വാഷിംഗ്ടണ്‍ കൊളംബൊയിൽ!
Sunday, September 17, 2023 12:24 AM IST
കൊളംബൊ: ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ന് ശ്രീലങ്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ സർപ്രൈസ് എൻട്രി. ഓൾ റൗണ്ടർ വാഷിംഗ്ടണ്‍ സുന്ദർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.
അക്സർ പട്ടേലിനു പകരമായാണ് വാഷിംഗ്ടണ്‍ സുന്ദർ ഇന്ത്യൻ ടീമിനൊപ്പം അവസാന നിമിഷം ചേർന്നത്. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ബാറ്റ് ചെയ്യുന്നതിനിടെ അക്സർ പട്ടേലിന്റെ ശരീരത്ത് ഒന്നിലധികം പ്രാവശ്യം പന്ത് കൊണ്ടിരുന്നു.
അതേസമയം, അക്സർ പട്ടേലിന്റെ പരിക്ക് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഏകദിന ലോകകപ്പ് മുന്നിൽകണ്ട് അക്സർ പട്ടേലിന്റെ പരിക്ക് വേഗത്തിൽ ഭേദമാക്കാനാണ് ശ്രമമെന്ന് ബിസിസിഐ കേന്ദ്രങ്ങൾ അറിയിച്ചു.
ബംഗ്ലാദേശിനെതിരായ സൂപ്പർ ഫോറിൽ 34 പന്തിൽ 42 റണ്‍സ് നേടിയതൊഴിച്ചാൽ സമീപ നാളിൽ അക്സർ പട്ടേൽ ഫോമിലല്ലെന്നതും ശ്രദ്ധേയം.