ബോംബ് ഭീഷണി; കൊച്ചിയിൽനിന്നു പുറപ്പെട്ട വിമാനം നാഗ്പുരിൽ ഇറക്കി
Wednesday, June 18, 2025 2:01 AM IST
നെടുമ്പാശേരി : രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി.
മസ്കറ്റിൽ നിന്ന് നെടുമ്പാശേരിയിൽ എത്തിയ ശേഷം ഇന്നലെ രാവിലെ 9.31ന് ഡൽഹിയിലേക്ക് ആഭ്യന്തര സർവീസ് നടത്തിയ ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം എത്തിയത്. സിയാലിന്റെ ഔദ്യോഗിക മെയിലിലാണ് സന്ദേശം വന്നത്.
ഇതേത്തുടർന്ന് ബിടിഎസി അടിയന്തര യോഗം ചേർന്നു. തുടർന്ന് വിമാനം നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. സന്ദേശം വ്യാജമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഡൽഹിയിലേക്ക് പുറപ്പെട്ടത്.
157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിലെ പ്രാർഥനാമുറിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന് 13നും സിയാലിന്റെ മെയിലിൽ ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു.