ഫ്രഞ്ച് പവർ
Wednesday, March 29, 2023 12:43 AM IST
ഡബ്ളിൻ: യൂറോ കപ്പ് യോഗ്യതയ്ക്കരികെ ഫ്രാൻസ്. അയർലൻഡിനെ എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെടുത്തിയാണു മുൻ ലോകചാന്പ്യന്മാർ യോഗ്യതയോട് ഒരുപടികൂടി അടുത്തത്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഫ്രാൻസ് നെതർലൻഡ്സിനെ പരാജയപ്പെടുത്തിയിരുന്നു.
ഡബ്ളിനിലെ അവീവ മൈതാനത്തു നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബെഞ്ചമിൻ പവാർഡാണു ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. അയർലൻഡ് പ്രതിരോധത്തിൽനിന്നു പന്ത് പിടിച്ചെടുത്തു തകർപ്പൻ വോളിയിലൂടെ പവാർഡ് വലകുലുക്കുകയായിരുന്നു.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ദുർബലരായ ജിബ്രാൾട്ടറിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു നെതർലൻഡ്സ് പരാജയപ്പെടുത്തി.
മറ്റു മത്സരങ്ങളിൽ സ്വീഡൻ എതിരില്ലാത്ത അഞ്ചു ഗോളിന് അസർബൈജാനെയും ഹംഗറി ഏകപക്ഷീയമായ മൂന്നു ഗോളിനു ബൾഗേറിയയെയും സെർബിയ 2-0ന് മോണ്ടിനെഗ്രോയെയും വീഴ്ത്തി.