കോവിഡനന്തര വേദന കടന്ന് പ്രണോയ് ജയം
Thursday, January 21, 2021 12:06 AM IST
ബാങ്കോക്ക്: ടൊയോട്ട തായ്ലൻഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൽസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് അട്ടിമറി ജയത്തോടെ രണ്ടാം റൗണ്ടിൽ. ലോക ഏഴാം റാങ്കുകാരനായ ജോനാഥൻ ക്രിസ്റ്റ്ലിയെയാണ് 20-ാം റാങ്കുകാരനായ പ്രണോയ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. സ്കോർ: 18-21, 21-16, 23-21. വാരിയെല്ലുകൾക്കിടയിൽ കഠിനവേദനയെയും കോർട്ടിൽ വീഴാൻതുടങ്ങിയപ്പോൾ കൈകുത്തിയതിനാൽ തോളിനുണ്ടായ വിഷമതയെയും കീഴടക്കിയായിരുന്നു പ്രണോയുടെ വിജയം.
നവംബറിൽ കോവിഡ് ബാധിച്ചതിനെത്തുടർന്നുണ്ടായ തുടർച്ചയായ ചുമയിലൂടെയാണ് പ്രണോയ്ക്ക് വാരിയെല്ലുകൾക്കിടയിൽ കഠിനവേദന ഉണ്ടായത്. ‘അഞ്ച് ദിവസമായി പരിശീലനം നടത്തിയിരുന്നില്ല. കോവിഡിനുശേഷം വാരിയെല്ലുകൾക്കിടയിൽ കഠിന വേദനയാണ്. ശക്തമായ ചുമയെത്തുടർന്ന് ഉള്ളിലെ മസിലുകൾക്ക് ക്ഷതമേറ്റതാകാനാണ് സാധ്യത’- പ്രണോയ് പറഞ്ഞു.
കിഡംബി ശ്രീകാന്ത്, സമീർ വെർമ വനിതാ സിംഗിൾസിൽ പി.വി. സിന്ധു എന്നിവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.