കോവിഡ് പോസിറ്റീവായ സൈനയ്ക്കും പ്രണോയിക്കും കളിക്കാൻ അനുമതി
Tuesday, January 12, 2021 11:37 PM IST
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണിൽ നാടകീയ മുഹൂർത്തങ്ങൾ. ഇന്നലെ ആരംഭിച്ച ടൂർണമെന്റിനു മുന്നോടിയായി നടത്തിയ മൂന്നാം റൗണ്ട് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയ ഇന്ത്യയുടെ സൈന നെഹ്വാൾ, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർക്കു മത്സരിക്കാൻ അധികൃതർ അനുമതി നൽകി.
ഇവർ പോസിറ്റീവ് ആയതോടെ സൈനയുടെ ഭർത്താവ് പി. കശ്യപ് പ്രാഥമിക സന്പർക്കത്തിന്റെ പേരിൽ ടൂർണമെന്റിൽനിന്നു പിന്മാറിയിരുന്നു. കഴിഞ്ഞ മാസം സുഹൃത്തും ബാഡ്മിന്റണ്‍ താരവുമായ ഗുരുസായ്ദത്തിന്റെ വിവാഹചടങ്ങിൽ സംബന്ധിച്ചശേഷം സൈന, കശ്യപ്, പ്രണോയ് എന്നിവർക്കു കോവിഡ് ബാധിച്ചിരുന്നു.
തായ്ലൻഡ് ഓപ്പണിനായി ബാങ്കോക്കിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞശേഷം നടത്തിയ ആദ്യ രണ്ട് പരിശോധനയിലും മൂവരും നെഗറ്റീവ് ആയിരുന്നു. നാലാം റൗണ്ടിൽ പിസിആർ ടെസ്റ്റ് നടത്തിയപ്പോൾ സൈനയും പ്രണോയിയും പോസിറ്റീവ് ആയി. പിസിആർ ടെസ്റ്റിൽ പോസിറ്റീവ് ആന്റിബോഡി ആയത് മുന്‍പ് കോവിഡ് ബാധിച്ചതിനാലാണെന്നും നിലവിൽ രോഗബാധിതരാണെന്ന് അർഥമില്ലെന്നും അതിനാൽ ടൂർണമെന്റിൽ പങ്കെടുക്കാമെന്നും ഇന്നലെ വൈകുന്നേരത്തോടെ തായ്ലൻഡ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. അതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരത്തിനായി മൂവരും ഇന്ന് കളത്തിലെത്തും.