എൺപത്തഞ്ചിലും പ്രഫസർ മാത്യു മിന്നും താരം
Sunday, September 22, 2019 1:22 AM IST
തളിപ്പറമ്പ്: 85 വയസിലും സംസ്ഥാന മാസ്റ്റേഴ്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ താരമായി പ്രഫ. സി.പി. മാത്യു. ഇന്നലെ നടന്ന ബാക്ക്സ്ട്രോക്ക്, ഫ്രീസ്റ്റൈൽ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയ മാത്യു ഇന്നു നടക്കുന്ന ബട്ടർഫ്ളൈ, ബ്രെസ്റ്റ് സ്ട്രോക്ക് ഉൾപ്പെടെയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലുമാണ്.
കഴിഞ്ഞമാസം 29 ന് ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫിറ്റ് ഇന്ത്യ മൂവ്മെന്റിനായി കേരളത്തിൽനിന്ന് വിശിഷ്ടാതിഥികളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച മൂന്നുപേരിൽ ഒരാളായിരുന്നു പ്രഫ. മാത്യു. ഡിസ്കസ് ത്രോ, 400 മീറ്റർ ഓട്ടം എന്നിവയിൽ രാജ്യാന്തര സ്വർണമെഡൽ ജേതാവാണ്.
തൃശൂർ കുറ്റിപ്പുഴനഗറിൽ ചൂരക്കുറ്റിൽ കുടുംബാംഗമായ പ്രഫ. മാത്യു തൃശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽനിന്നാണു വിരമിച്ചത്.
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ നീന്തൽക്കുളത്തിൽ നടക്കുന്ന ഒന്‍പതാമത് സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 130 ടീമുകളാണ് പങ്കെടുക്കുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.