കോതമംഗലം : കീരംപാറ പഞ്ചായത്തിലെ രണ്ടു മുതൽ നാലു വരെ വാർഡുകളിലെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകൾ കൃഷികൾ ചവിട്ടിമെതിച്ചും, തിന്നും നശിപ്പിച്ച സ്ഥലങ്ങൾ യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു.
നിരന്തരമുള്ള വന്യമൃഗശല്യം കണ്ടില്ലെന്ന് നടിക്കുന്ന എംഎൽഎയും, സർക്കാരും കർഷക സമൂഹത്തെയാകെ നരകയാതനയിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ആരോപിച്ചു. ട്രഞ്ച് താഴ്ത്തി കർഷകരുടെ ഭീതി അകറ്റണമെന്നും, മതിയായ തുക നഷ്ടപരിഹാരമായി വനം വകുപ്പും, കൃഷി വകുപ്പും നൽകണമെന്നും തെക്കുംപുറം ആവശ്യപ്പെട്ടു.
തുടർച്ചയായുണ്ടാകുന്ന ഈ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാൻ യുഡിഎഫ് മുന്നോട്ട് വച്ചിട്ടുള്ള വനാതിർത്തിയിൽ നിന്നും 50 മീറ്റർ ഉൾമാറി ട്രഞ്ച് താഴത്തുക, വനം ഉദ്യോഗസ്ഥർ രാവും, പകലും വനത്തിന്റെ വിവിധ മേഖലകളിൽ നിരന്തരം നിരീക്ഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 29ന് വൈകുന്നേരം പുന്നേക്കാട് കവലയിൽ സംഘടിപ്പിക്കുന്ന കർഷകരക്ഷാ പ്രതിഷേധാഗ്നി യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യും.
മണ്ഡലം ചെയർമാൻ രാജു പള്ളിത്താഴത്ത് അധ്യക്ഷത വഹിക്കും. ജില്ലാ കണ്വീനറോടൊപ്പം കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സി ജോർജ്, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത്, വൈസ് പ്രസിഡന്റ് ബീന റോജോ, പഞ്ചായത്തംഗങ്ങളായ മാമച്ചൻ ജോസഫ്, മഞ്ജു സാബു, ബേസിൽ ബേബി, യുഡിഎഫ് മണ്ഡലം ചെയർമാൻ രാജു പള്ളിത്താഴത്ത്, കണ്‍വീനർ ബിനോയ് സി. പുല്ലൻ, ഭാരവാഹികളായ മത്തായി വാത്യാൻപിള്ളി, റീന ജോഷി, എം.സി അയ്യപ്പൻ, കെ.ഡി വർഗീസ്, ബെന്നി സക്കറിയ, മത്തൻ കരിയിലപാറ എന്നിവരും സ്ഥലം സന്ദർശിക്കാനെത്തിയിരുന്നു.
കർഷകരായ വെള്ളൂപറന്പിൽ ബേബി ഉലഹന്നാൻ, ചെന്പാട്ട് അബ്രഹാം, എൽദോസ് പുതുമനക്കുടി, സുരേഷ് പുളിക്കൽ, വർഗീസ് ഉറപ്പുഴ, ജോസ് പിച്ചാട്ടുകുടി, സാബു ഏനാനിക്കൽ എന്നിവർ കാർഷിക വിളകൾ നശിപ്പിക്കപ്പെട്ട സ്ഥലങ്ങൾ യുഡിഎഫ് സംഘാംഗങ്ങൾക്ക് കാണിച്ചുകൊടുത്തു.