ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ-ഒഡീഷ തീരത്തെത്തും
Saturday, December 4, 2021 12:42 AM IST
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ജവാദ് ചുഴലിക്കാറ്റായി രൂപംമാറിയെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് ഇന്നു രാവിലെയോടെ ചുഴലിക്കാറ്റ് വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിലെത്തും. വടക്കുകിഴക്കൻ ദിശയിൽ തുടരുന്ന ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലർച്ചെയോടെ പുരി തീരത്തെത്തുമെന്നുമാണു നിഗമനം.
സൗദി അറേബ്യയാണു കൊടുങ്കാറ്റിന് ജാവേദ് എന്ന പേരിട്ടത്. കഴിഞ്ഞ മുപ്പതിനാണ് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ടത്. വെള്ളിയാഴ്ചയോടെയാണു ചുഴലിക്കൊടുങ്കാറ്റായി മാറിയത്. ഇതേത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ വടക്കൻ ആന്ധ്രാതീരത്തും ഒഡീഷയുടെ തെക്കൻ തീരത്തും ശക്തമായ മഴ അനുഭവപ്പെട്ടു.
ഇന്നും മേഖലയിൽ ശക്തമായ മഴ ലഭിച്ചേക്കും. കനത്ത മഴയെത്തുടർന്ന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിശാഖപട്ടണം ജില്ലകളിൽ ഇന്ന് റെഡ്അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ ഗജപതി, ഗഞ്ചാം, പുരി, ജഗത്സിംഗ്പുർ ജില്ലകളിലും റെഡ് അലേർട്ടുണ്ട്.