ന്യൂസിലൻഡിൽ ചരിത്രം കുറിക്കാൻ ഇന്ത്യ
Wednesday, February 19, 2020 11:49 PM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ ഇന്ത്യക്ക് ഒരു ടെസ്റ്റ് ക്രിക്കറ്റ് പരന്പര സ്വന്തമാക്കാൻ സാധിക്കുമോ എന്നതിനാണ് ആരാധകരുടെ കാത്തിരിപ്പ്. 1969ൽ ന്യൂസിലൻഡ് പര്യടനം നടത്തിയപ്പോൾ മൂന്ന് മത്സര പരന്പരയിലെ ഒരെണ്ണത്തിൽ ഇന്ത്യ ജയിച്ചിരുന്നു. മുൻസൂർ അലിഖാൻ പട്ടൗഡിയുടെ കീഴിലായിന്നു ഇന്ത്യ അന്ന് ആദ്യ മത്സരത്തിൽ 60 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്. അതിനുശേഷം ഇന്നുവരെ ഇന്ത്യക്ക് ന്യൂസിലൻഡിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ സാധിച്ചിട്ടില്ല. പിന്നീട് നാല് തോൽവിയും രണ്ട് സമനിലയുമാണ് ഇന്ത്യൻ അക്കൗണ്ടിലുള്ളത്.
മായങ്ക് - ഷാ ഓപ്പണിംഗ്
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ബാറ്റിംഗ് ഓപ്പണിംഗ് മായങ്ക് അഗർവാളും പൃഥ്വി ഷായും ചേർന്നു നടത്തുമെന്ന സൂചന നല്കി ക്യാപ്റ്റൻ വിരാട് കോഹ്ലി. ടീമിന്റെ പേസ് നിരയെ നയിക്കുക സീനിയർ ബൗളർ ഇഷാന്ത് ശർമയായിരിക്കുമെന്നും കോഹ്ലി സൂചന നൽകിയിട്ടുണ്ട്. കോഹ്ലി നൽകുന്ന സൂചനകളിൽനിന്ന് മൂന്ന് പേസർമാരും ഒരു സ്പിന്നറുമായിരിക്കും ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിലുണ്ടാവുക. 21 ന് വെല്ലിംഗ്ടണിലാണ് രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം.
ജേതാക്കൾക്കുള്ള ട്രോഫി കോഹ്ലിയും ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും ചേർന്ന് ഇന്നലെ പ്രകാശനം ചെയ്തു. പരന്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ ടീം അംഗങ്ങൾ ഇന്നലെ ന്യൂസിലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണറെ സന്ദർശിച്ചു.