ആശംസ നേർന്ന് എറിക്സണ്
Monday, June 14, 2021 12:40 AM IST
കോപ്പൻഹേഗൻ: യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സണ് അപകടനില തരണം ചെയ്തു. ബോധം വീണ്ടെടുത്ത എറിക്സണ്, സഹതാരങ്ങൾക്ക് ആശംസ നേർന്നതായി ഡാനിഷ് ഫുട്ബോൾ അധികൃതർ അറിയിച്ചു.
എറിക്സണിന്റെ നിലയിൽ കുഴപ്പമില്ല. നിരീക്ഷണത്തിൽ കഴിയേണ്ടതിനാൽ അദ്ദേഹം ആശുപത്രിയിൽതന്നെ തുടരും- ഡാനിഷ് ഫുട്ബോൾ വൃത്തങ്ങൾ പറഞ്ഞു. ജീവിതത്തിൽ ഇത്രയും കടുപ്പമേറിയ നിമിഷങ്ങളിലൂടെ കടന്നുപോയിട്ടില്ലെന്നായിരുന്നു ഡെന്മാർക്ക് ടീം ഡോക്ടർമാരുടെ പ്രതികരണം. എറിക്സണിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന്റെ ക്ലബ്ബായ ഇന്റർ മിലാന്റെ ഡോക്ടർമാരും നിരന്തരം ആരായുന്നുണ്ട്.