ടാവും. വിജയിക്ക് ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും പുസ്തകങ്ങളുമാണ് സമ്മാനം.
കുട്ടികൾക്ക് കവിതാപാരായണം, ഉപന്യാസം, പദമത്സരം, ചിത്രരചന, കൂട്ടയോട്ടം, ചർച്ചാ യോഗങ്ങൾ, സെമിനാറുകൾ, വിളംബര ഘോഷയാത്രകൾ, പി.എൻ. പണിക്കർ വായന കോർണറുകൾ, മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണ യോഗങ്ങൾ, തെരുവ് നാടകങ്ങൾ തുടങ്ങിയവയും നടക്കും.
തിരുവനന്തപുരം പൂജപ്പുര അക്ഷരഗുരു സന്നിധിയിൽ ഇന്നു മുതൽ ജൂലൈ 18 വരെ വൈകുന്നേരം അഞ്ച് മുതൽ വിവിധ ചർച്ചായോഗങ്ങളും നടക്കും.