യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം കൊക്കൊ ഗഫിന്
Sunday, September 10, 2023 11:15 PM IST
ന്യൂയോർക്ക്: അമേരിക്കയിൽ കൗമാര ചരിത്രം കുറിച്ച് പത്തൊന്‍പതുകാരിയായ കൊക്കൊ ഗഫ്. ഇതിഹാസ താരം സെറീന വില്യംസിന് ഒപ്പമെത്തിയിരിക്കുകയാണ് കൊക്കൊ ഗഫ്.
2023 യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടതോടെയാണിത്. മൂന്നു സെറ്റ് നീണ്ട ഫൈനലിൽ ലോക രണ്ടാം നന്പറായ ബെലാറൂസിന്റെ അരിന സബലെങ്കയെയാണ് പത്തൊന്‍പതുകാരിയായ കൊക്കൊ ഗഫ് കീഴടക്കിയത്.
സ്കോർ: 2-6, 6-3, 6-2. കരിയറിൽ കൊക്കൊ ഗഫിന്റെ ആദ്യ ഗ്രാൻസ് ലാം സിംഗിൾസ് ട്രോഫിയാണ്. 2023 ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവാണ് ഇരുപത്തഞ്ചുകാരിയായ സബലെങ്ക. 2020 മുതൽ എല്ലാ വർഷവും സബലെങ്കയെ തോൽപ്പിച്ച ഏകതാരം എന്ന നേട്ടത്തിനും ഗഫ് അർഹയായി എന്നതും രസകരം.
സെറീനയ്ക്കും ഒസാക്കയ്ക്കും ഒപ്പം
ഈ നൂറ്റാണ്ടിൽ യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിടുന്ന ആദ്യ അമേരിക്കൻ താരം എന്ന നേട്ടം കൊക്കൊ ഗഫ് കരസ്ഥമാക്കി. 1999ൽ സെറീന വില്യംസ് യുഎസ് ഓപ്പണ്‍ സ്വന്തമാക്കിയശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ കൗമാര താരം വനിതാ സിംഗിൾസ് ചാന്പ്യനാകുന്നത്.
ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു കൊക്കൊ ഗഫിന്റെ കിരീടത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ് എന്നതും ശ്രദ്ധേയം. 2000നുശേഷം ഓപ്പണിംഗ് സെറ്റ് നഷ്ടപ്പെട്ടശേഷം വനിതാ സിംഗിൾസ് ചാന്പ്യനാകുന്ന രണ്ടാമത് താരമാണു ഗഫ്. 2020ൽ ജാപ്പനീസ് താരം നവോമി ഒസാക്കയാണ് ഇത്തരത്തിൽ ഇതിനു മുന്‍പ് തിരിച്ചുവരവ് ജയം ഫൈനലിൽ സ്വന്തമാക്കിയത്.
സബലെങ്ക ഒന്നിൽ
യുഎസ് ഓപ്പണ്‍ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ സ്ഥാനത്തേക്ക് സബലെങ്കയെത്തും. പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്കിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സബലെങ്ക ഒന്നാം നന്പറാകുക. കൊക്കൊ ഗഫ്, മൂന്നിലേക്ക് എത്തും.
അച്ഛനുവേണ്ടി മകൾ...

‘അന്നാണ് അച്ഛൻ കരയുന്നത് ഞാൻ ആദ്യമായി കാണുന്നത്, ഫ്രഞ്ച് ഓപ്പണിൽ. കരഞ്ഞില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ, ഇന്ന് ഞാൻ അത് വീണ്ടും കണ്ടു... അമ്മ കരയുന്നത് അപൂർവമായി മാത്രമേ ഞാൻ കാണാറുള്ളൂ... ഞാനിത് ഒരിക്കലും മറക്കില്ല.
അച്ഛൻ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. ആളുകൾ എപ്പോഴും ഞങ്ങളെ കുറ്റപ്പെടുത്താൻ ശ്രമിച്ചു. അച്ഛൻ എന്നെ പരിശീലിപ്പിക്കേണ്ടെന്നുവരെ പറഞ്ഞവരുണ്ട്. അവർക്കറിയില്ല, ഞാൻ ഈ മത്സരം ജയിച്ചതിന്റെ കാരണംതന്നെ അച്ഛനാണ്’ - 2023 യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ചാന്പ്യനായശേഷം അമേരിക്കൻ കൗമാരതാരം കൊക്കൊ ഗഫ് പറഞ്ഞത് ഇങ്ങനെ. അതേ, തന്റെ കന്നിക്കിരീടം ഗഫ് സമർപ്പിച്ചത് അച്ഛനും അമ്മയ്ക്കും... 2022 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചെങ്കിലും ഗഫ് പരാജയപ്പെട്ടിരുന്നു. അന്നാണ് അച്ഛൻ കോറി ഗഫ് കരഞ്ഞതായി കൊക്കൊ പറഞ്ഞത്.
ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോൾ ടീമിൽ കളിച്ചിട്ടുള്ളയാളാണു കൊക്കൊ ഗഫിന്റെ അച്ഛൻ കോറി. ആറു വയസുള്ളപ്പോൾ കൊക്കൊയുടെ കൈയിൽ ടെന്നീസ് റാക്കറ്റ് എടുത്തുനൽകിയതും കോറിതന്നെ. കൊക്കൊയുടെ അമ്മ കാൻഡി ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ട്രാക്ക് ആൻഡ് ഫീൽഡ് താരമായിരുന്നു. യുഎസ് ഓപ്പണ്‍ ജയത്തിനുശേഷം ഗാലറിയിലേക്കെത്തിയ മകളെ വാരിപ്പുണർന്ന് ഗഫ് കുടുംബം കണ്ണീരണിഞ്ഞത് ടെന്നീസ് ആരാധകരുടെ ഹൃദയത്തെയും നോവിച്ചു.
സെറീനയുടെ വഴിയേ...
ഇതിഹാസ അമേരിക്കൻ താരം സെറീന വില്യംസിനുശേഷം യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കുന്ന കൗമാരതാരം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണു കൊക്കൊ ഗഫ്. അതിന്റെ കാരണം ഒന്നുമാത്രം.
സെറീന പരിശീലിച്ച വഴിയിലൂടെയാണ് കോറി ഗഫ് തന്റെ മകളെയും നയിച്ചത്. സെറീന വില്യംസിന്റെ പരിശീലകനായിരുന്ന ഇറ്റലിക്കാരൻ പാട്രിക് മുറാതോഗ്ലുവിന്റെ അക്കാഡമിയിലാണ് 10-ാം വയസ് മുതൽ കൊക്കൊ ഗഫ് പരിശീലിച്ചത്.