സ്വർണം പങ്കുവച്ച ‘കള്ളക്കഥ’
Wednesday, August 4, 2021 12:05 AM IST
ഒളിന്പിക്സ് പുരുഷ ഹൈജംപിൽ ഇറ്റലിയുടെ ജിയാൻമാർകൊ താംബെറിയും ഖത്തറിന്റെ മുതാസ് എസ്സ ബാർഷിമും സ്വർണം പങ്കുവച്ചപ്പോൾ മുതൽ കള്ളക്കഥകളുടെ പ്രളയമായിരുന്നു. പുരുഷ 100 മീറ്റർ സ്വർണം നേടിയ ഇറ്റലിയുടെ മാഴ്സെൽ ജേക്കബ്സിനെ അഭിനന്ദിക്കാൻ താംബെറി ട്രാക്കിലേക്ക് ഓടിയെത്തിയിരുന്നു. ഹൈജംപ് പോരാട്ടത്തിനിടെ താംബെറിക്കു പരിക്കേറ്റതിനാൽ സ്വർണം പങ്കുവയ്ക്കുകയായിരുന്നു എന്ന തെറ്റായ സന്ദേശമാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ബാർഷിമിന്റെ മഹാമനസ്കതയായും അത് ചിത്രീകരിക്കപ്പെട്ടു.
മത്സരത്തിൽ 2.37 മീറ്റർ ചാടി ഇരുവരും ഒപ്പമായപ്പോൾ ജേതാവിനെ കണ്ടെത്താനായി അടുത്ത ശ്രമം. തുടർന്ന് ലഭിച്ച മൂന്ന് അവസരത്തിലും ബർഷിമിനും താംബെറിക്കും 2.37 മുകളിൽ ക്ലിയർ ചെയ്യാനായില്ല. ഇതോടെ പോരാട്ടം ജംപ് ഓഫിലേക്ക്. ജംപ് ഓഫിനു മുന്പ് ബാർഷിം റഫറിയെ സമീപിച്ചു പറഞ്ഞു, ജംപ് ഓഫിനില്ല, പകരം മെഡൽ പങ്കിടാം.