മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: ഒളിവിലായിരുന്ന പോലീസുകാര്‍ അറസ്റ്റില്‍
Wednesday, June 18, 2025 1:01 AM IST
കോഴിക്കോട്: മലാപ്പറമ്പിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിന്റെ സൂത്രധാരന്മാരായ രണ്ടു പോലീസുകാര്‍ അറസ്റ്റില്‍.
എആര്‍ ക്യാന്പ് ഡ്രൈവര്‍മാരായ കോഴിക്കോട് കുന്നമംഗലം പടനിലം സ്വദേശി കെ. സനിത് (45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. ഷൈജിത്ത് (42) എന്നിവരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെ നടക്കാവ് പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തത്.
കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. താമരശേരി കോരങ്ങാട്ടെ ആളൊഴിഞ്ഞ ഒരു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ മറ്റൊരു ഒളിത്താവളത്തിലേക്കു കാറില്‍ സഞ്ചരിക്കുകയായിരുന്നു.
പ്രതികളായ പോലീസുകാരെ പിടികൂടാത്തതില്‍ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് അറസ്റ്റ്്. നടക്കാവ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ പോലീസുകാരെ ചോദ്യംചെയ്തു.
കേസിലെ പ്രധാന പ്രതിയും അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയുമായ വയനാട് സ്വദേശിനി ബിന്ദുവുമായി രണ്ടു പോലീസുകാരും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. അനാശാസ്യകേന്ദ്രത്തില്‍നിന്ന് ആറു സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പോലീസിന്റെ സ്വാധീനം ഉപയോഗിച്ച് അനാശാസ്യകേന്ദ്രത്തില്‍ പരിശോധന ഒഴിവാക്കാന്‍ പ്രതികള്‍ക്കു കഴിഞ്ഞിരുന്നു.
അഞ്ചു വര്‍ഷം മുന്‍പാണ് അനാശാസ്യകേന്ദ്രത്തിന്റെ മുഖ്യനടത്തിപ്പുകാരനായ പോലീസുകാരനും വയനാട് സ്വദേശി ബിന്ദുവും തമ്മില്‍ പരിചയപ്പെട്ടത്. മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പോലീസുകാരന് മറ്റൊരു കേസിന്റെ പരിശോധനയ്ക്കു പോയപ്പോഴാണു ബിന്ദുവുമായി പരിചയപ്പെട്ടത്.അമനീഷ് കുമാറാണ് അനാശാസ്യ കേന്ദ്രം പ്രവര്‍ത്തിച്ചുവന്ന കെട്ടിടം വാടകയ്ക്ക് എടുത്തത്. ഇയാള്‍ നിലവില്‍ വിദേശത്താണുള്ളത്. ഇയാളെ നാട്ടിലെത്തിക്കാനുളള നീക്കം പോലീസ് ആരംഭിച്ചു.