ഡാറ്റാബാങ്ക് ശുദ്ധീകരിക്കും: മന്ത്രി
Thursday, June 19, 2025 3:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ നെല്‍വയലുകളുടെ ഡാറ്റാ ബാങ്ക് സംശുദ്ധീകരിച്ച് അന്തിമമാക്കാന്‍ നടപടി സ്വീകരിച്ചതായി റവന്യു മന്ത്രി കെ. രാജൻ.
2008ലെ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഡാറ്റാ ബാങ്ക് പ്യൂരിഫിക്കേഷനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുക. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് & എന്‍വയോണ്‍മെന്റ് സെന്റര്‍ (KSREC) നെയാണ് നിര്‍വഹണച്ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.
നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്കിയ 500 ഡാറ്റാബാങ്കുകളില്നിന്നും 486 എണ്ണവും സംശുദ്ധീകരിച്ച് ബന്ധപ്പെട്ട കൃഷിഭവനുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവയുടെ സംശുദ്ധീകരണമാണ് മൂന്നുമാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്.
ഡാറ്റാ ബാങ്കുകളുടെ സംശുദ്ധീകരണം പൂര്‍ത്തിയാക്കിയായാല്‍ തെറ്റായി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിവാക്കപ്പെടും. ഈ ഭൂമികള്‍ തരം മാറ്റുന്നതിനായി ഫോം നമ്പര്‍ അഞ്ചില്‍ അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കപ്പെടുകയും ചെയ്യും.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 അടിസ്ഥാനമാക്കിയാണ് ഡാറ്റാ ബാങ്ക് തയാറാക്കുന്നത്. ഡാറ്റാ ബാങ്കുകള്‍ അന്തിമമാകുന്നതോടെ സംസ്ഥാനത്ത് അനധികൃത നെല്‍വയല്‍ നികത്തലിന് ശാശ്വത പരിഹാരമാകും.
അതേസമയം തെറ്റായി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി പ്രത്യേക അപേക്ഷ കൂടാതെതന്നെ ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കപ്പെട്ടേക്കാം.