കൊച്ചി വിമാനത്താവളത്തിൽ ഫയർ ഫൈറ്റിംഗ് റോബോട്ടും ബൂം ലിഫ്റ്റും പ്രവർത്തനസജ്ജം
Wednesday, June 18, 2025 1:02 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിലെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടി പർപസ് ഫയർ ഫൈറ്റിംഗ് റോബോട്ട് എന്നീ രണ്ട് അത്യാധുനിക ഉപകരണങ്ങൾ അനാവരണം ചെയ്തു. സിയാൽ സെൻട്രൽ ബ്ലോക്കിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.
ആർട്ടികുലേറ്റഡ് ബൂം ലിഫ്റ്റ് ഉപകരണം 28 മീറ്റർ വരെ ഉയരത്തിലുള്ള രക്ഷാപ്രവർത്തനത്തിനും അഗ്നിശമന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാകും. ഹൈഡ്രോളിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ഈ ഉപകരണത്തിന് 250 കിലോഗ്രാം വരെ ഭാരമെടുക്കാനുമുള്ള ശേഷിയുണ്ട്.
അപകടകരമായ സ്ഥലങ്ങളിലേക്ക് ചെന്നുകയറി അഗ്നിശമന പ്രവർത്തനങ്ങൾ നടത്താൻ ഇതിന് കഴിവുണ്ട്. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനാവുന്ന റോബോട്ടിൽ കാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമുണ്ട്. 360 ഡിഗ്രിയിലും തീയണയ്ക്കാൻ ശേഷിയുണ്ട്.
പുതിയ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത തെളിയിക്കുന്ന പ്രദർശനവും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി. ജയരാജൻ, സജി കെ. ജോർജ്, എയർപോർട്ട് ഡയറക്ടർ ജി.മനു , എആർഎഫ്എഫ് ഹെഡ് സോജൻ കോശി, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.