ലിവർപൂളിനെ തളച്ച് യുണൈറ്റഡ്
Monday, October 21, 2019 10:55 PM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിജയ പരന്പരയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിലങ്ങ്. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരം 1-1 സമനിലയിൽ കലാശിച്ചു. 36-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോഡിലൂടെ മുന്നിൽ കടന്ന യുണൈറ്റഡിനെ 85-ാം മിനിറ്റിൽ ആദം ലല്ലനയിലൂടെ ലിവർപൂൾ സമനിലയിൽ പിടിക്കുകയായിരുന്നു. അതോടെ പ്രീമിയർ ലീഗിൽ തുടർച്ചയായ 18-ാം ജയം കുറിക്കാൻ ലിവർപൂളിനു സാധിച്ചില്ല. മാർച്ചിൽ എവർട്ടണുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞശേഷം ലിവർപൂൾ പോയിന്റ് പങ്കുവയ്ക്കുന്നത് ഇതാദ്യമാണ്. അതേസമയം, സീസണിലെ നൂറു ശതമാനം പോയിന്റ് തുടക്കത്തിനു വിരാമമായെങ്കിലും തോൽവി അറിയാതെയുള്ള ലിവർപൂളിന്റെ മുന്നേറ്റം തുടരുകയാണ്.
25 പോയിന്റുമായി ലിവർപൂൾ ഒന്നാമത് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി 19 പോയിന്റുമായി രണ്ടാമതാണ്. 10 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് 13-ാമതാണ്.