പാക്കിസ്ഥാൻ മുൾട്ടാനിൽ മുട്ടുകുത്തി....
Friday, October 11, 2024 11:49 PM IST
മുൾട്ടാൻ: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ദയനീയ തോൽവി വഴങ്ങി പാക്കിസ്ഥാൻ. ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ടെസ്റ്റിൽ പാക്കിസ്ഥാൻ ഇന്നിംഗ്സിനും 47 റണ്‍സിനും തോൽവി സമ്മതിച്ചു.
ഒന്നാം ഇന്നിംഗ്സിൽ 500ൽ കൂടുതൽ റണ്‍സ് നേടിയശേഷം ഒരു ടീം ഇന്നിംഗ്സ് തോൽവി വഴങ്ങുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. സ്കോർ: പാക്കിസ്ഥാൻ 556, 220. ഇംഗ്ലണ്ട് 823/7 ഡിക്ലയേർഡ്.
ആറു വിക്കറ്റ് നഷ്ടത്തിൽ 152 റണ്‍സ് എന്ന നിലയിലാണ് അഞ്ചാംദിനമായ ഇന്നലെ പാക്കിസ്ഥാൻ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. സൽമാൻ ആഘയും അമെർ ജമാലുമായിരുന്നു ക്രീസിൽ. 63 റണ്‍സ് നേടിയ ആഘയും പുറത്താകാതെ 55 റണ്‍സ് നേടിയ ജമാലുമായിരുന്നു രണ്ടാം ഇന്നിംഗ്സിൽ പാക്കിസ്ഥാനുവേണ്ടി പോരാടിയത്.
ഇംഗ്ലണ്ടിനായി 30 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജാക് ലീച്ചിനു മുന്നിൽ പാക്കിസ്ഥാൻ തകർന്നടിഞ്ഞു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ ട്രിപ്പിൾ സെഞ്ചുറി (317) നേടിയ ഹാരി ബ്രൂക്കാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇംഗ്ലണ്ടിന്റെ ഏഷ്യൻ നേട്ടം
ഏഷ്യയിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയം സ്വന്തമാക്കുന്നത് ഇതു രണ്ടാം തവണ മാത്രം. 1976ൽ ഇന്ത്യക്കെതിരേ ഡൽഹിയിൽ ഇന്നിംഗ്സിനും 25 റണ്‍സിനും ജയിച്ചതായിരുന്നു ഏഷ്യൻ വൻകരയിൽ ഇതിനു മുന്‍പ് ഇംഗ്ലണ്ടിന്റെ ഏക ഇന്നിംഗ്സ് ജയം.
2022നുശേഷം പാക്കിസ്ഥാൻ സ്വന്തം മണ്ണിൽ ആകെ കളിച്ച 11 ടെസ്റ്റിൽ ഏഴിലും പരാജയപ്പെട്ടു. ഒരു ജയം പോലും നേടാൻ സാധിച്ചില്ല. ഷാൻ മസൂദ് ക്യാപ്റ്റനായി പാക്കിസ്ഥാൻ കളിച്ച ആറു മത്സരങ്ങളിലും പരാജയമായിരുന്നു ഫലം എന്നതും ശ്രദ്ധേയം.
2004ൽ റാവൽപിണ്ടിയിൽവച്ചായിരുന്നു പാക്കിസ്ഥാൻ സ്വന്തം മണ്ണിൽ ഇന്നിംഗ്സിനു തോൽക്കുന്നത്. അന്ന് ഇന്ത്യയോട് ഇന്നിംഗ്സിനും 131 റണ്‍സിന് പാക്കിസ്ഥാൻ പരാജയപ്പെട്ടു.
ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും ചേർന്ന് 1379 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം ഇന്നിംഗ്സ് കോന്പോ സ്കോറാണിത്. 1997ൽ ഇന്ത്യയും (537/8) ശ്രീലങ്കയും (952/6) ചേർന്നു കുറിച്ച 1489 റണ്‍സാണ് ലോക റിക്കാർഡ്.