പാലക്കാട്: മണ്ഡലത്തിലെ 3480 വിദ്യാർഥികളെ നേരിട്ട് അനുമോദിച്ച് വി.കെ. ശ്രീകണ്ഠൻ എംപി.
തന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന എല്ലാ സ്കൂളുകളിലെയും കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് കിട്ടിയ വിദ്യാർഥികളെ ആറു വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ആദരിച്ചത്.
പട്ടാമ്പി, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, കരിമ്പ, പാലക്കാട് എന്നിവിടങ്ങളിലായി നടത്തിയ അനുമോദന സദസുകളിൽ വിദ്യാർഥികളോടൊപ്പം അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തു. എക്സലൻസ് അവാർഡ് സമ്മാനിക്കുന്നതിനൊപ്പം ഉപരിപഠനത്തിനാവശ്യമായ ബോധവത്കരണക്ലാസും സംഘടിപ്പിച്ചു.
സൈലം ലേണിംഗ് എന്ന സ്ഥാപനവുമായി സഹകരിച്ച് മികച്ച പരിശീലകരെ എത്തിച്ചാണ് ക്ലാസുകൾ നടത്തിയത്. പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലത്തിലെ വിദ്യാർഥികളെ കഴിഞ്ഞ ദിവസം കാണിക്കമാത സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലാണ് അനുമോദിച്ചത്.
ചടങ്ങിൽ സൈലം ലേണിംഗ് കോ- ഓർഡിനേറ്റർ ജിൻസി അധ്യക്ഷത വഹിച്ചു. സിനിമാതാരം ഷാജു ശങ്കർ, മറിമായം ഫെയിം റിയാസ്, സലിം എന്നിവർ വിശിഷ്ടാതിഥികളായി.
കെപിസിസി ജനറൽ സെക്രട്ടറി കെ.എ. തുളസി, മാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസാദ്, നഗരസഭാ കൗൺസിലർമാരായ മിനി ബാബു, അനുപമ പ്രശോഭ്, മൻസൂർ മണലാഞ്ചേരി, എ. കൃഷ്ണൻ, മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. വാസു, പാലക്കാട് മണ്ഡലം യുഡിഎഫ് കൺവീനർ സുധാകരൻ പ്ലാക്കാട്ട് എന്നിവർ പങ്കെടുത്തു.