അലി ഭായ് സൂപ്പറാ...
Tuesday, April 20, 2021 11:46 PM IST
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽനിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലെത്തി ടീമിന്റെ ബഡാ ഭായ് ആയി മാറിയിരിക്കുകയാണ് മൊയീൻ അലി എന്ന ഓൾ റൗണ്ടർ. ഏഴു കോടി രൂപയ്ക്കായിരുന്നു അലി സിഎസ്കെയിൽ എത്തിയത്. ആർസിബിയിൽ ഉണ്ടായിരുന്നപ്പോഴത്തേക്കാളും മികച്ച പ്രകടനമാണു സിഎസ്കെയിൽ അലി നടത്തുന്നത്.
രാജസ്ഥാൻ റോയൽസിനെതിരേ ഓൾറൗണ്ട് പ്രകടനം നടത്തിയ അലിയായിരുന്നു സിഎസ്കെയുടെ 45 റണ്‍സ് ജയത്തിനു ചുക്കാൻപിടിച്ചത്. 20 പന്തിൽ 26 റണ്‍സ് നേടുകയും ഏഴ് റണ്‍സിനു മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അലി മത്സരത്തിൽ നടത്തിയ ഇംപാക്ട് 66.41 ആയിരുന്നു. ആറ് പന്തിൽ 13ഉം 24ന് രണ്ട് വിക്കറ്റും വീഴ്ത്തിയ സാം കറന്റെ ഇംപാക്ട് ആയിരുന്നു അലിയേക്കാൾ കൂടുതൽ, 88.23. നാല് ക്യാച്ചും രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും കളം നിറഞ്ഞു. ചുരുക്കത്തിൽ മൂന്ന് ഓൾ റൗണ്ടർമാരുടെ പ്രകടനമായിരുന്നു ചെന്നൈയുടെ രണ്ടാം ജയത്തിനു വെള്ളവും വളവുമേകിയത്. സ്കോർ: ചെന്നൈ 20 ഓവറിൽ 188/9. രാജസ്ഥാൻ 20 ഓവറിൽ 143/9.