ഭരണഘടനാ നിർമാണസഭ ചർച്ചകളുടെ മലയാള പരിഭാഷ 24ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും
Thursday, June 19, 2025 3:01 AM IST
തിരുവനന്തപുരം: ഭരണഘടനാ നിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷ ഒന്നാം വാല്യത്തിന്റെ പ്രകാശനം 24ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തന്പി മെംബേഴ്സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതോടനുബന്ധിച്ച് മുൻ നിയമസഭാ സാമാജികരുടെയും മുൻ നിയമസഭാ ജീവനക്കാരുടെയും മുൻ നിയമസഭാ സെക്രട്ടറിമാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ, നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം, ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള സെമിനാർ, മുതിർന്ന മുൻ നിയമസഭാ സാമാജികർ, ഈ നിയമസഭയുടെ കാലയളവിൽ 25 വർഷം പൂർത്തിയാക്കുന്ന നിയമസഭാ സാമാജികർ, മുതിർന്ന മുൻ നിയമസഭാ ജീവനക്കാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കൽ, നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകളുടെ വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
മുൻ നിയമസഭാ സാമാജികരുടെയും നിയമസഭാ സെക്രട്ടേറിയറ്റിലെ മുൻജീവനക്കാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ, ‘പെയ്തിറങ്ങുന്ന ഓർമകൾ’ എന്ന പേരിൽ രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പരിപാടിയോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന നിലവിൽവന്നതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഭരണഘടനാനിർമാണസഭയുടെ ചർച്ചകൾ ഔദ്യോഗികമായി മലയാളത്തിലേക്ക് തർജമചെയ്യുകയെന്ന ഉദ്യമത്തിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തുടക്കംകുറിച്ചത്.