ആർച്ചറി ലോകകപ്പിൽ ഇന്ത്യൻ കൗമാരതാരം പ്രഥമേഷ് ജാക്കറിനു സ്വർണം
Sunday, May 21, 2023 1:04 AM IST
ഷാംഗ്ഹായ്: ആർച്ചറി ലോകകപ്പിൽ സുവർണനേട്ടവുമായി ഇന്ത്യൻ കൗമാരതാരം പ്രഥമേഷ് ജാക്കർ. നെതർലൻഡ്സിന്റെ ലോക ഒന്നാം നന്പർ താരം മൈക്ക് ഷോൾസറെ തകർത്താണു പ്രഥമേഷിന്റെ കന്നി ലോകകപ്പ് മെഡൽ നേട്ടം. പുരുഷന്മാരുടെ വ്യക്തിഗത കോംപൗണ്ട് വിഭാഗത്തിലാണു മെഡൽ. സ്കോർ: 149-148.
നോണ്‍ ഒളിന്പിക് കോംപൗണ്ട് വിഭാഗത്തിൽ ഇന്ത്യ രണ്ടു സ്വർണമെഡൽ സ്വന്തമാക്കി. മിക്സഡ് ടീം വിഭാഗത്തിൽ ഓജസ് പ്രവീണ്‍ ദേവ്തേൽ, ജ്യോതി സുരേഖ വെന്നം എന്നിവരാണു മെഡൽ ജേതാക്കൾ. ടോപ് സീഡായ കൊറിയയുടെ കിം ജോംഗോ-ഓ യൂഹ്യൻ ടീമിനെ പരാജയപ്പെടുത്തിയാണ് ഇവരുടെ മെഡൽ നേട്ടം. സ്കോർ: 156-155. തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് മിക്സഡ് ടീം മെഡൽ സ്വന്തമാക്കുന്നത്.
മറ്റൊരു ഇന്ത്യൻ താരം അവനീത് കൗർ വെങ്കലവും സ്വന്തമാക്കി. മൂന്നാം റൗണ്ടിൽ ദക്ഷിണ കൊറിയയുടെ ഓ യൂഹ്യനെ തകർത്ത് അവനീത് പ്രതീക്ഷ നൽകിയെങ്കിലും സെമിയിൽ ബ്രിട്ടന്റെ എല്ല ഗിബ്സനോടു പരാജയപ്പെട്ടു.