സിറ്റി x ബയേണ്‍
Saturday, March 18, 2023 1:33 AM IST
നിയോണ്‍ (സ്വിറ്റ്സർലൻഡ്): യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ചിത്രം വ്യക്തം. കരുത്തരുടെ കൊന്പുകോർക്കലിനാണു ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പു വഴിതെളിച്ചത്. ക്വാർട്ടറിലെ ഏറ്റവും ആകർഷകമായ പോരാട്ടം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും ജർമൻ ശക്തിയായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ്.
നിലവിലെ ചാന്പ്യന്മാരായ സ്പാനിഷ് സംഘം റയൽ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയെ നേരിടും. ഈ രണ്ടു ക്വാർട്ടർ ഫൈനൽ ജേതാക്കൾ തമ്മിലാണ് സെമിഫൈനൽ. അതായത് ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ചെൽസി ടീമുകളിൽ ഒരെണ്ണം ഫൈനലിലെത്തും. ഈ നാലു കരുത്തരിൽ ആരായിരിക്കും അതെന്നാണ് ഇനിയുള്ള കാത്തിരിപ്പ്.
ഇറ്റലി സെമിയിൽ
ചുരുങ്ങിയത് ഒരു ഇറ്റാലിയൻ ടീം സെമിയിൽ എത്തുമെന്നു നറുക്കെടുപ്പിൽ വ്യക്തമായി. കാരണം, ഇറ്റാലിയൻ ക്ലബ്ബുകളായ എസി മിലാനും നാപ്പോളിയും തമ്മിലാണ് ഒരു ക്വാർട്ടർ. പോർച്ചുഗൽ ക്ലബ്ബായ ബെൻഫികയെ ഇറ്റാലിയൻ ടീമായ ഇന്റർ മിലാൻ നേരിടും. 2006നുശേഷം ആദ്യമായാണ് മൂന്ന് ഇറ്റാലിയൻ ടീമുകൾ ക്വാർട്ടറിൽ പ്രവേശിക്കുന്നത്.
ബെൻഫികയെ കീഴടക്കാൻ ഇന്റർ മിലാനു സാധിച്ചാൽ ഫൈനലിൽ ഒരു ഇറ്റാലിയൻ ടീം എത്തുമെന്നും ഉറപ്പ്. 2016-17 സീസണിലാണ് അവസാനമായി ഒരു ഇറ്റാലിയൻ ടീം ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചത്.
ഏപ്രിൽ 11നാണ് ആദ്യപാദ ക്വാർട്ടർ പോരാട്ടം. രണ്ടാംപാദം ഏപ്രിൽ 18നും അരങ്ങേറും. സെമി ഫൈനൽ മേയ് 9, 16 തീയതികളിലും ഫൈനൽ ജൂണ്‍ 10നുമാണ്.