അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ; ‘എന്റെ കുടുംബം ലഹരിമുക്ത കുടുംബം’ പരിപാടിക്കു തുടക്കം
Thursday, June 19, 2025 3:01 AM IST
തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ് 26ന് റസിഡൻസ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ‘എന്റെ കുടുംബം ലഹരിമുക്ത കുടുംബം’ എന്ന പരിപാടിയ്ക്ക് തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ലഹരിവിരുദ്ധ കാന്പയിന്റെ അഞ്ചാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 26നു നടക്കും. 2026 ജനുവരി 30 വരെ നീണ്ടു നിൽക്കുന്ന കാന്പയിനായിരിക്കുമിത്. ജില്ലാതല ഉദ്ഘാടനം അതാത് ജില്ലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കും.
‘ആർട്ട് ഡിക്ഷൻ ദ് വേ ഓഫ് ഇൻസ്പിരേഷൻ’ എന്ന പ്രോഗ്രാം കോളജ് തലത്തിൽ സംഘടിപ്പിക്കും. എല്ലാ കാമ്പസുകളിലും ഒരേ സമയം പരിപാടിയുടെ ലോഞ്ചിംഗ് മന്ത്രിമാർ, ജനപ്രതിധികൾ, സിനിമാ പ്രവർത്തകർ, എൻജിഒകൾ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കും.
മൂന്നു മാസത്തിനകം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുകയും പരമാവധി കുടുംബങ്ങളെ ലഹരിമുക്ത കുടുംബം ആക്കുകയും ചെയ്യുന്ന റസിഡൻസ് അസോസിയേഷനുകൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സമ്മാനം നൽകും.
സ്കൂൾ, കോളജ് തലത്തിൽ എൻഎസ്എസ്, എസ്പിസി, ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവരുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കും. തദ്ദേശ, വിദ്യാഭ്യാസ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ സ്കൂൾ പാർലമെന്റ് നടത്തും.
ലഹരിമുക്ത സുരക്ഷിത വിദ്യാലയം കുട്ടികളുടെ അവകാശം എന്ന പ്രമേയം അവതരിപ്പിക്കും. എല്ലാ സർക്കാർ ഓഫീസുകളിലും 26ന് രാവിലെ 11ന് ഓഫീസ് മേധാവി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.